29.6.19

നിഴൽവീണവഴികൾ - ഭാഗം 28


സിസ്റ്റർ കുട്ടിയെ അഫ്സയുടെ അടുത്തേയ്ക്ക് നീക്കി കിടത്തി, അഫ്സയോട് സൈഡിലേയ്ക്ക് ചരിഞ്ഞു കിടക്കാൻ പറഞ്ഞു... അപ്പോഴേക്കും ഫസൽ ഉണർന്നിരുന്നു.

“മോനേ നീ സൈഡിലേയ്ക്ക് മാറി കിടന്നോ.... ഇവിടെ മാമി കുഞ്ഞിന് പാലുകൊടുക്കുകയാണ്.“

അവനുറങ്ങാൻ കഴിഞ്ഞില്ല. കുഞ്ഞിന്റെ കരച്ചിൽ ഒരു സൈഡിൽ അതിനേക്കാളുപരി ജീവിതത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തന്നെ ഉപദേശിച്ച  നാസറിയ്ക്കയുടെ വാക്കുകൾ. നടന്നുവന്ന വഴികളിൽ നിന്നും ഇനിയെങ്കിലും മാറി നടക്കണം ഒരു പുതുവഴി. തനിക്ക് ജന്മം തന്നവൻ മുകളിലത്തെ നിലയിൽ ദിവസങ്ങളെണ്ണിക്കഴിയുന്നു. താനും ഉമ്മയും ഇന്ന് ഈ രീതിയിലകപ്പെടാൻ കാരണവും അദ്ദേഹംതന്നെയല്ലേ... ആരോടെല്ലാം താൻ കള്ളം പറഞ്ഞു. പിതാവ് ഗൾഫിലാണെന്നും... തനിക്ക് ആവശ്യമുള്ളതെല്ലാം കൊടുത്തയയ്ക്കാറുണ്ടെന്നും അങ്ങനെ പലതും. അവന് ഉള്ളിൽ സങ്കടവും ദേഷ്യവും വന്നു. ഒരു പിതാവന്റെ സ്നേഹം ഏറ്റുവാങ്ങി വളരാൻ ഒരു പക്ഷേ.... വേണ്ട കൂടുതലൊന്നും ചിന്തിക്കേണ്ട. ഉമ്മയേയും തന്നെയും ആ വീട്ടിൽനിന്നും അടിച്ചിറക്കയത് ഇപ്പോഴും മറന്നിട്ടില്ല. ചിന്തകളുടെ അന്ത്യത്തിൽ, രാത്രിയുടെ ഏതോ യാമത്തിൽ അവൻ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.

രാവിലെ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഉണർന്നത്. ഉണർന്നയുടൻ സഫിയ അവനോട്ക്യാന്റീനിൽ നിന്ന് ചായവാങ്ങിവരാൻ പറഞ്ഞു. അവൻ സാവധാനം പുറത്തേയ്ക്കിറങ്ങി... ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിലൂടെ പോയപ്പോൾ ഇന്നലെ തന്റെ വാപ്പയുടെ കൂടെക്കണ്ട സ്ത്രീ അവിടെ നിൽക്കുന്നു. അവൻ ഒരുനിമിഷം നിന്നു... എന്നിട്ട് വേഗം ക്യാന്റീനിലേയ്ക്ക് പോയി... ചായയും കഴിക്കാനുള്ള കാപ്പിയുമായി അവൻ തിരികെ റൂമിലെത്തി... എത്തിയപാടേ പെട്ടെന്നുതന്നെ കുളിച്ച് വസ്ത്രം മാറി പുറത്തേയ്ക്കിറങ്ങി...

“ഉമ്മാ എനിക്കുള്ള ഭക്ഷണം വാങ്ങിയിട്ടില്ല... ഞാൻ പുറത്തുനിന്നു കഴിച്ചുകൊള്ളാം... പുറത്തൊരാളെ കാണാനുണ്ട്...“

“നിനക്കെന്താടാ ഇത്ര തിടുക്കം.... നീ മോളെ എടുക്കുന്നില്ലേ.... ഇന്നലെ നീ കുഞ്ഞിനെ എടുക്കാൻ സമ്മതിക്കുന്നില്ലെന്നുപറഞ്ഞു പരാതി പറഞ്ഞതല്ലേ... അവൾക്കിടാൻ പേരെന്തായി... നിന്നെക്കൊണ്ടു പറ്റില്ലെങ്കിൽ പറ ഞങ്ങളിടാം.“

“അതേ ഉമ്മാ... ഇപ്പോൾ അവൾ ഉറങ്ങുകയല്ലേ... ഞാൻ ഉടൻ ഭക്ഷണം കഴിച്ചിട്ട് വരാം..“

അവൻ വേഗം പുറത്തേയ്ക്കിറങ്ങി... നേരേ ഓപ്പറേഷൻ തീയേറ്ററുനടുത്തേയ്ക്ക്. ആ സ്ത്രീയുടെ അടുത്തുള്ള കസേരയിൽ തന്നെ ഇരുന്നു... അവരുടെ മുഖത്ത് കണ്ണുനീർതുള്ളികൾ കാണാമായിരുന്നു. അതേ... ശരിയ്ക്കും തന്റെ ചേച്ചിയായിരിക്കേണ്ടവൾ... എന്റേയും അവളുടെയും വാപ്പ ഒരാൾ തന്നെ.. രക്തബന്ധം... അത് അവളോട് ഒരു വല്ലാത്ത സ്നേഹം അവനിൽ തോന്നിച്ചു. ഉമ്മയുമായി ആ വീടിന്റെ പടികടന്നോഴാണ് ഉമ്മപോലും അറിയുന്നത് അദ്ദേഹത്തന് വേറേ ഭാര്യയയും മക്കളുമുണ്ടെന്ന്. തന്നേക്കാൾ പത്തു പന്ത്രണ്ട് വയസ്സിനു മൂത്തവരായിരുന്നു അവർ . തന്റെ ഉമ്മ അന്ന് പിടിച്ചു നിന്നത് തന്നെയോർത്താണെന്നും പലപ്പോഴും പറയാറുണ്ട്. ഇസ്ലാംമതത്തിൽ ഒന്നിലധികം ഭാര്യമാരുണ്ടാകുന്നതിൽ തെറ്റില്ല... അതിൽ ചില നിബന്ധനകളുണ്ട്. ഇത് വിശ്വാസവഞ്ചനയായിരുന്നു, താൻ അവിവാഹിതനാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് വിവാഹം കഴിക്കുകയായിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടേയും മുന്നിൽ എത്ര നിഷ്കളങ്കനായാണ് അദ്ദേഹം അഭിനയിച്ചതെന്ന് വലിയുപ്പ  പലരോടും പറയുന്നത് കേട്ടിരിരുന്നു.

ഇടയ്ക്കിടെ അവൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.  അവൾ മുഖമുയർത്തി അവനെ നോക്കി... അവൻ സാവധാനം പുഞ്ചിരിച്ചു.. അവളുടെ മുഖത്തും ദുഖത്തിൽ, കണ്ണുനീരിൽ കുതിർന്ന ഒരു ചിരി വിടർന്നു...

“മോന്റെ ആരാ ഇവിടെ കിടക്കുന്നേ...“

“മാമി പ്രസവിച്ചു കിടക്കുന്നു.“

“ചേച്ചീടെ ആരാ ഇവിടെ“

“അത്.... എന്റെ വാപ്പയാ....“

“എന്താ അസുഖം?“

“വാപ്പായ്ക്ക് ബ്രയിൻ ട്യൂമർ വന്നതാ... വളരെ നാളായി ചികിത്സയിലാ... ഇന്ന് രാവിലെ പറയുകയാ ഒരു സർജ്ജറിവേണമെന്ന്.. കൂട്ടിനാരുമില്ലാതാനും... ബ്ലഡ് വേണം അത് തരാമെന്നു പറഞ്ഞ ആൾ ഇതുവരെ എത്തിയിട്ടില്ല...“

“ഏതാ ഗ്രൂപ്പ്...“

“ഒ നെഗറ്റീവ്.... റെയർ ഗ്രൂപ്പാണെന്നാ പറഞ്ഞത്...“

“അതേ... ഒനെഗറ്റീവ്.. എന്റെ ഗ്രൂപ്പും അതുതന്നെ....“

“എന്താ ചേച്ചീടെ പേര്“

“എന്റെ പേര് ആമിനാന്നാ“

“കൂടെ  വേറേയാരുമില്ലേ...“

“ഇല്ല...  ന്റെ ഭർത്താവ് പടവിന്റെ പണിക്ക്  പോകുന്ന ആളാണ്... ഇപ്പോ വന്നിട്ട് പോയതേയുള്ളൂ... പണിയുണ്ട്...“

“മോന്റെ പേരെന്താ“

“എന്റെ പേര് ഫസൽ...“

“പിന്നെ... എന്റെ ബ്ലഡ് ഗ്രൂപ്പ് ഒ നെഗറ്റീവാ.... ഞാൻ തരാം എത്ര കുപ്പി ബ്ലഡ് വേണമെങ്കിലും.“

അവന്റെ നിഷ്കളങ്കമായ വാക്കുകൾ അവളുടെ കണ്ണുകൾ നനയിച്ചു....

“മോന്റെ നല്ല മനസ്സിന് നന്ദി... ബ്ലഡ് ദാനം ചെയ്യാൻ മിനിമം 18 വയസ്സാകണമല്ലോ...“

അവന് നിരാശ തോന്നി...

“ഇത്ത പേടീക്കേണ്ട.... ഞാൻ ആരെയെങ്കിലും സംഘടിപ്പിച്ചുവരാം. പേടീക്കേണ്ട... ധൈര്യമായിരിക്കൂ..“

അവൻ പെട്ടെന്ന് പുറത്തേയ്ക്കിറങ്ങി... ആരെയെങ്കിലും കണ്ടെത്തണം.... അതേ നാസറിയ്ക്ക വരുന്നു. അദ്ദേഹത്തോട് പറയാം..

“എന്താ ഫസലേ നീ ഇവിടെ. ഇന്ന് മാമിയെ ഡിസ്ചാർജ്ജല്ലേ“

“ഇല്ല നാളെ രാവിലെ പോകാം എന്നാ ഡോക്ടർ പറഞ്ഞത് .“

“എന്തോ പ്രശ്നം നിന്നെ അലട്ടുന്നുണ്ടല്ലോ...“

“നാസറിയ്ക്ക എന്റെ ഒരു ബന്ധുവിനെ ഇവിടെ സർജ്ജറിയ്ക്ക് കയറ്റിയിരിക്കുന്നു. ഒ നെഗറ്റീവ് ബ്ലഡ് വേണം... ഞാൻ കൊടുക്കാമെന്നുവച്ചപ്പോൾ എനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന്...“

അതിനെന്താ നമുക്കു സംഘടിപ്പിക്കാം.... അവർ രണ്ടുപേരും മുകളിലത്തെ നിലയിലേയ്ക്ക് പോയി... നാസർ ഫോണിൽ ആരെയൊക്കെയോ വിളിച്ചു. അര മണിക്കൂറിനകം രണ്ടു നല്ല ആരോഗമുള്ള യുവാക്കൾ അവിടെത്തി... നേരെ ആമിനയെ കണ്ട് കാര്യങ്ങൾ വിശദമായി സംസാരിച്ചു. അവരൊരുമിച്ച് ഡ്യൂട്ടി നഴ്സിനേയും കൂട്ടി ബ്ലഡ് ബാങ്കിലേയ്ക്ക് നടന്നു... രാവിലെ 12.30ന് സർജ്ജറി തുടങ്ങുമെന്നറിയിപ്പും കിട്ടി... നാസറിന് കിട്ടിയ വിവരമനുസ്സരിച്ച് ഇത്തിരി സീരീയസായ സർജ്ജറിയാണ്. പടച്ചോൻ തുണച്ചാൽ ഒന്നും സംഭവിക്കില്ല.... ഇത്രത്തോളം അപകടകരമാണെന്ന് ഫസലിനോടു നാസറിയ്ക്ക പറഞ്ഞുമില്ല.. അവന് വിഷമം ഉണ്ടാവേണ്ടെന്നു കരുതി...

അവൻ അവിടെനിന്നും ആമിനയുടെ അടുത്തേയ്ക്ക് പോയി... ആമിന അവനെ നന്ദിപൂർവ്വം നോക്കി പുഞ്ചിരിച്ചു.

“ഇത്താ ഇന്നലെ ഒരു കുട്ടി കൂടിയുണ്ടായിരുന്നല്ലോ...“ അവൻ തലേദിവസം ആമിനായോടൊപ്പം കണ്ട കുട്ടിയെക്കുറിച്ച് ചോദിച്ചു.

“അതെന്റെ കുഞ്ഞാ. ഇന്ന് അവർ രാവിലെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി... ഇനി ഉച്ചയ്ക്ക് ചോറുമായി വരുമ്പോൾ കൂട്ടിക്കൊണ്ടുവരും“.

അവൻ വളരെ വേഗം തന്നെ ആമിനായോട് ഒരു ഹൃദയബന്ധം സ്ഥാപിച്ചിരുന്നു.

അതങ്ങനെയാണല്ലോ... രക്തബന്ധം എത്ര അകലെയാണെങ്കിലും പരസ്പരം തിരിച്ചറിയേണ്ട ഒരു അവസരം ഉണ്ടാവാറുണ്ട്. ഒരു പക്ഷേ ശരീരത്തിലെ കോടാനുകോടി കോശങ്ങളിൽ ഏതെങ്കിലും കോശങ്ങൾക്ക് തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കാം... മനുഷ്യ ശരീരത്തിലെ എല്ലാ പ്രവർത്തനരീതികളും ഇന്നും മനുഷ്യൻ പൂർണ്ണമായും മനസ്സിലാക്കിയിട്ടില്ലല്ലോ... രക്തബന്ധം തിരിച്ചറിയുന്നതിനായി ഡി.എൻ.എ. ടെസ്റ്റുൾപ്പടെ എന്തെല്ലാം പരിശോധനകൾ നടത്തുന്നു. . ഇതൊന്നുമില്ലെങ്കിലും രക്തബന്ധം തിരിച്ചറിയാനാവുന്നത് ഒരു പക്ഷേ മനുഷ്യന്റെ കോശങ്ങൾക്ക് കമ്യൂണിക്കേറ്റ് ചെയ്യാനുള്ള പ്രത്യേക കഴിവുകൊണ്ടായിരിക്കാം. ആ കോശങ്ങളെ കണ്ടെത്താൻ മനുഷ്യന് ഇനിയും നൂറ്റാണ്ടുകൾ കാത്തിരിയ്ക്കേണ്ടിവരും.. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പക്ഷികൾക്കും മൃഗങ്ങൾക്കും മുൻകൂട്ടി അറിയാൻ സാധിക്കുന്നതും ഒരു അത്ഭുതമല്ലേ...  പണ്ട് കാലത്ത് കിലോമീറ്ററുകൾ ദൂരത്തുള്ളവരുമായി മനസ്സുകൾകൊണ്ട് ആശയവിനിമയം നടത്തിയിരുന്നതായി പലയിടത്തും വായിച്ചിട്ടുണ്ട്... നമ്മൾ മൊബൈലിന്റെയും മറ്റ് വാർത്താവിനിമയ മാർഗ്ഗങ്ങളുടേയും പിറകേ സഞ്ചരിക്കുന്നു... നമ്മുടെ ചുറ്റും എന്തെല്ലാം തരംഗങ്ങൾ പ്രവഹിക്കുന്നു. മൊബൈലിന്റെയും, ചാനലിന്റെയും, മറ്റ് വാർത്താവിനിമയോപാധികളുടെയും വ്യത്യസ്ഥ ഫ്രീക്വൻസിയിലുള്ള തരംഗങ്ങൾ. എന്നിട്ട് നമുക്കത് കാണാനാകുന്നുണ്ടോ. അല്ലെങ്കിൽ മറ്റൊരു ഡിവൈസിന്റെ സഹായമില്ലാതെ നമുക്കത് ആസ്വധിക്കാനാകുന്നുണ്ടോ... മനുഷ്യൻ കണ്ടുപിടിക്കുന്നതെന്തിനും മനുഷ്യനെ സഹായിക്കാനുള്ള ഉപകരണം മാത്രമായല്ലേ കാണാനാകൂ... ഒരു മനുഷ്യനെ പുനസൃഷ്ടിക്കാനാകുന്നില്ലല്ലോ. കാലം ഒരുപക്ഷേ മനുഷ്യ ശരീരത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തിയേക്കാം... ബധിരനായ ബിഥോവന് ലോകപ്രശസ്തനായ സംഗീതഞ്ജനാകാൻ സാധിച്ചുവെങ്കിൽ അതുമൊരു അത്ഭുതംതന്നെയല്ലേ....

ലോകപ്രശസ്തനായ ജർമ്മൻ സംഗീതജ്ഞനും, പിയാനോ വിദ്വാനുമായിരുന്നു ലുഡ്വിഗ് വാൻ ബീഥോവൻ എന്ന ബീഥോവൻ അതിനുദാഹരണമാണ്. പാശ്ചാത്യസംഗീതലോകം ഉദാത്തതയുടെ കാലത്തു നിന്ന് കാല്പനികതയുടെ കാലത്തേക്കുള്ള പരിണാമപ്രക്രിയയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്‌ ഇദ്ദേഹം. ലോകത്ത് ഏറെ ആദരിക്കപ്പെട്ടിട്ടുള്ളതും സ്വാധീനം ചെലുത്തിയതുമായ സംഗീതജ്ഞരിൽ ഒരാളാണ് ബീഥോവൻ.

വിഖ്യാത സംഗീതജ്ഞനായിരുന്ന ജോസഫ് ഹയ്ഡനോടൊപ്പം പഠിച്ച ബീഥോവൻ പെട്ടെന്നു തന്നെ പിയാനോ വിദഗ്ദ്ധനായി പ്രസിദ്ധിയാർജ്ജിച്ചു. ഇരുപതു വയസ്സുകളിൽത്തന്നെ അദ്ദേഹത്തിന്റെ കേൾവിശക്തി ക്രമേണ കുറയാൻ തുടങ്ങിയെങ്കിലും തന്റെ പ്രസിദ്ധങ്ങളായ സൃഷ്ടികൾക്ക് സംഗീതം നൽകുകയും അവ അവതരിപ്പിക്കുകയും ചെയ്തു. കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ടതിനു ശേഷവും അദ്ദേഹം ഇത് തുടർന്നു.
ബധിരന് ആംഗ്യത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. പക്ഷേ ബന്ധം തിരിച്ചറിയാൻ ഡി.എൻ.എ. ടെസ്റ്റൊന്നും വേണ്ടാത്ത ഒരു കാലം വരുമായിരിക്കും.

ഫസൽ സമാധാനത്തോടെ റൂമിലേയ്ക്ക തിരിച്ചു...

“എന്താ ഫസലേ പോയ കാര്യം എന്തായി.“

“അതുമ്മാ ഒരു കുട്ടിയ്ക്ക് ബ്ലഡ് വേണ്ടിവന്നു. അത് സംഘടിപ്പിച്ചു നൽകി... ഇനിയെല്ലാം പടച്ചോൻ കാത്തോട്ടെ...“

“ആരാ മോനേ....“

അവൻ സഫിയയുടെ മുഖത്തുനോക്കാതെ മറുപടി നൽകി... ഒരു സ്ത്രീ “ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിലിരുന്ന് കരയുന്നത് കണ്ട്... അവരോട് കാര്യങ്ങൾ തിരക്കി എനിക്ക് കഴിയുമെന്ന് തോന്നിയപ്പോ അവരെ സഹായിക്കാമെന്നു കരുതി ഉമ്മ ...“

“ഓ അല്ലെങ്കിലും നീയൊരു പരോപകാരിയാണല്ലോ...“

“ഉമ്മാ... മോളൊപ്പോഴും ഉറക്കംതന്നെയാണോ..“

“അതേ... അവൾക്ക് പകല് ഉറക്കവും രാത്രി പകലുപോലെയുമാണ്...“

“മോനേ മോളിനിടാൻ പേരെന്തായി...“

“കൂടുതലൊന്നും അവന് ആലോചിക്കേണ്ടിവന്നില്ല.“

“ഉമ്മാ... ആമിനാ... നല്ല പേരല്ലേ... ആമിനാ...“ തന്റെ ഇത്തയുടെ പേരുതന്നെയാകട്ടെ... അതാരും അറിയുകയുമില്ല.

“കൊള്ളാല്ലോടാ... നല്ല പേര്.“ നമ്മുടെ നബിയുടെ [മുഹമ്മദ് നബി ]ഉമ്മയുടെ പേര് ആമിന

അവൻ ദൂരേയ്ക്ക് നോക്കിയിരുന്നു... അതേ തന്റെ സഹോദരിയുടെ പേര്... അതാകട്ടെ ഇവൾക്കും... എന്നും തനിക്ക് ജന്മം തന്നവരെ കുറിച്ച് ഓർക്കാനൊരു പേര്... തനിക്കു മാത്രം അറിയാവുന്ന താൻ മാത്രം അറിഞ്ഞാൽ മതിയെന്ന് ആഗ്രഹിക്കുന്ന ബന്ധം...

കുഞ്ഞുണർന്ന് കരയാൻ തുടങ്ങി. സഫിയ അവളെ അവന്റെ കൈകളിലേയ്ക്ക് കൊടുത്തു... അവന് കുഞ്ഞുങ്ങളെ എടുത്ത് പരിചയമില്ലാത്തതിനാൽ തിരികെക്കൊടുത്തു. ഇടയ്ക്കിടയ്ക്ക് ഫസൽ ഓപ്പറേഷൻ തീയേറ്ററിനുമുന്നിൽപോയി ആമിനയോട് വിവരങ്ങൾ തിര ക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്കുള്ള ഭക്ഷണം ഫസൽ തന്നെ തന്റെ ചേച്ചിയായ ആമിനയ്ക്ക് വാങ്ങിനൽകി... അവൾ ആങ്ങളയുടെ കൈയ്യിൽനിന്ന് സന്തോഷപൂർവ്വം വാങ്ങിക്കഴിച്ചു... ആ മുഖത്ത് ഒരു ധൈര്യം അവന് കാണാമായിരുന്നു. അവളെ സംബന്ധിച്ച് ഫസൽ വെറുമൊരു അന്യൻ.. അനനെക്കുറിച്ച് അവൾക്കൊന്നുമറിയില്ല... അല്ലെങ്കിൽ അറിയേണ്ടകാര്യവുമില്ല. കാരണം തന്റെ ജീവിതത്തിൽ പലരുംതന്നെ സഹായിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊരാളായി മാത്രമേ ഫസലിനെ അവൾ കണ്ടുള്ളൂ.

ഫസൽ ഏകദേശം 3 മണിയോടെ തിരികെ റൂമിലെത്തി... അല്പസമയം അവിടെ ചുറ്റിക്കറങ്ങി നിന്നു... സഫിയാ ചോദിച്ചു

“മോനേ നീ വേണമെങ്കിൽ വീട്ടിൽ പോയിട്ടു പോരേ..“

“വേണ്ടുമ്മാ... ഞാനിവിടെ വേണം. എന്തേലും ആവശ്യമുണ്ടെങ്കിൽ...“ അവന്റെ മനസ്സ് നിറയെ തന്റെ ഇത്തയെക്കുറിച്ചുള്ള ചിന്തകളായിരുന്നു... എന്തായാലും എത്ര മോശക്കാരനാണെങ്കിലും അയാൾ തന്റെ വാപ്പതന്നെയാണല്ലോ...

അല്പ സമയം കഴിഞ്ഞപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു... സഫിയ ചെന്നു വാതിൽ തുറന്നു...

ഫസൽ തിരിഞ്ഞുനോക്കി... അതേ ആമിന തന്റെ റൂമിലെത്തിയിരിക്കുന്നു. എല്ലാം ഇപ്പോൾ തകർന്നു തരിപ്പണമാവും... ഉമ്മ എന്തേലും മനസ്സിലാക്കു ന്നതിനു മുന്നേ ഇടപെടണം. അവൻ പെട്ടെന്ന് വാതിലനുത്തേയ്ക്ക് വന്നു. അമ്പരപ്പോടെ ആമിന അവനെനോക്കി... സഫിയയ്ക്ക് ഒന്നും മനസ്സിലായില്ല.. ഏതാണീകുട്ടി... ഫസലും ഇവളുംതമ്മിലെന്താണ് ബന്ധം... ഒരായിരം ചോദ്യങ്ങൾ സഫിയയുടെ മനസ്സിലൂടെ ഒടിനടന്നു. ഒരു നിമിഷത്തെ അമ്പരപ്പിനുശേഷം ഫസൽ യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ നോട്ടത്തിനുമുന്നിൽ അവൻ ചൂളിപ്പോയി....


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  07 07 2019

ഷംസുദ്ധീൻ തോപ്പിൽ 30 06 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ