പലപ്പോഴും ഹസ്സനാജി സഹായം വച്ചുനീട്ടിയിട്ടുപോലും ഹമീദ് അത് സ്നേഹംപൂർവ്വം നിരസ്സിച്ചിട്ടേയുള്ളൂ. അധ്വാനത്തിന്റെ സഹനത്തിന്റെ ആത്മാർത്ഥതയുടെ വിജയമാണ് ഹമീദിന്റേത്. ആ കുടുംബത്തന്റെ ഐക്യം എല്ലാക്കാലവും നിലനിൽക്കട്ടേ.....
എല്ലാവരും രാവിലെ തന്നെ
ഉറക്കമുണർന്നു. രാവിലെ 6 മണിക്കുതന്നെ യാത്ര തുടരണം. ഹമീദും കുടുംബവും വളരെ
സന്തോഷത്തിലായിരുന്നു. ഫസലിന് ക്രിസ്തുമസ്പരീക്ഷയുടെ ടെൻഷനിലും. മോഡൽ
എക്സാമിന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല.. വളരെയധികം പ്രശ്നങ്ങളിലൂടെയാണ്
കടന്നുപോകുന്നതെങ്കിലും തന്റെ ജീവിതത്തിൽ അത്യന്താപേക്ഷിതമായിരിക്കുന്ന
വിദ്യാഭ്യാസത്തെ ജീവിതപ്രശനങ്ങളുമായി കൂട്ടിക്കുഴക്കുവാൻ അവന് തീരെ
താല്പര്യമില്ലായിരുന്നു. വരുന്നത് വരുന്നിടത്തുവച്ചു കാണാം എന്ന
ചിന്താഗതി... ഈ ചെറുപ്രായത്തിൽ അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു കഴിഞ്ഞു..
അതിന്റേതായ ഒരു പക്വത അവനിലുണ്ട് എന്ന് എല്ലാവർക്കും ബോധ്യമായിരുന്നു.
ഉമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കണം. വാപ്പ മരിച്ചുവെന്നുള്ള ഒരു സൂചനപോലും
ഉമ്മയ്ക്ക് നൽകാതിരിക്കാൻ അവൻ ശ്രമിച്ചിരുന്നു... ആ ഒരു നഷ്ടബോധം തന്റെ
ജീവിതത്തിൽ ഇനിയുണ്ടാവരുത്... ചെറുപ്പത്തിലേ നരബാധിച്ചുതുടങ്ങിയ ഉമ്മ..
തനിക്ക് വേണ്ടി ജീവിതം ഹോമിച്ച ഉമ്മ... എന്ത് നൽകിയാലാണ് ഈ ജന്മം സഫലമാവുക.
അമ്മായിയോട്
യാത്ര ചോദിച്ചപ്പോൾ അവർ വിങ്ങിപ്പൊട്ടുകയായിരുന്നു. ഹമീദ് അടുത്തുചെന്ന് അവരുടെ ചുക്കിച്ചുളിഞ്ഞ വിരലുകളിൽ തലോടിക്കൊണ്ട് ചുംബിച്ചു.
ഒരിക്കലും തീർത്താൽ തീരാത്ത കടപ്പാടാണ് തനിക്ക് അവരോടുള്ളത്... പലപ്പോഴും
അവരുടെ സഹായം തനിക്ക് ലഭിച്ചുവെന്നുള്ളത് മറക്കാനാവാത്തതാണ്. ഒരു പക്ഷേ
അഭിമാനിയായതുകൊണ്ടായിരിക്കാം പലപ്പോഴും സഹായം ചോദിച്ചു പോയിട്ടുമില്ല.
അഫ്സയുടെ
കുഞ്ഞിനെ അവർ കവിളിൽ നുള്ളി താലോലിച്ചു... അഫ്സയുടെ മകളുടെ കുഞ്ഞു
കരങ്ങളിൽ ഒരു കുഞ്ഞു സ്വർണ്ണ വളയിട്ടുകൊടുത്തു... നിറകണ്ണുകളോടെ അവർ
പറഞ്ഞു.
മോളേ അഫ്സേ... ഇത് എന്റെ കുട്ടിക്കാലത്ത്
എന്റെ ഉപ്പ എനിക്ക് തന്നതാണ്. ഒരു നിധിപോലെ ഞാനിത്
സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിന് എന്തുകൊണ്ടും അവകാശം ഇവൾക്ക്
തന്നെയാണ്.. മോളെ നല്ലപോലെ വളർത്തണം. ഇടയ്ക്കിടെ വരണം, ഇവിടെ വന്നുകയറാൻ
നിങ്ങളെപ്പോലുള്ള ബന്ധുക്കൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
എല്ലാവരുടേയും കണ്ണുകൾ ഈറനണിഞ്ഞ നിമിഷമായിരുന്നു അത്.
അഫ്സയ്ക്ക്
ഇതൊക്കെ പുതുമകളായിരുന്നു. താൻ ജനിച്ചു വീണത് എവിടെയാണെന്നവൾക്കറിയില്ല..
ഓർമ്മവെച്ച നാൾമുതൽ യത്തീംഖാനയിലായിരുന്നു. അവിടെനിന്നു കിട്ടിയ സ്നേഹം
അതുമാത്രമായിരുന്നു മുതൽക്കൂട്ട്.. ഒരിക്കലും കരുതിയില്ല തനിക്ക്
ഇങ്ങനെയൊരു ജീവിതം ലഭിക്കുമെന്ന്. താൻ ആഗ്രഹിച്ചതിലും അപ്പുറമാണ് തനിക്ക്
ലഭിച്ചത്.. അറിയാൻ ശ്രമിച്ചിട്ടുണ്ട്... തന്നെ അനാഥയാക്കിയിട്ട് കടന്നുപോയ
വാപ്പയേയും ഉമ്മയേയും. തങ്ങളുടെ കൂടെയുള്ളവരെല്ലാവരും അനാഥരായിരുന്നല്ലോ...
അതുകൊണ്ട് എല്ലാവരേയും പോലെ താനും വളർന്നു. തന്നെ താലോലിച്ചതാരെന്നുള്ള
കേട്ടറിവുപോലുമില്ല.. തനിക്ക് കൈയ്യിലോ കാലിലോ ഇടുന്നതിനായി സ്വർണ്ണ വളയോ
കമ്മലോ ആരു തന്നുവെന്നുമറിയില്ല... പാഴ്ജന്മമായി ഈ ഭൂമിയിലൊടുങ്ങുന്നതിനു
പകരം തന്നെ ഏറ്റെടുത്തു വളർത്തി ഇതുവരെ എത്തിച്ച ആ കരങ്ങൾക്ക് നന്ദി
അല്ലാഹുവിന്റെ കരങ്ങളാണവ.. കാരുണ്യത്തിന്റെ കരങ്ങളാണവ.. അതു മാത്രമാണ്
തന്റെ ജീവിതത്തെ മുന്നോട്ടു നയിച്ചത്... തനിക്ക് ലഭിക്കാത്തതെല്ലാം തന്റെ
മകൾക്കുനൽകണം... വളർന്നുവരുമ്പോൾ അവളോടു പറയണം താൻ താണ്ടിയ
വഴികളെക്കുറിച്ച്... കുഞ്ഞുങ്ങൾ അറിയട്ടെ രക്ഷകർത്താക്കളുടെ
ബുദ്ധിമുട്ടുകൾ... യത്തിംഖാനയിലെ സ്നേഹസമ്പന്നരായ ജീവനക്കാർ തന്റെ കഴിവുകൾ
കണ്ടെത്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രവേണേലും പഠിപ്പിക്കാൻ അവർ
തയ്യാറായിരുന്നു. പി.ജി. കഴിഞ്ഞപ്പോഴേയ്ക്കും കല്യാണം... ജോലിയെക്കുറിച്ച്
ഇതുവരേയും ചിന്തിച്ചിട്ടില്ല... റഷീദ് ഇക്ക പ്രോത്സാഹിപ്പിക്കാറുണ്ട്...
എല്ലാറ്റിനും അതിനുള്ള സമയമാകും... ജീവിതത്തിൽ.
ഇന്ന്
ബുദ്ധിമുട്ടുകൾ അറിയിക്കാതെ വളരുന്ന കുട്ടികൾ... മുതിർന്നാൽ അവരുടെ
ആവശ്യങ്ങൽ സാധിച്ചുകൊടുത്തില്ലേൽ ജീവിതം അവസാനിപ്പിക്കുന്ന ജന്മങ്ങൾ..
ദിവസേന വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ബൈക്കുവാങ്ങി നൽകാത്തതിന്
ആത്മഹത്യചെയ്യുന്ന കുട്ടികൾ.. മൊബൈൽ ഉപയോഗിക്കേണ്ടെന്നു പറഞ്ഞതിന് ജീവിതം
അവസാനിപ്പിക്കുന്ന കുട്ടികൾ.. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ
ജീവിതം അവസാനിപ്പിക്കുന്നവർ. എവിടെനോക്കിയാലും ഇതൊക്കെത്തന്നെയാണ്...
കുട്ടികൾ അറിയണം ഒരു രൂപ രക്ഷകർത്താക്കൾ ഉണ്ടാക്കുന്നതെങ്ങനെയെന്ന്. അത്
വിനിയോഗിക്കേണ്ട രീതികൾ എങ്ങനെയെന്ന്. ബുദ്ധിമുട്ടറിയിക്കാതെ വേണ്ടതും
വേണ്ടാത്തതും ആവശ്യത്തിലധികം നൽകുന്ന രക്ഷകർത്താക്കളാണ് കുറ്റക്കാർ.. മാറണം
ഈ ചിന്താഗതികൾ.. മാറ്റം വീട്ടിൽ നിന്നു തുടങ്ങാം...
ഹമീദിന്റെയും
കുടുംബത്തിന്റെ കാർ ദൂരെ മറയുന്നതുരെ അമ്മായി നോക്കിനിന്നു. എല്ലാവരും
ചെറിയ ദുഖത്തിലായിരുന്നു. അൻവറിന് രണ്ടുദിവസത്തിനകം തിരികെയെത്തണം. ഇവിടെ
പറഞ്ഞിരിക്കുന്ന ജോലിയിൽ പ്രവേശിക്കണം. ഒരു ജോലിയുമില്ലാതെ ഇരിക്കുന്നത്
ശരിയ്ക്കും ബുദ്ധിമട്ടുതന്നെയാണ്. ചിലവിന് പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ
ഉണ്ടാക്കിയ സമ്പാദ്യത്തിൽ നിന്നും കുറേശ്ശേയായി
ചോർന്നുപൊയ്ക്കൊണ്ടിരിക്കുന്നു. വാപ്പ അറിയാതെയാണ് 10 സെന്റ് സ്ഥലം വിറ്റത്... വാപ്പഅറിഞ്ഞാൽ സമ്മതിക്കില്ല.. അത്ര ബുദ്ധിമുട്ടിലായതുകൊണ്ടാണ്
അത് ചെയ്യേണ്ടിവന്നത്. നാദിറയും വാപ്പയും ആദ്യം എതിർത്തെങ്കിലും പിന്നീട്
താൻ പറയുന്നതാണ് ശരിയെന്നു അവർക്കും തോന്നി. നല്ല വിലകിട്ടി... ആരോടും
പറഞ്ഞില്ല കുറച്ച് കടംതീർത്തു.. ബാക്കി ബാങ്കിലിട്ടു.. പണത്തിന്
പണംതന്നെവേണമല്ലോ.. നാദിറയുടെയും വാപ്പയുടെയും സ്വഭാവം എപ്പോൾ വേണമെങ്കിലും
മാറാം.
റോഡിൽ വലിയ ട്രാഫിക് ഇല്ലായിരുന്നു.
സാമാന്യം നല്ലവേഗതയിലായിരുന്നു റഷീദ് ഡ്രൈവ് ചെയ്തത്. പ്രധാന ജംഷനിൽ
നിന്നും വണ്ടി ഇടതുവശത്തെ കായലിനരികിലൂടെയുള്ള റോഡിലൂടെ മുന്നോട്ടു പോയി...
ഹമീദ് ചോദിച്ചു മോനേ.. നമുക്ക് വഴിതെറ്റിയോ...
“ഇല്ലവാപ്പാ... ഇതാണ് ശരിക്കുള്ളവഴി... എല്ലാം വാപ്പയോട് പറയാം..“
അത്ര നല്ല റോഡല്ലാതിരുന്നതിനാൽ വേഗത കുറച്ചാണ് ഓടിച്ചത്. നല്ല തണുത്തകാറ്റ്.. അന്നത്തെ പ്രഭാതം വളരെ മനോഹരമായി തോന്നി.
അഫ്സയ്ക്ക്
ആ വഴി വളരെ പരിചിതമായി തോന്നി.. പലപ്പോഴും സഞ്ചരിച്ചിട്ടുള്ള വഴി...
എന്തിനാണ് റഷീദിക്ക ഈ വഴിവന്നത്... ഒരുപക്ഷേ ഇതിലേ പോകുന്നതായിരിക്കും
എളുപ്പം...
വാഹനം കുറച്ചുദൂരം ഓടിയതിനു ശേഷം
ചെറിയ ഒരു റോഡിലൂടെ മുന്നോട്ടു പാഞ്ഞു... അവൾ കുഞ്ഞിന്
പാലുകൊടുക്കുയായിരുന്നു. ചുറ്റുമുള്ളതൊന്നും ശ്രദ്ധിച്ചില്ല.. കുഞ്ഞ്
ചെറുതായി വാശി പിടിച്ചുകൊണ്ടിരുന്നു.. നാദിറയും സഫിയയും അവളെ
സഹായിച്ചു...
അൽപദൂരം ഒടിക്കഴിഞ്ഞപ്പോൾ വാഹനം ഒരു
ഗേറ്റിനുമുന്നിൽ നിന്നു.. അഫ്സ അതിന്റ ബോഡ് വായിച്ചു.. അവൾ അത്ഭുതത്തോടെ
നോക്കിനിന്നു...താൻ തന്റെ ജീവിതം തുടങ്ങിയ സ്ഥലം.. ഒരിക്കലും ഇവിടേയ്ക്ക്
തിരികെയെത്തുമെന്നു കരുതിയില്ല... എന്താണ് റഷീദിക്ക തനിക്കുവേണ്ടി
കാത്തുവച്ചിരിക്കുന്നത്.. കവാടം ആർച്ചുകൊണ്ട് അലങ്കരിച്ചിരിക്കുന്നു.
വർണ്ണക്കടലാസിന്റെതോരണങ്ങൾ കാറ്റത്ത് ആടുന്നു. തൂവെള്ള വസ്ത്രമണിഞ്ഞ്
എല്ലാവരും സ്വീകരിക്കാനായി നിൽക്കുന്നു.
റഷീദ്
ഹമീദിനോട് ക്ഷമചോദിച്ചു.. ”വാപ്പാ.. വാപ്പ എന്നോട് ക്ഷമിക്കണം... ഞാൻ
ആരോടും പറയാതെ ചില കുസൃതികൾ ഒപ്പിച്ചു... ഇന്ന് വാപ്പയുടെ പിറന്നാൾ ആണ് ...
എനിക്ക് വാപ്പാന്റെ പിറന്നാൾ ആഘോഷിച്ചതായി ഓർമ്മയില്ല.. വാപ്പയ്ക്ക്
അതിനോട് താല്പര്യവുമില്ലായിരുന്നു.... നമുക്ക് ഇവിടുത്തെ
അന്തേവാസികൾക്കൊപ്പം ഇത്തവണ ആഘോഷിക്കാം.. ഇവിടുന്നു ജീവിതത്തിന്റെ പല
കോണുകളിലേയ്ക്കു പോയ പല അന്തേവാസികളും ഇന്നിവിടെ ഒത്തുകൂടുന്നുണ്ട്... ഇത്
എനിക്ക് വാപ്പയ്ക്കും അഫ്സയ്ക്കും നൽകാൻ കഴിയുന്ന ഏറ്റവും വലിയ
സമ്മാനമെന്നു കരുതുന്നു.
മകന്റെ തീരുമാനത്തിൽ ആ
പിതാവിന് അഭിമാനം തോന്നി.. എന്നും അവന്റെ ചിന്തകൾ അങ്ങനെയായിരുന്നു. താൻ
ഒരിക്കൽപോലും തന്റെ പിറന്നാൾ ആഘോഷിച്ചിട്ടില്ല.. റഷീദ് അവൻ എല്ലാ
പിറന്നാളിനും തനിക്ക് ഒരു റോസപൂവ് നൽകുമായിരുന്നു.. അവന് മാത്രമേ തന്റെ പിറന്നാൾ ദിവസം ഓർമ്മയുണ്ടാവുമായിരുന്നുള്ളൂ. എല്ലാവർഷത്തേയും പോലെ ഈ വർഷത്തെ
ജന്മദിനവും അവൻ ഓർത്തിരുന്നു. എല്ലാവരും മിഴിച്ചിരുന്നു . പരസ്പരം നോക്കി.
കാർ
യത്തീം ഘാനയുടെ ഗേറ്റ് കടന്നു.. അവിടെ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു.
അവിടുത്തെ അന്തേവാസികളും, മുൻപ് ഇവിടുത്തെ അന്തേവാസികളായിരുന്ന,
ജീവിതത്തിന്റെ വലിയ ക്യാൻവാസിലേയ്ക്ക് ചേക്കേറിയവരും സന്തോഷത്തോടെ അവരെ
സ്വീകരിക്കാനെത്തി... ഹമീദ് ആ ബാനർ വായിച്ചു... ഞങ്ങളുടെ സ്വന്തം
ഹമീദിക്കായ്ക്ക് സ്വാഗതം.. ഒരായിരം ജന്മദിനാശംസകൾ..... ഹമീദന്റെ കണ്ണുകൾ
നിറഞ്ഞു..
എല്ലാവർക്കും അതൊരത്‍ഭുതായിരുന്നു.
അഫ്സയുടെ കൈയ്യിൽനിന്നു കുഞ്ഞിനെ സഫിയ വാങ്ങി... എല്ലാവരും കാറിനു
പുറത്തേയ്ക്കിറങ്ങി.. വളരെ വലിയ സ്വീകരണാണ് അവർക്കവിടെ ലഭിച്ചത്. അഫ്സയെ
തന്റെ പഴയ കൂട്ടുകാർ അധ്യാപകർ ഓടിയെത്തി ആശ്ലേഷിച്ചു.. വൈകാരികമായ
നിമിഷങ്ങൾ തന്റെ ഭർത്താവ് താൻ അദ്ദേഹത്തെക്കുറിച്ച്
മനസ്സിലാക്കിയിരുന്നതിനേക്കാൾ എത്രയോ ഉയരത്തിലാണെന്ന് അവൾക്ക് തോന്നി. താൻ
ഇവിടുന്നു പോകുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒരുപാട് മാറ്റങ്ങൾ..
നല്ലപൂന്തോട്ടം... ചുറ്റുമതിലും ബിൽഡിങ്ങും പെയിന്റ് ചെയ്തിരിക്കുന്നു..
ലൈബ്രറിയുടെയും ഹാളിന്റെയും പണി പൂർത്തിയായിരിക്കുന്നു. എല്ലാവരും
ഹമീദിനേയും കുടുംബത്തേയും അവിടേയ്ക്ക് കൊണ്ടുപോയി... അതിനു മുന്നിലുള്ള
ബാനർ റഷീദ് വാപ്പയോട് വായിച്ചു കേൾപ്പിച്ചു... വാപ്പാ.. ഇത് വാപ്പയുടെ
പേരിലുള്ള ലൈബ്രറിയാണ്.. ഹമീദ് ലൈബ്രറി എന്നപേരിലാണ് ഈ ലൈബ്രറി അറിയപ്പെടുന്നത്..
ഞാൻ വാപ്പയ്ക്കുവേണ്ടി സാമ്പത്തികസഹായം ചെയ്തിരുന്നു. ഇന്ന് ഇതിന്റെ
ഉദ്ഘാടനം നിർവ്വഹിക്കുന്നത് വാപ്പയാണ്... അനാഥ ബാല്യങ്ങൾക്ക് നമുക്ക് നൽകാൻ
കഴിയുന്നതിൽവച്ച് ഏറ്റവും നല്ല സമ്മാനം... അത് വാപ്പയുടെ കൈകൊണ്ടുതന്നെ
വേണം...
ഹമീദിന്റെ കണ്ണുനിറഞ്ഞുപോയി... മകനെ
കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു... ആ മുഖത്ത് അഭിമാനം.. ഹമീദ് റഷീദിന്റെ കരം ഗ്രഹിച്ചുകൊണ്ട് മുന്നോട്ടു നടന്നു.. വാതിലിനു കുറുകെ കെട്ടിയ റിബൺ
അത് മുറിക്കാനുള്ള കത്രികയുമായി ഒരു ബാലിക അടുത്തെത്തി... ഹമീദ് അവളുടെ
കവിളിൽ തലോടിക്കൊണ്ട് കത്രിക കൈയ്യിലെടുത്തു.. വിറയാർന്നകരങ്ങൾകൊണ്ട്
അദ്ദേഹം റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു... പിന്നിലേയ്ക്ക് നോക്കി അഫ്സയെ
അടുത്തേയ്ക്ക് വിളിച്ചു... അവളുടെ തോളിൽ പിടിച്ചുകൊണ്ട് ഹമീദ്
ഉള്ളിലേയ്ക്ക് നടന്നു... മോളേ നീ പടച്ചോന്റെ സന്തതിയാ... ഇല്ലെങ്കിൽ.....
അദ്ദേഹത്തിന്റെ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു... അവൾ അദ്ദേഹത്തെ പിടിച്ചുകൊണ്ട്
വേദിയിലേയ്ക്ക് നടന്നു... വേദിയിൽ 4 കസേരകൾ അദ്ദേഹത്തെ അവിടെ ഇരുത്തി...
അവൾ തിരിഞ്ഞു നോക്കി... ചുറ്റും പരിചിതമായ മുഖങ്ങൾ എല്ലാവരുടെ മുഖത്ത്
അഭിമാനത്തിന്റെ പുഞ്ചിരി... സ്വന്തം വീട്ടിൽ തിരികെയെത്തിയ കുട്ടിയായി അവൾ
മാറി... ഓടി എല്ലാവരുടേയും അടുത്തെത്തി.. അവളുടെ കണ്ണുകൾ ആരേയോ
തിരയുന്നുണ്ടായിരുന്നു. റഷീദ് അവളുടെ സന്തോഷം ആസ്വദിക്കുകയായിരുന്നു... അവൾ
എല്ലാവരേയും പരിചയപ്പെടുത്താനൊരുങ്ങിയപ്പോൾ ആ കൂട്ടത്തിൽ ഏകദേശം പത്തു
പന്ത്രണ്ട് വയസ്സു പ്രായംവരുന്ന കുട്ടി പറഞ്ഞു.
”ഞാൻ പറയാം ഓരോരുത്തരേക്കുറിച്ചും... അഫ്സാത്ത ശരിയാണോന്നു നോക്കൂ..”
അത്
സൈനബ എന്ന കുട്ടി.. ജനിച്ചദിവസം ഉപേക്ഷിക്കപ്പെട്ട കുട്ടി... അവളെ
നോക്കിയത് താനും കൂടിയാണ്... തന്നെ അവൾ അഫ്സാത്ത എന്നാണ്
വിളിച്ചിരുന്നത്... ഒരു ചേച്ചിയുടെ, അമ്മയുടെ സ്നേഹം അവൾക്കു നൽകാൻ
ശ്രമിച്ചിരുന്നു. അവൾക്ക് അഫ്സയോട് വളരെ സ്നേഹവുമായിരുന്നു.
”അഫ്സാത്ത..
ഇത് ഹമീദ്ക്ക...... ഇത്.. ഫസൽ.... ഇത് നാദിറ ഇത്ത ഇത്... പിന്നെ.....
ആ... സഫിയാത്ത..... ഇത്.... ഹമീദിക്കാന്റെ... ഞാൻ പേര് മറന്നുപോയല്ലോ...,
പിന്നെ. ഇത് റഷീദിക്ക, മറ്റേത് അൻവറിയ്ക്ക... പിന്നെ ഫസലിക്കാന്റെ
സിനിമാമോഹമൊക്കെ മാറിയോ...”
അവിടുത്തെ അന്തേവാസികൾ ഹമീദിനേയും കുടുംബത്തേയും നേരിട്ട് കണ്ടിട്ടില്ലന്നേയുള്ളൂ. അവർക്ക് വളരെ സുപരിചിതരായിരുന്നു അവർ.
ഹമീദ് അവരെയെല്ലം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
തന്റെ മകൻ എത്രയോ മഹാനാണവൻ.. ഒരുകരം ചെയ്യുന്നത് മറുകരമറിയുന്നില്ല..
ഇക്കാലത്ത് ഒരു ചായവാങ്ങിനൽകിയാൽ പോലും സെൽഫി എടുത്ത് ഫേസ്ബുക്കിലും വാട്സപ്പിലും
പോസ്റ്റിടുന്നവർ.. ആ സ്ഥാനത്ത് റഷീദ് ആരോടും ഒന്നും പറയാതെ ഇത്രയൊക്കെ
ചെയ്തില്ലേ... അവന്റെ തീരുമാനങ്ങൾ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ...
ഹമീദിന്റെ
കുടുംബത്തിന് ഇരിക്കാൽ മുന്നിൽതന്നെ സീറ്റ് ഒരുക്കിയിരുന്നു. എല്ലാവരും
അവിടെയിരുന്നു. ഹമീദിനടുത്തായി യതീംഖാന മാനേജർ .. തൊട്ടടുത്തതായി......... സ്വാഗതം
ആശംസിച്ചത് അവിടുത്തെ പ്രധാന അധ്യാപികയായിരുന്നു... അവരുടെ വാക്കുകൾ
കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു.
പ്രിയപ്പെട്ട സഹോദരങ്ങളേ,
ഒരു
ഉദരത്തിൽ ജനിച്ചതുകൊണ്ടു മാത്രമല്ല സഹോദരങ്ങളാകുന്നത്... ഒരു
കൂരയ്ക്കുള്ളിൽ ജീവിച്ചാലും സഹോദരങ്ങളേക്കാൾ ആത്മാർത്ഥതയുണ്ടാവുമെന്ന്
കാട്ടിത്തന്നവളാണ് അഫ്സ... അവളുടെ മുടങ്ങാതെയെത്തുന്ന കത്തുകൾ ഇവിടുത്തെ
എല്ലാ അന്തേവാസികൾക്കുംവേണ്ടിയുള്ളതായിരുന്നു. ജീവിതത്തിൽ വലിയ
തിരക്കുകളിലേയ്ക്ക് അവൾ കടന്നെങ്കിലും കത്തുകളെഴുതുന്നതിൽ അവൾ ഒരിക്കലും
മടി കാണിച്ചിരുന്നില്ല... അവളുടെ ഓരോ കത്തുകളും ഓരോ ജീവിതകഥകളായിരുന്നു..
ഹമീദിക്കയും, നാദിറയും, സഫിയയും, അഫ്സലുമെല്ലാം നമ്മുടെ സ്വന്തമാണ്... അവരെ
നമ്മൾ നേരിട്ടു കണ്ടത് ഇപ്പോഴാണെന്നുമാത്രം... ആഗ്രഹിച്ചിരുന്നു
ഒരിക്കലെങ്കിലും നേരിട്ടു കാണണമെന്ന്... സ്നേഹസമ്പന്നനായ ഹമീദിക്കയെ ഒന്ന്
സ്പർശിക്കണമെന്ന്.. അത്രയ്ക്ക് സ്നേഹമായിരുന്നു അവർക്ക് ആ കുടുംബത്തോട്... ആ
സ്നേഹം നമ്മുടെഉള്ളിലും ഉണ്ടാക്കിയെടുത്തത് അവളാണ്... അവളുടെ കവിതകൾ പല
മാഗസിനിലും അച്ചടിച്ചു വന്നിട്ടുണ്ട്... അവളുടെ കഴിവുകളെ അകമഴിഞ്ഞ്
പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്... അവളിൽ നിന്ന് ഒളിച്ചത് ഒരു കാര്യം
മാത്രം... അവൾക്ക് ഓർമ്മവയ്ക്കുന്നതിനു മുന്നേ ഇവിടെ എത്തിച്ചേർന്നപ്പോൾ
അവളെ ഒരുമ്മയുടെ സ്നേഹവും വാത്സല്യവും നൽകി വളർത്തിയ നമ്മുടെ പ്രിയപ്പെട്ട
ആമിനാമ്മ നമ്മെവിട്ടുപിരിഞ്ഞു... ഒരു നിമിഷം ആ ഹാൾ നിശ്ശബ്ദമായി...
ആമിനാമ്മയ്ക്ക് ഇവളോട് വലിയ വാത്സല്യമായിരുന്നു. അവർ ഒരാഗ്രഹംമാത്രമേ
നമ്മോട് പറഞ്ഞിരുന്നുള്ളു.. താൻ മരിച്ചാൽ അവളെ അറിയിക്കരുതെന്ന് കാരണം
അത്രയ്ക്കായിരുന്നു അവർ തമ്മിലുള്ള ആത്മ ബന്ധം.. തന്റെ മരണം അറിഞ്ഞാൽ
അവൾക്ക് സഹിക്കാനാവില്ലെന്നു അവർ പറഞ്ഞിരുന്നു. ഇന്നേവരെ അവളെ അവർ
കരയിക്കാതെ വളർത്തി. ഇനിയും ഒരുതുള്ളി കണ്ണുനീരുപോലും അവളുടെ കണ്ണുകളിൽ
ഉരുണ്ടുകൂടുന്നത് അവർക്ക് സഹിക്കാനാവില്ലായിരുന്നു.. എന്നേലും അവളതറിഞ്ഞാൽ
അവളോട് പറയണം.. കരയരുത് പടച്ചവനോട് തന്റെ ആത്മാവിനുവേണ്ടി
പ്രാർത്ഥിക്കുകമാത്രമാണ് തനിക്കുവേണ്ടി ചെയ്യേണ്ടതെന്ന്. റഷീദിനോട്
ഇക്കാര്യം ഞങ്ങൾ പറഞ്ഞിരുന്നു. അദ്ദേഹവും പറഞ്ഞത് അവളെ
വിഷമിപ്പിക്കേണ്ടെന്നുതന്നെയാണ്. നമുക്ക് അവർക്കുവേണ്ടി ഒരു നിമിഷം മൗനമായി എഴുന്നേറ്റുനിന്നു പ്രാർത്ഥിക്കാം.
എല്ലാവരും
എഴുന്നേറ്റു.. ആ നിശബ്ദതയിൽ ഒരു തേങ്ങൽ മാത്രം.. മറ്റുള്ളവരുടെ
കണ്ണുകളിലും കണ്ണുനീർ നിറഞ്ഞു.. റഷീദ് അഫ്സയുടെ അടുത്തെത്തി ആശ്വസിപ്പിച്ചു.
തന്നോട് ചേർത്തുനിർത്തി... നീ വിഷമിക്കരുതെന്നല്ലേ ആമിനാമ്മ
പറഞ്ഞിരിക്കുന്നത്.. ധൈര്യമായിരിക്കൂ...എന്നിട്ട് നാളെ സ്വർഗ്ഗത്തിൽ അവരെയും നമ്മളെയും ഒരുമിച്ചുകൂട്ടാൻ പടച്ചവനോട് പ്രാർത്ഥിക്ക് ... നിറഞ്ഞു തുളുമ്പിയ അഫസയുടെ കണ്ണുകൾ റഷീദ് തുടച്ചു ..
തന്നിലെ
കഴിവുകൾ മനസ്സിലാക്കി തന്നെ പ്രോത്സാഹിപ്പിച്ചവരാണവർ. അവളെഴുതുന്ന കവിതൾ
പത്രത്തിലേയ്ക്ക് അയച്ചിരുന്നത് ആമിനാമ്മയായിരന്നു. അവൾ ഒരിക്കലും അവളുടെ
പേരിലായിരുന്നില്ല കവിതകളെഴുതിയിരുന്നത്. അവൾ കവിതകളെഴുതിയത് ആമിനാ എന്ന
പേരിന്റെ ചുരുക്കപ്പേരായ ... ആമി എന്ന പേരിലായിരുന്നു.... ഇവിടെ എല്ലാവരും
അവളെ വിളിച്ചിരുന്നതും ആമി എന്നായിരുന്നു. ആ കാലഘട്ടത്തിൽ അവളുടെ
കവിതകൾക്ക് ദുഃഖഭാവമായിരുന്നു.. വിരഹമായിരുന്നു. വിതുമ്പലായിരുന്നു.. അവളുടെ
ഹൃദയത്തിൽ തൊട്ടുള്ള വരികൾ ആരേയും പിടിച്ചുലക്കുമായിരുന്നു...
പ്രസിദ്ധീകരിക്കാത്ത ഒട്ടനവധി കവിതകൾ ആമിനാമ്മയ്ക്ക് വായിക്കാൻ
നൽകുമായിരുന്നു. ആ കവിതകൾ എല്ലാം ഒരു സമാഹാരമാക്കിയിരിക്കുന്നു. ഏകദേശം
നൂറ്റിയിരുപത് പേജുവരും. അതിന്റെ പ്രസിദ്ധീകരണവും ഇന്നാണ്... ലൈബ്രറിയുടെ
ആദ്യത്തെ ബുക്ക് ഇവിടുത്തെ ഒരു അന്തേവാസിയുടേതെന്നത് തികച്ചും യാദൃശ്ചികം.
“അടുത്തതായി
പുസ്തകപ്രകാശനമാണ്.. അത് ആമി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന
നമ്മുടെ അഫ്സ തന്റെ കവിതകളുടെ സമാഹാരം അവളോട് അനുവാദം ചോദിക്കാതെ
പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ പുസ്തകം ഈ ലൈബ്രറിയിലെ ആദ്യപുസ്തകമെന്ന
നിലയിൽ സമർപ്പിക്കുന്നതിനായി അഫ്സയെ ക്ഷണിച്ചുകൊള്ളുന്നു. അവൾ ഞെട്ടി..
ഇതുവരെ ഒരു സ്റ്റേജിൽ പോലും കയറിയിട്ടില്ല.. പിന്നെങ്ങനെ...റഷീദ് അവളുടെ കൈ
പിടിച്ച് വേദിക്കരുകിലേയ്ക്ക് ആനയിച്ചു.. സ്വർണ്ണവർണ്ണമുള്ള കടലാസിൽ പൊതിഞ്ഞ
പുത്സകം അവളുടെ കൈകളിലേയ്ക്ക് നീട്ടി... വിറയാർന്ന കൈകൊണ്ട് അത് വാങ്ങി
അവൾ ലൈബ്രേറിയന് നൽകി... പ്രിൻസിപ്പാൾ അവളോട് രണ്ടു വാക്കു
പറയണമെന്നു പറഞ്ഞു..
അവൾ മൈക്കിനടുത്തെത്തി...
“മരിച്ചാലും മരിക്കാത്ത നന്മയാണ് ആമിനാമ്മ .. മുഖവുരയില്ലാത്ത ജീവിതം...
പ്രചോദനമായിരുന്നു.. ഇല്ലല്ലോ എന്നോർക്കുമ്പോൾ ഉള്ളു പിടയ്ക്കുന്നു. അവരുടെ
കരങ്ങൾ വഴികാട്ടിയായിരുന്നു. പ്രാർത്ഥിക്കുന്നു അവരുടെ പരലോക സുഖത്തിനായി ..“
നിറകണ്ണുകളുമായി അവൾ ചുരുങ്ങിയ വാക്കുകളിൽ എല്ലാമൊതുക്കി... അളന്നു മുറിച്ച
വാക്കുകൾ.. റഷീദ് അവളെ തന്റെ അടുത്ത് ഇരുത്തി ആശ്വസിപ്പിച്ചു...
“അടുത്തതായി
ഈ ഹാളിന്റെ സമർപ്പണത്തിനായി നമ്മുടെ സ്വന്തം ഹമീദിക്കായെ
ക്ഷണിച്ചുകൊള്ളുന്നു. ജീവിച്ചിരിക്കുന്ന ഇതിഹാസമാണിത്.. ജീവിതത്തോട്
പടവെട്ടി ഇന്നിവിടെ എത്തിയെങ്കിൽ അത് ഈ മനുഷ്യന്റെ നിശ്ചയദാർഢ്യമാണ്,
നന്മയുള്ള മനുഷ്യർക്കേ നിലനിൽപ്പുള്ളൂ എന്നു തെളിയിക്കുന്നതാണ്
അദ്ദേഹത്തിന്റെ ജീവിതം.. അദ്ദേഹത്തിന്റെ സമ്പത്ത് സ്വന്തം മക്കളാണ്. പരാജയം
നൈമിഷികം മാത്രമായിരുന്നു അദ്ദേഹത്തിന്... മരുമകളാണ് അദ്ദേഹത്തിന്റെ
നന്മകൾ നമുക്ക് പകർന്നുനൽകിയത്. അഫ്സ നമുക്കെഴുതിയ ഒരു കത്തിലെ വാക്കുകൾ
കടമെടുക്കുന്നു. “
“ഹമീദ് ഒരു ആൽവൃക്ഷമാണ്... ഈ
കുടുംബത്തിന് പ്രാണവായുവും തണലും നൽകുന്നവൻ. മറക്കില്ലൊരിക്കലും
ജീവനുള്ളോളം. ഞാൻ അദ്ദേഹത്തിൽ എന്റെ പടച്ചോനേ കാണുന്നു.. കാരുണ്യവാനേ
കാത്തുകൊള്ളേണമേ...“ അവളെഴുതിയ ഒരു കത്തിലെ വാക്കുകളായിരുന്നത്.
ഹമീദിക്കായെ അള്ളാഹുവിന്റെ നാമത്തിൽ രണ്ടു വാക്കു സംസാരിക്കാനായി ക്ഷണിക്കുന്നു..
ഹമീദിന് എന്ത് പറയണമെന്നറിയില്ല... റഷീദ് അടുത്തെത്തി അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് മൈക്കിനടുത്തായി നിർത്തി.
ഹമീദ്
ചുറ്റുമൊന്ന് നോക്കി.. ആ മുഖത്ത് ഒരിക്കലും ദർശിക്കാത്ത തേജസ്സ്
കാണാമായിരുന്നു. ഒരുപക്ഷേ അഭിമാനത്തിന്റേതാകാം.. അല്ലെങ്കിൽ റഷീദിന്റെ
നന്മകളെക്കുറിച്ച് ചിന്തിച്ചിട്ടാവാം. ഇടതുകൈ മൈക്കിന്റെ സ്റ്റാന്റിൽ
പിടിച്ചു.. സാവധാനം സംസാരിച്ചു തുടങ്ങി..
അൽഹംദുലില്ലാഹ്,വസ്സലാത്തു വാസ്സലാമു അലാ അഷ്റഫിൽ മുർസലീൻ,വ അലാ ആലിഹീ വസഹ്ബിഹീ അജ്മഈൻ,അമ്മാബഅദ് [അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും,പ്രവാചകൻമ്മാരുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠവാനായ പ്രവാചകന്റെ കുടുംബത്തിനും അനുചരൻമ്മാർക്കും അനുഗ്രഹവും സമാധാനവും ഉണ്ടാകട്ടെ]
“പ്രിയ മിത്രങ്ങളെ ... കുഞ്ഞുമക്കളേ.. മറ്റു അതിഥികളേ... ഈ എളിയവന് ഇതൊന്നും ശീലമില്ലാത്തതാണ്. ഇതുവരെ രണ്ടുവാക്കു പറയാനുള്ള അവസരം ലഭിച്ചിട്ടുമില്ല..“ പതുക്കെ നിർത്തി.. ആ ഹാളിൽ വലിയ നിശ്ശബ്ദത നിറഞ്ഞു..
“പ്രിയ മിത്രങ്ങളെ ... കുഞ്ഞുമക്കളേ.. മറ്റു അതിഥികളേ... ഈ എളിയവന് ഇതൊന്നും ശീലമില്ലാത്തതാണ്. ഇതുവരെ രണ്ടുവാക്കു പറയാനുള്ള അവസരം ലഭിച്ചിട്ടുമില്ല..“ പതുക്കെ നിർത്തി.. ആ ഹാളിൽ വലിയ നിശ്ശബ്ദത നിറഞ്ഞു..
“എന്റെ
കുടുംബത്തിലെ ഭാഗ്യമാണ് അഫ്സ“... ഒരു മകളേക്കാളും സ്നേഹമായിരന്നു അവൾക്ക്
ഞങ്ങളോട്... അവളുടെ വരവിനുശേഷമാണ് ഞങ്ങൾ കുടുംബത്തിൽ ഒരു പെണ്ണ്
എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കിയത്. അവളെ വളർത്തി ഞങ്ങൾക്ക് തന്ന
നിങ്ങളോട് ഒരായിരം നന്ദി.. പടച്ചോവനോട് ഒരായിരം നന്ദി...“
“റഷീദ്
പണ്ടേ ഇങ്ങനെയാ... എല്ലാം അവസാനമേ പറയൂ... അവന്റെ ആഗ്രഹമായിരുന്നു
വിവാഹമെന്നത്... അതും യത്തീമായ ഒരു കുട്ടിയെ... അവന്റെ ദീർഘവീക്ഷണത്തെ
അഭിമാനത്തോടെ കാണുന്നു.. റഷീദിന്റെ മുഖത്തേയ്ക്ക്
നോക്കിക്കൊണ്ട് പറഞ്ഞു... നിന്നെ എന്റെ മകനായി ജനിപ്പിച്ചതിൽ പടച്ചോനോട്
നന്ദിപറയുന്നു... നിർത്താതെയുള്ളകരഘോഷം. റഷീദ് അടുത്തുതന്നെയുണ്ടായിരുന്നു.
അവനെ അയാൾ ആലിംഗനം ചെയ്തു.. വാപ്പാ. പറയൂ...
വീണ്ടും
തുടർന്നു... “അനാഥർ എന്ന പേരിൽ അനാഥത്വം ഉണ്ടെങ്കിലും അവർ അനാഥരല്ല,
ദൈവത്തിന്റെ സന്തതികളാണ്. എന്റെ മകന് ഇത്രയും നന്മചെയ്യാനായെങ്കിൽ അതൊരു
നിയോഗമാണ്. പടച്ചോന്റെ, പ്രപഞ്ചത്തെ താങ്ങിനിർത്തുന്ന അദൃശ്യനായ
അള്ളാഹുവിന്റെ അനുഗ്രഹം അവനും കുടുംബത്തിനുമുണ്ടാവട്ടെ... എനിക്ക്
നിങ്ങളാരേയും നേരത്തെ കണ്ടു പരിചയമില്ല.. പക്ഷേ നിങ്ങൾക്കെല്ലാവർക്കും
എല്ലാ നന്മകളുമുണ്ടാവട്ടെ... ഇനിയും ഇവിടെ എത്തണമെന്നാഗ്രഹമുണ്ട്...
അതിനുള്ള അവസരം പടച്ചോൻ തരട്ടേ... വിറയാർന്ന വാക്കുകൾ ഹമീദിൽ നിന്നും
ഉതിർന്നുകൊണ്ടിരുന്നു.. പെട്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിന് ചെറിയ
പതർച്ച അനുഭവപ്പെട്ടു.. തിരിഞ്ഞ് റഷീദിനോട് കുറച്ച് വെള്ളം വേണമെന്ന്
ആവശ്യപ്പെട്ടു. ഒരാൾ വെള്ളവുമായെത്തി.. റഷീദ് പതുക്കെ ഗ്ലാസ് വാങ്ങി
വാപ്പയുടെ അടുത്തേയ്ക്ക് നീട്ടി... ആ വൃദ്ധമനുഷ്യൻ പെട്ടെന്ന് റഷീദിന്റെ
കരങ്ങളിലേയ്ക്ക് കുഴഞ്ഞു വീണു.. ആ ഹാളിൽ തിങ്ങിക്കൂടിയവരുടെ മുഖത്ത് ദുഖം
നിഴലിച്ചു. എല്ലാവ രും ഓടിയെത്തി.. ഉടൻ വാപ്പാനെ ആശുപത്രിയിലെത്തിക്കണം..
താങ്ങിയെടുത്ത് വാപ്പായെ കാറിലിരുത്തി.. സഫിയ അടുത്തിരുന്ന്
വീശുന്നുണ്ടായിരുന്നു... കാർ അതിവേഗം ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു...
എല്ലാവരുടേയും പ്രാർത്ഥന ആ നന്മമരത്തിന് ഒന്നും സംഭവിക്കരുതേയെന്നായിരുന്നു.
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 22 12 2019
ഷംസുദ്ധീൻ തോപ്പിൽ 15 12 2019
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 22 12 2019
ഷംസുദ്ധീൻ തോപ്പിൽ 15 12 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ