1.6.19

നിഴൽവീണവഴികൾ - ഭാഗം 24

...തന്റെ ജീവിതത്തിൽ നല്ലതും ചീത്തയും സംഭവിച്ചത് ഹാജിക്കയെ കണ്ടതിനു ശേഷമായിരുന്നു. ആ ചിരി മുഖം ഇനിഇല്ലെന്നോർക്കുമ്പോൾ.... ഫസൽ  എപ്പോഴോ ഉറങ്ങിപോയി . ഉണർന്നപ്പോൾ നേരം വെളുത്തിരുന്നു. പെട്ടെന്നുതന്നെ കുളിച്ച് കാപ്പികുടിച്ചെന്നുവരുത്തി അവൻ ഇറങ്ങി ഓടി... അദ്ദേഹത്തിന്റെ മയ്യത്തൊന്നു കാണണം അതായിരുന്നു അവന്റെ ലക്ഷ്യം... 

തടിച്ചു കൂടിയ ജനക്കൂട്ടത്തിനിടയിൽ ആരും അറിയാതെ ഫസൽ  അവിടെ ചുറ്റിപ്പറ്റി നിന്നു. വീടിനകത്തു കടക്കാൻ ശ്രമിച്ചപ്പോൾ തന്നെ പരിചയമില്ലാത്തവനെപ്പോലെ തടഞ്ഞുനിർത്തുകയായിരുന്നു. റസിയാത്ത  തന്നെ കണ്ടഭാവം പോലും നടിച്ചില്ല... തന്നെ എല്ലാരും അവഗണിക്കുന്നതുമാതിരി, വല്ലാത്ത നിരാശ അവനിൽ കടന്നുകൂടി... അധികനേരം അവനവിടെ നിൽക്കാനാവുമായിരുന്നില്ല... മയ്യത്ത് നമസ്കാരത്തിന് നിൽക്കാതെ ഫസൽ അവിടെനിന്നും വീട്ടിലേയ്ക്ക് തിരിച്ചു. പോകുന്നവഴി നാലുമുക്കിലെ ആലിന്റെ ചുവട്ടിൽ അല്പനേരം ഇരുന്നു. തണുത്ത കാറ്റുതട്ടിയപ്പോൾ ഒരാശ്വാസം, കഴിഞ്ഞതെല്ലാം മറക്കാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഹാജിക്കയുടെ ചിരിമുഖം അപ്പോഴും അവന്റെ മനസ്സിൽ തെളിഞ്ഞു നിന്നിരുന്നു. തന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരിക്കാം ഇതെന്നവൻ കരുതി.

ദിവസങ്ങൾ കടന്നുപോയി. ഫസലിന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം കൂടിക്കൂടി വരികയാണ്. പക്ഷെ എങ്ങിനെ... ഒരവസരം കിട്ടുകയെന്നുള്ളത് എളുപ്പമല്ല.  ഹാജിക്കയിൽ അവന് നല്ല പ്രതീക്ഷയായിരുന്നു. പക്ഷെ പിന്നീടാണറിഞ്ഞത് അയാൾ തന്നെ ചൂഷണം ചെയ്യുകയായിരുന്നെന്ന്. ഒരുപാട് കൂട്ടുകാരോട് സിനിമയിൽ തനിക്ക് എത്രയും പെട്ടന്ന് അവസരം കിട്ടുമെന്ന് പറയുകയും ചെയ്തു. അവരൊക്കെ ഇപ്പോൾ സിനിമാ നടനെന്ന് പറഞ്ഞ് കളിയാക്കുകയാണ്. 

പലരും കളിയാക്കുമ്പോഴും ഐഷു അവനെ ദയനീയമായി നോക്കുമായിരുന്നു. ഐഷുവിനും ആഗ്രഹമുണ്ടായിരുന്നു താനൊരു സിനിമാനടനായി കാണാൻ. അവളുടെ വാപ്പയുടെ ശ്രമഫലമായാണ് തനിക്ക് ഹാജിക്ക അവസരം തന്നത്. ഹാജിക്കയുടെ മരണത്തോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

ഒരുദിവസം ഫസൽ ലൈബ്രറിയിൽ ചില പുസ്തകങ്ങൾ തിരയുകയായിരുന്നു. അപ്രതീക്ഷിതമായി തന്റെ ചുമലിൽ ഒരു തലോടൽ. അവൻ തിരിഞ്ഞു നോക്കി. ഐഷു...

”എന്താ ഐഷു ഇവിടെ.”

”എന്താ എനിക്കിവിടെ വന്നൂടെ.”

”വരാം... അപ്രതീക്ഷിതമായി കണ്ടതുകൊണ്ടാ ചോദിച്ചത്”.

അവൾ ഒരു തുണ്ട് കടലാസ് അവന്റെ നേരേ നീട്ടി. 

”ഇത് ഇന്നത്തെ പത്രത്തിൽ വന്ന വാർത്തയാ.. വായിച്ചു നോക്കൂ... ചിലപ്പോൾ ഉപകാരപ്പെടും. മറ്റുള്ളവർ കളിയാക്കുന്നതുകോട്ട് വിഷമിക്കരുത്” അവൾ അതും പറഞ്ഞ് പുറത്തേയ്ക്ക് പോയി.

അവളുടെ സാമീപ്യം തനിക്ക് പലപ്പോഴും ഒരു ശക്തി നൽകുന്നതായി തോന്നിയിട്ടുണ്ട്. അവൻ ആ തുണ്ട് കടലാസിലേയ്ക്ക് നോക്കി. സിനിമയിൽ അഭിനയിക്കാൻ അവസരം എന്നായിരുന്നു പ്രധാന തലക്കെട്ട്. പ്രശസ്ത സംവിധായകന്റെ പേരിടാത്ത സിനിമയിൽ പുതുമുഖങ്ങളെ ആവശ്യമുണ്ട്. 7 ദിവസിത്തിനകം താഴെ കൊടുത്ത ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുക. 

ഫസൽ അല്പം തിടുക്കത്തിൽ പുറത്തേയ്ക്കിറങ്ങി. തന്റെ കൂടെപ്പഠിക്കുന്ന സൈദിയുടെ വാപ്പയുടെ ടെലിഫോൺ ബൂത്താണ് ലക്ഷ്യം. അവിടെയെത്തി പരസ്യത്തിൽ കണ്ട നമ്പറിൽ ഫോൺ ചെയ്തു. ഫോണെടുത്ത  ആൾ ഫസലിനെ നേരിട്ടു കാണണമെന്ന് പറഞ്ഞു. അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല അഭിനയിച്ചു കാണിക്കണം. എത്തേട്ട സ്ഥലം ഗുരുവായൂർ ആണെന്നും എത്രയും പെട്ടന്ന് അവിടെ എത്തണമെന്നും ടൂറിസ്റ്റ് ഹോമിന്റെ പേരും റൂം നമ്പറും പറഞ്ഞു കൊടുത്തു. ഫസലിന് വളരെ സന്തോഷമായി. സംവിധായകൻ തന്നെ നേരിട്ട് കാണുകയാണെങ്കിൽ എന്തായാലും അവസരം കിട്ടും. എന്നിട്ട് വേണം കൂട്ടുകാരുടെ മുമ്പിൽ ഞെളിഞ്ഞ് നടക്കാൻ. അപ്പോഴാണവൻ ആലോചിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ എങ്ങിനെ ഗുരുവായൂരിൽ എത്തും. താൻ കേട്ടിട്ടുണ്ടെന്നല്ലാതെ ഇത് വരെ പോയിട്ടില്ല. ഏകദേശം മൂന്ന് മണിക്കൂർ യാത്ര ഉണ്ടെന്നാ പറഞ്ഞ് കേൾക്കണത്. ഒറ്റക്ക് പോവാൻ പറ്റില്ല. തന്റെ കൂടെ ആരാ വരിക. അപ്പോഴാണവന് ലത്തീഫ് മാഷുടെ മുഖം ഓർമ്മവന്നത്. മാഷോടൊന്ന് ചോദിച്ച് നോക്കാം. അവർക്കൊരാവശ്യം വന്നപ്പോൾ താൻ കൂടെ പോയില്ലെ.

സ്കൂൾ വീട്ട് അവൻ ലത്തീഫ്മാഷിന്റെ താമസസ്ഥലത്തേയ്ക്ക് പോയി. അവൻ കാര്യങ്ങളെല്ലാം വിശദമായി മാഷോട് പറഞ്ഞു. ലത്തീഫ് മാഷിന് വളരെ സന്തോഷമായി. 

”ഞാൻ വരാം. സംവിധായകൻ നിന്നെ കണ്ടാൽ നിനക്കെന്തായാലും അവസരം കിട്ടും. നീ സുന്ദരനല്ലെ !”

ലത്തീഫ് മാഷ് പറഞ്ഞു. അടുത്ത ദിവസം തന്നെ അവർ ഗുരുവായൂരിലേക്ക് പോകാൻ തീരുമാനിച്ചു. ഫസൽ എന്നും സ്കൂളിലേക്ക് പോകുന്ന പോലെ വീട്ടിൽ നിന്നിറങ്ങി. ലത്തീഫ് മാഷ് ബസ് സ്റ്റോപ്പിൽ കാത്ത് നിൽപ്പുണ്ടായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടുവരുന്ന സമയമാകുമ്പോൾ വീട്ടിൽ എത്തണം. സ്കൂളിൽ തൽക്കാലം എന്തെങ്കിലും പറയാം. എന്തെങ്കിലും കാരണമില്ലാതെ താൻ ലീവെടുക്കില്ലന്ന് സാറിനറിയാം.

അടുത്ത ദിവസം നേരത്തേ വീട്ടിൽ നിന്നും ഇറങ്ങി. ഉപ്പാനോട് രാവിലെ സ്കൂളിൽ ക്ലാസ്സുണ്ടെന്ന് അവൻ കള്ളം പറഞ്ഞു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് കിട്ടി. ഫസലിനെ കൊണ്ട് പൈസ കൊടുപ്പിക്കാൻ ലത്തീഫ് മാഷ് സമ്മതിച്ചില്ല. 

”നീ സിനിമയിൽ കയറിയിട്ട് ഇതിന്റെ പലിശയുൾപ്പെടെ എനിക്ക് തിരികെതന്നാ മതിയെടൊ അത് പറഞ്ഞു ലത്തീഫ് മാഷ് ഫസലിന്റെ തോളിൽ തട്ടി ചിരിച്ചു . തൽക്കാലം ഇപ്പൊ ഞാൻ കൊടുക്കാം.”

11 മണി ആയപ്പോഴേക്ക് അവർ ഗുരുവായൂരിൽ എത്തി. പടിഞ്ഞാറെ നടയിലാണ് സംവിധായകൻ പറഞ്ഞ ലോഡ്ജ്. ലോഡ്ജിന്റെ റിസപ്ഷനിൽ എത്തി കാര്യം പറഞ്ഞു. ഇന്റർവ്യു മുന്നൂറ്റി ഒന്നാം നമ്പർ മുറിയിലാണെന്ന് പറഞ്ഞു. മുറിയുടെ മുമ്പിലവർ എത്തിയപ്പോൾ ഒരുപാട് പേരുണ്ടവിടെ വരിവരിയായി നിൽക്കുന്നു. ഇന്റർവ്യൂ കഴിഞ്ഞ് ഓരോരുത്തർ പുറത്തേക്ക് വരുന്നുണ്ട്. ഫസലും  ആ വരിയിൽ നിന്നു. 

ഇന്റർവ്യൂ കഴിഞ്ഞ് പുറത്തേക്ക് വരുന്ന ഒരാളോട് ”നിങ്ങളെ തിരഞ്ഞെടുത്തോന്ന്” ഫസൽ ചോദിച്ചു. അവൻ പറഞ്ഞു..

”ഇപ്പൊ അറിയില്ല. അറീക്കാമെന്നാ പറഞ്ഞത്.” കൂടുതലൊന്നും പറയാതെ ചിരിച്ച് കൊണ്ടവൻ കടന്ന് പോയി. അവസാനം ഫസലിന്റെ ഊഴമെത്തി. അവന് തന്റെ സ്കൂൾ ജീവിതത്തിലെ കലാമത്സര ഇനങ്ങളിൽ കിട്ടിയ സർട്ടിഫിക്കറ്റെല്ലാം ഒരു കവറിലാക്കി കൊണ്ടുവന്നിരുന്നു. ലത്തീഫ് മാഷും ഫസലും കൂടി റൂമിലേക്ക് കയറി, റൂമിന്റെ വാതിൽ പതിയെ അടച്ചു. അപ്പോഴാണവൻ ശ്രദ്ധിച്ചത് താടിവെച്ച ചെറുപ്പക്കാരൻ ചെയറിൽ ഇരിക്കുന്നു. കണ്ണിമവെട്ടാതെ ഫസലിനെ സൂക്ഷിച്ചുനോക്കുകയായിരുന്നു. ഫസലും ഒന്നും മിണ്ടാനാവാതെ നിന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവന് മനസ്സിലായില്ല. ഇനി തന്നെ ഇഷ്ടപ്പെടാതെ ഇറങ്ങിപ്പോകാൻ പറയുമോ ആവോ... ഡയറക്ടർ മേശമേലിരുന്ന ബെല്ലിൽ രണ്ടുമൂന്ന് പ്രാവശ്യം അമർത്തി. അദ്ദേഹത്തിന്റെ സഹായി പുറത്തുനിന്നും കതകുതുറന്ന് അകത്തെത്തി. 

”രാജൂ... പുറത്തിനി എത്രപേരുണ്ട്.”

”ഏകദേശം പത്തുപേരോളം വരും.

”അവരോട് പറഞ്ഞേക്ക് എന്റെ സിനിമയിലേയ്ക്കുള്ള നായകനെ സെലക്ട് ചെയ്തെന്ന്. ഇനി അവസരം വരുമ്പോൾ വിളിക്കാമെന്ന്.”

അദ്ദേഹത്തന്റെ സഹായി രാജു ഫസലിനേയും ഡയറക്ടറേയും ലത്തീഫ് മാഷിനേയും മാറിമാറി നോക്കി. ഒരു അനുസരണയുള്ള ജീവനക്കാരനേപ്പോലെ പുറത്തേയ്ക്ക് പോയി...

ഡയറക്ടർ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് വന്ന് അവനെ തന്നോട് ചേർത്തു പിടിച്ചു. 

”ഞാൻ അന്വേഷിച്ചു നടന്ന എന്റെ സിനിമയിലെ കഥാപാത്രത്തെ നിന്നിൽ ഞാൻ കണ്ടെത്തിയിരിക്കുന്നു. നിന്നെ ഇന്റർവ്യൂ ഒന്നും  ചെയ്യണ്ട. നിനക്കേതായാലും എന്റെ പടത്തിൽ നല്ലൊരു വേഷം ഞാൻ തരും. നിന്നെ കണ്ടമാത്രയിൽ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു.”

ലത്തീഫ് മാഷിനും ഫസലിനും വളരെ സന്തോഷമായി. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ കൂട്ടത്തിൽ ലത്തീഫ് മാഷെ ചൂണ്ടി അയാൾ ചോദിച്ചു. 

”ഇതാരാ ഫസലെ ഇതെന്റെ”.

”എന്റെ സാറാ.”

” ഓ ശിഷ്യൻ ഗുരുവിനേയും കൂട്ടിയാണോ വന്നിരിക്കുന്നത്.”

”ഇവന്റെ വളരെകാലത്തെ ആഗ്രഹമാണ് സിനിമയിൽ അഭിനയിക്കുക എന്നത്. അതാണ് ഞാൻ തന്നെ ഇവന്റെ കൂടെ വന്നത്.”

”അവന്റെ ആഗ്രഹം മനസ്സിലാക്കിയ മാഷല്ലേ... അവൻ എന്തായാലും എന്റെ സിനിമയിൽ അഭിനയിക്കും തീർച്ച.”

കുറച്ചുനേരത്തെ സംഭാഷണങ്ങൾക്കുശേഷം അവർ യാത്രപറഞ്ഞിറങ്ങി. താമസിയാതെ കത്തയയ്ക്കുമെന്നും അപ്പോൾ ഇവിടെ തന്നെ എത്തിച്ചേരണമെന്നും പറഞ്ഞു. സന്തോഷത്തോടെ അവർ നാട്ടിലേക്ക് തിരിച്ചു. സ്കൂൾ വിട്ട് വീട്ടിൽ എത്തുന്ന സമയമായപ്പോഴേക്ക് ഫസൽ വീട്ടിൽ എത്തി. 

”ഫസലെ, നിനക്ക് കത്ത് കിട്ടിയാൽ എന്നെ അറീക്കണം നമുക്ക് ഒരുമിച്ച് പോകാം.” ലത്തീഫ്മാഷ് പറഞ്ഞു. 

”ശരി സർ.”

ഒരാഴ്ച തികഞ്ഞില്ല. അതിന് മുമ്പെ ഫസലിനെ തേടിയൊരു കത്ത്. “ഞാൻ അടുത്ത തിങ്കളാഴ്ച ഗുരുവായൂരിൽ നിങ്ങൾ വന്ന അതേ മുറിയിൽ ഉണ്ടാകും.” നിനക്ക് ഡ്രസ്സ് അളവെടുക്കണം കാലത്ത് തന്നെ പുറപ്പെടുക. അടുത്തമാസം പടം തുടങ്ങും. അതിൽ പ്രധാന റോൾ ഫസലാണ് ചെയ്യുന്നത്. ബാക്കി നേരിൽ

എന്ന്
ഡയറക്ടർ
P G S നായർ

ഫസലിന് വളരെ സന്തോഷമായി. തന്നെ കളിയാക്കിയ കൂട്ടുകാരുടെ മുമ്പിലൂടെ തനിക്ക് തല ഉയർത്തി നടക്കണം. ”സിൽമാനട”നെന്നുവിളിച്ച് തന്നെ കളിയാക്കിയവരൊക്കെ നാളെ എന്നെ അംഗീകരിക്കും. അന്ന് തന്നെ ഫസല് ലത്തീഫ് മാഷുടെ അടുത്ത് വന്ന് കാര്യം പറഞ്ഞു. ലത്തീഫ് മാഷിന് വലിയ സന്തോഷമായി. 

”ഫസലെ ഇപ്പൊ ഇതാരോടും പറയണ്ട. എല്ലാവർക്കും ഒരു സർപ്രൈസ്  ആവണം. സ്ക്രീനിൽ കാണുമ്പോൾ നിന്റെ കൂട്ടുകാരൊക്കെ ഞെട്ടണം. തിങ്കളാഴ്ച കാലത്ത് തന്നെ നമുക്ക് പോകാം. നമ്മൾ കഴിഞ്ഞ പ്രാവശ്യം പോയപ്പോ പറഞ്ഞത് പോലെ വീട്ടിൽ നിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയാൽ മതി. പിന്നെ അഭിനയിക്കാൻ പോവുമ്പോൾ വീട്ടിൽ കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം. ആദ്യം എതിർപ്പുണ്ടാവുമെങ്കിലും നല്ല പൈസ കിട്ടുമെന്നറിയുമ്പോൾ എതിർപ്പൊക്കെ താനെ കെട്ടടങ്ങികൊള്ളും.”

ഗുരുവായൂരിൽ എത്താനുള്ള ദിവസമെത്തി. ഫസലിന്റെ മനസപ്പൊ ഒരുപാട് സ്വപ്നങ്ങൾ നെയ്യുന്നുണ്ടായിരുന്നു. നാളെ ഞാനൊരു അറിയപ്പെടുന്ന സിനിമാനടൻ. തിങ്കളാഴ്ച കുറച്ച് നേരത്തെ തന്നെ ഫസൽ വീട്ടിൽ നിന്ന് സ്പെഷൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞിറങ്ങി. ബസ്സ്റ്റോപ്പിൽ വന്ന് നിന്നു, ലത്തീഫ്മാഷിനെ കാണുന്നില്ല, കുറച്ച് കഴിഞ്ഞപ്പൊ ലത്തീഫ് മാഷ് ഓടിപ്പിടഞ്ഞെത്തി. 

”ഫസലെ ചെറിയൊരു പ്രശ്നമുണ്ട്. ഇന്ന് രാവിലെയാ എന്റെ അമ്മോശൻ മരിച്ചത്. ഞാൻ അങ്ങോട്ട് പോവുകയാണ്. നീ കാത്ത് നിൽക്കുമെന്ന് കരുതിയാണ് . ഞാനിവിടെ ഇറങ്ങിയത്. നീ ഏതായാലും പോക്ക് മുടക്കണ്ട. വഴി ഏകദേശം നിനക്കറിയില്ലെ. നേരിട്ടുള്ള ബസ്സല്ലെ അവിടെ എത്താറാവുമ്പൊ കണ്ടക്ടറോട് പടിഞ്ഞാറെനടയിൽ ഇറക്കാൻ പറഞ്ഞാ മതി. എന്താ ചെയ്യാ എനിക്ക് വരാൻ പറ്റാത്ത അവസ്ഥയായില്ലെ.”

”സാരമില്ല സാർ ഞാൻ പോകാം”

ഫസലിനെ  ഗുരുവായൂർക്കുള്ള ബസ്സ് കയറ്റി വിട്ടിട്ടാണ് ലത്തീഫ് മാഷ് പോയത്. വീട്ടൽനിന്ന് നേരെത്തെ ഇറങ്ങിയതിനാൽ ഫസൽ 9.30 ആയപ്പോഴേക്ക്  ഗുരുവായൂരിൽ എത്തി. ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു. പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. അവൻ ടൂറിസ്റ്റ് ഹോമിന്റെ റിസപ്ഷനിൽ എത്തി ചോദിച്ചു.

”ഡയറക്ടർ P G S നായർ”

”ത്രീ നോട്ട് വൺ (301)” 

കഴിഞ്ഞ തവണത്തെ അതെ റൂം തന്നെ. തേർഡ്  ഫ്ളോറിലായിരുന്നു മുറി. റൂമിന്റെ അടുത്ത് ചെന്നപ്പൊ കഴിഞ്ഞ പ്രാവശ്യത്തെ പോലെ ആരെയും കണ്ടില്ല. തനിച്ചെന്നുള്ള പരിഭ്രമത്തോടെ ഡോർബെല്ലിൽ വിരലമർത്തി. അൽപ്പസമയത്തിന് ശേഷം വാതിൽ തുറക്കപ്പെട്ടു. 

”ആരിത് ഫസലൊ വാ വാ  തനിച്ചെയൊള്ളൂ.”

”സാറിനിന്ന് വരാൻ പറ്റിയില്ല.”

”അല്ലെങ്കിലും അതാ നല്ലത്. നമ്മുടെ ആവശ്യത്തിന് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലൊ ഏതായാലും ഫസലൊന്ന് വേഗം ഫ്രഷാവ് കുളിമുറിയിൽ തോർത്തും സോപ്പും ഉണ്ട്. നമുക്ക് അമ്പലത്തിലൊന്ന് പോയിട്ട് വരാം.”

”അയ്യോ സർ അമ്പലത്തിലൊ?”

”എന്താടൊ നീ അമ്പലത്തിൽ കയറില്ലെ.”

”അതല്ല സാർ ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാകില്ലെ.”


”അതിന് നിന്നെ ആരാ തിരിച്ചറിയുക. നിനക്ക് വിശ്വാസമുണ്ടെങ്കിൽ കയറാം, എല്ലാ മതക്കാരുടെയും ദൈവം ഒന്ന് തന്നെയാ വേവ്വേറേ പേരിട്ടു വിളിക്കുന്നെന്നു മാത്രം. ഞാനും അങ്ങിനെ വിശ്വസിക്കുന്ന ആളാണ്. എല്ലാ മതങ്ങളുടേയും ലക്ഷ്യം ഒന്നല്ലേ, മതങ്ങളുടെ വേർതിരിവുകൾ മനുഷ്യനുണ്ടാക്കിയതാ, അസുഖം വരുമ്പോൾ, അപകടം സംഭവിക്കുമ്പോൾ ചികിത്സയ്ക്കായി ഓടിയെത്തുന്ന ആശുപത്രിയിൽ ഏതു ദൈവത്തിന്റെ സാമീപ്യമുണ്ടെന്നു ചോദിക്കാറുണ്ടോ. അതുപോലെ പ്രാർത്ഥനയ്ക്കായി ഏത് ആരാധനാലയത്തിലേയ്ക്കും കടന്നുചെല്ലാം. വിശ്വാസമനുസരിച്ച് ഓരോരുത്തരും ഓരോ ദൈവങ്ങളെ വിളിക്കുന്നു അത്രയേയുള്ളൂ.”

[ശരിയാണ് മതങ്ങളുടെ വേർതിരിവുകൾ മനുഷ്യസൃഷ്ടികൾ മാത്രമാണ്. എല്ലാവരിലും ഉള്ള ചോരയുടെ നിറം ഒന്നുതന്നെ. രക്ത പരിശോധനയിലൂടെ ജാതിനിർണ്ണയിക്കാനുള്ള ലാബുകളും നിലവിലില്ല. മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ വെറും ശവമായി മാറുന്നു അവിടെ സ്വന്തം പേരിനുപോലും സ്ഥാനമില്ല, പരേതന്റെ മൃതദേഹം എന്നുമാത്രമേ പറയൂ. മണിക്കൂറുകൾ കഴിഞ്ഞാൽ അഴിയാൻ തുടങ്ങും, പിന്നെ ഒരുജാതിക്കാരനും അടുത്തുനിൽക്കാൻ തോന്നില്ല. ജാതിയും മതവും മനുഷ്യനുണ്ടാക്കിയ ചട്ടക്കൂടുകൾ മാത്രം. മതപരമായ അതിർവരമ്പുകളല്ല നമുക്കാവശ്യം മനുഷ്യത്വപരമായ കൂടിച്ചേരലുകളാണ്. ജാതിയുടേയും മതത്തിന്റെയേും പേരിൽനടക്കുന്ന അക്രമങ്ങൾ ആർക്കുവേണ്ടിയാണ്, വിശ്വസിക്കുന്ന ദൈവത്തിനുവേണ്ടിയോ, നാം വിശ്വസിക്കുന്ന ദൈവത്തിന് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കാനുള്ള ശക്തിള്ളപ്പോൾ നമ്മൾ ദൈവത്തെ സംരക്ഷിക്കാനിറങ്ങേണ്ടതുണ്ടോ? സർവ്വശക്തനായ ദൈവത്തിന് എല്ലാറ്റിനുമുള്ള കഴിവുണ്ടെന്നുള്ള ബോധ്യമുണ്ടെങ്കിൽ എല്ലാം മനസ്സിലാക്കുന്നുണ്ടെന്നുള്ള തിരിച്ചറിവുണ്ടെങ്കിൽ ഈ ജാതിയും മതവും വേർതിരിവും നിലനിൽക്കില്ല. ഈ പ്രകൃതിയിലുള്ള ജീവജാലങ്ങൾ പോലെ ദൈവത്തിന്റെ വെറുമൊരു സൃഷ്ടിമാത്രമാണ് മനുഷ്യൻ. മനുഷ്യന് ഒരു ജാതിയേ ഉള്ളൂ മനുഷ്യജാതി.‍]
 
അല്പനേരത്തെ നിശബ്ധതയ്ക്കുശേഷം ഫസൽ പറഞ്ഞു.

”സാർ. എനിക്ക് സന്തോമേയുള്ളൂ. പക്ഷെ എനിക്കുടുക്കാൻ മുണ്ടില്ലല്ലോ”

”മുണ്ടൊക്കെ എന്റെ കയ്യിലുണ്ട്. തിരക്കാവുമ്പോഴേക്ക് നമുക്ക് വേഗം പോയിവരാം. നീ വേഗം ഫ്രഷായി വാ.”

ഫസല് പെട്ടെന്ന് തന്നെ കുളിച്ച് വന്നു. സംവിധായകൻ അവനുടുക്കാനൊരു മുണ്ടെടുത്ത് കൊടുത്തു. അവൻ മുണ്ടുടുത്തു. 

”ഫസലെ അങ്ങിനെയല്ല വലത് ഭാഗത്തേക്ക് ഉടുക്കണം.”

”അങ്ങിനെ ഉടുത്താൽ എനിക്ക് നിക്കില്ല സാർ.”

”അതൊക്കെ ഞാൻ ശരിയാക്കിതരാം.” അദ്ദേഹം അവന് മുണ്ടുടുത്ത് കൊടുത്തു. അഴിയാതിരിക്കാൻ ബാക്കിൽ മുണ്ടിന്റെ അറ്റം കെട്ടികൊടുത്തു. 

”കയറുമ്പൊ ഷർട്ടഴിച്ച് കയ്യിൽ പിടിക്കണേ ആരെങ്കിലും അഥവാ പേര് ചോദിച്ചാ ഇവിടം പോകുന്നത് വരെ നിന്റെ പേര് സന്തോഷ് ആണ് കെട്ടോ.” 

”ശരി സാർ...”

ചെരിപ്പൊക്കെ റൂമിൽ അഴിച്ച് വെച്ച് മുറിപൂട്ടി പുറത്തിറങ്ങി. റിസപ്ഷനിൽ അമ്പലത്തിൽ തൊഴുത് വരാം എന്ന് പറഞ്ഞ് ചാവികൊടുത്തു. ഉച്ചക്ക് രണ്ട് ഊണ് ഓർഡർ ചെയ്തു. പുറത്തേക്ക് ഇറങ്ങി. അമ്പലത്തിലേക്ക് നടക്കുമ്പോൾ ഫസലിന്റെ നെഞ്ച് പിടക്കുന്നുണ്ടായിരുന്നു. നാട്ടിലുള്ള ആരും ഇവിടെ ഇല്ലാതിരുന്നാൽ മതിയായിരുന്നു. പ്രശസ്ത ഗായകൻ യേശുദാസിനെ പോലും കയറ്റാത്ത അമ്പലമാണ് ഗുരുവായൂർ അമ്പലം. അതിലേക്കാണ് മുസ്ലിമായ താൻ കയറുന്നത്. സംവിധായകൻ മുന്നേ നടക്കുകയായിരുന്നു, ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. അമ്പലത്തിന്റെ ഉള്ളിലേക്ക് സംവിധായകൻ കയറി. 

പെട്ടെന്നാണ് ബലിഷ്ഠമായ ഒരു കൈ അവന്റെ തോളിൽ വന്നുപതിച്ചത്. അവൻ തിരിഞ്ഞുനോക്കി സൗമ്യഭാവത്തോടെ ഒരു പോലീസുകാരൻ തന്നെ പിറകിലേയ്ക്ക് നീക്കി നിർത്തി. അവൻ അറിയാതെ ”എന്റെ കൃഷ്ണാ  ഒന്ന് കാണാന്നെ കരുതിയുള്ളൂ അതിപ്പൊ? ”മുൻപേ നടന്ന സംവിധായകനെ തിരക്കിനിടയിൽ അവിടെങ്ങും കാണാനേ ഇല്ല ... അവന്റെ കണ്ണുൾ ഭയത്തോടെ അവിടെല്ലാം നോക്കി... ആ നോട്ടം അവസാനിച്ചത് പോലീസുകാരന്റെ മുഖത്തായിരുന്നു....

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  09 05 2019
ഷംസുദ്ധീൻ തോപ്പിൽ  02 06 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ