22.6.19

നിഴൽവീണവഴികൾ - ഭാഗം 27

“തൊട്ടടുത്തറൂമിൽ ഒരാളിന് കാണണമെന്നു പറഞ്ഞു.“ അവന്റെ ഉള്ളൊന്നു പിടഞ്ഞു... ആരായിരിക്കുമത്. അവൻ സാവധാനം എഴുന്നേറ്റു. ആർക്കും ഒരു സംശയവുമില്ലാതെ പുറത്തേയ്ക്കിറങ്ങി ഹൃദയ മിടിപ്പോടെ മുൻപിലേക്ക് നടന്നു.

“സിസ്റ്റർ ഏതാണ് റൂം നമ്പർ.“

“209, നേരേ പോയാൽ മതി, വലതു സൈഡിൽ“

അവർ പറഞ്ഞ വഴിയേ അവൻ പോയി. റൂംനമ്പർ നോക്കി ഉറപ്പുവരുത്തി. പതുക്കെ വാതിലിൽ മുട്ടി...

“അകത്തേയ്ക്ക് പോരേ മോനേ..“

അവൻ മടിച്ച് മടിച്ച് അകത്തേയ്ക്ക് കയറി... 

“നാസറിക്കയാണോ എന്നെ വിളിപ്പിച്ചത്. ഭയന്നുപോയല്ലോ... പ്രത്യേകിച്ച് ഇവിടെ മറ്റാരെയും പരിചയമില്ലല്ലോ..“

“അതേമോനേ.... ഭാര്യയ്ക്ക്  സിസേറിയനായിരുന്നു. അവളെ നാളെമാത്രമേ റൂമിലേയ്ക്ക് കൊണ്ടുവരികയുള്ളൂ. കൂടെയുണ്ടയിരുന്നവരെല്ലാം വീട്ടിലേയ്ക്ക് പോയി... അല്ല എല്ലാരോടും പൊയ്ക്കൊള്ളാൻ പറഞ്ഞു... ഇവിടെ ഞാൻ മാത്രം മതിയല്ലോ... എനിക്ക് ഇത് മൂന്നാമത്തെ കുട്ടിയാ... ഹോസ്പിറ്റലിൽ പരിചയക്കാരൊക്കെയുള്ളതുകൊണ്ട് കുഴപ്പമില്ല...“

“അപ്പോ നാസറിക്കയ്ക്ക് ഭക്ഷണം എവിടുന്നാ.“

“ഞാൻ വീട്ടിൽ പോയി കഴിച്ചിട്ടാ വന്നേ... ഇവിടടുത്തല്ലേ വീട്... ഞാൻ വരുന്നവഴി നീ റൂമിൽ നിൽക്കുന്നത് കണ്ടു. സിസ്റ്ററോട് പറഞ്ഞു നിന്നെ ഒന്നുവിളിക്കാൻ... വേറേ തിരക്കൊന്നുമില്ലല്ലോ.. കുറച്ചുസമയം നമുക്കിവിടെ മിണ്ടിയും പറഞ്ഞുമിരിക്കാം.“

അവൻ എല്ലാം മൂളിക്കേട്ടു.

“ഞാനൊന്നു ഫ്രഷായി വരാം...“ എന്നു പറഞ്ഞുകൊണ്ട് നാസർ ബാത്ത്റൂമിലേയ്ക്ക് തോർത്തുമെടുത്തുകൊണ്ടു പോയി...

അവന്റെ ആലോചനകൾ ഭൂതകാലത്തിലേയ്ക്ക് ഊളിയിട്ടു. ജീവിതത്തിൽ പലരീതിയിലും തന്നെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് പലരും... തനിക്ക് നേരേ എതിർക്കാൻപോലും കഴിഞ്ഞിട്ടില്ല.. ഇനി ഇദ്ദേഹവും അതു തന്നെയാണ് ചെയ്യാൻപോകുന്നത്... തനിക്ക് ഇപ്പോൾ വേണമെങ്കിൽ ഇവിടുന്ന് രക്ഷപ്പെടാം.... എന്തോ തനിക്ക് രക്ഷപ്പെടാനും തോന്നുന്നില്ല... മനസ്സുകൊണ്ട് താൻ ഇതൊക്കെ ശീലമാക്കാൻ പഠിച്ചിരിക്കുന്നു. എന്തും വരട്ടേ... വെറുതേയല്ലല്ലോ... പണം ലഭിക്കുന്നു, അത് പല കാര്യങ്ങൾക്കും പ്രയോജനപ്പെടുത്താനുമാവുന്നു. പത്താംക്ലാസ്സ് റിസൾട്ടുവന്നാൽ ഇനി കോളേജിലേയ്ക്കാണ് പോകേണ്ടത്... അപ്പോൾ പണം ആവശ്യമായി വരും... പലപല ആഗ്രഹങ്ങളുമുണ്ട്. വേണ്ട എതിർക്കണ്ട... വഴങ്ങിക്കൊടുക്കാം.

[അതേ, അതങ്ങനെയാണ്, ഒരു പ്രാവശ്യം ചൂഷണത്തിന് ഇരയായിക്കഴിഞ്ഞാൽ പലരും മനസ്സുകൊണ്ട് അത് അംഗീകരിക്കാൻ ശ്രമിക്കാറുണ്ട്. അതുപോലെ ഫസലും ഒരു ട്രാപ്പിൽ വീണിരിക്കുന്നു. അവൻ ചിന്തിക്കുന്നത് അല്പനേരം ഒരാളോടൊപ്പം കഴിഞ്ഞാൽ കൈ നിറയെ പണം ലഭിക്കുന്നു. കിട്ടുന്നപണം സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കാം. ആർക്കുമറിയില്ല പണത്തിന്റെ ഉറവിടം എവിടെനിന്നെന്ന്. അവന്റെ മനസ്സിൽ തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാറായിട്ടില്ല. ഇവിടെ ആൺ പെൺ ഭേദമില്ലാതെ ചൂഷണത്തിനിരയാകുന്നു. ആദ്യ ചൂഷണത്തിൽനിന്ന് കരകയറാൻ ആർക്കെങ്കിലുമായാൽ അവർ രക്ഷപ്പെട്ടു. ആൺവേശ്യകളും പെൺവേശ്യകളും സൃഷ്ടിക്കപ്പെടുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്, സമൂഹം കൺതുറന്നിരിക്കുന്നു, തുറന്നിരിക്കുന്ന കണ്ണുകളിൽ പലതും കാണുന്നതൊക്കെ കണ്ടില്ലായെന്നു നടിക്കുന്നു, ചിലർ കഴുകന്റെ കണ്ണുകളാൽ പിൻതുടരുന്നു. മനുഷ്യന് സെക്സിനോടുള്ള ഈ അമിതമായ ആസക്തി അവനെ എന്തുചെയ്യാനും പ്രേരിപ്പിക്കന്നു. പ്രേമം നിരസിച്ചതിന്റെ പേരിൽ ആസിഡ്ഒഴിച്ച് മുഖം വൃകൃതമാക്കപ്പെടുന്നു. അല്ലെങ്കിൽ ഒരു കുപ്പി പെട്രോളിൽ ജീവിതം ഇല്ലാതാക്കുന്നു. ഭൂമിയിലേയ്ക്ക് പിറന്നുവീഴുന്ന ഓരോ ജന്മങ്ങൾക്കും അതിന്റേതായ പവിത്രതയുണ്ട്. അത് അനാവശ്യമായി കളങ്കപ്പെടുത്താനുള്ളതല്ല. ജീവിച്ചു തുടങ്ങുമ്പോൾതന്നെ ആരുടെയെങ്കിലും സ്വാർത്ഥ താല്പര്യത്താൽ പൊലിഞ്ഞുപോകുന്ന ജന്മങ്ങൾ, അല്ലെങ്കിൽ വഴിതെറ്റിപ്പോകുന്ന ജീവിതങ്ങൽ. ഇതൊക്കെ എന്ന് അവസാനിക്കും, എങ്ങനെ അവസാനിപ്പിക്കും?]

അല്പനേരത്തിനകം നാസർ ബത്ത്റൂമിൽ നിന്നും പുറത്തേയ്ക്കുവന്നു.

“ഫസലേ വെറുതേയിരുന്നു ബോറടിച്ചുവോ..“

“ഇല്ലിക്കാ ടിവികണ്ടിരിക്കായിരുന്നു.“

“നീ ആ ഫ്രൂട്സൊക്കെ എടുത്ത് കഴിച്ചേ... ഇവിടെ വന്ന പലരും കൊണ്ടുവന്നതാ... അതാ അതിനടുത്ത കവറിൽ ചോക്ലേറ്റുമുണ്ട്.“

“ഇപ്പോഴൊന്നും വേണ്ട...പിന്നീടാകട്ടെ.“

അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. ഈ ഹോസ്പിറ്റലിലെ പ്രീമിയം റൂമാണിത്... എ.സി. റൂം.. ഫ്രിഡ്ജും ടിവിയുമെല്ലാമുണ്ട്. പണമുള്ളവർക്കല്ലേ ഇതിനൊക്കെ കഴിയുകയുള്ളൂ.

നാസർ, കസേരവലിച്ച് അവന്റെ അടുത്തിരുന്നു. അവന്റെ കൈ പിടിച്ച് തന്റെ കൈയ്യോട് ചേർത്തുവച്ചു... ഫസൽ ഒരെതിർപ്പുമില്ലാതെ കൈ നീട്ടിക്കൊടുത്തു. അവന്റ കൈയ്യിൽ സാവധാനം തടവിക്കൊണ്ട് അയാൾ പറഞ്ഞു.

“മോനേ ഫസലേ... നിന്നെ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു പ്രത്യേകത തോന്നി.. അതാണ് ഞാൻ സിസ്റ്ററോട് നിന്നെ കാണണം എന്നു പറഞ്ഞത്. നിന്നിൽ ഞാനെന്റെ കുട്ടിക്കാലം കാണുകയായിരുന്നു. നിന്നെപ്പോലെ ഞാനും സുന്ദരനായിരുന്നു, സിനിമാഭിനയം തലയ്ക്കുപിടിച്ച ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മദ്രാസ്സിലേയ്ക്ക് നാടുവിട്ടു. പലയിടത്തും അലഞ്ഞുതിരിഞ്ഞു. പല ജോലിയും ചെയ്തു.... പലരും പലരീതിയിലും എന്നെ ചൂഷണം ചെയ്തു, ഒരുവർഷത്തിലധികം അങ്ങനെ കടന്നുപോയി. അവസാനം എന്റെ മാമ മദ്രാസ്സിൽവച്ച് കണ്ടുമുട്ടി തിരികെകൊണ്ടുവരികയാണുണ്ടായത്... അന്നത്തെ അനുഭവത്തിൽനിന്ന് ഞാൻ പലതും പഠിച്ചു. തിരികെ സ്കൂളിൽകൊണ്ടുചേർത്തു പത്താംക്ലാസ്സ് പാസ്സായി... കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് വാപ്പയുടെ ബിസിനസ്സ് ഞാൻ തന്നെ ഏറ്റെടുത്തു... അന്ന് മതിയാക്കിവച്ചിരുന്ന സിനിമാമോഹം പലപ്പോഴും പൊന്തിവന്നിട്ടുണ്ട്. എന്നാൽ അന്നത്തെപ്പോലെ ഭ്രാന്ത് ഇപ്പോഴില്ല... പലരും അഭിനയിക്കാൻ വിളിക്കാറുണ്ട്. ചെറിയ ചെറിയ റോളിലൊക്കെ തലകാണിച്ചിട്ടുണ്ട്. എന്നാൽ ബിസിനസ്സിൽനിന്നും സിനിമയിലേയ്ക്ക് ഒരു യാത്ര ഇനിയില്ല...“

അവന് കേട്ടതെല്ലാം അത്ഭുതമായി തോന്നി... തന്റെ മുന്നിലിരിക്കുന്ന മനുഷ്യൻ തന്നെ ഇവിടെ വിളിച്ചുവരുത്തി ഈ കാര്യങ്ങളൊക്കെ പറയണമെങ്കിൽ ഇദ്ദേഹം തന്നെ ചൂഷണം ചെയ്യാനുള്ള പുറപ്പാടല്ല... 

“നീ തുടർന്ന് നന്നായിപഠിക്കണം... നല്ലൊരു ജോലി സമ്പാദിക്കണം. അല്ലെങ്കിൽ നല്ലൊരു ബിസിനസ്സ് തുടങ്ങണം. സിനിമ എന്ന മോഹവുമായി നടന്നാൽ നമുക്ക് എങ്ങുമെത്താൻ കഴിയില്ല... ഈ ലോകത്തുള്ള എല്ലാ മനുഷ്യരും നല്ലവരല്ല... ഞാൻ ഇതൊക്കെ പറയുന്നത് നീയൊരു നന്മയുള്ള കുട്ടിയാണെന്ന് ബോധ്യമായതുകൊണ്ടാണ്. നിനക്ക് വിദ്യാഭ്യാസപരമായി എന്തെങ്കിലും സഹായം വേണമെങ്കിൽ എന്റെ ഓഫീസിലേയ്ക്ക് പോരേ.. ‍ഞാൻ വേണ്ട സഹായമൊക്കെ ചെയ്തുതരാം...“

അവൻ അതിശയത്തോടെ അദ്ദേഹത്തന്റെ വാക്കുകകൾ കേട്ടിരുന്നു. തന്നെ എതാനും നിമിഷങ്ങളുടെ പരിചയം മാത്രമേയുള്ളൂ.. പക്ഷേ അദ്ദേഹം ഒരു പിതാവിന്റെ സ്നേഹത്തോടെ പെരുമാറുന്നു... ഉപദേശിക്കുന്നു... തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇദ്ദേഹത്തോട് പറയണോ.... വേണ്ട... അതൊരുപക്ഷേ തന്നെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കും...

കുറേനേരം അവരിരുവരും അവിടെയിരുന്ന് സംസാരിച്ചു, ഇടയ്ക്ക് ഓറഞ്ച് ജ്യൂസ് ഗ്ലാസ്സിലെടുത്തുകൊണ്ടുവന്നു. ആപ്പിൽ കഷണങ്ങളാക്കി തനിക്ക് തന്നു... വളരെ സ്നേഹമുള്ള മനുഷ്യൻ...

“ഫസലേ എനിക്ക് രണ്ടുകുട്ടികൾ കൂടിയുണ്ട്, രണ്ടും ആൺകുട്ടികളാണ്, മൂത്തവൻ എം.ബി.എയ്ക്ക് പഠിക്കുന്നു. രണ്ടാമത്തവൻ പത്താംക്ലാസ്സ് പരീക്ഷയെഴുതി നിൽക്കുന്നു. ഞാൻ പറഞ്ഞത് ഒരു ഉപദേശമായി കണ്ടാൽ മതി... സമൂഹത്തിലുള്ള എല്ലാ മനുഷ്യരേയും ഒരേ കണ്ണിൽ കാണാൻ ശ്രിക്കരുത്. തിരിച്ചറിവുണ്ടാകേണ്ട പ്രായമാണിത്.“

“നാളെ ഫ്രീയാകുമ്പോൽ ഇങ്ങോട്ടേക്ക് പോരേ... ഞാൻ ഉച്ചയോടുകൂടിയേ വരികയുള്ളൂ...“

അവൻ ഗുഡ്നൈറ്റ് പറഞ്ഞ് പിരിഞ്ഞു. പോകാൻ നേരം ഒരു വലിയപൊതിക്കെട്ട് ഫ്രൂട്സും ചോക്ലേറ്റുമൊക്കെ അവന് നൽകി... അവൻ വേണ്ടെന്നു പറഞ്ഞെങ്കിലും നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു...

അവന്റെ ജീവിതത്തിൽ ആദ്യത്തെ അനുഭവം. തന്നെ ദുരുദ്ദേശത്തോടെയല്ലതെ ഒരു മനുഷ്യൻ വിളിച്ച് ഉപദേശിച്ചത് അവന് പുതിയൊരു അനുഭവം തന്നെയായിരുന്നു.

തിരികെ അവൻ റൂമിലെത്തി...

“ഇതെവിടുന്നാ ഫസലേ... കാശുമൊത്തം ചിലവാക്കിയോ...“

“ഇല്ലുമ്മാ ഇത് ഞാൻ വാങ്ങിയതല്ല... എന്റെ സുഹൃത്ത് എനിക്ക് തന്നതാ..“

“നിനക്കിപ്പോൾ ഈ ലോകം മുഴുവൻ സുഹൃത്തുക്കളാണല്ലോ...നിന്റെ വല്ല സിനിമയും ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ നീ നിലത്തൊന്നും ചവിട്ടില്ലായിരിക്കുമല്ലോടാ...“

“അവന് ചിരിച്ചുകൊണ്ട് നിലത്ത് പായവിരിച്ചു.

“ഉമ്മാ എനിക്ക് ഉറക്കംവരുന്നു. ഞാൻ കിടക്കട്ടെ...“

“ഓ മോനേ, നീ കിടന്നോ...“

അവൻ നിലത്തുകിടന്ന് ആലോചിക്കുകയായിരുന്നു. തനിക്ക് ജന്മം തന്ന തന്റെ വാപ്പ... തൊട്ടടുത്ത നിലയിൽ ദുരിതം അനുഭവിക്കുന്നു... തന്റെ ഉമ്മ ഇതൊന്നുമറിയാതെ തൊട്ടു താഴെ... ഉമ്മ ഇപ്പോൾ എന്തു സന്തോഷത്തോടെയാണ് കഴിയുന്നത്. ആ സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ ഉമ്മ ഒരിക്കലും ആ മനുഷ്യനെ കാണാൻ പാടില്ല... അതിനുള്ള അവസരം ഇല്ലാതാക്കണം. അതിന് താനെപ്പോഴും ഇവിടെ ഉണ്ടായിരിക്കണം. എന്തായാലും നാളെക്കഴിഞ്ഞ് ഡിസ്ചാർജ് ആകുമല്ലോ, അതുവരെ ഇവിടെത്തന്നെ കൂടാം...

“മോനേ ഫസലേ നീ ഉറങ്ങിയോ..“

“ഇല്ലുമ്മാ.... ഉറക്കം വരുന്നു..“

“നീ നാളെ വീട്ടിലേയ്ക്ക് പൊയ്ക്കോ... ഇവിടെ ഞാൻ മാത്രം മതി..“

“വേണ്ടുമ്മ ‍ഞാൻ ഉമ്മാനെ ഒറ്റയ്ക്ക് വിട്ടിട്ട് എങ്ങും പോവില്ല... എനിക്ക് ഉമ്മാന്റെ കൂടെത്തെന്ന നിൽക്കണം.“

“സഫിയയ്ക്ക് എതിർക്കാനായില്ല... അവൾ എതിരൊന്നും പറഞ്ഞതുമില്ല... “

ഫസൽ വളരെവേഗം ഉറക്കത്തിലേയ്ക്ക് വഴുതിവീണു. സഫിയ അവനെ നോക്കിയിരുന്നു. ഫസൽ എത്രവേഗമാണ് വളർന്ന് വലുതായത്. തന്റെയും അവന്റെയും ജീവിതം തല്ലിക്കെടുത്തിയ ആ മഹാപാപി... ജീവിതത്തിലൊരിക്കലും ഗുണംപിടിക്കില്ല... തനിക്കൊരിക്കലും അയാളെ കാണാൻ തോന്നിയിട്ടുമില്ല. ഇനി എന്നെങ്കിലും കാണേണ്ടിവന്നാൽപ്പോലും ആ മുഖത്തുപോലും നോക്കാൻ‌ സാധിക്കാത്തവിധം വെറുത്തുപോയതാണ്. വാപ്പായില്ലാതെ അവനെ ഇതുവരെ വളർത്തിക്കൊണ്ടുവന്നു... പലതും തനിക്ക് നഷ്ടപ്പെടുത്തേണ്ടിവന്നിട്ടുമുണ്ട്. എന്നാലും അവനെ പഠിപ്പിച്ച് വലിയവനാക്കണം. അതു മാത്രമാണ് തന്റെ പ്രധാന ലക്ഷ്യം. പഠിത്തത്തിൽ അവൻ മോശമൊന്നുമല്ല... എസ്.എസ്.എൽ.സി. റിസൾട്ടു വരാറായി... നല്ല മാർക്കുണ്ടെങ്കിൽ അവനെ സയൻസ് ഗ്രൂപ്പെടുത്ത് പഠിപ്പിക്കണം. അവനെ നല്ലൊരു നിലയിലെത്തിച്ചാൽ പിന്നെ തനിക്ക് വിശ്രമിക്കാം.

ആ മാതാവിന്റെ ആഗ്രഹം സാധിക്കുമായിരിക്കാം... അവരുടെ മനസ്സിൽ അവനെക്കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രമാണ്. ആ സ്വപ്നങ്ങൾ നിറവേറ്റാനാകുമോ ഫസലിന്. അറിയാതെ അവർ ഉറക്കത്തിലേയ്ക്ക്  വഴുതിവീണു. 

കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ്  സഫിയ ഉണർന്നത്... മോൾക്ക് വിശക്കുന്നുണ്ടാകും... കുഞ്ഞ് ഭൂമിയിലേയ്ക്ക് വന്നിട്ട് ഏതാനും മണിക്കൂറുകളല്ലേ ആയുള്ളൂ. സിസ്റ്റർ പറഞ്ഞിരിക്കന്നത് മുലപ്പാൽ മാത്രമേ കൊടുക്കാവൂ എന്നാണ്. സഫിയ എഴുന്നേറ്റ് ലൈറ്റിട്ടു.. കുഞ്ഞിനെ പതുക്കെ വാരിയെടുത്തു. പതുക്കെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ടായിരിക്കണം സിസ്റ്റർ ഡോറിൽ മെല്ലെ തട്ടി... സഫിയ കുഞ്ഞിനെ കിടക്കയിൽ കിടത്തി വാതിൽ തുറന്നു. ചിരിച്ച മുഖവുമായി നിൽക്കുന്ന സിസ്റ്റർ... 

“എന്താ ചേച്ചീ എന്തുപറ്റി..“

“അവൾ ഉണർന്നു കരയുകയാ...“

“അതേ വിശന്നിട്ടാ.... അമ്മയേ വിളിച്ചേ കുറച്ചു പാലുകൊടുക്കാം... എന്നാലേ ശമനമാകൂ.... മുലപ്പാലുകുടിക്കാൻ കുഞ്ഞിനെ പ്രത്യേകം പഠിപ്പിക്കുകയൊന്നും വേണ്ട... ചിലകുട്ടികളാണെങ്കിൽ വളരെപ്പെട്ടെന്നുതന്നെ പരിചിതരാകും... ചിലർക്ക് കുറച്ച് പരിശീലനവും വേണ്ടിവരും...“

സിസ്റ്റർ കുട്ടിയെ അഫ്സയുടെ അടുത്തേയ്ക്ക് നീക്കി കിടത്തി, അഫ്സയോട് സൈഡിലേയ്ക്ക് ചരിഞ്ഞു കിടക്കാൻ പറഞ്ഞു... അപ്പോഴേക്കും ഫസൽ ഉണർന്നിരുന്നു. 

“മോനേ നീ സൈഡിലേയ്ക്ക് മാറി കിടന്നോ.... ഇവിടെ മാമി കുഞ്ഞിന് പാലുകൊടുക്കുകയാണ്.“


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  30 06 2019

ഷംസുദ്ധീൻ തോപ്പിൽ 23 06 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ