18.5.19

നിഴൽവീണവഴികൾ - ഭാഗം 22


സ്വന്തം മകൻ പണിയൊന്നുമില്ലാതെ കഷ്ടപ്പെടുന്നെന്ന വാർത്ത ആ ശരീരത്തിനും മനസ്സിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഹമീദിന്റെ ശ്വാസഗതി വർദ്ധിച്ചതുപോലെ തോന്നി സൈനബ സ്പ്രേയെടുക്കൻ അകത്തേയ്ക്ക് പോയി......

സ്പ്രേ അടിച്ചെങ്കിലും ഹമീദിന്റെ ശ്വാസംമുട്ടൽ കുറയുന്നില്ല... നേരം ഇരുട്ടിവരുന്നു... വെള്ളം കുടിക്കാൻതന്നെ പ്രയാസം അനുഭവപ്പെടുന്നു. ഫസൽ ഉപ്പയുടെ അടുത്തുതന്നെയുണ്ട്... എന്തോ ഒരു ഉൾഭയം എല്ലാവരുടേയും ഉള്ളിൽ കടന്നുകൂടിയതുപോലെ. സഫിയ വാപ്പയോടു ചോദിച്ചു.

“വാപ്പാ ഇപ്പോ എങ്ങനുണ്ട്“

സംസാരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം കുറവില്ലെന്നുള്ള ആംഗ്യം കാണിച്ചു. 

“ഉമ്മാ നമുക്ക് ഉപ്പാനെ ആശുപത്രിയിൽ കൊണ്ടുപോകാം... ഇനി രാത്രി അസുഖം കൂടിയാൽ വണ്ടിപോലും കിട്ടില്ല.“ ഫസൽ ദൃഢസ്വരത്തിലാണത് പറഞ്ഞത്.. അവന്റെ വാക്കുകൾ ആരും എതിർത്തില്ല.

“മോനേ നീ പോയി അബൂക്കയുടെ ഓട്ടോ കിട്ടുമോ എന്നു നോക്ക് .“

“വേണ്ടുമ്മ, ഓട്ടോയിൽ ഭയങ്കര കുലുക്കമായിരിക്കും ഞാൻപോയി കാറുപിടിച്ചോണ്ടുവരാം.“

മറുപടിയ്ക്ക് കാത്തുനിൽക്കാതെ അവൻ പുറത്തേയ്ക്കോടി....

സഫിയ ചിന്തിക്കുകയായിരുന്നു, തന്റെ മകൻ വളരെ പക്വതയുള്ളവനായി മാറിയിരിക്കുന്നു. കുടുംബത്തിലെ കാര്യങ്ങൾ തീരുമാനിക്കാൻ അവനു പക്വതവന്നിരിക്കുന്നു. അവൾക്ക് ഒരു സമാധാനവും ആശ്വാസവും തോന്നി.

കുറച്ചു സമയത്തിനകം അവൻ ഒരു കാറുമായി വന്നു. അയൽപക്കത്തുള്ളവരും അവിടെത്തി എല്ലാരുംകൂടി ഹമീദിനെ കാറിനുള്ളിൽ കയറ്റി.. സഫിയയും സൈനബയും കാറിൽ കയറി... റഷീദിന്റെ ഭാര്യ പൂർണ്ണ ഗർഭിണിയാണ് അവളും കയറാൻ തയ്യാറായി... പക്ഷേ സഫിയ സമ്മതിച്ചില്ല്.

“നീ വരണ്ട... ഞങ്ങൾ മാത്രം മതി.. അപ്പുറത്തെ റഹ് മത്തിനെ കൂട്ടുവിളിച്ചോ... ചിലപ്പോൾ ഇന്നു വന്നില്ലെങ്കിൽ ഇവിടാരെങ്കിലും വേണ്ടേ... നീ വെറുതേ മനസ്സ് വിഷമിപ്പിക്കല്ലേ.. വാപ്പയ്ക്ക് ഒന്നും വരില്ല...“

ഫസൽ ഫ്രണ്ട് ഡോർ തുറന്ന് വലിയ കാരണവരെപ്പോലെ അകത്തുകയറി ഡോറടച്ചു... അവൻ തന്നെയാണ് ഹോസ്പിറ്റലിലേയ്ക്കുള്ള എളുപ്പവഴി ഡ്രൈവറോട് പറഞ്ഞുകൊടുത്തത്. ‍ഡ്രൈവർക്ക് വഴിയറിയാമെങ്കിലും അവന്റെ വിവരണങ്ങൾ അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു.... ഇടയ്ക്കിടയ്ക്ക് പിറകിലേയ്ക്ക് തിരിഞ്ഞുനോക്കി വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ഹമീദിന് അഭിമാനം തോന്നി... അവൻ വളർന്നു വലുതായി... തനിക്കൊരു താങ്ങാകുമെന്നു പ്രതീക്ഷിച്ചതുപോലെ ഈ കുടുംബത്തിനൊരു വലിയ താങ്ങുതന്നെയാണ് എന്നവൻ തെളിയിച്ചിരിക്കുന്നു.

വണ്ടി ഹോസ്പിറ്റലിൽ എത്തിയ ഉടൻ ഫസൽ ഓടിച്ചെന്ന് വീൽച്ചെയറുമായി വന്നു.. എല്ലാവരും കൂടി ഹമീദിനെ കാറിൽനിന്ന് പുറത്തിറക്കി വീൽച്ചെയറിലിരുത്തി... ഫസൽ ഒരു പരിചയസമ്പന്നനെപ്പോലെ വീൽച്ചെയർ തള്ളി മുന്നോട്ടുകൊണ്ടുപോയി... കാഷ്വാലിറ്റിയിലെത്തി... ഉടൻ തന്നെ ഡോക്ടർ പരിശോധിക്കാനെത്തി.

“ഹമീദേ എത്രനാളായി പരിശോധനയ്ക്ക് വന്നിട്ട്. ഞാനന്നേ പറഞ്ഞതല്ലേ അസുഖം വച്ചോണ്ടിരിക്കരുത് കൃത്യമായ പരിശോധന ആവശ്യയമാണെന്ന്... ഫസലിന്റെ മുഖത്തേയ്ക്ക് നോക്കി മോന് ഉപ്പാനോട് ഇതൊന്നു പറഞ്ഞുകൂടേ....“

സഫിയ ഡോട്കറോടു പറഞ്ഞു.. “ഡോക്ടർ വാപ്പാ സമ്മതിക്കാത്തതുകൊണ്ടാ വരാഞ്ഞേ...

“എന്തായാലും വന്നില്ലേ, ഇനി രണ്ടുദിവസം കഴിഞ്ഞ് ചെക്കപ്പെല്ലാം നടത്തിയിട്ടു പോകാം...“

എല്ലാരും പരസ്പരം മുഖത്തോടുമുഖം നോക്കി. ഉടൻ ഫസൽ പറഞ്ഞു.

“മതി ഡോക്ടർ ഉപ്പാന്റെ അസുഖംമാറ്റിയിട്ട് പോയാൽ മതി...“

“കണ്ടോ പേരക്കുട്ടിക്ക് കാര്യം മനസ്സിലായി.“

ഡോക്ടർ പരിശോധനകൾക്കുള്ള വിവരങ്ങൾ നഴ്സിനോടു പറഞ്ഞു... അവർ ഓരോരോ പരിശോധകൾ നടത്താനുള്ള രക്തം ശേഖരിക്കുകയും ചില ഇൻജക്ഷൻ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചുനേരത്തിനുശേഷം ഹമീദിന് തെല്ലൊരാശ്വാസം തോന്നിയപോലെ... അദ്ദേഹം ഫസലിനെ വിളിച്ച് അടുത്തിരുത്തി... സ്നേഹപൂർവ്വം തലോടി..

“ഇവൻ മതി... ഇവൻ മാത്രം മതി നമുക്ക്... എല്ലാം അറിഞ്ഞു ചെയ്യാനുള്ള മനസ്സിനവുണ്ട്... സഫിയാ ഞാനില്ലാതായാലും ഇവനുണ്ട് കുടുംബം നോക്കാൻ..“
‌‌
ഫസൽ ഉടൻ ഉപ്പാന്റെ വായ പൊത്തി... “ഉപ്പാ അങ്ങനെ പറയല്ലേ...“

ഹമീദ് നിശബ്ദനായി... എല്ലാരും വിഷമത്തോടെ ഹമീദനെ നോക്കി... 

“ഇല്ല മോനേ.. പറയില്ല. നിനക്ക് വിഷമമായോ... ഉപ്പ എന്നും കൂടെ ഉണ്ടെടാ..“

ഫസലിന് സമാധാനമായി... അവൻ സാവധാനം പുറത്തേയ്ക്കിറങ്ങി ഡോക്ടറുടെ പേരെഴുതിയ മുറിക്കുമുന്നിൽ ചെന്നു നിന്നു... അകത്തേക്ക് നോക്കി, അവൻ നോക്കുന്നത് കണ്ട് ഡോക്ടർ അവനെ അകത്തേക്ക് വിളിച്ചു. 

“എന്താ മോനേ...“

“ഡോക്ടർ അത്.. ഉപ്പാക്ക് എന്തേലും പ്രശ്നമുണ്ടോ... അടുത്തകാലത്തായി നടക്കാനൊക്കെ വലിയ പാടാ...“

“മേനോ ഇന്നു വീട്ടിൽ എന്തേലും പ്രശ്നം നടന്നോ.. മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ എന്തേലും..“

“ഉവ്വ് ഡോക്ടർ, ചില കുടുംബപ്രശ്നങ്ങൾ ഉണ്ടായി, അതിൽ ചില വിഷമം ഉണ്ടായാണ് ദേഹം തളർച്ച ഉണ്ടായത്.“

“ഫസലേ... ഉപ്പാക്ക് മനോവിഷമം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നീ വേണം അക്കാര്യങ്ങളൊക്കെ നോക്കാൻ.“ അവൻ തലയാട്ടി

“പറഞ്ഞാൽ നിനക്കു മനസ്സിലാവോ . ക്രോണിക്കായിട്ടുള്ള ശ്വാസംമുട്ടാണ് നിന്റെ ഉപ്പാക്ക് .. കൃത്യമായ പരിശോധനയും മരുന്നുപയോഗവും വളരെ അത്യാവശ്യമാണ്. അതു മാത്രമല്ല പ്രായവും കൂടിക്കൂടി വരുകയല്ലേ.. ഇപ്പോൾ വിഷമിക്കാനൊന്നുമില്ല, ധൈര്യമായി പൊയ്ക്കോ..“

“ഇനി ഞാൻ നോക്കിക്കൊള്ളാം ഡോക്ടർ ഉപ്പാനെ കൃത്യമായി പരിശോധനയ്ക്ക ഇവിടെയെത്തിക്കാം...“

ഫസലിനെ കാണാതെ സഫിയയും പുറത്തേയ്ക്കിറങ്ങി നോക്കി നോക്കി നടക്കുകയായിരുന്നു. അപ്പോഴതാ ഫസൽ ഡോക്ടറുടെ അടുത്തിരിക്കുന്നു. സഫിയ ഉടൻ അകത്തേയ്ക്ക് ചെന്നു.. 

“എന്താ എന്താ... ഡോക്ടർ“

“ഏയ് ഒന്നുമില്ല, ഹമീദിന്റെ കൊച്ചുമകൻ ഉപ്പാന്റെ അസുഖവിവരങ്ങൾ ചോദിച്ചറിയാൻ വന്നതാ... ഇവൻ ആള് കൊള്ളാലോ... ഈ പ്രായത്തിൽ മറ്റുള്ള കുട്ടികൾ കാണിക്കുന്നതിനേക്കാൾ ഉത്തരവാദിത്വം ഇവനുണ്ട്..“

“ഡോക്ടർ ഇവന് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി...“

ആണോ “ഏതാണ് സിനിമ.“

“കുട്ടികളുടെ സിനിമയാ, പ്രൊഡ്യൂസർ ഹാജീക്കയാ.“

“നമ്മുടെ ഹാജീക്കയോ... അദ്ദേഹം ഈ ഹോസ്പിറ്റലിന്റെയും പാർട്ട്ണറാ... കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം, ഫസലിനൊരു ഭാവിയുണ്ട്.. അവൻ കാണാനും സുന്ദരനല്ലേ...“

സഫിയ അഭിനാനത്തോടെ മോനെ നോക്കി... അവർ രണ്ടുപേരും ഡോക്ടറോട് യാത്രപറഞ്ഞ് പുറത്തേയ്ക്കിറങ്ങി. തന്റെ മകൻ എത്രപെട്ടെന്നാണ് വലുതായത്... അവനിപ്പോൾ ഒരുപാട് പക്വമായിരിക്കുന്നു. പഴയ കുട്ടിത്തം അവനില്ല.. എന്തു ധൈര്യമാണവന്.

ഹമീദിന്റെ പരിശോധനകൾ മുറയ്ക്കു നടന്നു. ഡോക്ടർ മൂന്ന്  ദിവസത്തെ ആശുപത്രിവാസം നിർദ്ദേശിച്ചു... സഫിയ പറഞ്ഞു ഫസലിനോട് വീട്ടിൽ പൊയ്ക്കൊള്ളാൻ. അവൻ പറ‍ഞ്ഞു ഉമ്മപൊയ്ക്കോ, ഇവിടെ ഉപ്പാന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.. ഇതേ ആണുങ്ങട വാർഡാ ഇവിടെ ‍ഞാൻ മാത്രം മതി...

സഫിയയ്ക്ക് അനുസരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ... ഹമീദും സൈനബയും  ഫസലും ഹോസ്പിറ്റലിൽ നിൽക്കാൻ ധാരണയായി, റഷീദിന്റെ ഭാര്യ ഒറ്റയ്ക്കായതുകൊണ്ട് സഫിയ വീട്ടിലേയ്ക്കു തിരിച്ചു...പുതിയ സ്റ്റാന്റിൽ വന്ന് പോകേണ്ട ബസ്സിൽ ഉമ്മയെ കയറ്റിവിട്ടിട്ടാണ് ഫസൽ തിരികെഹോസ്പിറ്റലിൽ എത്തിയത്... മൂന്നു ദിവസം കടന്നുപോയതറിഞ്ഞില്ല... ഹോസ്പിറ്റലിനെക്കുറിച്ചുള്ള പലകാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു. അവനും മനസ്സിൽ കരുതി വലുതാകുമ്പോൾ ഒരു ഡോക്ടറാകണം എന്നാലേ തന്നെക്കൊണ്ട് ആരെയെങ്കിലും സഹായിക്കാനാവൂ... 

ഹമീദിനെ ഡിസ്ചാർജ്ചെയ്യുന്ന ദിവസമെത്തി... ഡോക്ടർ ചില പുതിയ മരുന്നുകൾകൂടി എഴുതി നൽകി... അദ്ദേഹത്തിന് അസുഖം പൂർണ്ണമായും ഭേദമായിരുന്നു എന്നാലും ഒരു ശ്രദ്ധ വേണമെന്ന് ഡോക്ടർ ഫസലിനോട് പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു. ഹോസ്പിറ്റൽ ബില്ലടയ്ക്കാൻ സഫിയയാണ് പോയത്. അവൾ ആലോചിക്കുകയായിരുന്നു, ഫസലിന് ഈ പ്രതിഫലം കിട്ടിയത് വലിയ കാര്യമായി ഉപ്പാന്റെ ചികിത്സയ്ക്ക് ഇത് ഉപകരിച്ചല്ലോ.. അല്ലെങ്കിൽ ഇത്രയും തുക എവിടുന്നുണ്ടാക്കാനാണ്.

ശരിയാണ് ആ തുക ഈ കുടുംബത്തിന് വലിയൊരു ധൈര്യമാണ് കൊണ്ടുവന്നത്. പ്രായപൂർത്തിയാകാത്ത പ്രായത്തിൽ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയനാകേണ്ടവന്നതിന് ലഭിച്ച പണം. അതങ്ങനെയാണ് പണം ഉണ്ടാകുന്ന വഴിയെക്കുറിച്ചോ അതുണ്ടാക്കുന്ന രീതിയെക്കുറിച്ചോ ആരും ചിന്തിക്കാറില്ല... ഏതുതരത്തിൽ മനുഷ്യന്റെ കൈയ്യിൽ പണം വന്നാലും അതൊരു വിനിമയോപാധി മാത്രമായി മാറുന്നു. ആ കുടുംബത്തെ സംബന്ധിച്ച് താലോലിച്ചു വളർത്തിയ കുട്ടി... അവനെ ദുരുപയോഗം ചെയ്ത് ലഭിച്ച പണമാണെന്നുപോലും അറിയാതെ അവർ ചിലവാക്കുന്നു... അഭിമാനത്തോടെ അവനെ ലാളിക്കുന്നു. പാവം കുട്ടി, ഇനിയുള്ള ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും അവന്റെ ഭാവിയെ ബാധിക്കാതിരുന്നെങ്കിൽ.... ഇതെന്നെങ്കിലും ഈ കുടുംബത്തിന് അറിയേണ്ടിവന്നാൽ അവർക്കുമത് താങ്ങാനാവുമോ... ഫസലിന് എല്ലാം മനസ്സിലൊതുക്കാൻ സാധിച്ചതുകൊണ്ട് ആ കുടുബത്തില്‌‍ സന്തോഷം നിലനിൽക്കുന്നു. മറിച്ച് അവന്റെ സ്ഥാനത്ത് ഒരു പെൺകുട്ടിയായിരുന്നെങ്കിലുലോ അവൾക്കത് സഹിയ്ക്കാനാവുമായിരുന്നോ ... സമുഹം ചിന്തിക്കേണ്ടതുതന്നെയാണ്, പീഢനം ആണായാലു പെണ്ണായാലും പീഢനംതന്നെയാണ്. തന്റെ അനുവാദമില്ലാതെ മറ്റൊരുവൻ ശാരീരിക സുഖത്തിനായി സ്പർശിക്കുന്നതുപോലും തെറ്റുതന്നെയാണ്. ഇവിടെ നിയമം ഇല്ലാത്തതുകൊണ്ടല്ല, അത് പരിപാലിക്കപ്പെടാത്തതുകൊണ്ടുമല്ല , സമൂഹത്തിൽ തെറ്റുചെയ്തവനെയല്ല കുറ്റപ്പെടുത്തുന്നത് ഇരയെമാത്രമാണ്.. ഒരു പീഢനമുണ്ടായാൽ സമൂഹത്തിന് അറിയേണ്ടത് എത്രപ്രാവശ്യം പീഢിപ്പിച്ചുകാണുമെന്നും, അങ്ങനെ എന്തുമാത്രം സുഖം പീഢിപ്പിച്ചവനു ലഭിച്ചുവെന്നുമാണ്, കൂടാതെ നെറ്റിലെങ്ങാനും ആ ഫോട്ടോ കിട്ടാൻ മാർഗ്ഗമുണ്ടോ എന്നും നോക്കും. അല്ലാതെ ഇരയെക്കുറിച്ച്, അവന്റെ മാനസിക സംഘർഷത്തെക്കുറിച്ച് ആരും തിരക്കാറില്ല. അങ്ങനെ ചിന്തിച്ചിരുന്നുവെങ്കിലും പീഢിപ്പിച്ചവൻ ഒരിക്കലും സമൂഹത്തിൽ തലഉയർത്തി നടക്കില്ലായിരുന്നു. കൊലപാതകം ചെയ്തവനെ കൊലപാതകിയായിക്കാണുന്ന സമൂഹം, പീഢിപ്പിക്കുന്നവനെയും അതേപോലെയോ അതിനപ്പുറം അറപ്പോടയോ കാണാൻ ശീലിക്കേണ്ടിയിരിക്കുന്നു. നാട് പുരോഗമിക്കുന്നതിനനുസരിച്ച് ലൈഗിക കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പുതിയ നിമയങ്ങളുണ്ടാകണം... പഴുതടച്ച വ്യവസ്തകൾ ആവശ്യമാണ് എന്നാലേ നാട് നന്നാവൂ.. പുതിയൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ... കാത്തിരിക്കാം പ്രതീക്ഷയോടെ...

ഒരു ദിവസം റഷീദിന്റെ അടുത്ത് നിന്നും വന്ന ഒരാൾ ഹമീദിനെ കാണാൻ വന്നു. ഹമീദ് മകന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. 

“റഷീദിന് സുഖം തന്നെയാണ്. നല്ല ജോലി, നല്ല ശമ്പളം... ആള് വളരെ സന്തോഷവാനാണ്. ഒരു ചെക്ക് തന്നയച്ചു.  ഈ ചെക്ക് നിങ്ങൾ ചെമ്മാട് ബാങ്കിൽ നിന്ന് മാറണം. അഞ്ചു  ലക്ഷം രൂപയുണ്ട്. അവന് നോമ്പ് കഴിഞ്ഞെ വരാൻ പറ്റൂ, ഈ പൈസകൊണ്ട് ചെറിയൊരു വീടും സ്ഥലവും വാങ്ങാൻ അഡ്വാൻസ് കൊടുക്കണം. ബാക്കി പെട്ടെന്ന് തന്നെ അയച്ചുതരും.“ ഹമീദിന്റെ കണ്ണുകൾ നിറഞ്ഞ് പോയി. 

“എന്താ ഹമീദ്ക്ക സന്തോഷം വരുമ്പൊ കരയുകയാണൊ. ചിരിക്കുകയല്ലെ വേണ്ടത്. അവൻ ചോര നീരാക്കിയ പൈസയാ. ഒരു നേരം അവൻ വെറുതെ ഇരിക്ക്ണില്ല്യ കുടുംബം കുടുംബം എന്ന വിചാരമേ അവനൊള്ളൂ.“

ചായയൊക്കെ കഴിച്ച് റഷീദിന്റെ കൂട്ടുകാരൻ യാത്രപറഞ്ഞിറങ്ങി. “ഞാൻ പോകുന്ന സമയം വിളിച്ച് പറയാം. കത്തെന്തെങ്കിലും ഉണ്ടെങ്കിൽ എഴുതി വെച്ചോളി. അടുത്ത വീട്ടിലെ നമ്പർ റഷീദ് തന്നിട്ടുണ്ട്. നിങ്ങൾ പുതിയ വീട്ടിലേക്ക് മാറുകയാണെങ്കി ഞാനെന്റെ നമ്പർ തരാം ഇതാ ഇതിൽ വിളിച്ച് പറഞ്ഞാമതി. അവൻ വിളിക്കുമ്പൊ ഞാൻ വന്ന കാര്യങ്ങളൊക്കെ പറയണം. ന്നാ ശരി ഞാനിറങ്ങട്ടെ.“

അന്ന് ഹമീദിന്റെ വീട്ടിൽ സന്തോഷത്തിന്റേതായിരുന്നു പ്രത്യകിച്ച് ഫസലിന്. ഇനി ആരും താൻ കോർട്ടേഴ്സിലാണെന്ന് പറയില്ലല്ലൊ അന്ന് തന്നെ ഹമീദ് തന്റെ മൂത്ത മരുമകനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു അന്ന് മുതൽ വീടും സ്ഥലവും നോക്കൽ തകൃതിയായി നടന്നു.

ഇടയ്ക്കൊക്കെ റഷീദ് വീട് ശരിയായോന്ന് വിളിച്ച് ചോദിക്കും. നോക്കുന്നുണ്ടെന്ന മറുപടി. അവസാനം 8 1/2 ലക്ഷത്തിനൊരു വീട് കിട്ടി. പാറക്കടവ് എന്ന സ്ഥലത്ത്. 5 സെന്റ് സ്ഥലവും അതിലൊരു വീടും. ഒരു ഹാജിയാർ പുതിയൊരു വീടെടുത്തപ്പൊ പഴയത് വിൽക്കാൻപോകുന്നു 3 റൂമും ഉള്ളിൽ തന്നെ ബാത്ത്റൂമും ഉള്ള ചെറിയൊരു ഓടിട്ടവീട്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. പിന്നെ എത്രയും പെട്ടന്ന് അങ്ങോട്ട് മറാനുള്ള തയ്യാറെടുപ്പിലായി. ഫസലിന് വിഷമമുണ്ടായിരുന്നു. താൻ കൂട്ടുകാരെപോലെ കളിച്ച് ചിരിച്ച് കഴിഞ്ഞിരുന്ന ടീച്ചർമ്മാരെയൊക്കെ വിട്ട് പോവണ്ടെ... ഹമീദിന്റെ കുടുബം പോകുന്നത് ആ കോർട്ടേഴ്സിലാർക്കും സഹിച്ചില്ല. എല്ലാവർക്കും ഒരു കാരണവരായിരുന്നു ഹമീദ്. അവർക്ക് ഏക ആശ്വാസം സ്വന്തം വീടല്ലെ പാവം ഹമീദ്ക്കാന്റെ ഒരു പാട് കാലത്തെ ആഗ്രഹമാണ്. പുതിയ വീട്ടിലേക്ക് മാറുന്ന ദിവസമെത്തി. വണ്ടിവന്നു സാധനങ്ങളെല്ലാം കയറ്റാൻ എല്ലാവരും സഹായിച്ചു. കൂടെ കാസിം മാഷും. സാധനങ്ങളെല്ലാം കയറ്റി. അവസാനം യാത്ര പറയുമ്പൊൾ എല്ലാവരും വിതുമ്പി. ഫസലിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ പൊട്ടിക്കരഞ്ഞു. ഇവിടെ അടുത്ത് തന്നെയല്ലെ എല്ലാവരും ഇടയ്ക്കൊക്കെ വരണമെന്ന് പറഞ്ഞ് അവർ പോയി. 

പാറക്കടവിലെ പുതിയ വീട്ടിലവർ ഇന്ന് താമസം തുടങ്ങുകയാണ്. വർഷങ്ങൾ താമസിച്ച കോർട്ടേഴ്സിലെ അസൗകര്യങ്ങളിൽ നിന്ന് മോചനം. പടച്ചവനെ സ്തുതിച്ച് എല്ലാവരും വീട്ടിൽ കയറി. പുതിയ അയൽവാസികളെ കാണാൻ എല്ലാവരും വന്നിരുന്നു. വീട് കിട്ടിയതറിഞ്ഞ് റഷീദും സന്തോഷിച്ചു, അവർ പടച്ചവനോട് നന്ദി പറഞ്ഞു. ഈ പുണ്യമാസത്തിൽ തങ്ങൾക്കൊരു വീടായല്ലോ ... ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു... 

വളരെ സന്തോഷത്തോടെ കഴിയവേയാണ് ആ കുടുംബത്തിൽ  ദുഖത്തിന്റെ നിഴൽവീഴ്ത്തിക്കൊണ്ട് ആ വാർത്തയെത്തിയത്... അറിഞ്ഞവർ അറിഞ്ഞവർ ആ വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരുന്നു.

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 26 05 2019
ഷംസുദ്ധീൻ തോപ്പിൽ 19 05 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ