22.12.18

-:നിഴൽ വീണ വഴികൾ:- ഭാഗം -1

ആമുഖക്കുറിപ്പ്
പി.സുരേന്ദ്രൻ

ഷംസുദ്ദീൻ തോപ്പിലിന്റെ നിഴൽ വീണ വഴികൾ എന്ന നോവൽ അതിൽ കൈകാര്യം ചെയ്യുന്ന പ്രമേയപരമായ ചില സവിശേഷതകളാൽ എന്നെ ആകർഷിച്ചു.
ഫസൽ എന്ന കൗമാരക്കാരന്റെ ജീവിതത്തിലാണ് നോവലിസ്റ്റ് ശ്രദ്ധിക്കുന്നത്. മറ്റു കഥാപാത്രങ്ങളൊക്കെ പശ്ചാത്തലത്തിൽ നിൽക്കുന്നതേയുള്ളു.
ഫസലിന്റെ ലൈംഗീക ജീവിതം മലയാളത്തിൽ ഏറെയൊന്നും ആവിഷ്ക്കരിക്കപ്പെടാത്ത തരത്തിലുള്ളതാണ്. കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ വഴിതെറ്റിപോകുന്നതും ലൈംഗീക ചൂഷണത്തിന് വിധേയമാകുന്നതും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയാണ്. എന്നാൽ അതേവിധം കൗമാര പ്രായക്കാരായ ആൺകുട്ടികളും ലൈംഗീക ചൂഷണത്തിന് വിധേയമാകുന്നു. പ്രകൃതി വിരുദ്ധ ലൈംഗീകതയുടെ അകത്തളങ്ങൾ മലയാളിയുടെ ലൈംഗീക ജീവിതത്തിന്റെ അറപ്പുളവാക്കുന്ന ഒരു ചിത്രം നമുക്ക് നൽകുന്നുണ്ട്. ലൈംഗീക കുറ്റകൃത്യങ്ങളുമായി മധ്യപ്പെട്ട മാധ്യമ ചർച്ചകളിൽ ഇൗ പ്രമേയത്തിന് വളരെയൊന്നും ഇടം കിട്ടുന്നില്ല.
മലയാളിയുടെ ലൈംഗീക ജീവിതം അത്രയൊന്നും സർഗാത്മകമല്ല. ആരോഗ്യപരവുമല്ല. ലൈംഗീക ഉത്തേജന മരുന്നുകളുടെ വ്യാപനം പരിശോധിക്കേണ്ടത് ഇൗ ഒരു പ്രശ്നത്തിൽനിന്നാണ്. രതി ഒരു കുറ്റവുമല്ല പാപവുമല്ല. മലിനീകരിക്കപ്പെടാത്തിടത്തോളം അത് വിശുദ്ധവുമാണ്. രതി എന്നത് അഗാധമായ പ്രണയത്തിന്റെ തുടർച്ചയാവണം.
ഒരു കൗമാരക്കാരന്റെ ജീവിതം കൈകാര്യം ചെയ്യുമ്പോൾ സാധാരണഗതിയിൽ പ്രണയാനുഭവങ്ങളുടെ ആവിഷ്കാരമായി മാറുന്നത് സ്വാഭാവികം. പക്ഷെ ഫസലിന്റെ ജീവിതത്തിൽ പ്രണയമില്ല. ശരീര തൃഷ്ണകളുടെ പേരിൽ അറപ്പുളവാക്കുന്ന ലൈംഗീക ഗർത്തങ്ങളിലേക്ക് ചതിക്കപ്പെട്ട് വീഴുകയാണ് ഫസൽ. വലിയ സുഖാനുഭവങ്ങളൊന്നും അവന് ലഭിച്ചിട്ടുമില്ല.
വർത്തമാനകാല ജീവിതത്തിന്റെ ഇരുണ്ട അകത്തളങ്ങളിലേക്ക് എത്തിനോക്കുന്ന ഇൗ നോവൽ എഴുതിയ ഷംസുദ്ദീൻതോപ്പിലിന്. ഇൗ യുവ എഴുത്തുകാരന് ആശംസകൾ.
************
ഭാഗം - 1

നേരം പരപര വെളുക്കുമ്പോ തുടങ്ങുന്ന ജോലി തീർന്നു വീട്ടില് എത്തുമ്പോഴേക്കും ഉറങ്ങാനുള്ള വെപ്രാളമായിരിക്കും. പക്ഷെ ഇന്ന് ഉറങ്ങാനേ കഴിയുന്നില്ല അള്ളാ….. ഇരുട്ടില് എന്തോ സംഭവിക്കാൻ പോകുമ്പോലെ ഒരു തോന്നല്. പെട്ടെന്നാരോ വിളിക്കുമ്പോലെ തോന്നിയതാണോ വെറുതെ ഒാരോന്ന് ചിന്തിച്ചു കിടന്നത് കൊണ്ടായിരിക്കാം. അല്ല പുറത്താരോ വിളിക്കുന്നുണ്ട്.
നോക്കീന്ന് ന്ത് നോക്കീന്ന് അടുത്ത് കിടന്ന ഭാര്യയുടെ കുലുക്കിയുള്ള വിളി ചിന്തകളിൽ നിന്നെന്നെ ഉണർത്തി അതെ പുറത്താരോ വിളിക്കുന്നു ആരായിരിക്കാം ഇൗ പാതിരാത്രി. ഒരുവിധം ഞാൻ വാതിലിനടുത്തുള്ള ജനലിനടുത്തേക്ക് നടന്നു.
ജനൽ പാളി പതിയെ തുറന്നു പുറത്തേക്കു വിളിച്ചു ആരാ? ആരാത്. ഞാനാ ഹമീദ്ക്കാ ദാസൻ. ദാസനോ? അവന്റെ ശബ്ദത്തിൽ എന്തോ ഒരു ഇടർച്ച പോലെ എടീ വാതില് തുറക്ക്. നമ്മുടെ ദാസനാ .. അപ്പോഴേക്കും ഭാര്യ തപ്പി തടഞ്ഞു ഒരു വിളക്കുമായി വന്നു വാതിൽ തുറന്നു. ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ അവന്റെ പരിഭ്രമിച്ച മുഖം..

തുടരും അടുത്ത ഞായറാഴ്ച്ച-30 12 2018

ഷംസുദ്ധീൻ തോപ്പിൽ
23 12 2018

1 അഭിപ്രായം:

  1. ഒരു മിനുങ്ങുവെട്ടത്തൊടെ തുടക്കം..നന്നായി...ഇനിയുള്ളതിൽ അദ്ധ്യായങ്ങൾ അല്പം നീട്ടിയാൽ നന്ന്.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ