11.9.21

നിഴൽവീണവഴികൾ ഭാഗം 143

 

അതിനിടയിൽ ഐഷുവിന്റെ കാൾ വന്നിരുന്നു. അവൾക്ക് വെക്കേഷൻ നാളെ തുടങ്ങുന്നു. നാട്ടിലേയ്ക്ക് യാത്രയുണ്ട്. അപ്പോൾ കാണണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അൻവറും റഷീദുമെല്ലാം ഗൾഫിൽ നിന്നും വിളിച്ചിരുന്നു. എല്ലാവരും വളരെ ത്രില്ലിലായിരുന്നു. ആ ദിവസം ആ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു.....

അതിരാവിലെ തന്നെ വിഷ്ണുവും ഫസലും എയർപോർട്ടിലേയ്ക്ക് യാത്ര തിരിച്ചു. റോഡ് വിജനമായിരുന്നതിനാൽ അത്യാവശ്യം നല്ല സ്പീഡിലായിരുന്നു യാത്ര. അതുകൊണ്ട് അവർ നേരത്തെ എയർപോർട്ടിലെത്തി. അവിടെ കാന്റീനിൽ നിന്നും ചായകുടിച്ചു. ഫസൽ ചായ കുടിക്കാറില്ല. അവനൊരു മാംഗോ ജ്യൂസ് കഴിച്ചു. അൽപനേരം കാറിൽ വിശ്രമിച്ചു. ജിദ്ദ കൊച്ചിൻ ഫ്ലൈറ്റ് എത്തിയെന്നുള്ള അറിയിപ്പു ലഭിച്ചയുടൻ അവൻ വണ്ടിയിൽ നിന്നിറങ്ങി.. എയർപോർട്ടിലെ അറൈവിംഗ് ടെർമിനലിനടുത്തു നിലയുറപ്പിച്ചു. അൽപസമയത്തിനകം അൻവർ ട്രോളിയുമായി പുറത്തേയ്ക്കിറങ്ങി.. ഫസൽ കൈ ഉയർത്തികാണിച്ചു. അൻവർ ഓടിവന്ന് ഫസലിനെ ആലിംഗനം ചെയ്തു. വിഷ്ണുവിന് ഷേ്ക്ഹാന്റും നൽകി...

”ടാ നീയങ്ങു വളർന്നുപോയല്ലോടാ..” ഫസലൊന്നു ചിരിച്ചു.

”അല്ല വിഷ്ണു ചെക്കനെ കെട്ടിക്കാറായില്ലേ.”

”അതേ ഇക്കാ..”

ട്രോളിയുടെ സാരധ്യം ഫസൽ ഏറ്റെടുത്തു. അതും തള്ളി അവർ കാറിനടുത്തേയ്ക്കു നടന്നു.

കാറിന്റെ ഡിക്കിയിൽ സാധനങ്ങൾ വച്ചു...

”നമുക്ക് ലൈറ്റായിട്ട് എന്തെങ്കിലും കഴിക്കണം... ഇന്നലെ ഫ്ലൈറ്റിനിന്നും ആഹാരം കഴിച്ചതാ... ശരിയായില്ല...”

”അതിനെന്താ മാമാ.. നമ്മുടെ സ്ഥിരം കടയുണ്ട്. അപ്പം മുട്ടക്കറി..”

”ങ്ഹാ ശരി. എന്നാ വിട്.”

അവർ വണ്ടിയിൽ കയറി... അപ്പോഴേയ്ക്കും അൻവറിന്റെ മൊബൈൽ റിംഗ് ചെയ്തു...

”ഇക്കാ മൊബൈല് വാങ്ങിയോ..”

”അതേ.. അവിടെ ഇതില്ലാതെ പറ്റില്ല...”

”ഇവിടെയും വന്നു തുടങ്ങി.. എല്ലായിടത്തും റേഞ്ച് ഇല്ല...”

”ഇത് റോമിംഗ് ഉള്ളതാ...”

”ഫസൽ വലിയ അത്ഭുതത്തോടെ നോക്കി..”

”അൻവർ വീട്ടിലെ നമ്പർ ഡയൽ ചെയ്ത് വിളിച്ചു... അപ്പുറത്ത് സഫിയയാണ് ഫോണെടുത്തത്.

”ഇക്കാ... അവിടുന്നു തിരിച്ചില്ലേ..”

”ഞാനിവിടെ നാട്ടിലെത്തി... ഇവരോടൊപ്പം വണ്ടിയിലാ...”

”കള്ളം പറയല്ലേ ഇക്കാ..”

”കള്ളമല്ല സഫിയാ...”

”എന്നാ അവന്റേ കൊട്ക്ക്...”

”അൻവർ ഫോൺ ഫസലിന്റെ കൈയ്യിൽ കൊടുത്തു.”

”ഉമ്മാ മാമ പറഞ്ഞത്.. ശരിയാ... ഇവിടെത്തി... മാമ മൊബൈലിൽ നിന്നും വിളിച്ചതാ... നമ്മുടെ അബ്ദുക്കാന്റെ കൈയ്യിലിരിക്കുന്ത് കണ്ടിട്ടില്ലേ.. വയറില്ലാതെ ഫോൺവിളിക്കാമോന്ന് ഉമ്മ ചോദിച്ചത്..”

”ശരിയാ... അത് വലിയ വിലയാകില്ലേ..”

”ഇല്ലുമ്മ ഗൾഫിലൊക്കെ എല്ലാവരും ഉപയോഗിക്കുന്നതാ.. ഇതിപ്പോൾ നാട്ടിലും ആൾക്കാരൊക്കെ വാങ്ങിത്തുടങ്ങി.. ഞങ്ങളുടെ കോളേജിലെ രണ്ടുമൂന്നുപേർക്കുണ്ട്... അവരത് ഹോസ്റ്റലിൽ വച്ച് വിളിക്കുന്നത് കണ്ടിട്ടുണ്ട്.”

”അപ്പോ... ഈ ഗ്രാമത്തിൽ കിടക്കുന്ന നമ്മക്കൊന്നും ഇതൊന്നും അറിയില്ലല്ലേ...”

”ഉമ്മയ്ക്ക് വരുമ്പോൾ കാണാലോ...”

”ശരി... സൂക്ഷിച്ചു പോരേ... ഇവിടെ എല്ലാവരും കാത്തിരിക്കുന്നു.”

”ഫസലേ... അവൾക്ക് വിശ്വാസമായോ..”

”വിശ്വസിച്ചെന്നു തോന്നുന്നു...”

”എനിക്കാദ്യം വിശ്വാസം വന്നില്ലാട്ടോ...” വിഷ്ണുവാണത് പറഞ്ഞത്...

അവർ സ്ഥിരമായി കയറുന്ന ഹോട്ടലിൽ വണ്ടി നിർത്തി.. അവിടുത്തെ ഫേമസ് ഫുഡ് അപ്പവും മുട്ടക്കറിയുമാണ്... ഉള്ളി നന്നായി വഴറ്റി നല്ല മണമൂറും മസാലയും ചേർത്ത് അതിനിടയിൽ ഒരു മുട്ടയും വച്ചു കൊണ്ടു വരുന്നതുകണ്ടാലേ വായിൽ കപ്പലോട്ടം തുടങ്ങും...

അവർ മൂന്നുപേരും അപ്പവും മുട്ടക്കറിയും ഓർഡർ ചെയ്തു. രണ്ടാൾ ചായ.. ഫസൽ ഒരുഹോർലിക്സ് പറഞ്ഞു...

”ഹാ... എന്തു ടേസ്റ്റാണ്... എത്ര നാളായി നാട്ടിലെ നല്ല ഭക്ഷണം കഴിച്ചിട്ട്...”

”അതെന്താ അവിടുത്തെ ആഹാരം അത്ര പോരേ..”

”അതല്ലടാ.. നാട്ടിലെ രുചി ഒന്നു വേറെതന്നെയാണ്.. അതവിടുത്തെ സദ്യയും ഇവുടുത്തെ സദ്യയും തമ്മിലും വ്യത്യാസമുണ്ട്. ഇല വെട്ടിയിട്ട് സദ്യ കഴിച്ചാലും നാട്ടിൽ കിട്ടുന്ന ഒരു രുചി അവിടെ കിട്ടിയിട്ടില്ല... അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല.. ചിലപ്പോൾ കഴിക്കുന്നഭക്ഷണത്തിന് നാടുമായുള്ള ബന്ധമായിരിക്കാം.... നാട്ടിലെ എല്ലാ ഭക്ഷണവും അവിടെ കിട്ടും... ഉദാഹരണത്തിന് മസാലദോശ... ഇവിടെ കിട്ടുന്ന രുചി അവിടെ കിട്ടില്ല... നമ്മുടെ ദിവാകരന്റെ കടയിലെ പരിപ്പുവടയും ചായയും അതിന്റെ രുചി അവിടെ എത്ര ചായയും പരിപ്പു വടയും കഴിച്ചാലും കിട്ടില്ല... ചിലപ്പോൾ നാട്ടിലാവുമ്പോൾ നമ്മുടെ മനസ്സ് നാടൻ രുചികളോട് പ്രിയമായിരിക്കാം.. അവിടാകുമ്പോൾ നാടൻ രുചിയാണെങ്കിലും ഒരു തോന്നലായിരിക്കാം...”

അവർ തലകുലുക്കി...

”അപ്പോൾ ശരിക്കും മാമയ്ക്ക് നാടാണോ ഗൾഫാണോ ഇഷ്ടം...”

”എനിക്ക് നാടു തന്നെ... നമ്മുടെ സ്വന്തം നാടിനോളം ഒരു നാടും വരില്ല... നാട് നമ്മുടെ പെറ്റമ്മയാണെങ്കിൽ ഗൾഫ് നമുക്ക് പോറ്റമ്മയാ.... എത്ര കുടുംബങ്ങളെയാ ഗൾഫെന്ന അമ്മ പോറ്റുന്നത്... എത്രയോപേരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിച്ചത്... ഒരിക്കലും രക്ഷപെടില്ലെന്നു കരുതിയ എത്രയോ മനുഷ്യർ രക്ഷപ്പെട്ടിരിക്കുന്നു. എല്ലാം അതിന്റെ പ്രത്യേകതയാണ്... ഓരോ നിമിഷവും നാടെന്ന ബോധം നമുക്കുണ്ട്... പക്ഷേ ഗുണവും ദോഷവുമുണ്ട്. നമ്മൾ മലയാളികൾ നാട്ടിലാണെങ്കിൽ വേണ്ടിവന്നാൽ എന്ത് നിയമലംഘനവും നടത്തും.. കാരണം നാട്ടിൽ എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്നുള്ള ചിന്താഗതി.. പക്ഷേ ഗൾഫിൽ എത്തിയാലോ... എന്തു മര്യാദക്കാരാവുമെന്നറിയാമോ... അടിയില്ല അക്രമമില്ല നിയമലംഘനമില്ല.. ചിലപ്പോൾ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായെന്നിരിക്കും.. ന്നാലും ഏതു ചട്ടമ്പി അവിടെത്തിയാലും നല്ലവനായി മാറും.. അവന്റെ മനസ്സിൽ നാടെന്ന ഓർമ്മ നിലനിൽക്കുന്നതും ഒരു കാരണമാണ് തിരികെ ഇവിടെ എത്തണമെന്ന ആഗ്രഹം... നിയമ ലംഘനം നടത്തിയാൽ അവിടെ നിന്നു ലഭിക്കുന്ന ശിക്ഷ.. അത് നാട്ടിലേയ്ക്കുള്ള വാതിലടയ്ക്കുമോ എന്നുള്ള വിശ്വാസം.. അതൊക്കെയാണ് മലയാളിയുടെ പ്രത്യേകതകൽ.”

മലയാളി സ്വന്തം നാടൊഴിച്ച് എവിടെപ്പോയാലും വലിയ മര്യദക്കാരായിരിക്കും.. എല്ലാവരേയും അല്ല പറയുന്നത്.. ചിലരെങ്കിലും... നമ്മൾ ഒരു രാജ്യത്തെത്തിയാൽ അവിടുത്തെ നിയമം അവിടുത്തെ സംസ്കാരം എല്ലാം അനുസരിക്കാൻ ബാധ്യസ്ഥരാണ്. ബിസിനസ് നടത്തുന്നവർ വാഹനമോടിക്കുന്നവർ ജോലി ചെയ്യുന്നവർ, ആരോഗ്യപ്രവർത്തകർ എല്ലാവർക്കും അതിന്റേതായ ഉത്തരവാദിത്വമുണ്ട്. ബിരുദാനന്തരബിരുദത്തേക്കാൾ അവിടെ ആവശ്യം പ്രവർത്തി പരിചയമാണ്... ചിലപ്പോൾ ഒരു എഞ്ചിനീയർ അവിടെത്തിയാൽ ലഭിക്കുക ഉദ്ദേശിക്കുന്ന ജോലിയായിരിക്കില്ല കഴിവുള്ള ഒരു പത്താംക്ലാസ്സുകാരന് കിട്ടുന്നത്... കഴിവിന്റെ അടിസ്ഥാനത്തിലാണ് അവിടെ അവസരം ലഭിക്കുന്നത്.. ഇവിടെ തൊഴിലില്ലായ്മ കൂടുതലായതിനാൽ കഴിവിനേക്കാൾ ക്വാളിഫിക്കേഷൻ മാനദണ്ഡമാക്കിവച്ചിരിക്കുന്നു അത്രയേയുള്ളൂ വ്യത്യാസം. ഗൾഫുപോലുള്ള ഒരു രാജ്യത്ത് കഴിവുള്ള ഒരു പത്താംക്ലാസ്സുകാരന് ഒരു കമ്പനിയിയുടെ ഉന്നതിയിലെത്താൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമ്മുടെ നാട്ടിൽ കഴിയുന്നില്ല... കാരണം അതിനുള്ള അവസരം ലഭിക്കുന്നില്ലെന്നുള്ളതായിരിക്കാം... എത്രയോ ബിസിനസ്സുകാർ അവിടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടി വിജയംകൊയ്തവരാണെന്നറിയാമോ.... എന്തിനേരറെപ്പറയുന്നു നമ്മുടെ ലുലുവിന്റെ മുതലാളി ശ്രീ.യൂസഫലി... അദ്ദേഹം ഇത്രയും വലിയ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ എത്രയോ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടാവും... അദ്ദേഹം മറ്റുള്ള രാജ്യങ്ങളിൽ തന്റെ സ്ഥാനം ഉറപ്പിച്ചതിനു ശേഷമാണ് കേരളത്തിലെത്തിയത്... കാരണം ലൂലു ഒരു പുതിയ സംസ്കാരമാണ്... അതിന്റെ പ്രത്യേകത ജനം മനസ്സിലാക്കിയതിനുശേഷമാണ് നമ്മുടെ നാട്ടിൽ തുടങ്ങിയത്.. അത് വിജയം തന്നെയായിരുന്നു. അതുപോലെ എല്ലാ ബിസിനസ്സുകാരും നമ്മുടെ കേരളത്തിലേയ്ക്കും വരട്ടെ... നമ്മുടെ നാടും രക്ഷപ്പെടട്ടേ..

അവർ ഓരോ കാര്യങ്ങളുംസംസാരിച്ചിരുന്നു സംമയം പോയതറിഞ്ഞില്ല.. ഇതിനിടയിൽ റഷീദും വിളിച്ചിരുന്നു. പതിനൊന്നു മണിയോടെ അവർ വീട്ടിലെത്തി. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു വന്നപാടെ ഹമീദിനെ കൈ പിടിച്ചു മുത്തമിട്ടു... അൻവറിന്റെ മകൾ അടുത്തുവരുന്നില്ല.. ഫോണിൽ വാപ്പയ്ക്ക് പാട്ടൊക്കെ പാടി കേൾപ്പിക്കുമായിരുന്നു. ഇവൾക്കെന്തുപറ്റി...


”അതിക്കാ.. അവൾക്ക് നാണമായിരിക്കും.. ഓർമ്മയാകുന്നതിനു മുമ്പു പോയതല്ലേ... പതുക്കെ ശരിയാവും..”

”അൻവറേ... അവളങ്ങനാ.. എളുപ്പം അടുക്കില്ല... അടുത്താൽ പിന്നെ വിട്ടുമാറത്തുമില്ല.. നിന്നെപ്പോലെയാ... നീയും ഇതുപോലായിരുന്നു കുട്ടിക്കാലത്ത്.”

”ശരിയാ.. വാപ്പപറഞ്ഞ് ഓർമ്മയുണ്ട്.”

”യാത്രയൊക്കെ സുഖമായിരുന്നോ..”

”അതേ വാപ്പാ.... പുറപ്പെടാൻ കുറച്ചു താമസിച്ചു എന്നതൊഴിച്ചാൽ വേറേ പ്രശ്നങ്ങളൊന്നുമുണ്ടായില്ല..”

”അൽഹംദുലില്ല.”

”റഷീദിനും അഭിമന്യുവിനും സുഖമായിരിക്കുന്നോ..”

”സുഖമായിരിക്കുന്നു.. അഭിമന്യു ഇന്ന് ദുബായിലെത്തും... രണ്ടുദിവസം അവിടെ നിന്നിട്ട് തിരികെപ്പോകും... അവിടെ ഭാര്യ ഗർഭിണിയല്ലേ..”

”അവൾക്കെങ്ങനെയുണ്ട്..”

”സുഖമായിരിക്കുന്നു. ജോലിക്കു പോകുന്നുണ്ട്.”

”സ്റ്റീഫന്റെ മകളോ..”

”ആ കുടുംബവും സുഖമായിരിക്കുന്നു.. ഞങ്ങൾ രണ്ടാളും രണ്ടു സ്ഥലത്തല്ലേ.. വാപ്പാ..”

”ഓ ശരിയാണല്ലോ... ഞാനതങ്ങു മറന്നു.”

”നിങ്ങൾ പോയി ഫ്രഷായി വാ... എന്നിട്ടാവാം. ബാക്കിയൊക്കെ.”

എല്ലാവരും ഫ്രഷാവാൻ പോയി.. ഫസൽ മുകളിലേയ്ക്കും അൻവർ അവരുടെ ബഡ്റൂമിലേയ്ക്കും.. വീട്ടിൽ ഒരു ഉത്സവ പ്രതീതി.. അൻവർ കൊണ്ടുവന്ന പെട്ടികൾ ഹാളിൽ തന്നെ വച്ചിരിക്കുന്നു. ഇനി ആ പെട്ടി പൊട്ടിക്കലുണ്ട്.. അതൊരു ചടങ്ങാണ്.. അതിൽ നിന്നും എല്ലാവർക്കുമായി വാങ്ങിയതോരോന്നും വീതംവയ്ക്കും.. ആർക്കും യാതൊരു പരിഭവവും പിണക്കവും കാണത്തുമില്ല... കുട്ടികൾ രണ്ടാളും അതിനുമുകളിൽതന്നെയാണ്... അവരോരോരുത്തരും തങ്ങളുടെ കളിപ്പാട്ടം എവിടായിരിക്കും എന്നു തിരകുയാണ്...

ഉച്ചഭക്ഷണം തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു.. എല്ലാവരും ഒരുമിച്ചിരുന്ന ആഹാരം കഴിച്ചു. കുട്ടികൾ അപ്പോഴും പെട്ടികളിൽ നിന്നുള്ള കളി മാറ്റിയിരുന്നില്ല..

”ഇക്കാ... അതിനകത്തുള്ളതെന്തെന്നു അറിയാതെ അവരതിനടുത്തുനിന്നും മാറില്ല..”

”ഹ്ഹാ.. എനിക്കറിയാം.. അവർക്കുള്ളത് അതിനകത്തുണ്ട്.. നമുക്കത് വൈകിട്ട് പൊട്ടിക്കാം...”

”ശരി...”

അതിനിടയിൽ ഫസലിന് ഐഷുവിന്റെ കാൾ വന്നിരുന്നു. അവൻ അതുമായി കുറച്ചുനേരമിരുന്നു. ആ കൂട്ടത്തിൽ അൻവർ മൊബൈൽ കൊണ്ടുവന്ന കാര്യവും അവളോട് പറഞ്ഞു... അവളും പറഞ്ഞു ബാംഗ്ലൂരിലും മൊബൈലെത്തി.. വാപ്പയ്ക്കും വങ്ങണമെന്നുപറഞ്ഞിരിക്കുകയാണെന്ന്... അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടു നിന്നു.

ഇതിനിടയിൽ ചിലർ അൻവറിനെ കാണാനെത്തിയിരുന്നു. അവരുമായി സംഭാഷണം നടത്തി അൻവറും.. മറ്റുള്ളവർ അവരുടെ ജോലിയിലും ആയിരുന്നു.



തുടർന്ന് വായിക്കുക അടുത്തഞായറാഴ്ച്ച 19 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 12 09 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ