5.1.19

നിഴൽ വീണ വഴികൾ - ഭാഗം-3

ഹമീദിന്റെ മനസമാധാനം നഷ്ടപ്പെടുകയാണ്. ഇളയ മകൾ സീനത്ത് പറക്കമുറ്റാത്ത മകളെയും കൊണ്ട് അപ്രതീക്ഷിതമായി കലങ്ങിയ കണ്ണുകൾ തുടച്ച് ഹമീദിന്റെ വീട്ടിലേക്ക് കയറി വന്നു. വന്നപാടെ "ഉപ്പാ ഞാനിനി അങ്ങോട്ട് പോണില്ല" ഹമീദ് ഒന്ന് പകച്ചു. മുൻവശത്തെ ഒച്ച കേട്ടിട്ടെന്നോണം അടുക്കളയിൽ നിന്ന് സൈനബ മുൻവശത്തേക്ക് വന്നു. "എന്താ മോളെ എന്ത്പറ്റി". "സമദ് എവിടെ?"

ഉമ്മ, "സമദ്ക്ക ദിവസവും കുടിച്ചും ചീട്ടുകളിച്ച് കയ്യിലുള്ള പൈസ മുഴുവനും തീർത്തു രാത്രിയിൽ കയറിവന്ന് എന്നെ തല്ലും. ഇത്ര ദിവസം ഞാൻ സഹിച്ചു സഹി കെട്ടുമ്മാ ഇനി സഹിക്കാനാവൂല ഞാനിനി പോണില്ല. ഒന്നൂല്ലേലും എനിക്കൊരു പണി ഉണ്ടല്ലോ ങ്ങളെ ബുദ്ധിമുട്ടിക്കാതെ ഞാനൂന്റെ കുട്ടിയും ബട കഴിഞ്ഞോളാം"

"അല്ല മോളെ നാട്ടാരെ മുമ്പിൽ"...., പറഞ്ഞു മുഴുമിപ്പിക്കും മുൻപ് സൈനബയുടെ കണ്ണ് നിറഞ്ഞു കണ്ണുനീര് ധാരയായി ഒഴുകി വാക്കുകളെ വിഴുങ്ങി എങ്ങനെ തല ഉയർത്തി നടക്കും. "ന്താന്ന് ങ്ങളൊന്നും മിണ്ടാത്തത്". "ഞാനെന്തു പറയാനാ സൈനബ നമ്മൾ നിർബന്ധിച്ചു പറഞ്ഞയച്ചാൽ അവളെന്തെങ്കിലും കടുംകൈ ചെയ്താലോ? ഒക്കെ നമ്മുടെ വിധിയാണെന്നു കരുതി സമാധാനിക്കാം. അല്ലാണ്ടിപ്പോ ന്താ ചെയ്യാ". നിറഞ്ഞു വന്ന കണ്ണുകൾ ഹമീദ് പതിയെ തുടച്ചു.……

ഹമീദ് ഒാർത്തു സീനത്തിന്റെ വിവാഹത്തിന് മുൻപ് സമദ് എത്ര നല്ലവനായിരുന്നു. അവരും നമ്മളെപോലെ മലബാറിൽ നിന്നും കുടിയേറി പാർത്ത കുടുംബം. ഇപ്പോ അവനീ ബെഡക്ക് സ്വഭാവം എങ്ങനെ ഉണ്ടായി. മനസ്സിനെ എങ്ങനെ നിയന്ത്രിച്ചിട്ടും ഒരു പിടിയും കിട്ടാതെ ചിന്തകൾ മുന്നോട്ടു പോകവെ മൂത്തമകൾ സൽമയുടെ ആർപ്പു വിളി കേട്ടാണ് ഹമീദ് ചിന്തകളിൽ നിന്ന് ഞെട്ടിയത്.

"ബാപ്പാ….ബാപ്പാ… ബാപ്പാ.." ഹമീദ് വെപ്രാളത്തോടെ ഒാടി വരുന്ന സൽമയുടെ അടുത്തേക്ക് ഒാടി ഇറങ്ങി. കൂടെ സൈനബയും സീനത്തും കിതച്ചുകൊണ്ട് സൽമ "ബാപ്പ ഞമ്മളെ സഫിയ"... "സഫിയക്ക് എന്ത് പറ്റി മോളെ".. "ഒാള് അടുത്ത വീട്ടിലെ ബദുക്കളുടെ കിണറ്റിൽ ചാടി". "ന്റെ പടച്ചോനെ" കേട്ട പാതി കേൾക്കാത്ത പാതി സർവ്വ ശക്തിയുമെടുത്തു ഹമീദ് കിണറ്റിൻ കരയിലേക്ക് ഒാടി. പിന്നാലെ മറ്റുള്ളോരും. കുറച്ചകലെ എത്തിയതെയുള്ളൂ. ഹമീദിന് അടി തെറ്റി ഒരു കല്ലിൽ കാൽ തട്ടി നെഞ്ചിടിച്ചു തെറിച്ചു വീണു....

"ഇക്കാ... "ബാപ്പാ..." ഭാര്യയും മക്കളും. വീണ ഹമീദിനെ എഴുന്നേൽപ്പിക്കാൻ വീടിനടുത്തേക്ക് ഒാടി അവരെത്തിയപ്പോഴേക്ക് മക്കളെ അതിരറ്റു സ്നേഹിക്കുന്ന സ്നേഹസമ്പന്നനായ ഹമീദ് തന്റെ വേദന മറന്നു ഒരു വിധം പിടഞ്ഞെഴുന്നേറ്റ് ഒാടി കിണറ്റിൻകരയിലെത്തി. ആളുകൾ കൂടിയിട്ടുണ്ട്. കൂട്ടത്തിൽ ഹംസയെയും അവനൊക്കത്ത് കരയുന്ന കുഞ്ഞിനേയും കണ്ടു. "ഹംസേ ന്റെ മോള് "

ഒരു വിധം എല്ലാവരും കൂടി സഫിയയെ കിണറിൽ നിന്ന് പുറത്തെത്തിച്ചു. വാടിയ ഇലപോലെ തളർന്ന സഫിയയെയും കൊണ്ട് ജീപ്പ് കുതിച്ചു. തൊട്ടടുത്ത ഹെൽത്ത് സെന്ററിലേക്ക്. ഡോക്ടർ വിശദമായ പരിശോധന നടത്തി. എവിടെയോ ജീവന്റെ ഒരു തുടിപ്പ് എത്രയും പെട്ടെന്ന് പ്രഥമ ശുശ്രൂഷ നൽകി റൂമിൽ നിന്ന് ഡോക്ടർ പുറത്തേക്ക് വന്നു. തളർന്നിരിക്കുന്ന ഹമീദ് ഡോക്ടറുടെ അടുത്തേക്ക് ഒാടിച്ചെന്ന് "ഡോക്ടർ എന്റെ മോള്..." "ഇല്ലടോ കുഴപ്പമൊന്നും ഇല്ല പെട്ടെന്ന് ഇവിടെ എത്തിച്ചതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടു". ഹമീദ് പടച്ചവനോട് നന്ദി പറഞ്ഞു. കൂടെ മോളെ ഇവിടെ എത്തിക്കാൻ സഹായിച്ച എല്ലാവരോടും. രണ്ടു ദിവസം ഹെൽത്ത് സെന്ററിൽ കിടന്ന സഫിയ കുഞ്ഞിനെയും കൊണ്ട് മൂന്നാംനാൾ വീട്ടിലേക്ക് വന്നു.

"ഹംസേ... മോളും കുട്ടിയും കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ നീ വൈകുന്നേരം ഇങ്ങോട്ടു പോന്നോളുട്ടോ..." രാത്രിയിൽ സഫിയ കിടക്കുന്നേടത്ത് വന്നിരുന്നു അവളുടെ നെറുകയിൽ സ്നേഹത്തോടെ തലോടി സൈനബ പതിയെ ചോദിച്ചു. "എന്തിനാ മോളെ നീ ഇൗ കടുംകൈ ചെയ്തത്. അതിനുമാത്രം എന്തുണ്ടായി നിങ്ങൾ തമ്മിൽ നീ പോയാ ഇൗ കുഞ്ഞിനു പിന്നെ ആരുണ്ട്." മറുപടി പറയാതെ സഫിയ കരയുകയല്ലാതെ ഒന്നും പറഞ്ഞില്ല. "സൈനബ ജ്ജ് ഒാരോന്നും ചോദിച്ചു അവളെ മനസ്സ് വിഷമിപ്പിക്കണ്ട. സാവധാനം ചോദിച്ചു മനസ്സിലാക്കാം..."

പ്രായം തികഞ്ഞ ഏതൊരു ആണും പെണ്ണും. അവരുടെ സ്വപ്നമാണ് വിവാഹം. അത് കഴിഞ്ഞാൽ ഒരു കുഞ്ഞിക്കാലു കാണാനുള്ള തിരക്കായിരിക്കും. അതിനല്പ്പം വൈകിയാലോ നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യത്തിന് ഉത്തരം പറയാനേ സമയം കാണൂ.. സഫിയയുടെയും ഹംസയുടെയും സന്തോഷകരമായ ജീവിതത്തിൽ ഒരാൺകുഞ്ഞു പിറന്നു. അതാണ് ഫസൽ. അവൻ വളർന്നു ഭംഗിയുള്ളൊരു കുഞ്ഞ്. ഉപ്പയുടെ ആകാരവടിവും ഉമ്മയുടെ നിറവും അവരുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞ നാളുകൾ..

ഇൗയിടെയായി ഹംസയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ പ്രകടമായി. വേണ്ടതിനും വേണ്ടാത്തതിനും കുറ്റങ്ങൾ. എന്തിനും ഏതിനും  സംശയങ്ങൾ. പ്രസവാനന്തര ശുശ്രൂഷാർത്ഥം സഫിയയും കുഞ്ഞും അവളുടെ വീട്ടിലായിരുന്നു. ഹംസയാണെങ്കിൽ രാവിലെ ജോലിക്ക് പോയാൽ വൈകിട്ടേ തിരികെ വരൂ. വീട്ടിൽ തനിച്ചായതിനാൽ ഹംസയും സഫിയയുടെ വീട്ടിലാണ് നിൽക്കാറ്. രാത്രിയിൽ ഹംസ വന്നാലോ സഫിയയുടെ മനസമാധാനം നഷ്ടപെടുകയായി..

"ഇവിടെ ഞാൻ ഇല്ലാത്ത നേരത്ത് ആരാടി വന്നത് . ബീഡിക്കുറ്റി കാണുന്നുണ്ടല്ലോ..." ഹംസക്ക വീടിന്റെ പിറകുവശത്തൂടെ വന്നു ആരും കാണാതെ കിടപ്പ് മുറിയിലേക്ക് ബീഡിക്കുറ്റികൾ ഇട്ടു മുൻവശത്തൂടെ കിടപ്പ് മുറിയിലേക്ക് ഒന്നുമറിയാത്തവനെപോലെ വന്നു എന്നോട് നിരന്തരം തല്ലു കൂടുക പതിവായി. അത് സഹിക്കാൻ കഴിയാതെയാണ് ഞാൻ ന്റെ പൊന്നോമനയെ മറന്നു ജീവൻ ഒടുക്കാൻ കിണറ്റിൽ ചാടിയത്. ഇവിടെയും എന്നെ പടച്ചവൻ തോല്പ്പിച്ചു കളഞ്ഞല്ലോ". സഫിയയുടെ വാക്കുകൾ കേട്ട സൈനബ തരിച്ചിരുന്നുപോയി. "ന്റെ റബ്ബേ.. എന്തിനാ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നത്. സീനത്തും കുഞ്ഞും ആണെങ്കിൽ ഇപ്പോ വീട്ടിൽ. സഫിയയുടെയും കുഞ്ഞിന്റെയും ഗതിയും സൈനബക്ക് ഒാർക്കാൻ പോലും കഴിഞ്ഞില്ല. കാക്കണേ റബ്ബേ..."

സഫിയ കിണറിൽ ചാടിയതിനുശേഷം ഹംസയെ വീട്ടിലേക്കോ പണിസ്ഥലത്തോ കാണാഞ്ഞു ഹമീദ് ഹംസയുടെ വീട്ടിലേക്ക് ചെന്നു. വാതിൽ അടഞ്ഞു കിടക്കുന്നുണ്ട്. ഹമീദ് വാതിലിൽ മുട്ടി വിളിച്ചു. "ഹംസേ.. ഹംസേ.." വാതിൽ തുറന്നു ഹംസ പുറത്തേക്കു വന്നു. "ഹംസേ അന്നെ പുറത്തൊന്നും കണ്ടില്ലല്ലോ. പണിക്കും വന്നു കണ്ടില്ല. എന്തുപറ്റി...". "ഒന്നൂല ബാപ്പ ഒരു കാരണവുമില്ലാണ്ടാ സഫിയ കിണറ്റിൽ ചാടിയത്. അവൾക്കിവിടെ ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല.. ഞാൻ എങ്ങനെ ഇനി നാട്ടുകാരുടെ മുഖത്ത് നോക്കും". മോളുടെ എല്ലാ കാര്യവും അിറയാവുന്ന ഹമീദ് ദേഷ്യപ്പെട്ട് ഒരു വാക്കുപോലും പറഞ്ഞില്ല. തന്റെ മോളുടെയും അവളുടെ കുഞ്ഞിന്റെയും ഭാവിയോർത്തു മറുത്ത് ഒരക്ഷരം പറഞ്ഞില്ല. "കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ ഹംസേ. നീ വന്നു അവളെയും കുഞ്ഞിനെയും കൂട്ടി ഇങ്ങട്ട് പോര്."

എത്ര പെട്ടന്നാണ് നാലഞ്ചു വർഷങ്ങൾ കടന്നു പോയത്. ഫസലിനെ അടുത്തുള്ള ബാലവാടിയിൽ ചേർത്തു. മിടുമിടുക്കനായ കുട്ടി. അവൻ ഹമീദിന്റെ വീട്ടിലാണ് താമസം. അവന് വലിയുപ്പയേയും വലിയുമ്മയേയുമാണ് കൂടുതൽ ഇഷ്ടം. കൂടെ കളിക്കാൻ സീനത്തിന്റെ മകൾ ഫസീലയും. ഫസീലയുടെ പേരിടലിന് ഒരു തമാശയുണ്ട്. സീനത്തിന്റെ ജ്യേഷ്ഠത്തി സഫിയക്ക് കുഞ്ഞ് പിറന്നപ്പോ സീനത്ത് പറഞ്ഞാണ് ഉപ്പ ഫസലെന്ന പേരിട്ടത്. അന്നവൾ പറഞ്ഞതാ എനിക്ക് ജനിക്കുന്ന കുഞ്ഞിനു ഇൗ പേരിനൊപ്പിച്ചൊരു പേരിടും. അങ്ങിനെയാണ് ഫസീലയെന്ന പേര് സീനത്ത് മോൾക്കിട്ടത്. ഫസലിനെ അയൽവാസികൾക്കും ബാലവാടിയിലെ എല്ലാവർക്കും ഇഷ്ടമാണ്. വാ തോരാതെയുള്ള സംസാരവും മനോഹരമായ പുഞ്ചിരിയും. ബാലവാടി വിട്ടു വന്നാൽ അവൻ അധികവും അയൽവീടുകളിലായിരിക്കും..

ഇന്ന് ഹമീദിന്റെ വീട്ടിൽ ഒരുപാട് ആളുകളുണ്ട്. അയൽവാസികളെല്ലാം പണിക്കുപോവാതെ ഹമീദിന്റെ വീട്ടിലേക്ക് വരികയാണ്. ഹമീദിന്റെ വീടിന്റെ അകത്തുനിന്നും ഇടയ്ക്ക് ഇടയ്ക്ക് കരച്ചിൽ പുറത്തേക്കു കേൾക്കാം...

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച- 12 01 2018

ഷംസുദ്ധീൻ തോപ്പിൽ

06 01 2018







1 അഭിപ്രായം: