അമ്മായിയുടെവീട്ടിൽ ഭക്ഷണമുണ്ടാക്കിത്തരാൻ മറ്റാരുമില്ലല്ലോ. അമ്മാവന്റെ
മരണശേഷം അമ്മായി ഒറ്റയ്ക്കായെന്നാണ് പറഞ്ഞുകേട്ടത്. ബിസിനസ്
നോക്കിനടത്താനും ആരുമില്ല.. എല്ലാറ്റിനും അവരുടെ കൈകളെത്തണം. പ്രായം
കൂടിവരുന്നു. അതിനുള്ള ശക്തി പടച്ചോൻ അവർക്ക് കൊടുക്കുമായിരിക്കും.
പതിനഞ്ച് മിനിട്ട് ഡ്രൈവ് ചെയ്ത് കഴിഞ്ഞപ്പോൾ റോഡ് സൈഡിലായി ഒരു തട്ടുകട കണ്ടു.
”റഷീദേ
നമുക്കിവിടെനിന്നെന്തെങ്കിലും കഴിച്ചിട്ടു പോകാം.. അവിടെയെത്തിയാൽ അവർക്കതൊരു
ബുദ്ധിമുട്ടാകും... ലൈറ്റായിട്ടെന്തെങ്കിലും മതി..” ഹമീദ് റഷീദിനോട്
പറഞ്ഞു.
”ശരി വാപ്പാ..”
അവർ
തട്ടുകടയുടെ അരികെ കാർ നിർത്തി റഷീദും ഫസലും, അൻവറും കടയിലെ ബഞ്ചിലിരുന്നുതന്നെ കഴിച്ചു...
മറ്റുള്ളവർ കാറിലിരുന്നുതന്നെ ഭക്ഷണം കഴിച്ചു... കേരളത്തിന്റെതന്നെ
ദേശീയഭക്ഷണമായ പൊറോട്ടയും ബീഫ്ഫ്രൈയും ആണ് അവർ കഴിച്ചത്. കോഴിക്കോടൻ രുചി
ശരിക്കും അനുഭവിച്ചറിയാൻ സാധിച്ചു. അവിടെനിന്നും അവർ നേരേ മാങ്കാവിലുള്ള മാളിയേക്കൽ തറവാട്ടിലെ അമ്മായിയുടെ
വീട്ടിലേയ്ക്ക്.
സഫിയയയുടെ
ഓർമ്മകൾ വർഷങ്ങൾക്കുമുൻപിലെ വേദനയുടെ ദിനങ്ങളെ ക്കുറിച്ചായിരുന്നു. തന്നെയും
മകനേയും ഹൃദയത്തിൽ കരുണയുടെ കണിക പോലും ഇല്ലാതെ വീട്ടിൽ നിന്നും അടിച്ചിറക്കിയ ദിവസം. ആരോടും പരിഭവമോ പരാതിയോ വിദ്വോഷമോ ഇല്ലാതെ
അവിടെനിന്നും ഒരു ലക്ഷ്യവുമില്ലാതെ മുക്കം ബസ്സ്റ്റാന്റിൽ നിന്നും കോഴിക്കോട് പുതിയ സ്റ്റാന്റിലേക്ക് ബസ്സ് കയറിയത് ഒടുവിൽ അമ്മായിയുടെ അടുത്തെത്തിയത്. അന്ന് ഹസ്സനാജി അമ്മാവൻ
ജീവിച്ചിരിപ്പുണ്ട്. അവർ വാങ്ങിനൽകിയ ഡ്രസ്സ്. ഭക്ഷണം,
അന്നീവീടില്ലായിരുന്നുവെങ്കിൽ താനും മകനും ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല.
അവൾ മകനെ ചേർത്ത് തന്നോടിരുത്തി... അവൻ ഇന്ന് വളർന്ന് വലുതായിരിക്കുന്നു.
അന്ന് എന്ത് സംഭവിക്കുന്നുവെന്നുപോലും അവനറിയില്ലായിരുന്നു. ആ രാത്രികൾ
അവൾക്ക് ഒരിക്കലും മറക്കാനാവില്ലാത്തതാണ്. ബന്ധുക്കളെയൊക്കെ അറിയിച്ചത്
അമ്മായിയാണ്... അന്ന് നമ്മുടെ അവസ്ഥ.... ഉടുതുണിയിക്ക് മറുതുണിയില്ല...
വീട്ടുവേലചെയ്ത് മകനെപ്പോറ്റി..
വാപ്പയ്ക്ക്
സുഖമില്ലാതായപ്പോൾ സിറ്റി ചെസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്ചെയ്ത് വേണ്ട ചികിത്സ നൽകി...
തന്നെക്കൊണ്ട് ഇതൊക്കെ കഴിഞ്ഞുവെന്ന കാര്യമോർക്കുമ്പോൾ ഇപ്പോഴും
വിശ്വസിക്കാനാകുന്നില്ല... ആരും അന്ന് എങ്ങുമെത്തിയിരുന്നില്ല... അൻവർ
അന്നൊക്കെ ഭാര്യ വീട്ടുകാരുടെ വാക്കുകൾ കേട്ട് സ്വന്തം വഴി തിരഞ്ഞുപിടിച്ചു പോയതാണല്ലോ... സിറ്റി ചെസ്റ്റ് ഹോസ്പിറ്റലിലെ
ഡോക്ടറുടെ ചികിത്സയിൽ ഹമീദിന് വളരെയധികം ആശ്വാസം ഉണ്ടായി... മുടങ്ങാതെ
ഇപ്പോഴും ചെക്കപ്പിന് പോകുന്നു... കുറച്ചുകൂടി വിദഗ്ധ ചികിത്സ ലഭിക്കുന്ന
ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞാലും വാപ്പ സമ്മതിക്കില്ല.. കാരണം ആ ഡോക്ടറാണ്
വാപ്പാന്റെ അസുഖം മനസ്സിലാക്കി ചികിത്സിച്ചതെന്നാണ് വാപ്പയുടെ വിശ്വാസം.
ഇപ്പോഴും ഇൻഹേലർ കൈയ്യിൽകൊണ്ടു നടക്കുന്നു... യാത്രയിൽ ഇതുവരെ
ഉപയോഗിക്കേണ്ടിവന്നിട്ടില്ല.. പടച്ചോനെ നീ ആണ് തുണ
സഫിയയുടെ
ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു. വാപ്പയെന്നുള്ള പേരുപോലും ഫസലിനോട്
പറയാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവൻ ഒരിക്കലും അദ്ദേഹത്തെ തിരഞ്ഞ്
പോകരുതെന്നാശിച്ചിട്ടുണ്ട്. ശരിയാണ് അയാൾ വൃത്തി കെട്ടവൻ ആയിരിക്കാം.. പക്ഷേ
അവനെസംബന്ധിച്ച് അവന് ജന്മംനൽകിയ പിതാവാണ്.സ്കൂളിൽപോലും അഡ്മിഷൻ സമയത്ത്
ചോദ്യങ്ങൾക്കുമുന്നിൽ അവൾ പതറിപ്പോയിട്ടുണ്ട്.
സഫിയയ്ക്കറിയില്ലല്ലോ...
ആ ക്രൂരനായ ഭർത്താവ് ഇന്നീ ഭൂമുഖത്ത് ജീവിച്ചിരിപ്പില്ലെന്നുള്ളത്... ദൈവം
അദ്ദേഹത്തിന് നൽകിയ ശിക്ഷയായിരിക്കും.. വേദന നിറഞ്ഞ ജീവിതത്തിൽ നിന്നും
മോചനം ലഭിച്ചു... പക്ഷേ ഒരു തലമുറ അനുഭവിക്കേണ്ട വേദനകളെല്ലാം അനുഭവിച്ചാണ്
അയാൾ ഇഹലോകവാസം വെടിഞ്ഞത്... അവസാന നിമിഷം സ്വന്തം പുത്രനെയൊന്നു
താലോലിക്കാനാവാതെ ആ മനുഷ്യൻ ജീവൻ വെടിഞ്ഞു... ആ കുടുംബത്തിന്റെ ഇന്നത്തെ
അവസ്ഥ ഫസലിനും അൻവറിനുമല്ലാതെ മറ്റാർക്കുമറിയില്ല.. ആ രഹസ്യം അവരിൽ
രണ്ടാളിലുമായി ഒതുങ്ങട്ടെ..
അൻവർ
എന്തൊക്കെയോ സുചന നാദിറയ്ക്ക് കൊടുത്തിട്ടുണ്ടായിരിക്കാം.. ഒരിക്കൽ
ആരുമില്ലാത്ത സമയത്ത് ഫസലിനോട് അവൾ ചോദിച്ചു. നിനക്ക് നിന്റെ വാപ്പയെ
കാണാൻ ആഗ്രഹമില്ലേയെന്ന്... അവൻ അവരുടെ മുഖത്ത് തുറിച്ചൊന്നു നോക്കുകമാത്രം
ചെയ്തു... പലപ്പോഴും ശൃംഗരിച്ചുകൊണ്ട് മാമി അവനടുത്തേയ്ക്ക് വരാറുണ്ട്..
അവനതൊന്നും കാര്യമാക്കാറുമില്ല.. പക്ഷേ ഒരുകാര്യം ഉറപ്പാണ്... നാദിറയ്ക്ക്
അവനെക്കൊണ്ട് എന്തൊക്കെയോ സാധിക്കാനുള്ള മോഹമുണ്ട്... അതവനും ഉറപ്പാണ്..
പണ്ടും പലവട്ടം അവർ അതിനു ശ്രമിച്ചിട്ടുള്ളതുമാണ്. അവരുടെ ഇംഗിതം
നടക്കാതെവന്നപ്പോൾ തനിക്കെതിരെ ആരോപണംപറഞ്ഞു പരത്തുകയും ചെയ്തിട്ടുണ്ട്.
മാമിയായിപ്പോയില്ലേ... വേണ്ടെന്ന് അവനും കരുതി സമാധാനിച്ചു.
അവരുടെ
വാഹനം ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് റോഡിലൂടെ പാഞ്ഞുകൊണ്ടിരുന്നു.
എല്ലാവരും നിശ്ശബ്ദരായിരുന്നു. ഹഫ്സ കുഞ്ഞിനെ താലോലിച്ചുകൊണ്ടിരിക്കുന്നു..
ഹഫ്സ അങ്ങനെയാണ്... വീട്ടിലാണേലും പുറത്താണേലും അവൾ ഉണ്ടെന്ന് ആർക്കും
മനസ്സിലാകില്ല... ഒതുങ്ങിക്കൂടി കഴിഞ്ഞുകൊള്ളും... സഫിയയേക്കാൾ വീട്ടിലെ
എല്ലാക്കാര്യത്തിലും അവളുടെ ശ്രദ്ധ ചെന്നെത്തും... വാപ്പക്ക് കഴിക്കാനുള്ള
ഗുളിക മുടങ്ങാതെ വാങ്ങിപ്പിക്കുന്നത് അവളാണ്... മക്കളേക്കാൾ സ്നേഹം
ഹമീദിനും ഭാര്യയ്ക്കും അവളോടുണ്ടെന്നുള്ള കാര്യം വേറേ..
അവർ
അമ്മായിയുടെ വീടിനു മുന്നിലെത്തി... പുറത്തെ ഗേറ്റ് പൂട്ടിയിട്ടില്ല.
അകത്ത് ലൈറ്റുണ്ട്... അൻവർ പുറത്തിറങ്ങി ഗേറ്റ് തുറന്ന് അകത്തേയ്ക്ക്
പോയി..
ബെല്ലടിച്ച് കാത്തുനിന്നു.. അമ്മായിതന്നെ വന്നു വാതിൽ തുറന്നു.
”നീ... നീ... ഹമീദിന്റെ മോൻ അൻവറല്ലേടാ... എന്താടാ.. കുറേകാലമായില്ലേ. ഇങ്ങോട്ടൊക്കെയൊന്നു വന്നിട്ട്.”
”അമ്മായി... ഞാൻ മാത്രമല്ലെ... എല്ലാവരുമുണ്ട്... അമ്മായി ബേജാറാവണ്ട...
അമ്മായി സെക്യൂരിറ്റിയെ വിളിച്ച് ഗേറ്റ് തുറക്കാൻ പറഞ്ഞു... ഗേറ്റ് തുറന്ന് വാഹനം അകത്തേക്ക് കയറ്റി...
അമ്മായി
പുറത്തിറങ്ങി കാറിനടുത്തേയ്ക്ക് വന്നു. ഹമീദിന്റെ കൈപിടിച്ച്
ആശ്ലേശിച്ചു... ഹമീദ് പതുക്കെ കാറിൽ നിന്നിറങ്ങി... അനേകവർഷങ്ങൾക്ക് ശേഷം
അവിടെയൊരു ഒത്തുചേരൽ...
അമ്മായിക്ക് സന്തോഷം സഹിക്കാനാവുന്നതിലുമപ്പുറമായിരുന്നു.. ഇക്കയുടെ മരണത്തിന് എല്ലാവരുമെത്തിയിരുന്നു. അതിനു ശേഷം ഇതുപോലൊരു വരവ് ആദ്യമാണ്. ഒരിക്കൽ സഫിയ ഫസലുമായിട്ട് ഇവിടെ എത്തി...
അമ്മായി ഉടനെ ജേലിക്കാരിയെ വിളിച്ച് ഭക്ഷണം പാകംചെയ്യാൻ പറഞ്ഞു...
”വേണ്ട ജമീലാ...
ഞങ്ങൾ കഴിച്ചിട്ടാവന്നത്... നീയിനി അതിനൊന്നും മുതിരണ്ട.. ഞങ്ങൾ
വീട്ടീന്ന് പുറപ്പെട്ടിട്ട് നാലു ദിവസമായി... ഇവിടെ വന്നിട്ടേ
പോകുവെന്നുപറഞ്ഞാ ഇറങ്ങിയത്...”
അവരെല്ലാവരും കുശലാന്വേഷണത്തിലായിരുന്നു. ഫസലിനെക്കണ്ട് അമ്മായി ഞെട്ടി.. ചെക്കൻ വലുതായിരിക്കുന്നു..
”എടാ നീയങ്ങ് വെളുത്തു തുടുത്തല്ലോടാ... ഇവന് സിനിമയിൽ അവസരം കിട്ടിയെന്നു പറഞ്ഞു കേട്ടു. എന്തായി...”
”ഒന്നും വേണ്ടെന്നുവച്ചു... പഠിത്തം കഴിഞ്ഞ് അവന് എന്തുവേണെങ്കിലും ചെയ്തോട്ടെ...” സഫിയ അമ്മായിയോട് പറഞ്ഞു...
”നിങ്ങളൊക്കെ..... മുക്കത്ത് ഹംസയുടെ വീട്ടിൽ പോയിരുന്നോ...” അമ്മായിയുടെ ചോദ്യം... ഫസലിനെയും അൻവറിനെയും ഞെട്ടിച്ചുകളഞ്ഞു..
ഫസലും
അൻവറും മുഖത്തോടുമുഖം നോക്കി... അൻവർ ബുദ്ധിപൂർവ്വം വിഷയം മാറ്റി...
ആരും മനസ്സിലാക്കാതെ അമ്മായിയുടെ അടുത്തെത്തി. അടക്കത്തിൽ പറഞ്ഞു.
”അമ്മായി ഇവർക്കാർക്കും അതൊന്നും അറിയില്ല.. പറയേണ്ട.... അറുത്തു കളഞ്ഞ ബന്ധമല്ലേ... അതിനെക്കുറിച്ച് ഒന്നും ഓർക്കാതിരിക്കുന്നതല്ലേ നല്ലത്..”
അമ്മായിക്കും
അതാണ് ശരിയെന്നു തോന്നി... അമ്മായി അറിഞ്ഞത് അടുത്തകാലത്താണ്.. ഹംസ
സുഖമില്ലാതെ കിടന്ന കാര്യം അവിടുത്തെ ജീവനക്കാരിൽ ആരോ ആണ് അവരെ
അറിയിച്ചത്... അതിനുശേഷം മരണവും.. പക്ഷേ ഹമീദിനും കൂട്ടർക്കും ഇതെല്ലാം
അറിയാമായിരുന്നെന്നാണ് അമ്മായി കരുതിയത്...
അൻവറിനും
ഫസലിനും ശ്വാസം നേരേ വീണു... സഫിയ ആ സമയത്ത് അവിടെ ഇല്ലാതിരുന്നത്
ഭാഗ്യമായി. ഹമീദിന് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അമ്മായി
വിഷയം മാറ്റി മറ്റു കാര്യങ്ങളിലേയ്ക്ക് കടന്നു.
”ജമീലാ നിന്റെ മക്കളൊക്കെ..”
”ഇക്കാ... മൂത്തവൻ അമേരിക്കയിൽ സെറ്റിലായി... അവൻ അവിടുത്തെ ഒരു പെണ്ണിനെ വിവാഹം ചെയ്തു... രണ്ടു കുട്ടികൾ...”
”രണ്ടാമത്തവൻ ഡൽഹിയിലാ... എല്ലാവർക്കും തിരക്കോടു തിരക്ക്.”
”മൂന്നാമത്തവൾ ഷാഹിദ അവളുടെ കാര്യം കുറച്ച് പ്രയാസത്തിലാ...”
”അതെന്താ
ജമീലാ...” ഹമീദും ജമീലയും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്..
ബാക്കിയുള്ളവരൊക്കെ ഒന്നു ഫ്രഷായി വരാമെന്നു പറഞ്ഞ് മുറികളിലേക്ക് പോയി...
”ഇക്കാ.. അവളുടെ മൂത്തകുഞ്ഞ് കുറച്ച് ബുദ്ധിമാന്ദ്യമുണ്ടായിരുന്നതാണല്ലോ...
കാഴ്ച്ചയിൽ അവൾക്ക് കുഴപ്പമൊന്നുമില്ല.. പക്ഷേ ജന്മനായുള്ള പ്രശ്നമാണ്..
കാണാൻ അതി സുന്ദരി... എന്തു ചെയ്യാം... അവൾക്കങ്ങനെയൊരു ഗതി വന്നല്ലോ...”
”എന്താ ജമീലാ നീ കാര്യം പറ...”
ജമീല കുറച്ചുകൂടി അടുത്തേയ്ക്ക് വന്നു നിന്നു... ചുറ്റുമൊന്ന് കണ്ണോടിച്ചു.
”ഷാഹിദയായിരുന്നു
ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത്. അവളുടെ ഭർത്താവ് ഗൾഫിൽ
ബിസിനസ്സാണല്ലോ... മൂന്നുമാസത്തിലൊരിക്കൽ നാട്ടിൽ വരും... ഇക്കയുടെ മരണശേഷം കാര്യങ്ങളൊക്കെ അവളാ നോക്കുന്നത്. രണ്ടാൺമക്കൾക്കും വാപ്പാന്റെ
ബിസിനസ്സും വേണ്ട... സ്വത്തും വേണ്ട... അവർക്ക് വാപ്പാന്റതെല്ലാം പെങ്ങക്ക്
കൊടുത്താൽ മതിയെന്നാ പറയുന്നേ... അവളെ അവരെല്ലാം തറയിൽ വയ്ക്കാതാണല്ലോ
വളർത്തിയത്... ഈ കോടിക്കണക്കിനുള്ള സ്വത്തുക്കളൊക്കെ ആരു നോക്കി
നടത്താനാ... സിറ്റിയിലെ ഹാർഡ്‌വേർ ഷോപ്പ് ഷാഹിദയുടെ ഭർത്താവിന്റെ അനുജനാണ്
നോക്കി നടത്തുന്നത്... കൂടാതെ 6 ബസ്സുണ്ട്... അതിന്റെ കാര്യം ഞാൻതന്നെയാണ്
നോക്കുന്നത്.. ജീവനക്കാരെല്ലാം വിശ്വസ്തരാണ്. പക്ഷേ ആരേലും വേണ്ടേ നോക്കി
നടത്താനൊക്കെ.. ഷാഹിദ പറയുന്നത് വാപ്പാന്റെ കാലത്തുള്ള ബിസിനസ്സൊന്നും
നിർത്തണ്ടാന്നാ.. പടച്ചോൻ ആവശ്യംപോലെ നമുക്കെല്ലാം തന്നു.. വാപ്പാന്റെ കൂടെ
കൂടിയവരെയൊന്നും പകുതി വഴിയിലിറക്കിവിടണ്ടാന്നാ അവളുടെ ആഗ്രഹം ...”
അവള്
പറയുന്നതിലും കാര്യമുണ്ട്... ഇക്ക ജീവനക്കാരെ നോക്കിയത് സ്വന്തം
സഹോദരന്മാരെപ്പോലെയാ.. എല്ലാ സഹായവും ചെയ്യുമായിരുന്നു..
ഹമീദിക്കാക്കറിയില്ലേ... മരിച്ച ദിവസം ഈ ജില്ല മുഴുവൻ ഹർത്താലായിരുന്നു. ഈ വീടും മുറ്റവും ആളുകളെ കൊണ്ട് നിറഞ്ഞില്ലേ .. എല്ലാം പടച്ചോനല്ലേ തീരുമാനിക്കുന്നത്..
നല്ലവനായതുകാരണം പടച്ചോൻ നേരത്തേയങ്ങു വിളിച്ചതായിരിക്കും. പടച്ചോൻ
അങ്ങനെയാണല്ലോ...
അവരൊരു ദീർഘനിശ്വാസം വിട്ടു കണ്ണുകൾ തുടച്ചു ... ഹമീദ് അവരെ ആശ്വസിപ്പിച്ചു...
”പിന്നെ
ഞാൻ പറയാൻ വന്നത് വേറെയൊരു കാര്യാ ... അവളുടെ മോൾക്ക് ഇപ്പോൾ പതിനാറ് വയസ്സുണ്ട്..
കണ്ടാൽ അതിനേക്കാൾ കൂടുതൽ പറയും... ഹമീദിക്കാ ഞാനതെങ്ങനെയാ പറയാ..”
”നീ പറ... ജമീലാ അങ്ങനെയെങ്കിലും നിന്റെ വിഷമം കുറയുമല്ലോ...”
”അതേ
ഹമീദിക്കാ... ആരും അറിയരുതേ... അവളുടെ ഭർത്താവിന്റെ ഒരു ബന്ധു ആ കുഞ്ഞിനെ
പ്രലോഭിപ്പിച്ച് ഗർഭിണിയാക്കി... അവളിലെ മാറ്റം പെട്ടെന്ന് മനസ്സിലാക്കി
ഡോക്ടറെ കാണിച്ചതുകൊണ്ടുമാത്രം രക്ഷപ്പെട്ടു... പുറത്തറിയിക്കാനോ കേസ്സ്
കൊടുക്കാനോ സാധിക്കുമോ.. എന്തു ചെയ്യാനാ... ഒന്നിനും കഴിഞ്ഞില്ല.. ഒര്
ഉറുമ്പിനെപ്പോലും തൊടീക്കാതെയാ ഷാഹിദ ആ കുഞ്ഞിനെ വളർത്തിയത്.. എവിടെ പോകുമ്പോഴും കൂടെ കൊണ്ടു
നടക്കുമായിരുന്നു...”
ഹമീദിന്
ആ വാർത്ത ഒരു ഷോക്കായിരുന്നു. ഹമീദ് പലപ്പോഴും ആ കുഞ്ഞിനെ
കണ്ടിട്ടുള്ളതാണ്.. ഒരിക്കലും മാറില്ലെന്നു കരുതിയെങ്കിലും അവരുടെ
വീട്ടുകാരുടെ സ്നേഹവും പരിചരണവുംകൊണ്ട് കുറേയൊക്കെ മാറ്റങ്ങൾ ഉണ്ടായി
വന്നതാണ്. പക്ഷേ...
”ഹമീദിക്കാ.. ഷാഹിദ എങ്ങനെ സഹിക്കും... അവൾ ഭർത്താവിനോടും എന്നോടും മാത്രം പറഞ്ഞു.. കേസ്
കോടുക്കാൻ പറ്റുമോ... നാട്ടുകാരറിയില്ലേ... തീർന്നില്ലേ അതോടെ എല്ലാം...
അവളുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നു. അവനെ കൊല്ലാൻ വേണ്ട പ്ലാനൊക്കെ
ചെയ്തു... പക്ഷേ പടച്ചോനല്ലേ അതൊക്കെ ചെയ്യേണ്ടത്... ചെയ്തത്
പാവമാണെങ്കിലും നമുക്ക് കുറ്റവാളിയുടെ ജീവനെടുക്കാനാവില്ലല്ലോ...”
അവരുടെ
വീട്ടുകാരൊക്കെ ഇടപെട്ടു... അവൻ അവളെ വിവാഹം കഴിക്കാൻ തയ്യാറാണെന്നു
പറഞ്ഞിരിക്കുന്നു. അവനെയെന്തായാലും അവരുടെ ബന്ധുക്കൾ നാട്ടിൽനിന്നേ
മാറ്റിയിരിക്കുകയാണ്... ജമീലയുടെ ഭർത്താവിന്റെ കൈയ്യിൽ കിട്ടിയാൽ അവന്റെ
കാര്യം പോക്കാ... എങ്ങനെയെങ്കിലും അയാളെ പറഞ്ഞ് സമാധാനിപ്പിക്കണം.. അവൻ
വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ നടത്തിക്കൊടുക്കണം എന്നൊക്കെ ഞാൻ
പറഞ്ഞുനോക്കി... പക്ഷേ അവനതൊന്നും കേൾക്കുന്നില്ല.. അവന്റെ പെങ്ങളുടെ
മകനാ.. പക്ഷേ അവനെങ്ങനെ സഹിക്കും. സ്വന്തം മകളെ... അതും സുഖമില്ലാത്ത
മകളെ...
”ഹമീദിന് ഒന്നും ശബ്ദിക്കാനായില്ല... ”എന്തു പറഞ്ഞ് സമാധാനിപ്പിക്കണമെന്നുമറിയില്ല... നിശ്ശബ്ദനായി താടിക്ക് കൈയ്യും കൊടുത്തിരുന്നു.
ഈ
പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്. പക്ഷികൾ മൃഗങ്ങൾ
പ്രകൃതി.. മനുഷ്യൻ പ്രാണികൾ മറ്റു ജീവജാലങ്ങൾ എല്ലാം... പക്ഷേ ഒരൽപം
വ്യത്യസ്തത ഒരു മനുഷ്യന് തോന്നിക്കഴിഞ്ഞാൽ സമൂഹം അവനെ വികലാംഗനെന്നു
മനോവൈകല്യമുള്ളവനെന്നു വിശേഷിപ്പിക്കും... ദൈവത്തിനു ഒരിക്കലും തെറ്റില്ല..
അവർ സാധാരണ മനുഷ്യരേക്കാൾ ശാരീരികമായി കുറച്ചു കഴിവുകൾ
കുറഞ്ഞവരായിരിക്കാം..പക്ഷേ സാധാരണ മനുഷ്യനില്ലാത്ത ഒരുപാട് കഴിവുകൾ
അവർക്കുണ്ട്...അംഗവൈകല്യവും മാനസിക വൈകല്യവും ഒരു കുറ്റമാണോ ?അത് ദൈവത്തിന്റെ വികൃതിയും എല്ലാമുള്ളവർക്ക് വലിയൊരു പാഠവും അല്ലെ ... അത് തിരിച്ചറിഞ്ഞ ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്.
എത്രയോ കുഞ്ഞുങ്ങളെ വീട്ടുകാർക്കുപോലും വേണ്ടാതിരുന്നിട്ടുകൂടെ അവരുടെ
ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവർ.. അങ്ങനെ എത്രയോ കുട്ടികൾക്ക് ജീവിതം
കൊടുത്തവർ... സംരക്ഷിക്കാനാവില്ലെങ്കിലും ഇതുപോലുള്ള മിണ്ടാപ്രാണികളെ
ഉപദ്രവികാത്തിരുന്നൂടെ ...
ഈ
കാലഘട്ടത്തിൽ സ്ത്രീകളോടുള്ള ഉപദ്രവം കൂടി കൂടി വരുന്നുവെന്നത് യാദൃശ്ചികമല്ല..
സോഷ്യൽ മീഡിയയുടെ വർദ്ധിച്ച ഉപയോഗം... സുലഭമായി ലഭിക്കുന്ന ലൈംഗിക
വൈകൃതങ്ങൾ നിറഞ്ഞവീഡിയോകൾ... ഒരു ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പ് ഒരു
ആൺകുട്ടി എന്തെങ്കിലും ലൈംഗികമായ അറിവുകൾ നേടുന്നത് അവനൊരുപക്ഷേ
പ്രീഡിഗ്രിക്കോ, ഡിഗ്രിക്കോ പഠിക്കുമ്പോഴായിരിക്കും. ഇന്നതൊക്കെ
മാറിയിരിക്കുന്നു. സ്ത്രീയൊരു ലൈംഗിക ഉപഭോഗവസ്തുവെന്ന നിലയിലേയ്ക്ക്
താന്നിരിക്കുന്നു. കൊച്ചു കുഞ്ഞുങ്ങൾക്കുപോലും രക്ഷയില്ലാതായിരിക്കുന്നു.
നമ്മുടെ നിയമങ്ങൾ മാറേണ്ടിയിരിക്കുന്നു. കുറ്റവാളികൾ കുറ്റകൃത്യത്തിനുശേഷം
വർഷങ്ങളോളം ജയിലിൽ തിന്നു കൊഴുത്തു കിടക്കുന്നു.. അവർക്ക് ആവശ്യമുള്ള
ഭക്ഷണം മറ്റു സൗകര്യങ്ങൾ.. ചെയ്ത അധികാരികൾ വീര പരിവേഷത്തോടെ സഹതടവുകാരെ
പറഞ്ഞു കേൾപ്പിക്കും... മാനസാന്തരം എന്നൊന്ന് ഇത്തരം
കുറ്റവാളികൾക്കുണ്ടാവില്ല... ലൈംഗികകുറ്റവാളികളോട് ഒരിക്കലും പൊറുക്കാൻ
പാടില്ല...
ജനാധിപത്യ
രാജ്യത്ത് നിയമസംവിധാനം നിലവിലുണ്ട്... നിയമസംവിധാനങ്ങളുടെ പരിമിതി
മനസ്സിലാക്കുമ്പോൾ സമൂഹം നിയമം കൈയ്യിലെടുക്കും. കുറ്റവാളികളെപ്പോലും
നിഷ്കരുണം വധിക്കാൻ സമൂഹം മുന്നിട്ടറങ്ങും അങ്ങനെയൊരവസ്ഥയിലേക്ക് നമ്മുടെ
രാജ്യം നീങ്ങാൻ പാടില്ല... ഇവിടെ കണ്ണു തുറക്കേണ്ടത് നീതി ദേവതയുടെയും അത്
നടപ്പിലാക്കുന്ന ബഹുമാനപ്പെട്ട കോടതിയുടെയും കണ്ണുകളാണ്.. ഇത്തരം
കുറ്റവാളികളെ കൂടുതൽ കാലം ജയിലിലിട്ട് സുഖിപ്പിക്കാതെ കുറ്റം ചെയ്ത്
മാസങ്ങൾക്കുള്ളിൽ ഏറ്റവും കുറഞ്ഞത് 45 ദിവസങ്ങൾക്കുള്ളിൽ ശിക്ഷ
വിധിക്കുകയും അതിനനുസരിച്ചുള്ള വധശിക്ഷ തന്നെ നൽകുകയും വേണം. നീതിപീഠമേ
ഉണർന്നിരിക്കുക... ഇല്ലെങ്കിൽ ഉണർന്നിരിക്കുന്ന ഒരു സമൂഹം ഇവിടുണ്ട്...
ഇതിലെല്ലാം മനംനൊന്ത്... എല്ലാറ്റിനും സാക്ഷികളായി, അവരുംകൂടിഇറങ്ങിയാൽ ഈ
രാജ്യത്തിന്റെ ഗതിയെന്താവുമെന്ന് നീതിപീഠങ്ങൾ തിരിച്ചറിയട്ടേ...
അവരുണർന്നാൽ.. പിന്നെ കോടതിയും നീതിയുമൊന്നും നോക്കില്ല. നിയമങ്ങൾ
മനുഷ്യനുള്ളതാണ്... അതിൽ മാറ്റങ്ങൾ വരട്ടെ... കുറ്റവാളിയ്ക്ക് നിയമം
ലംഘിക്കാമെങ്കിൽ എന്തിന് നിമയത്തിന്റെ പരിരക്ഷ കുറ്റവാളിയ്ക്ക് നൽകണം.
രാത്രി വളരെ വൈകുവോളം അവർ സംസാരിച്ചിരുന്നു. അൻവറിനോടായി അമ്മായി ചോദിച്ചു.
”അൻവറേ നീയിനി ഗൾഫിൽ പോകുന്നില്ലേ... റഷീദ് അവിടുണ്ടല്ലോ...
”ഇല്ലമ്മായി...
എനിക്ക് പോകാനാവില്ല.. എന്നെ ബ്ലാക്ക്‌ലിറ്റിൽ പെടുത്തിയിരിക്കുകയാണ്.
നിയമവിരുദ്ധമായി നമുക്ക് തിരികെപ്പാകാൻ ഒരുപാട് മാർഗ്ഗങ്ങളുണ്ട്. പക്ഷേ
വാപ്പ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് അങ്ങനെയല്ലല്ലോ... ഒരു നല്ല മുസൽമാൻ
അവൻ ഏത് രാജ്യത്തായാലും ഏത് ലോകത്തായാലും ആ നിയമങ്ങൾ പാലിക്കണം.”
”ശരിയാ...
പിന്നെ നിനക്കെന്താ പരിപാടി... നിനക്ക് ഇവിടെ എന്നോടൊപ്പം കൂടിക്കൂടേ...
ഇവിടുത്തെ കാര്യങ്ങൾ നോക്കിനടത്താനാരുമില്ല... നീയുണ്ടെങ്കിൽ എനിക്കൊരു
സഹായമാവും.”
ആ പറഞ്ഞത്
എല്ലാവർക്കും ഇഷ്ടപ്പെട്ടു... നാദിറയ്ക്ക് വളരെ സന്തോഷമായി.. ഭർത്താവിന്
ചെറിയൊരു ജോലിയാകുമല്ലോ... ഇപ്പോൾ വെറുതേ നിൽക്കുകയല്ലേ.
”ശരിയാ അൻവറേ... നീയൊന്നാലോചിക്ക്.” ഹമീദ് അൻവറിനോട് പറഞ്ഞു.
റഷീദും അത് ശരിവച്ചു..
”അൻവറേ...
ഇവിടുത്തെ എക്പോർട്ടിംഗ് കമ്പനിയിൽ നീ മാനേജരായിട്ട് തുടങ്ങിക്കോ... നല്ല
ശമ്പളവും തരാം.. വേണ്ട സഹായങ്ങളൊക്കെ ചെയ്യാൻ അവിടെ പയ്യന്മാരുണ്ട്...
നിനക്ക് ഒരു ബുദ്ധിമുട്ടും വരില്ല... ഇടയ്ക്കൊക്കെ ബോംബെയിലും ബാംഗ്ലൂരിലും
പോകേണ്ടിവരും.”
”അമ്മായി... എനിക്ക് സമ്മതം... നല്ല ഒരു ജോലി അതെന്റെ സ്വപ്നമാണ്... നാട്ടിലായതുകൊണ്ട് എപ്പോൾ വേണമെങ്കിലും വീട്ടീൽ പോകാമല്ലോ.”
നീ ആഴ്ച്ചയിൽ ഒരുദിവസം വീട്ടിലേയ്ക്ക് പൊയ്ക്കോ... പിന്നെ എപ്പോ വേണേലും പോയി വരാലോ . ഇവിടുന്ന് ഒന്നന്നര മണിക്കൂറത്തെ യാത്രയല്ലേയുള്ളൂ.
വർഷങ്ങൾക്കുശേഷം ആ വീട്ടിൽ സന്തോഷം അലതല്ലുകയായിരുന്നു. അമ്മായിയുടെ സന്തോഷം പറഞ്ഞറിയ്ക്കാവുന്നതിലുമപ്പുറമായിരുന്നു.
ഹമീദിന്റെയും കുടുംബത്തിന്റെയും വളർച്ച അവരെ വളരെയധികം സന്തോഷിപ്പിച്ചു.
പലപ്പോഴും ഹാജിക്ക സഹായം വച്ചുനീട്ടിയുട്ടുപോലും ഹമീദ് അത് സ്നേഹംപൂർവ്വം
നിരസ്സിച്ചിട്ടേയുള്ളൂ. അധ്വാനത്തിന്റെ സഹനത്തിന്റെ ആത്മാർത്ഥതയുടെ
വിജയമാണ് ഹമീദിന്റേത്. ആ കുടുംബത്തന്റെ ഐക്യം എല്ലാക്കാലവും
നിലനിൽക്കട്ടേ.....
വംശംനിലനിർത്തുന്ന
സ്ത്രീയെ വെറുമൊരു കാമസംതൃപ്തിക്കുവേണ്ടി നൈമിഷിക സുഖത്തിനുവേണ്ടി
പിച്ചിച്ചീന്തുന്ന നരാധമന്മാരുടെ നാടാവരുതേയെന്ന പ്രാർത്ഥന. അവൾ അമ്മയാണ്
മകളാണ് സഹോദരിയാണ് ഭാര്യയാണ്.... നീതിപീഠത്തിന്റെ ചിഹ്നമായ കണ്ണുകെട്ടി
ത്രാസ്സും തൂക്കിനിൽക്കുന്ന സ്ത്രീരൂപത്തെപ്പോലും പീഠിപ്പിക്കുന്നതിനു
മുമ്പ് ഈ മനോരോഗികളെ നിയമത്തിന്റെ വഴികളിലൂടെ കൊലക്കയറിലെത്തിക്കുക...
നിയമം പോരെങ്കിൽ പൊളിച്ചെഴുതണം. ശിക്ഷവിധിക്കാനുള്ള കാലതാമസത്തിൽ
കോടതിമുറികളിലെ ആ നീതിദേവതയ്ക്കുണ്ടാകുന്ന വേദനയെങ്കിലും മനസ്സിലാക്കണം.
സഹോദരീ... മാപ്പ്... മാപ്പ്.... മാപ്പ്....
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 12 2019
ഷംസുദ്ധീൻ തോപ്പിൽ 08 12 2019
ഷംസുദ്ധീൻ തോപ്പിൽ 08 12 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ