തന്റെ
കയ്യിലിരുന്ന നോട്ടുകെട്ടുകൾ ഹമീദ് സൈനബയെ കാണിച്ചു ഫസലിന് ആദ്യമായി
കിട്ടിയ പ്രതിഫലം ആണിത് ഇത് സൂക്ഷിച്ചു വെച്ചോളൂ സഫിയ വരുമ്പോൾ ഇത് അവന്റെ
പേരിൽ ബാങ്കിൽ ഇടണം നാളെത്തന്നെ നീ സഫിയയെ വിളിച്ചു കാര്യം പറയണം അവളും ഈ
സന്തോഷത്തിൽ പങ്കാളി ആവട്ടെ നിറകണ്ണുകളോടെ രണ്ടു കൈകളും നീട്ടി സൈനബ ആ പണം
സ്വീകരിച്ചു...
അടുത്ത ദിവസം ആ വീട്ടിൽ
സന്തോഷത്തിന്റെ ദിനമായിരുന്നു. സഫിയ രാവിലെതന്നെ എത്തിയിരുന്നു, ഫസൽ
ഹമീദിന് നൽകിയ നോട്ടുകെട്ട് സൈനബ സഫിയയെ ഏൽപ്പിച്ചു.
“മോളേ
ഇത് ഇവന് ലഭിച്ച ആദ്യത്തെ പ്രതിഫലമാണ്. നീ ഇത് ഇവന്റെ പേരിൽ ബാങ്കിൽ ഒരു
അക്കൊണ്ട് തുറന്ന് അതിലിടണം. പടച്ചോൻ എല്ലാറ്റിനും കൂടെ കാണും മോളേ...
നമ്മുടെ കഷ്ടപ്പാടുകളൊക്കെ തീരാൻ പോകുന്നു എന്ന തോന്നൽ.“
“വാപ്പാ
ഈ പൈസ അതിനുള്ളതല്ല. വാപ്പാന്റെ അസുഖം മാറ്റണം. എത്ര നാളായി പരിശോധനയ്ക്ക്
ഹോസ്പിറ്റലിൽ പോയിട്ട്. നമുക്ക് നാളെയോ മറ്റന്നാളോ കോഴിക്കോട് സിറ്റി ചെസ്റ്റ് ഹോസ്പിറ്റലിൽ പോണം.
അവിടെ ഡോക്ടറെ കണ്ട് മൊത്തം ഒരു പരിശോധന നടത്തണം.“
“മോളേ അത്...“
“ഇല്ല വാപ്പാ, ഈ തീരുമാനത്തിൽ മാറ്റമില്ല, വാപ്പ നിർബന്ധിക്കണ്ട... എനിക്ക് വലുത് എന്റെ വാപ്പായാ“.
അദ്ദേഹത്തിന് മറുത്തൊന്നും പറയാനാവുമായിരുന്നില്ല. ആ വൃദ്ധമനുഷ്യന്റെ കണ്ണു നിറഞ്ഞത് അവിടാരും കണ്ടില്ല...
ഫസൽ ഇതെല്ലാം കേട്ടു നിൽക്കുകയായിരുന്നു. അവനവിടെ പ്രത്യേകിച്ച് അഭിപ്രായമൊന്നുമുണ്ടായിരുന്നില്ല ...
തനിക്ക് ലഭിച്ച പണം എന്തിനാണെന്ന് തനിക്ക് മാത്രമല്ലേ അറിയൂ... അത്
പറഞ്ഞുകഴിഞ്ഞാൽ ഈ വീട്ടിലെ സന്തോഷം ഉടൻ ഇല്ലാതാകും... എല്ലാരും തന്നിലൂടെ
സന്തോഷിക്കുന്നെങ്കിൽ അത് നല്ലതല്ലേ... തന്നെ ബാധിക്കുന്ന പ്രശ്നങ്ങൾ തന്റെ
മനസ്സിൽ തന്നെ ഇരിക്കട്ടെ...
[എത്രയോ കുട്ടികൾ
ഇതുപോലുള്ള പ്രലോഭനങ്ങളിൽ വീണുപോയിട്ടുണ്ട്. വീഴ്ചയുടെ ആഘാതം അവരുടെയൊക്കെ
ജീവിതത്തിൽ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. താല്ക്കാലിക സുഖത്തിനുവേണ്ടി
കൊച്ചുമകനോളം പ്രായമുള്ള ഫസലിനെ പ്രകൃതിവിരുദ്ധമായ കാര്യങ്ങളിലേയ്ക്ക്
ആനയിക്കപ്പെട്ടത് ഒരു മാനസിക വൈകല്യമായി സമൂഹം കാണണം. കാരണം വിവേകം
നഷ്ടപ്പെടുന്ന അവസ്ഥ അത് മൃഗീയമാണ് അതിനെ കഥാകാരനെന്ന നിലിയൽ ഞാൻ
കാമഭ്രാന്ത് എന്ന നിലയിൽ പറയാനാണ് ആഗ്രഹിക്കുന്നത്. പൈശാചികമായ ലൈംഗിക
വിശപ്പിനുമുന്നിൽ അറിയാതെ എത്തപ്പെടുന്ന ഇരകളാണിവർ, ഇവരെ ഈ
കാലഘട്ടത്തിൽ സമൂഹം തള്ളിപ്പറയേണ്ട സമയമായിരിക്കുന്നു.]
സഫിയ
കുറച്ചുദിവസം വീട്ടിൽ നിൽക്കാനുള്ള തയ്യാറെടുപ്പിലാണ് എത്തിയത്. അത്
ഫസലിനും സന്തോഷം നൽകുന്നതായിരുന്നു. അവന്റെ പെരുമാറ്റം സഫിയയെപ്പോലും
അത്ഭുതപ്പെടുത്തിയിരുന്നു. തന്റെ മകൻ തന്നോട് പഴയതുപോലെ അടുപ്പം
കാണിക്കുന്നില്ല. അവന് പഴയതുപോലെ തന്നോട് പറ്റിച്ചേർന്ന് ഉറങ്ങാനും
താല്പ്പര്യമില്ല. ചിലപ്പോൾ തനിക്ക് തോന്നുന്നതാവും... അവൻ വലിയ
കുട്ടിയായില്ലേ.. തന്റെ മനസ്സിലല്ലേ അവനിപ്പോഴും കുഞ്ഞ്... അവർ സ്വയം
സമാധാനിക്കാൻ ശ്രമിച്ചു.
കാലം വളരെവേഗം
കടന്നുപൊയ്ക്കൊണ്ടിരുന്നു. ഫസൽ ഒൻപതാം ക്ലാസിലേയ്ക്ക് നല്ല മാർക്കുവാങ്ങി
വിജയിച്ചു. റിസൾട്ടറിയാൻ പോയവഴിയിൽ തന്റെ പ്രിയപ്പെട്ടവളെ കാണാനായത് അവന്
വളരെ സന്തോഷം നൽകുന്നതായിരുന്നു.
“ഐഷു... ഒരാഴ്ച
കഴിഞ്ഞ് സിനിമാ ഷൂട്ടിംഗ് ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്തോ
പുതിയ ഒരു പ്രോജക്ട് തീർക്കാനുണ്ട് അതുകാരണം അത് നീട്ടിവച്ചു. ഞാൻ
നിർമ്മാതാവായ ഹജിക്കയുടെ വീട്ടിൽ പോകാറുണ്ട്.“
“ഹാജിക്കയുടെ ഭാര്യ വളരെ സ്നേഹമുള്ള സ്ത്രീയാണ്. നീയെന്നു പറഞ്ഞാൽ അവർക്ക് ജീവനാ.“
“അതേയതേ... അവർക്കെന്നെ ജീവനാ.“ അവൻ അറിയാതെ പറഞ്ഞുപോയി.... ഇല്ല അവൾ ഇതിലൊന്നും മറ്റൊരർത്ഥം കാണില്ല...
“ഐഷൂ.. ഷൂട്ടിംഗ് ഇനി സ്കൂൽ തുറക്കുമ്പോഴാകും ഉണ്ടാവുകയെന്നു തോന്നുന്നു..“
“ആവാം... നിനക്ക് എന്നെ കാണണമെന്നൊന്നും തോന്നിയില്ലേ ഫസലേ...“
“എങ്ങനെകാണാനാ...
നിന്റെ വീട്ടിന്റെ മുന്നിലെത്തുമ്പോൾ എന്റെ ധൈര്യമൊക്കെ ചോർന്നുപോവും..
പിന്നെ ഞാൻ എന്നത്തേയും പോലെ തിരിച്ചു നടക്കും.“
“എത്രയോ
ദിവസങ്ങളിൽ നീ അവിടംവരെ വന്ന് തിരിച്ചു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്...
ന്നാലും അത്രയൊക്കെ മതീന്ന് ഞാനും കരുതി... ആർക്കും ഒരു സംശയവും
വേണ്ടല്ലോ... നമ്മളിപ്പോ വല്യ കുട്ടിയോളായില്ലേ...“
“എടീ കള്ളീ... നീ എന്നെ കണ്ടിട്ട് ഒന്ന് പുറത്തേക്കിറങ്ങി വന്നില്ലല്ലോ.“
അവൾ അതിനുത്തരം ഒരു ചെറിയ പുഞ്ചിരിയിൽ ഒതുക്കി.
അവൾക്കായി
കരുതിയ സമ്മാനം ആരും കാണാതെ അവളുടെ കൈയ്യിൽ കൊടുത്തു. അവളത് സ്നേഹപൂർവ്വം
വാങ്ങി തന്റെ ബാഗിലിട്ടു. അവൾക്ക് പോകേണ്ട വഴിയിലെത്തിയപ്പോൾ രണ്ടാളും
രണ്ടുവഴിക്ക് പിരിഞ്ഞു... ഫസലിനോട് യാത്രപറഞ്ഞ് അവൾ യാത്രയായി... ഇടയ്ക്ക്
അവൾ തിരിഞ്ഞു നോക്കുന്നോ എന്നറിയാൻ അവനവിടെ കാത്തുനിന്നു...
ദിവസങ്ങൾ
പലത് കഴിഞ്ഞുപോയി... പുതിയ അധ്യയന വർഷം തുടങ്ങാറായി... സഫിയ അവന്
ആവശ്യമുള്ള ഡ്രസ്സൊക്കെ എടുത്തു നൽകി. ഇടയ്ക്കിടയ്ക്ക് അവൻ ഹാജിക്കയുടെ
വീട്ടിലേയ്ക്കും പോകുമായിരുന്നു. അവിടെ പോയിട്ടു വരുന്ന ദിവസം അവൻ നേരത്തേ
കിടന്നുറങ്ങുമായിരുന്നു. അതൊന്നും അവിടെ ആരും ശ്രദ്ധിച്ചിരുന്നില്ല കാരണം
യാത്രചെയ്ത ക്ഷീണം എന്നുമാത്രമേ കരുതിയുള്ളൂ.
വീട്ടിലുള്ളവർക്ക്
സന്തോഷകരമായ ഒരു വാർത്തപോലും ഗൾഫിൽ നിന്നും ലഭിച്ചിരുന്നില്ല. എല്ലാരും
റഷീദിനേയും, പണമുണ്ടായപ്പോൾ ബന്ധുക്കളെ തള്ളിപ്പറഞ്ഞ അൻവറിനേയും കുറിച്ച്
സംസാരിക്കാത്ത ദിവസങ്ങളില്ലായിരുന്നു. ഫസലിന് ഇതിനോടൊന്നും വലിയ
താല്പര്യമില്ലായിരുന്നു. റഷീദിന്റെ ഭാര്യ ആരും കാണാതെ ഉമ്മറത്തും തൊടിയിലും
ഒറ്റയ്ക്കിരുന്ന് കരയുന്നത് അവൻ പലപ്പോഴും കണ്ടിരുന്നു. ഒന്നു
സമാധാനപ്പെടുത്താൻ പോലും തന്നെക്കൊണ്ടാവില്ലെന്നവനറിയാമായിരുന്നു.
വല്ലപ്പോഴും ആ ക്വോർട്ടേഴ്സിന്റെ പടിവാതിൽ കടന്നുവന്നിരുന്ന
കത്തുകളായിരുന്നു തെല്ലൊരാശ്വാസം നൽകിയിരുന്നത്. തന്റെ ഉദരത്തിൽ റഷീദിന്റെ
കുഞ്ഞിന്റെ ജീവൻ തുടിക്കുന്നു. തന്റെ വേദനകൾ പറയാൻ പ്രിയതമനില്ലാത്ത
ദുഖമായിരുന്നവൾക്ക്. എന്നാൽ ഗൾഫിൽ പല സംഭവവികാസങ്ങളും അരങ്ങേറുകയായിരുന്നു.
റഷീദ്
ഈ മരുഭൂമിയിൽ വന്നിട്ട് 6 മാസം കഴിഞ്ഞിരിക്കുന്നു. വന്ന അന്ന് തൊട്ടുള്ള
കഠിനമായ ജോലിയും തുച്ഛമായ ശമ്പളവും. ഇങ്ങിനെ പോവുകയാണെങ്കിൽ പടച്ചവനെ
എങ്ങിനെ തന്റെ ആഗ്രഹങ്ങൾ സാധിക്കും. ഉപ്പക്കാണെങ്കി എന്നും ദുഖം തന്നെയാണ്.
അൻവറിന്റെ സഹായം ഒന്നും ലഭിക്കുനില്ല. ഇടയ്ക്കിടയ്ക്ക് അസുഖം കൂടും
കുറയും അത് കാരണം കിടപ്പിലാണെന്ന് വീട്ടിൽ നിന്നറിഞ്ഞത്. മരുന്നു
കൊണ്ടങ്ങിനെ മുന്നോട്ട് പോകുന്നു. തന്റെ പെങ്ങമ്മാരെ നാട്ടിൽ മോശപ്പെട്ട
ജോലിയിൽ നിന്നൊന്ന് രക്ഷിക്കാൻ ഇത് വരെ കഴിഞ്ഞില്ലല്ലൊ. എന്നും റഷീദ്
നമസ്ക്കാരത്തിന് ശേഷം പടച്ചവനോട് മനമുരുകി പ്രാർത്ഥിച്ചിരുന്നു
ഹൃദയത്തിന്റെ വിളികേൾക്കുന്നവൻ അതെങ്ങിനെ കേൾക്കാതിരിക്കും.
പിറ്റേന്ന് രാവിലെ റൂമിൽ നിന്ന് ജോലിക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഒരാൾ വന്ന് പറഞ്ഞത്.
“റഷീദെ നിന്നെ അറബി വിളിക്കുന്നു.“
അവൻ
പേടിച്ചുപോയി. എന്തിനായിരിക്കാം. എന്നാലും വന്ന പോലെ ഒന്നുമല്ല താൻ
നന്നായി അറബി സംസാരിക്കുന്നു വന്നപ്പൊ തന്നോടുള്ള ദേഷ്യമൊക്കെ
മാറിയിരിക്കുന്നു. നേരം കിട്ടുമ്പൊഴൊക്കെ അറബിയുടെ ഉപ്പയെ റഷീദ്
പരിചരിക്കാറുണ്ടായിരുന്നു.
ഹൃദയമിടിപ്പോടെ റഷീദ്
അറബിയുടെ അടുത്തേക്ക് ചെന്നു. ചെന്നപാടെ അവൻ സലാം ചൊല്ലി അറബി
ചിരിച്ച്കൊണ്ട് സലാം മടക്കി. അപ്പോഴാണ് അവന് ശ്വാസം നേരെ വീണത്. റഷീദ്
സുഖാന്വേഷണങ്ങൾക്ക് ശേഷം വിഷയത്തിലേക്ക് കടന്നു.
“ഇന്ന്
മുതൽ നിനക്ക് ഞാനൊരു പുതിയ ജോലി തരുകയാണ് റംസാൻ മാസം തുടങ്ങിയില്ലേ . നീ
ഇനി ഹാരിസിന്റെ (കാവൽക്കാരൻ) ജോലി ചെയ്താൽ മതി. ശമ്പളം കൂടുതൽ കിട്ടും.
നമ്മുടെ ഫ്ളാറ്റിൽ ധാരാളം പുറത്ത് നിന്നുള്ള ആളുകൾ താമസിക്കുന്നുണ്ട്.
അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കണം. ഇടയ്ക്ക് വീട്ടിൽ ഉപ്പയെ ഒന്ന്
ശ്രദ്ധിക്കണം. ഉപ്പയ്ക്ക് നിന്നെ വലിയ ഇഷ്ടാ ഉപ്പ പറഞ്ഞതാ നിനക്കീ ജോലി
തരാൻ ഇവിടെയാവുമ്പൊൾ നീ എപ്പോഴും ഉപ്പയുടെ അടുത്തുണ്ടാവുമല്ലോ. “
“ഞാൻ ചെയ്തോളാം.“
“ഇന്ന്
തന്നെ ഇങ്ങോട്ട് താമസം മാറ്റിക്കൊള്ളൂ.“ അവൻ റബ്ബിനെ സ്തുതിച്ചു. പടച്ചവൻ
തന്റെ പ്രാർത്ഥന കേട്ടു. ആ നരകത്തിൽ നിന്ന് കരകയറിയല്ലൊ. റഷീദ് അന്ന് തന്നെ
അങ്ങോട്ട് മാറി. ഫ്ളാറ്റ് കാവൽ കുഴപ്പമില്ലാത്ത ജോലി. ഫ്ളാറ്റിലുള്ളവരുടെ
വണ്ടികൾ കഴുകി കൊടുത്താൽ അതിനും പണം ലഭിക്കും.
ദിവസങ്ങൾ
നീങ്ങി. റഷീദ് വീട്ടിന്റെ അടുത്ത വീട്ടിലേക്ക് ഫോൺ വിളിച്ച് വീട്ടിൽ നിന്ന് എല്ലാവരോടും വന്ന് നിൽക്കാൻ പറഞ്ഞു.
ഹമീദിന് വരാൻ കഴിയില്ലങ്കിലും ഒരു വിധം പണിപ്പെട്ട് വന്നു. തന്റെ മോന്റെ
ശബ്ദമൊന്ന് കേൾക്കാൻ. ഫസല് സ്ക്കൂളിൽ ബുക്ക് വാങ്ങാൻ പോയിരിക്കുന്നു.
സഫിയയും സീനത്തും സ്ഥലത്തില്ലാത്തതിനാൽ അവരോട്സംസാരിക്കാൻ കഴിഞ്ഞില്ല.
“മോനേ എന്താ കുറച്ചുനാളായി നിന്റെ കത്തൊന്നുമില്ലാതിരുന്നല്ലോ.“
“ ഉപ്പാ ഈ നോമ്പ് കാലം നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവട്ടെ പടച്ചോൻ നമ്മുടെ പ്രാർത്ഥന കേട്ടു എനിക്ക് ഇപ്പോഴാണ് കുറച്ചൂകൂടി നല്ല ഒരു ജോലി കിട്ടിത്. ശമ്പളവും
കൂട്ടിതന്നു. എത്രയും പെട്ടന്ന് നമുക്ക് ചെറിയൊരു വീടും സ്ഥലവും വാങ്ങാം.
സഫിയയോടും സീനത്തിനോടും ഇപ്പൊ നിൽക്കുന്ന വീട്ടിൽ നിന്ന് വന്നാൽ ഇനി
എങ്ങോട്ടും പോവണ്ടന്ന് പറയണം.“ ഹമീദ് എല്ലാം കേട്ടുകൊണ്ടുനിന്നു കണ്ണുകൾ നിറഞ്ഞു
“മോനേ നീ നന്നായി പ്രാർത്ഥിക്കുക. നിനക്ക് നല്ലതേ വരൂ.. പടച്ചോൻ കാക്കട്ടെ...“
യത്തീമായ കുട്ടി റഷീദിന്റെ കൈ പിടിച്ച് വീട്ടിലേക്കു വരുമ്പോഴുണ്ടായ പ്രതീക്ഷകൾ എല്ലാം തകിടം മറിഞ്ഞത് അവളെ വളരെ വേദനിപ്പിച്ചിരുന്നു
ഹമീദിന്റെ
വീട്ടിൽ അന്ന് ഉൽസവ പ്രതീതി ആയിരുന്നു. പ്രത്യേകിച്ച് ഹമീദിന്. തന്റെ
ആഗ്രഹമായ മരിക്കുന്നതിനു മുമ്പ് സ്വന്തമെന്ന് പറയാൻ 5 സെന്റും അതിൽ
ചെറിയൊരു വീടും. അതിൽ കിടന്ന് മരിച്ചാൽ മതിയായിരുന്നു. പടച്ച റബ്ബ് തന്നെ
കൈവിടില്ല. തനിക്ക് ഒട്ടും ഇഷ്ടമുണ്ടായിട്ടല്ലല്ലൊ തന്റെ പെൺമക്കൾ
പ്രസവിച്ചോട്ത്ത് നിൽക്കാൻ പോവുന്നത്. ആളുകൾക്കിടയിൽ വളരെ മോശപ്പെട്ട
ജോലിയാണിത്. പക്ഷെ കഷ്ടപ്പാട് കൊണ്ടാ. തനിക്ക് ആരോഗ്യമുണ്ടെങ്കിൽ
സമ്മതിക്കില്ലായിരുന്നു. പക്ഷെ ഇനി അത് വേണ്ടല്ലൊ. അന്ന് തന്നെ സഫിയാനെയും
സീനത്തിനേയും വിവരമറിയിച്ചു. അവർക്ക് വളരെ സന്തോഷമായി. ഇനിയെങ്കിലും മക്കളെ
നോക്കാലൊ അൻവറിന്റെ ഒരു വിവരവും ഇല്ലാത്തത് ഹമീദിനെ അപ്പൊഴും
വേദനിപ്പിക്കുന്നുണ്ടായിരുന്നു. നല്ലവനായ പിതാവ് അവന് വേണ്ടി
പ്രാർത്ഥിച്ചു. പടച്ചവനെ തന്റെ മകന് നേർബുദ്ധി നൽകണേ. റഷീദിൽ നിന്ന് അവന്
കുഴപ്പമൊന്നുമില്ലെന്നറിയുന്നതിൽ ആണ് ഹമീദിന് ആകെ സമാധാനം. അൻവർ
അവന്റെ ഭാര്യയുടെ പെൺ ബുദ്ധിയിൽ കുടങ്ങിയതാണെന്നാ തോണണത്. പടച്ചവനെ
മരിക്കുന്നതിന് മുമ്പ് അവനെ ഒന്ന് കാണിക്കണമേ.....
ഒരു
ദിവസം വളരെ അപ്രതീക്ഷിതമായി അൻവറിന്റെ അമ്മോശനും ഹമീദിന്റെ പഴയ
സുഹൃത്തുമായ അലി ഹസ്സൻ കയറി വന്നു. ഹമീദ് വളരെ സന്തോഷത്തോടെ അലി അസ്സനെ
സ്വീകരിച്ചു. അലി നീ എന്നാ വന്നത് നിനക്ക് സുഖം തന്നെയല്ലെ ഇതൊന്നും
കേട്ടതായി പോലും അലി അസ്സൻ ഗൗനിച്ചില്ല. ഒരപരിചതനെ പോലെയായിരുന്നു അലി
അസ്സന്റെ പെരുമാറ്റം.
“നിങ്ങളെ ക്ഷണം
സ്വീകരിക്കാൻ വന്നതല്ല ഞാൻ. എന്ത് കാരണത്താലാ എന്റെ മോളെ നിങ്ങൾ വീട്ടിൽ
കൊണ്ട് ചെന്നാക്കിയത്. നിങ്ങളെ മോന് പണിയൊന്നുമില്ലാതെ അവിടെ
ബുദ്ധിമുട്ടുകയാ. അപ്പോഴും നിങ്ങൾക്ക് മോനെക്കാൾ വലുത് പണമാ അല്ലെ“.
ഹമീദിന്
അലി അസ്സൻ പറയുന്നതൊന്നും മനസ്സിലായില്ല., കണ്ണിൽ ഇരുട്ട് കയറി. കണ്ണുനീർ
ധാരധാരയായി ഒഴുകി. സൈനബ തരിച്ചിരിക്കയാണ്. അവസാനം അലി അസ്സൻ പറഞ്ഞ വാക്കുകൾ
ഹമീദിന്റെ ഹൃദയത്തെ കീറി മുറിച്ചു. മോനെക്കാൾ വലുത് നിങ്ങൾക്ക് പണമാ
അല്ലെ....പണം…
ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ അലി അസ്സൻ ഇറങ്ങി പോയി. ഹമീദ് ഒരുപാട് വിളിച്ചതാ പക്ഷെ അലി
അസ്സൻ നിന്നില്ല. ഹമീദ് കുഴഞ്ഞ് വീണു സൈനബ ഓടിവന്ന് ഹമീദിനെ വാരി എടുക്കാൻ
ശ്രമിച്ചു. അപ്പൊഴേക്ക് അടുത്തുള്ള വരും വന്ന് പിടിച്ച് കട്ടിലിൽ കിടത്തി. ആ
വൃദ്ധ പിതാവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ മനുഷ‍്യന്റെ
വാക്കുകൾ. തന്റെ പണംകൊണ്ടാണ് അയാൾ ഇന്നീ നിലയിലായത്. അതിനു
പ്രത്യുപകാരമായാണ് എന്റെ മകനൊക്കൊണ്ട് അയാളുടെ മകളെ വിവാഹം കഴിപ്പിച്ച്.
എന്നിട്ടും എന്തേ അയാൾ ഹമീദിനെ മനസ്സിലാക്കാതെ പോയി... സ്വന്തം മകൻ
പണിയൊന്നുമില്ലാതെ കഷ്ടപ്പെടുന്നെന്ന വാർത്ത ആ ശരീരത്തിനും മനസ്സിനും
താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഹമീദിന്റെ ശ്വാസഗതി വർദ്ധിച്ചതുപോലെ
തോന്നി സൈനബ സ്പ്രേയെടുക്കൻ അകത്തേയ്ക്ക് പോയി.
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 19 05 2019
ഷംസുദ്ധീൻ തോപ്പിൽ 12 05 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ