"ചിലർ നമ്മെ ഉപേക്ഷിച്ചു പോകുമ്പോൾ ഒന്നും ബാക്കി വെക്കാറില്ല; നമ്മൾ അവരിലേക്ക് പണിതുയർത്തിയ പ്രതീക്ഷകളുടെ ചാരവും, ഉത്തരമില്ലാത്ത ആയിരം ചോദ്യങ്ങളും മാത്രമല്ലാതെ..."
— പൗലോ കൊയ്‌ലോ (Paulo Coelho)
പ്രണയകാലത്ത് അവൾ വാദോരാതെ സംസാരിക്കുമായിരുന്നു. അന്ന് അവിടെ ചോദ്യങ്ങളോ ഉത്തരങ്ങളോ ഉണ്ടായിരുന്നില്ല; മറിച്ച്, മനോഹരമായ വാക്കുകളും പരസ്പരം കേട്ടിരിക്കലിന്റെ മാന്ത്രികത മാത്രമായിരുന്നു. അന്നവൾ എന്നെയും, ഞാൻ അവളെയുമാണ് ജീവനായി കേട്ടിരുന്നത്. മരണത്തോളം ഒന്നിച്ചു യാത്ര ചെയ്യുമെന്നും, അവസാനം മരണം കൊണ്ടു മാത്രം നമ്മൾ പിരിയുമെന്നും കരുതി തുടങ്ങിയ ഒരു മനോഹരമായ യാത്രയായിരുന്നു അത്.
പക്ഷേ, ആ യാത്ര പാതിവഴിയിൽ വെച്ച് അവൾ പെട്ടെന്ന് അവസാനിപ്പിച്ചു.
എല്ലാം ഉപേക്ഷിച്ച് അവൾ ഇറങ്ങിപ്പോകുമ്പോൾ അവൾ സ്വയം ശരികളായി മാറി; എന്നെയാകട്ടെ തെറ്റുകളുടെ വലിയൊരു കൂമ്പാരമാക്കി മാറ്റി. മുഖത്തു നോക്കി അവളത് പറഞ്ഞു:
"ഞാനെന്ന ശരികൾ, നീയെനന്ന തെറ്റിനെ പിഴുതെറിയുന്നു... ഇതിലനിക്കൊരു കുറ്റബോധവുമില്ല!"
ഒരു കുറ്റബോധവുമില്ലാതെ അവളത് പറയുമ്പോൾ, സ്വയം താഴ്ന്ന് താഴ്ന്ന് ഈ ഭൂമി പിളർന്ന് അതിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നുപോകുന്നതുപോലെയുള്ള ഒരു വല്ലാത്ത പെയിൻ ആയിരുന്നു ഉള്ളിൽ. അന്ന് അവൾക്ക് ചോദ്യങ്ങൾ കൊണ്ടെന്നെ വീർപ്പുമുട്ടിക്കാൻ എളുപ്പമായിരുന്നു. മുൻപ് അവൾക്കില്ലാത്ത ആ ചോദ്യങ്ങൾ ഇപ്പോൾ അവളുടെ ആയുധമായി മാറി. അവൾ ചോദിച്ച ഓരോ ചോദ്യത്തിനും ഞാൻ ഉത്തരങ്ങൾ നൽകി; പക്ഷേ, ആ ഉത്തരങ്ങൾ പറയുമ്പോൾ എന്റെ ഹൃദയം എത്രമാത്രം പിടയുന്നുണ്ടായിരുന്നു എന്ന് അവൾ അറിഞ്ഞതേയില്ല.
ജീവിതത്തിന്റെ അവസാന നിമിഷം വരെ കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചവൾ, ഇന്ന് എന്നെ ഒരു തെറ്റായി കണ്ട് വലിച്ചെറിയുമ്പോൾ... ഒരു മനുഷ്യന് തന്റെ ശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ എന്താണെന്ന് എനിക്ക് അന്നാണ് മനസ്സിലായത്. ശ്വാസം താഴോട്ടും എടുക്കാനാവാതെ, മേലോട്ടും കിട്ടാതെ, നെഞ്ചിന്റെ ആഴങ്ങളിൽ വല്ലാത്തൊരു വിങ്ങൽ.
അവൾക്ക് ഇന്ന് അവളാണ് ശരി. എന്നാൽ അവൾക്കുവേണ്ടി മാത്രം ജീവിച്ച എനിക്കോ? എന്റെ ജീവനും ശ്വാസവും നിലയ്ക്കുന്ന ആ വലിയ ശൂന്യത മാത്രമാണ് ബാക്കി!
"ഒരാളുടെ കൽപ്പിത ശരികൾക്ക് മുന്നിൽ തോറ്റുപോകാൻ വിധിക്കപ്പെടുമ്പോൾ, ജീവനോടെ ശ്വാസം കിട്ടാതെ പിടയുന്ന ആ നിസ്സഹായാവസ്ഥയാണ് പ്രണയം നൽകുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ..."

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ