25.5.19

നിഴൽവീണവഴികൾ - ഭാഗം 23




എല്ലാം നഷ്ടപ്പെട്ടവനായി അൻവർ വീട്ടിലെത്തിയ വിവരം എല്ലാരും അറിഞ്ഞിരുന്നു. അറിഞ്ഞവർ അറിഞ്ഞവർ അവന് അങ്ങനെതന്നെ വേണമെന്ന് പറഞ്ഞുവെങ്കിലും സഹതാപമായിരിക്കാം അവർക്ക് ഹമീദിന്റെ വീട്ടിലെത്താൻ തോന്നിയത്. അടുത്ത സുഹൃത്തുക്കൾ അവനെ ദൂരേയ്ക്ക് മാറ്റി നിർത്തി സംസാരിച്ചു. കുറ്റബോധത്താലായിരിക്കും അവന്റെ കണ്ണിൽനിന്നും കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ തെറ്റു ചെയ്താലും ഹമീദിന് അവനെ തള്ളിപ്പറയാൻ സാധിക്കില്ലല്ലോ. ജോലിസ്ഥലത്തു നടന്ന കാര്യങ്ങളൊക്കെ റഷീദ് വിളിച്ച് അറിയിച്ചിരുന്നു. 

അൻവറിന് സ്വന്തമായി ഒരു ചെരുപ്പുകടയുണ്ടായിരുന്നു, നല്ല ലാഭത്തിൽ പ്രവർത്തിച്ചിരുന്നു അതിന്റെ സ്പോൺസർ ഒരു അറബിയും, വളരെക്കുറച്ചു നാൾകൊണ്ട് അവന്റെ ബിസിനസ്സ് വളരെയധികം വർദ്ധിച്ചു. കിട്ടിയ ലാഭം നാട്ടിലയയ്ക്കുകയും ബാക്കി തുക പലർക്കായി പലിശയ്ക്ക് കൊടുക്കുകയും ചെയ്തു. പലിശയ്ക്ക് കൊടുക്കുന്നത് ഹറാമാണെങ്കിലും അവന് പണത്തോട് ആർത്തിയായിരുന്നു. മറ്റൊരു സ്പോൺസറുമായി ചേർന്ന് പുതിയൊരു അറബിക് വസ്ത്രങ്ങളുടെ വിൽപ്പനശാല തുടങ്ങാനുള്ള പ്ലാനിലായിരുന്നു. ധാരാളം പണം അതിനുവേണ്ടി ചിലവാക്കി. കൈയ്യിലുണ്ടായിരുന്ന പണം തികയാതെവന്നപ്പോൾ പലരിൽനിന്നായി പണം കടംവാങ്ങി, കൂടാതെ നാട്ടിൽനിന്നും പലർക്കും വിസ കൊടുക്കാമെന്നും പറഞ്ഞ് അവൻ പണം വാങ്ങിയിരുന്നു.

അപ്രതീക്ഷിതമായി അവന്റെ സ്പോൺസർ ഇത് മനസ്സിലാക്കി. അവന്റെ പക്കൽ ധാരാളം പണം സൂക്ഷിച്ചുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരുദിവസം അറബി അൻവറിന്റെ ഫ്ലാറ്റിലെത്തി പണം ആവശ്യപ്പെട്ടു, അൻവർ കൊടുക്കാൻ കൂട്ടാക്കിയില്ല. അന്നുതന്നെ  അവനെ കള്ളക്കേസ്സിൽ കുടു ക്കി ജയിലിലാക്കി. അറബിയുടെ സ്വന്തം ഫ്ലാറ്റിലായിരുന്നു അവനും താമസിച്ചിരുന്നത്. അവന്റെ കൈയ്യിലുണ്ടായിരുന്ന സർവ്വസ്വത്തുക്കളും അറബി കൈക്കലാക്കി.  

27 ദിവസത്തോളം ജയിലിൽ കൊടും കുറ്റവാളികൾക്കൊപ്പം കഴിയേണ്ടിവന്നു. മയക്കുമരുന്നു കേസ്സിലും, കൊലപാതകക്കേസ്സിലും വിധികാത്തുകിടക്കുന്നവർ, ആ മണലാരണ്യത്തിലെ ജയിലിലെ ജീവിതം അവനൊരു പുനർചിന്തനത്തിന് വഴിയൊരുക്കുകയായിരുന്നു. ഈ മരുഭൂമിയിൽ അവനൊറ്റക്കാണെന്നുള്ള തോന്നൽ. സ്വന്തം വാപ്പയേയും ഉമ്മയേയും ശത്രുക്കളെപ്പോലെ കണ്ടവൻ. നാട്ടിൽ ഉപ്പയ്ക്ക് മരുന്നുവാങ്ങാൻ കാശില്ലാതെ കഷ്ടപ്പെട്ടപ്പോൾ ഇവിടെ താൻ പണം കുന്നുകൂട്ടുകയായിരുന്നു. വന്ന കത്തുകൾക്കുപോലും മറുപടി അയച്ചിരുന്നില്ല. സ്വന്തം ഭാര്യയുടെ വാക്കുകൾക്കു മാത്രമായിരുന്നു വിശ്വാസമർപ്പച്ചിരുന്നത്. അതിനുള്ള ശിക്ഷയാണ് പടച്ചോൻ തനിക്കു തന്നതെന്നവനു ബോധ്യമുണ്ടായിരുന്നു. ഇനിയൊരവസരം പടച്ചോൻ തന്നാൽ തെറ്റുതിരുത്തി എല്ലാരോടും സ്നേഹത്തോടെ കഴിയാനുള്ള ആഗ്രഹം... ഇല്ല താമസിച്ചുപോയിട്ടില്ല.. പണം ഇനിയും വരും... പണമല്ല വലുത്, ബന്ധമാണ്, സ്വന്തമാണ്, ബാപ്പയാണ്, ഉമ്മയാണ്, സഹോദരങ്ങളാണ്. പണംകൊണ്ട് ഇതൊന്നും നേടാനാവില്ല. താൻ വിശ്വസിച്ച സ്വന്തം ഭാര്യപോലും തന്നെ തള്ളിപ്പറഞ്ഞു. എല്ലാം വിധി.


ദിവസങ്ങൾ കഴിഞ്ഞശേഷമാണ് റഷീദ്പോലും വിവരം അറിയുന്നത്... അറിഞ്ഞുടനേതന്നെ റഷീദ് അവന്റെ സ്പോൺസറിനേയും കൂട്ടി അൻവറിനെക്കാണാനെത്തി വേണ്ട നിയമസഹായം ചെയ്തുകൊടുത്തു. ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സാധിച്ചു. പക്ഷേ 50 ചാട്ടവാറടിയും നാടുകടത്തലും ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല. റഷീദ് വീടുവാങ്ങിയതിലെ കടംവീട്ടാൻവച്ചിരുന്ന തുകയും മറ്റുള്ളവരിൽ നിന്നും കടംവാങ്ങിയതും കൂടി ഏകദേശം 5ലക്ഷം രൂപയോളം ചിലവാക്കി അൻവറിന്റെ കേസ് ഒത്തുതീർപ്പാക്കി. എത്രയൊക്കെയായാലും അവൻ സ്വന്തം സഹോദരനല്ലേ... ആപത്തിൽ വൈരാഗ്യം കാണിക്കാൻ അവനായില്ല. കുടുംബത്തോടു നന്ദികേടു കാണിച്ചെന്നുവച്ച് ആപത്തിൽ സഹായിക്കാതിരിക്കുന്നതിന് താൻ മനുഷ്വത്വമില്ലാത്തവനല്ലല്ലോ. വിവരങ്ങളൊക്കെ നാട്ടിൽ വിളിച്ചറിയിച്ചിരുന്നു. കുറ്റവാളിയെപ്പോലെ ജയിലിൽനിന്ന് നേരിട്ട് എയർപോർട്ടിലേയ്ക്ക് കൊണ്ടുപോയി കയറ്റിവിടുകയായിരുന്നു ചെയ്തത്.  അവിടുത്തെ നിയമമനുസരിച്ച് ഇനി അവന് തിരികെയെത്താൻ സാധിക്കാത്തരീതിയിലായിരുന്നു അവന്റെ സ്പോൺസർ കേസ് ഫയൽചെയ്തത്. അൻവർ ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ഒരു നിമിഷംകൊണ്ട് നഷ്ടപ്പെട്ടു. റഷീദ് അവനെ സമാധാനപ്പെടുത്തി. എന്തൊക്കെയായാലും ജീവൻ തിരിച്ചു കിട്ടിയല്ലോ... മോഷണക്കുറ്റം വിശ്വാസവഞ്ചന, എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. ശരീരമാസകലം ചാട്ട കൊണ്ടുള്ള അടിയുടെ പാടുകളുമുണ്ടായിരുന്നവന്.

റഷീദ് വിളിച്ചു പറഞ്ഞ കാര്യങ്ങളെല്ലാം സൈനബ ഹമീദിനോട് പറഞ്ഞു. അവൻ എപ്പോൾ വിളിക്കുമ്പോഴും നമ്മളോട് പറഞ്ഞിരുന്നത് പണിയില്ല പണിയില്ല എന്ന് പറഞ്ഞ് അവസാനം പടച്ചോൻ തന്നെ അവന്റെ ജോലി കളഞ്ഞു. മാതാപിതാക്കളെ വെറുപ്പിച്ചതിന് പടച്ചോൻ കൊടുത്തതാ... എന്ത് തെറ്റ് ചെയ്താലും മകൻ മകൻ തന്നെയല്ലെ പടച്ചവനെ അവനെ ഒരു കേടുപാടും കൂടാതെ ഇങ്ങോട്ട് എത്തിക്കണേ... ആ കുടുംബം അവനുവേണ്ടി പ്രാർത്ഥിച്ചു. 

അൻവർ തന്നെ സൃഷ്ടിച്ച റബ്ബിനെ അവന് ശരിക്ക് ഒാർമ്മ വന്നു. ഇനി അവൻ മാത്രമേ തനിക്ക് രക്ഷയുള്ളൂ. റബ്ബിനെ ഓർമയുണ്ടായിരുന്നെങ്കിൽ ഒരിക്കലും താൻ തന്റെ കുടുംബത്തെ മറക്കില്ലായിരുന്നു. പടച്ചവനെ രക്ഷയുടെ കരം എന്റെ നേരെ നീട്ടണമേ.... അവൻ അഴികൾക്കുള്ളിൽ നിന്ന് മനമുരുകി പ്രാർത്ഥിച്ചു..എത്രയോ പേർ ശിക്ഷയുടെ കാഠിന്യത്താൽ മരണപ്പെട്ടത് കൺമുന്നിൽ കണ്ടിട്ടുണ്ട്. ഭാഗ്യത്തിന് അൻവർ രക്ഷപ്പെട്ടു.അവന്റെ ഉപ്പയുടെ പ്രാർത്ഥനയുടെ ഫലം…..

ഒരു ദിവസം രാത്രി പ്രതീക്ഷിക്കാതെ അൻവർ വീട്ടിലേക്ക് കയറി വന്നു. അവന്റെ കോലം കണ്ട് ഹമീദും കുടുംബവും അന്തം വിട്ടു. പെട്ടന്നവനെ മനസ്സിലായില്ല. വന്നപാടെ അവൻ ഉപ്പയുടെ കാലിൽ വീണ് കെട്ടി പിടിച്ചു കരഞ്ഞു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. ഹമീദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹമീദ് മറുത്തൊന്നും പറഞ്ഞില്ല. ഏതായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലെ. പടച്ചവൻ തന്റെ മോനെ തിരിച്ച് തരികയും ചെയ്തു. താൻ ജയിലിലായതും  ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതെന്നു മുള്ള തന്റെ കഥകളവൻ പറഞ്ഞു. ജയിലിൽ നിന്ന് കിട്ടിയ ശിക്ഷയുടെ പാടുകൾ അവൻ ഷർട്ടഴിച്ച് കാണിച്ച് കൊടുത്തു. എല്ലാവരും അതുകണ്ട് വീണ്ടും കരഞ്ഞ് പോയി. ഉപ്പാ നീങ്ങളോട് ചെയ്ത തെറ്റിന് പടച്ചവൻ തന്ന ശിക്ഷയാ.... ഒരു ചൊല്ലുണ്ടല്ലോ.മുമ്പൊക്കെ പടച്ചവൻ പിന്നെ പിന്നെയാ ഇപ്പോഴത്തെ പടച്ചോൻ സ്പോട്ടില പണി. 

അൻവർ റഷീദിന് ഫോൺ ചെയ്തു നാട്ടിലെത്തിയ വിവരങ്ങളെല്ലാം പറഞ്ഞു. അപ്പൊഴാണ് റഷീദിന് ആശ്വാസമയത്. അൻവർ നാട്ടിലെത്തിയിട്ട് രണ്ടു ദിവസമായി അവൻ ഭാര്യാവീട്ടിലേയ്ക്ക് പോകാൻ തയ്യാറായിരുന്നില്ല. തന്നെയും കുടുംബത്തേയും അപമാനിച്ച ആ കുടുംബത്തോട് അവന് വെറുപ്പായിരുന്നു. ഹമീദിന്റെ നിർബന്ധപ്രകാരം അൻവർ നാദിറയെ കാണാൻ തീരുമാനിച്ചു. എന്തായാലും തന്റെ സമ്പാദ്യം കൊണ്ടുണ്ടാക്കിയ വീട് തനിക്കും കൂടി അവകാശപ്പെട്ടതാണല്ലോ... അവളോട് പിണങ്ങിയാൽ അതും തനിക്ക് നഷ്ടപ്പെടുമെന്നവന് ബോധ്യമായിരുന്നു. അതു വിറ്റെങ്കിലും റഷീദിന്റെ ബാധ്യത തീർക്കണം, വിസകൊടുക്കാമെന്നും പറഞ്ഞ് വാങ്ങിയ പണവും തിരികെ നൽകണം അല്ലെങ്കിൽ നാട്ടിൽ തനിക്ക് നിൽക്കാനാകില്ലെന്ന് അവനുറപ്പായിരുന്നു. താൻ വന്ന കാര്യം അവൾ അറിഞ്ഞുകാണും എന്നിട്ടും ഇവിടെ വരാത്തത് തന്റെ കുടുംബത്തോടുള്ള വൈരാഗ്യമായിരിക്കും. താൻ വന്നതറിഞ്ഞ് പലരും ഇവിടെ എത്തിയിരുന്നു. എല്ലാരും സ്നേഹത്തോടെയാണ് പെരുമാറിയത്. തനിക്ക് സംഭവിച്ച ദൗർഭാഗ്യത്തിൽ എല്ലാരും ദുഖിതരായിരുന്നു. 

അൻവർ ഒരു കാര്യം തീരുമാനിച്ചുറച്ചിരുന്നു. അവളെ വിളിച്ച് ഇവിടെ താമസിപ്പിക്കുന്ന കാര്യം ചിന്തിക്കാനേവയ്യ.. അവൾ അവിടെത്തന്നെ നിൽക്കട്ടെ അതാണ് തന്റെ കുടുംബത്തിന്റെ ഭദ്രതയ്ക്ക് നല്ലത്. ഉപ്പയ്ക്കും അതാണ് താല്പര്യം. നാളെ അങ്ങോട്ടു പോകാമെന്ന് അവൻ തീരുമാനിച്ചു.

അവിടെ നടന്ന സംഭവങ്ങളിൽനിന്നും എന്തുകൊണ്ടോ ഫസൽ ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു. അൻവർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ചുരുക്കം വാക്കുകളിൽ അവൻ ഉത്തരം നൽകി. അവന്റെ മനസ്സിൽ വിഷമമുണ്ടായിരിക്കും. നാദിറയിൽ നിന്ന് ആ കുഞ്ഞുമനസ്സിന് സഹിക്കേണ്ടിവന്ന അപമാനം എളുപ്പം മറക്കാവുന്നതായിരുന്നില്ല. ആരും അവനെ നിർബന്ധിച്ചതുമില്ല.

അപ്രതീക്ഷിതമായി ആ ദുഖവാർത്ത ആ നാടുമുഴുവൻ പടർന്നു. ബിസിനസ്സ്കാരനും കോടീശ്വനും സനിനിമാ നിർമ്മാതാവുമായ ഹാജീക്ക ഒരപകടത്തിൽ മരണപെട്ടു. ആ മരണം ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഫസലിനെയായിരുന്നു. അവന്റെ സിനിമാമോഹത്തിനേറ്റ ഒരു അടിയായിരുന്നു അത്. അപകടം നടന്നത് ദുബായിൽവച്ചായിരുന്നു. ദുബായിൽനിന്നും ഷാർജയിലേയ്ക്ക് പേകുന്നവഴി ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തൽക്ഷണം ഹാജിക്ക മരണപ്പെട്ടു. മാധ്യമങ്ങളൊക്കെ വളരെ പ്രാധാന്യത്തോടെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പത്രത്തിൽവന്ന വാർത്തയിലെ ഹാജിക്കയുടെ ചിരിച്ചമുഖമുള്ള ഫോട്ടോയിൽനോക്കിയിരുന്ന ഫസലിന്റെ കണ്ണിൽനിന്നും രണ്ടുതുള്ളി കണ്ണുനീർ ആ പത്രത്തിലേയ്ക്കു വീണു. മയ്യത്ത് നാട്ടിലെത്തുന്നത് എന്നാണെന്നുള്ള വിവരം ലഭ്യമായിരുന്നില്ല. അവൻ വാർത്ത അറിഞ്ഞ ഉടൻതന്നെ ഹാജീക്കയുടെ വീട്ടിലേയ്ക്ക് പോയി. ആ വീട്ടിൽ വിവിധമേഖലയിലുള്ളവരുടെ ഒരു വലിയ നിരതന്നെയുണ്ടായിരുന്നു. എല്ലാരും ദുഖത്തോടെ ഹാജിക്കയുടെ കാര്യങ്ങളായിരുന്നു സംസാരിച്ചിരുന്നത്. 

ചിലർ അടക്കംപറഞ്ഞിരുന്നത് ഇതൊരു അപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ്. കാരണം അദ്ദേഹത്തിന്റെ മക്കൾ പിതാവിന്റെ സമ്പത്തിനായി പരസ്പരം അടിപിടിയായിരുന്നു. ദുഖിതനായിരുന്ന ഹാജിക്ക പലപ്പോഴും മക്കളെ നേരായമാർഗ്ഗത്തിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ദുബായിൽ നടത്തിയിരുന്ന ഓയിൽ ബിസിനസ്സിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയ അദ്ദേഹം അതിന്റെ ചുമതലയുണ്ടായിരുന്ന തന്റെ ഇളയമകനോട് വഴക്കിട്ടാണ് ഇറങ്ങിപ്പോയതെന്നാണ് പറയുന്നത്. യാഥാർത്ഥ്യം ആർക്കറിയാം , ഇവരൊക്കെ വലിയവരായതുകൊണ്ട് എല്ലാം രഹസ്യമായിരിക്കും. 

അവന്റെ കണ്ണുകൾ ഹാജിക്കയുടെ ഭാര്യയെ തിരഞ്ഞു. പക്ഷേ അവരെ അവിടെങ്ങും കാണാനായില്ല. ഒരുപക്ഷേ അവർ അകത്തെ ഏതേലും റൂമിൽ അലമുറയിട്ടു കരയുന്നുണ്ടാവും. തനിക്ക് അവിടെ കടന്നുചെല്ലത്തക്ക സ്വാതന്ത്ര്യം ഇപ്പോഴില്ലെന്നവന് അറിയാമായിരുന്നു. ആ കുഞ്ഞുമനസ്സിന്റെ വേദന മനസ്സിലാക്കാൻ അവിടെ കൂടിയിരുന്ന ആർക്കും കഴിഞ്ഞിരുന്നില്ല. ഹാജിക്കയുടെ മക്കൾ മൂന്നുപേരും അദ്ദേഹത്തിന്റെ മയ്യത്തുമായി നാളെ എത്തുമെന്നാണ് അവനറിയാൻ കഴിഞ്ഞത്. വൈകുന്നേരം വരെ അവൻ അവിടെ ചുറ്റിപ്പറ്റി നിന്നു. സിനിമയുടെ സംവിധായകനും മേക്കപ്പ്മാനും മാത്രമേ തന്നെ തിരിച്ചറിഞ്ഞുള്ളൂ, ബാക്കിയുള്ളവർക്കൊക്കെ എവിടേയോ ഉള്ള ഏതോ പയ്യനായി മാത്രമെ കരുതിക്കാണുള്ളൂ. സംവിധായകനും മേക്കപ്പ്മാനും വളരെ ദുഖിതരായിരുന്നു. അടുത്തമാസം സിനിമയുടെ ബാക്കി ഷെഡ്യൂൾപൂർത്തിയാക്കാൻ ഇരുന്നതാണ്. ഡയറക്ടർ ഫസലിന്റെ അഡ്രസ്സ് വാങ്ങിവച്ചു. മറ്റുപല പ്രോജക്ടുകളിലും അവനുപറ്റിയ റോളുണ്ടെങ്കിൽ നൽകാമെന്ന് ഉറപ്പും പറഞ്ഞു. ആഴ്ചകൾക്കുമുമ്പ് താൻ ഈ വീട്ടിൽ ഒരു വി.ഐ.പി.യെപ്പോലെ കടന്നുവരുമായിരുന്നു. തനിക്കിവിടെ ലഭിച്ച സ്വീകരണവും സ്വാന്ത്ര്യവും ഇനി ലഭിക്കില്ലെന്നവന് ഉറപ്പായിരുന്നു. 

ഇരുട്ട് വീഴുംമുമ്പ് അവൻ വീട്ടിലേയ്ക്ക് തിരിച്ചു. നാളെ എന്തായാലും എത്തണം. ആ മനുഷ്യന്റെ മയ്യത്ത് അവസാനമായൊന്നു കാണണം. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തിലും പങ്കുചേരണം. അവൻ വീട്ടിലെത്തി വീട്ടിലും ദുഖത്തിന്റെ അന്തരീക്ഷമായിരുന്നു. വീട്ടിലെത്തിയപാടെ ഉപ്പാന്റടുത്തെത്തി ഉപ്പാനെ കെട്ടിപ്പിടിച്ചവൻ ഉറക്കെ കരഞ്ഞു. അവന്റെ മോഹങ്ങൾക്കേറ്റ തിരിച്ചടി. തന്റെ കൊച്ചുമകൻ ഇത്രയും ദുഖിതനായി ഇതുവരെ കണ്ടിട്ടില്ല. കെട്ടിനിർത്തിയ ദുഖം അണപൊട്ടി ഒഴുകുകയായിരുന്നു. ഹമീദ് അവനെ വളരെ പാടുപെട്ടാണ് സമാധാനപ്പെടുത്തിയത്. നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച് അവനെ ബഡ്റൂമിൽ കൊണ്ടാക്കി. ആ രാത്രി ഫസലിന് ഉറക്കം വരാത്ത രാത്രി ആയിരുന്നു . എത്ര കണ്ണടച്ചു കിടന്നിട്ടും ഉറക്കം വരുന്നില്ല... തന്റെ ജീവിതത്തിൽ നല്ലതും ചീത്തയും സംഭവിച്ചത് ഹാജിക്കയെ കണ്ടതിനു ശേഷമായിരുന്നു. ആ ചിരിച്ച മുഖം ഇനിഇല്ലെന്നോർക്കുമ്പോൾ.... അവൻ എപ്പോഴോ ഉറങ്ങി. ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു. പെട്ടെന്നുതന്നെ കുളിച്ച് കാപ്പികുടിച്ചെന്നുവരുത്തി അവൻ ഇറങ്ങി ഓടി... അദ്ദേഹത്തിന്റെ മയ്യത്തൊന്നു കാണണം അതായിരുന്നു അവന്റെ ലക്ഷ്യം...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 02 06 2019
ഷംസുദ്ധീൻ തോപ്പിൽ 26 05 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ