29.12.18

നിഴൽ വീണ വഴികൾ - ഭാഗം 2

 എന്താ ദാസാ എന്തുപറ്റി നീ ആകെ കിതക്ക്ണ്ടല്ലോ? ഹമീദ്ക്കാ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ കലാപം പൊട്ടി പുറപ്പെട്ടിരിക്കയാണ്. കണ്ണിൽ കാണുന്ന മുസ്ലീങ്ങളെ വെട്ടികൊല്ലാണ്.. ന്റെ റബ്ബേ അതുകൊണ്ട് എത്രയും പെട്ടെന്ന് മക്കളെയും കൂട്ടി ഇവിടം വിടാ നല്ലത് ഞങ്ങളെ മുമ്പിൽ വെച്ച് നിങ്ങൾക്കെന്തെങ്കിലും പറ്റിയാ കാണാനുള്ള കരുത്തില്ലാഞ്ഞിട്ടാ ഹമീദ്ക്കാ.

അല്ല ദാസാ കലാപം ണ്ടാവാൻ എന്താപ്പോ കാരണണ്ടായെ. എല്ലാവരും നല്ല പോലെ ജീവിക്കയായിരുന്നില്ലേ.. ഹമീദ്ക്കാ ആളുകൾ പറയുന്നത് നെല്ലിന്റെ ലോഡുമായി മലബാറിലേക്ക് പോയ ബദുക്കളിലാരെയോ നെല്ല് വിറ്റ പണവുമായി വരുന്ന വഴിക്ക് ബദ്ക്കൽ പാലത്തിന് മുകളിൽ വെച്ച് കഴുത്ത് അറുത്ത് കൊന്നു പാലത്തിന് അടിയിൽ തള്ളി. ന്റെ പടച്ചോനെ.. അത് മുസ്ലീങ്ങളാണെന്ന് ആരോ ബദുക്കളെ ഇടയിൽ പറഞ്ഞ് പരത്തി. എന്താ ചെയ്യാ അവരുടെ നാടല്ലേ..

കർണാടകയിലെ ബദ്ക്കൽ എന്ന ഗ്രാമം. ഇൗ ഗ്രാമത്തിലെ നിയമവും കോടതിയുമെല്ലാം അവിടത്തുകാരായ ബദുക്കളുടെ കൈകളിലാണ്. സമ്പൽ സമൃദ്ധമായ നാട്. നെല്ല്, ഒാറഞ്ച്, ഇഞ്ചി, കാപ്പി, തേയില ഇവയുടെ കൃഷിയാണ് അവിടത്തുകാർക്ക് ജീവിത മാർഗ്ഗം. അതുകൊണ്ട് തന്നെ അദ്ധ്വാനശീലരായ ബദുക്കൾ കഷ്ടതകൾ എന്തെന്ന് ഇതുവരെ അറിഞ്ഞില്ല. അവിടത്തെ നിലങ്ങളില് പണി എടുക്കാൻ വേണ്ടി വർഷങ്ങൾക്ക് മുൻപ് മലബാറിൽ നിന്ന് ബദ്ക്കൽ എത്തിയ ഒരുപാട് കുടുംബങ്ങളുണ്ട്. അവരിൽ പെട്ട ഒരു കുടുംബമാണ് ഹമീദിന്റെ കുടുംബം. അദ്ധ്വാന ശീലനും വിശ്വസ്തനുമായ ഹമീദിന് ഭാര്യ സൈനബയും നാല് പെൺമ ക്കളും രണ്ട് ആൺകുട്ടികളുമാണ്. ഹമീദ് കാപ്പി തോട്ടത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. ബദുക്കളുടെ വിശ്വസ്തനായ ഹമീദിന്റെ ജീവിതം സന്തോഷപൂർണ്ണമായിരുന്നു.

മൂത്തമകൾ സൽമ വിവാഹം കഴിഞ്ഞ് ഭർത്താവായ ഖാദറും അവരുടെ മക്കളും ഹമീദിന്റെ വീടിനടുത്ത് തോട്ടം വക പാടിയിലാണ് താമസം. ഹമീദിന്റെ മേൽനോട്ടത്തിലുള്ള കാപ്പി തോട്ടത്തിലാണ് ഖാദറും സൽമയും ജോലിചെയ്യുന്നത്. രണ്ടാമത്തെ മകൾ ഫൗസിയെ വിവാഹം കഴിച്ചു ഭർത്താവ് അലവിയുമൊത്ത് മലബാറിൽ തന്നെയാണ് താമസം. അവിടെ ബേക്കറി കച്ചവടമാണ് അലവിക്ക്. അതുകൊണ്ടുതന്നെ ഹമീദിന്റെ കൂടെ അവർ ബദ്ക്കലേക്ക് വന്നില്ല. മൂന്നാമത്തെ മകൾ സഫിയയും ഭർത്താവും ഏകമകനും ഹമീദിന്റെ വീടിന് തൊട്ടടുത്ത് തന്നെ ചെറിയൊരു വീട് വെച്ച് താമസിക്കുന്നു. നാലാമത്തെ മകൾ സീനത്തും ഭർത്താവും മകളും തോട്ടം വക പാടിയിലാണ് താമസം. (തോട്ടത്തിൽ ജോലി ഉള്ളവർക്ക് താമസിക്കാനുള്ള ലൈൻമുറികളെയാണ്  പാടി എന്നു പറയുന്നത്. താരതമ്യേന സൗകര്യങ്ങൾ കുറവാണെങ്കിലും പാവപ്പെട്ട ജോലിക്കാർക്ക് ഒന്ന് തല ചായ്ക്കാൻ അതൊരു വലിയ ആശ്വാസകേന്ദ്രമാണ്).

ഹമീദിന് രണ്ടാൺമക്കളായ റഷീദും അവന്റെ അനിയൻ അൻവറും മക്കളിൽ ഏറ്റവും ഇളയവരാണ്. രണ്ടാളും മലബാറിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്നു. അവർ ഇടയ്ക്കൊക്കെ ബദ്ക്കലിൽ വന്നു തിരിച്ചു പോവുന്നു.

മൂന്നാമത്തെ മകൾ സഫിയയുടെ വിവാഹത്തിന് ഹമീദിന് ഒട്ടും ഇഷ്ടമില്ലായിരുന്നു. കാരണം താനും കുടുംബവും ബദ്ക്കലിൽ വന്നകാലം മുതൽക്കെ തന്റെ മേൽനോട്ടത്തിലുള്ള കാപ്പി തോട്ടത്തിൽ പണി എടുക്കുന്നവനാണ് ഹംസ. എവിടെയാണ് അവന്റെ നാടെന്നോ അവന് കൂട്ടുകുടുംബങ്ങൾ ആരൊക്കെ ഉണ്ടെന്നോ ആർക്കുമറിയില്ല. അവനോടു ചോദിച്ചാൽ തന്നെ എനിക്ക് ആരുമില്ല ഞാൻ അനാഥനാന്നെ പറയൂ. ഇടയ്ക്ക് അവൻ നീണ്ട ലീവെടുത്ത് പോവാറുണ്ട്. എങ്ങോട്ടാണ് അവൻ പോവാറുള്ളതെന്ന് ആർക്കും അറിയില്ല. അങ്ങനെയുള്ള ഒരാളെ കൊണ്ട് സഫിയയെ വിവാഹം കഴിപ്പിക്കുക എന്ന് വച്ചാൽ.

സുന്ദരിയും ശാലീനയും ആയ തന്റെ മകൾ സഫിയക്ക് വിവാഹാലോചനകൾ പലതും വരുന്നുണ്ട്. അതൊക്കെ ഹംസ പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മുടക്കുകയാണ്. അവൻ പലരോടും പറഞ്ഞു ഹമീദ്ക്കാ മകൾ സഫിയയെ എനിക്ക് വിവാഹം കഴിച്ചു തന്നില്ലെങ്കിൽ അവരുടെ വീടിന് മുമ്പിൽ തൂങ്ങി ചാവും ന്റെ ശവം ഞാൻ അവരെ കൊണ്ട് തീറ്റിക്കും. അത്ര കണ്ടു ഇഷ്ടമാണെനിക്ക് സഫിയയെ.

ഹമീദിന് അറിയുന്നവനാണ് ഹംസ എന്നും കാണുന്നവനും കാഴ്ചയിൽ സുന്ദരൻ എല്ലാവരേയും സഹായിക്കുന്നവനും അവനറിയാത്ത ജോലിയൊന്നും ഇല്ലാതാനും. എന്ത് ജോലി പറഞ്ഞാലും ഒരു മടിയും കൂടാതെ അവനെടുക്കും. ഇപ്പോഴാണെങ്കിലതിന്റെ കൂടെ തന്നെ നല്ലൊരു ജോലിയും ഉണ്ട്. ഇതിൽ പിടിവാശി പിടിച്ചാൽ സഫിയാന്റെ താഴെ ഒന്നൂടെ ഉള്ളതല്ലെ. അങ്ങിനെ മനമില്ലാ മനസ്സോടെ സഫിയയുടെയും ഹംസയുടെയും വിവാഹം കഴിഞ്ഞു. അവർക്ക് ഹമീദിന്റെ വീടിനടുത്ത് തന്നെ ഹമീദ് വീടും വെച്ചുകൊടുത്തു.

നാട്ടുകാർക്കൊക്കെ ഹംസയേയും സഫിയയേയും പറ്റി നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് സ്നേഹത്തോടെ ആയിരുന്നു അവരുടെ ജീവിതം. ദിനങ്ങൾ രാത്രങ്ങൾക്കും രാത്രങ്ങൾ ദിവസങ്ങൾക്കും ദിവസങ്ങൾ മാസങ്ങൾക്കും മാസങ്ങൾ വർഷങ്ങൾക്കും വഴി മാറി. കാലം കടന്നു പോയികൊണ്ടിരുന്നു. ഇതിനിടെ സഫിയ ഒരാൺകുഞ്ഞിന് ജന്മം നൽകി. ഭംഗിയുള്ള ഒരാൺകുഞ്ഞ്. വലിയുപ്പ തന്നെ അവന് പേര് വിളിച്ചു. ഫസൽ.!

ഹമീദിന്റെ മനസമാധാനം നഷ്ടപ്പെടുകയാണ്...


തുടർന്നു വായിക്കുക  അടുത്ത ഞായറാഴ്ച്ച- 05 12 2018


ഷംസുദ്ധീൻ തോപ്പിൽ
30 12 2018


2 അഭിപ്രായങ്ങൾ: