8.6.19

നിഴൽവീണവഴികൾ - ഭാഗം 25

പെട്ടെന്നാണ് ബലിഷ്ഠമായ ഒരു കൈ ഫസലിന്റെ തോളിൽ വന്നുപതിച്ചത്. അവൻ തിരിഞ്ഞുനോക്കി സൗമ്യഭാവത്തോടെ ഒരു പോലീസുകാരൻ തന്നെ പിറകിലേയ്ക്ക് നീക്കി നിർത്തി. അവൻ അറിയാതെ ”എന്റെ കൃഷ്ണാ ഒന്ന് കാണാന്നെ കരുതിയുള്ളൂ അതിപ്പൊ? ”മുൻപേ നടന്ന സംവിധായകനെ തിരക്കിനിടയിൽ അവിടെങ്ങും കാണാനേ ഇല്ല ... അവന്റെ കണ്ണുൾ ഭയത്തോടെ അവിടെല്ലാം നോക്കി... ആ നോട്ടം അവസാനിച്ചത് പോലീസുകാരന്റെ മുഖത്തായിരുന്നു....

ദയനീയമായി അവൻ പോലീസുകാരനെ നോക്കി. താൻ പിടിക്കപ്പെട്ടുവോ... താനൊരു ഹിന്ദുവല്ലായിരിക്കാം പക്ഷേ മനുഷ്യനല്ലേ... തന്നെ നിർബന്ധിച്ച് ഒപ്പംകൂട്ടിയ ഡയറക്ടറെ കാണാനുമില്ല.. തിരക്കിലെവിടയോ അകപ്പെട്ടെന്നു തോന്നുന്നു... അവന്റെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു. പെട്ടെന്ന് സൗമ്യഭാവത്തിൽ പോലീസുകാരൻ അവനോടു പറഞ്ഞു.

”മോനേ... ഇവിടെ ഉടുപ്പിട്ട് അകത്ത് കയറിക്കൂടാ... ആദ്യമാണല്ലേ... ഉടുപ്പൂരി തോളിലിട്ടോളൂ... ആചാരങ്ങളല്ലേ മാറ്റാൻ പറ്റുമോ.” അവന് ആശ്വാസമായി... പടച്ചോൻ കാത്തു... അല്ല കൂടെ കണ്ണനും കാത്തു... അവന് ഒരു കാര്യം ഉറപ്പായി ഏതു ദൈവമായാലും മനുഷ്യൻ ദൈവത്തിന്റെ മുന്നിൽ ഒന്നുതന്നെ... ‌താനിവിടെ എത്തിയത് ഒരു നിയോഗമായിരിക്കാം... കൂടെ പഠിക്കുന്ന രാജേഷും സന്തോഷുമൊക്കെ പുരാണങ്ങളിലെ കഥകളും മറ്റും പറഞ്ഞുതരാറുണ്ട്. ഒരത്ഭുതത്തോടെ എല്ലാം കേട്ടിരിക്കും. കൃഷ്ണനെക്കുറിച്ച് അവർ പറയുമ്പോൾ നൂറുനാവാണവർക്ക്... കൃഷ്ണന്റെ ലീലാവിലാസങ്ങളും മഹാഭാരതത്തിൽ അർജ്ജുനന് നൽകിയ ഗീതോപദേഷങ്ങളുമൊക്കെ കവിതാരൂപത്തിലും പഠിച്ചിട്ടുണ്ടല്ലോ... ഗുരുവായൂർ വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ തനിക്ക് അകത്തു കയറാനും ഒരു അവസരം ലഭിച്ചു. 

”കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു”.... മൈക്കിൽനിന്നുയർന്നുവരുന്ന ഭക്തിഗാനം... അത് തന്നെക്കുറിച്ചായിരിക്കുമോ... താൻ മനസ്സിൽ ചിന്തിച്ചതാ... കണ്ണൻ എന്നെ ആരെന്നറിഞ്ഞു കാണുമായിരിക്കും....

പെട്ടെന്നാണ് ഡയറക്ടർ അവിടെ ഓടിയെത്തയത്... അദ്ദേഹം അല്പം നീരസത്തോടെ അവനോടു പറഞ്ഞു.

”എടോ സന്തോഷേ നീയെവിടെയായിരുന്നു... പെട്ടെന്ന് വന്നേ... തൊഴുതിട്ട് പല കാര്യങ്ങളും തീർക്കാനുള്ളതാ... ഞാൻ ചെയ്യുന്നതുപോലൊക്കെ ചെയ്തേക്കണം. എന്റെ അടുത്തുനിന്നും മാറിപ്പോകല്ലേ....” അവൻ തലകുലുക്കി സമ്മതിച്ചു.

പിന്നീട് സംവിധായകൻ ചെയ്യുമ്പൊലെയൊക്കെ ഫസലും ചെയ്തു. എന്നാലും അവന്റെ ഉള്ളിലൊരു ഭയം ആരെങ്കിലും തന്നെയെങ്ങാനും തിരിച്ചറിഞ്ഞാൽ. പിന്നെ ജയിലിൽ കിടക്കേണ്ടി വരും. അവൻ ആരേയും വല്ലാതെ ശ്രദ്ധിച്ചില്ല. അവസാനം എല്ലാം കഴിഞ്ഞ് ഫസലിന്റെ നെറ്റിയിൽ സംവിധായകൻ ചന്ദനം തൊടുവിച്ചു. 

”ഇനി നിന്നെ കണ്ടാൽ മാപ്പിള ചെക്കനാണെന്ന് ആരും പറയില്ല. അത്രയ്ക്ക് ഐശ്വര്യമുണ്ട് നിന്നെ കാണാൻ”. അവന്റെ ചെവിയിൽ അയാൾ പറഞ്ഞു. 

അപ്പോഴാണ് ഫസലിനാശ്വാസമായത്. കൗണ്ടറിൽ നിന്നും പ്രസാദം വാങ്ങി. 

”ഇനിയും നിന്റെ പേടി മാറിയില്ലെ ഇനി പേടിക്കണ്ട. നീ ആദ്യമായിട്ടല്ലെ, നിനക്കെല്ലാ നടകളും കാണിച്ച് തരാം. നീയൊരു കലാകാരനല്ലേ... എല്ലാ മതങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. ഞാൻ പള്ളിയിൽ  പോകാറുണ്ട് ചർച്ചിൽ പോകാറുണ്ട് അമ്പലത്തിലും പോകും... എനിക്ക് എല്ലാ ദൈവങ്ങളിലും വിശ്വാസമാ... ആര് എപ്പോൾ ഏതു ദൈവത്തിന്റെ രൂപത്തിലാണ് സഹായവുമായി വരുന്നതെന്നറിയില്ലല്ലോ.. നീയൊന്നു ധൈര്യമായിരിക്ക് വൈകുന്നേരത്തിനു മുൻപേ വീട്ടിലെത്തിയാൽ പോരേ..”

”മതി സാർ.”

”എന്നാൽ വാ.”

ഫസൽ അമ്പല നടയിലെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ടു അത്രയ്ക്ക് മനോഹരമായിരുന്നു അവിടുത്തെ ശിൽപചാതുരി. ഉച്ചവരെ അവരെല്ലാ നടകളും ചുറ്റി നടന്ന് കണ്ടു. നായർ കുറെ സാധനങ്ങൾ മേടിച്ചു. 

”നിനക്കെന്തെങ്കിലും വേണോ.”

”വേണ്ട സാർ നീ എന്തിനാ എന്നെ സാറെന്ന് വിളിക്കണത്. ഞാൻ നിന്റെ ഏട്ടനല്ലെ. ഇനി മുതൽ നീ എന്നെ ഏട്ടാ എന്ന് വിളിച്ചാമതി.”      

റിസപ്ഷനിൽ എത്തിയപ്പോൾ ഭക്ഷണം റെഡിയായിട്ടുണ്ടെന്ന് പറഞ്ഞു. 

”സന്തോഷ് വാ ഏതായാലും നമുക്ക് ഭക്ഷണം കഴിച്ചിട്ട് റൂമിൽ പോകാം.”

ഭക്ഷണം വിളമ്പി അവനൽഭുതപ്പെട്ടു പന്ത്രണ്ട് തരം കറികൾ രണ്ട് തരം പപ്പടം നെല്ല് കുത്തരിയുടെ ചോറ് അവന് സദ്യ ഏറെ ഇഷ്ടമാണ്. അതവൻ പുറത്ത് കാണിക്കാതെ ഭക്ഷണം കഴിച്ചു. അത് കഴിഞ്ഞവർ റൂമിൽ പോയി. ഇനി നമുക്കൽപം കിടക്കാം നിനക്ക് യാത്രാക്ഷീണമൊക്കെ ഉള്ളതല്ലെ. 

”വേണ്ട ഏട്ടാ ഞാനിവിടെ ഇരുന്നോളാം. ഏട്ടൻ കിടന്നോളൂ.”

”ആ ഞാൻ മാത്രമെങ്ങിനെ കിടക്കാനാ ഇങ്ങട്ട് കിടക്കെടോ”.

അതും പറഞ്ഞ് സംവിധായകൻ വലിച്ചവനെ തന്റെ അരികിൽ കിടത്തി. കെട്ടിപ്പിടിച്ചവനെ തുരുതുരാ ചുംബിച്ചു. 

”ഫസലെ നിന്നെ എനിക്കൊരുപാടിഷ്ടാ ഞാൻ നിന്നെ സിനിമയിൽ വലിയ ആളാക്കും. അപ്പൊ എന്നെയൊക്കെ നീ മറക്കുമോ.”

”ഇല്ല ഏട്ടാ ഏട്ടനെ ഞാനെങ്ങനെ മറക്കാ...”

എ.സിയുടെ തണുപ്പ് റൂമിൽ കൂടിക്കൂടി വന്നു... അദ്ദേഹം കമ്പിളിപ്പുതപ്പെടുത്ത് മൂടി എന്നിട്ട് അടുത്തേയ്ക്ക് ചേർത്ത് കിടത്തി പുതപ്പിച്ചു. ഇപ്പോൾ രണ്ടുപേരും ചേർന്ന് കിടക്കുകയാണ്. പതിയെ സംവിധായകൻ കൈകൾ അവന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. അവനൊന്നും മിണ്ടാൻ കഴിഞ്ഞില്ല. ഫസലിന് പതിയെ കാര്യങ്ങൾ പിടികിട്ടി. എന്നാലും അവൻ അടങ്ങാതെ കിടന്നു. മറുത്തെന്തെങ്കിലും പറഞ്ഞാൽ അഭിനയിക്കാൻ ചാൻസ് കിട്ടിയില്ലെങ്കിലോ. പലരും തന്റെ ശരീരത്തിൽ പലതും പരീക്ഷിക്കപ്പെട്ടു... ഇനി ഇതും സഹിക്കുകതന്നെ. ആ പുതപ്പിനുള്ളിൽ അരുതാത്തത് പലതും നടക്കുന്നു. താൻ നിസ്സഹായനായി നിർജ്ജീവനായി കിടക്കുന്നു. 

പക്ഷെ ഫസലിന് ഒരു കാര്യം വ്യക്തമായി. ഇതുവരെ തന്നെ ചൂഷണം ചെയ്തവരെപ്പോലെയല്ല സംവിധായകൻ പെരുമാറുന്നത്. തന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ട് അദ്ദേഹം നിർവൃതി കണ്ടെത്തുന്നു. കൂടെക്കൂടെ തന്നേ അദ്ദേഹത്തോട് ചേർത്ത് പിടിക്കുകയും മുഖത്ത് ഉമ്മവയ്ക്കുകയും ചെയ്യുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കുഴയുന്നു. അദ്ദേഹത്തന്റെ താല്പര്യം ഇതാണെന്നു തോന്നുന്നു. അൽപ്പസമയത്തിനകം അദ്ദേഹം തളർന്ന് ഫസലിനെ കെട്ടിപ്പിടിച്ചു കിടന്നു. ഫസിലന്റെ കാതിൽ പതിയെ പറഞ്ഞു. 

”എനിക്ക് പെണ്ണുങ്ങളോട് തീരെ താൽപര്യമില്ല. അതുകൊണ്ടാ ഞാൻ ഇത് വരെ കല്ല്യാണം പോലും കഴിക്കാത്തത്. എനിക്ക് നിന്നെ പോലത്തെ ചെക്കൻമാരെ വലിയ ഇഷ്ടാ.” പെണ്ണുങ്ങളാവുമ്പോ ഇത്ര ധൈര്യത്തിൽ ഇവിടെങ്ങും കൊണ്ടുവരാൻ പറ്റുമോ.. പോലീസു പിടിച്ചാൽ തീർന്നു. ചാനലുകാരായ ചാനലുകാരൊക്കെ ആഘോഷിക്കും. പിന്നെ കഷ്ടകാലത്തിന് ഗർഭം ഉണ്ടാകുമെന്നു പേടിക്കേണ്ടല്ലോ...”

ശരിയാണ് സ്ത്രീപീഢനത്തേക്കാൾ ഇവിടെ കൂടുതൽ നടക്കുന്നത് പുരുഷ പീഢനം തന്നെയാണ്. കാമം കത്തിനിൽക്കുന്നവന് ആണായാലും പെണ്ണായാലും തന്റെ ലൈംഗിക സംതൃപ്തിക്കു വേണ്ടത് വെറും മാംസംമാത്രമാണ്. വികാരത്തിനു മുന്നിൽ വിവേകം അടിയറവുപറയുന്നു. അൽപസുഖത്തിനുവേണ്ടി സ്വന്തം വർഗ്ഗത്തിൽപ്പെട്ട കുട്ടികളെത്തന്നെ ഉപയോഗിക്കുന്നവർ. പല മോഹന വാഗ്ദാനങ്ങളും നൽകി പീഢിപ്പിക്കുന്നവർ. അറിയാത്ത പ്രായത്തിൽ പലവിധ ചൂഷണങ്ങൾക്കും വിധേയരാകുന്നവർ. ഈ കാര്യങ്ങൾ ഭീഷണിയാൽപുറത്തുപറയാൻ മടിക്കുന്നവർ. ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായതിന്റെപേരിൽ ആത്മഹത്യചെയ്തവർ. ലജ്ജിക്കണം നമ്മൾ ഈ വൈകൃതങ്ങളോർത്ത്. വേണം ഇതിനെതിരെ ബോധവൽക്കരണം. എത്രത്തോളം ശ്രദ്ധ പെൺകുട്ടികളുടെ കാര്യത്തിൽ ചെലുത്തുന്നോ അത്രത്തോളമോ അതിലധികമോ ശ്രദ്ധ ആൺകുട്ടികളുടെ കാര്യത്തിലും ആവശ്യമാണ്. അടുത്തിടെ പത്രത്തിൽ വായിച്ചത്ത് ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ലൈംഗിക ഉത്തേജക വസ്തുക്കൾ ഉപയോഗിക്കുന്നത് മലയാളികളാണെന്നാണ്. മലയാളികൾക്കിതെന്തുപറ്റി. നീലച്ചിത്രങ്ങൾകണ്ട് ലൈംഗിക മരവിപ്പ് നേരിടുന്നവർ. ശരിയ്ക്കും മലയാളികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണ്. 

നമ്മൾ സാക്ഷരതയിൽ വളരെ മുന്നിലാണ്. ജീവിത നിലവാരത്തിലും ഒട്ടും പിറകിലല്ല... മദ്യപാനം, മയക്കുമരുന്ന്, ലൈംഗിക വൈകൃതങ്ങൾ എല്ലാറ്റിലും നമ്മൾ മുന്നിൽത്തനെ... മറ്റു സ്റ്റേറ്റിലുള്ളവരെ നമ്മൾ കളിയാക്കാറുണ്ട്. അവർ മലവിസർജ്ജനം നടത്തുന്നത് റെയിൽ പാളത്തിലാണെന്നും... കുളിക്കാറില്ലെന്നും... അങ്ങനെ പലരീതിയിലും. ദിവസവും രണ്ടുനേരം കുളിക്കുകയും വൃത്തിയാലും വെടിപ്പായും വസ്ത്രം ധരിക്കുകയുമെല്ലാം ചെയ്യുന്ന നമുക്ക് എത്ര ഐ.എ.എസ്, കാരെ എത്ര ഐപിഎസ് കാരെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. നമ്മൾ കളിയാക്കുന്ന മറ്റു സ്റ്റേറ്റുകളി‍ൽ നിന്നും ഐഎഎസ് എന്തെന്നറിയാത്ത കുടുംബത്തിൽനിന്ന് ഐഎഎസ് കാരായവർ നമ്മുടെ സ്റ്റേറ്റിൽ ജോലിചെയ്യുന്നു. എന്നിട്ടും നമുക്ക് ഉയരങ്ങളി‍ലെത്താൻ കഴിയുന്നില്ല. പുനർ ചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

”ഫസലേ പിന്നെ പെട്ടന്നൊന്നും സിനിമയിൽ കയറാൻ പറ്റില്ല. ഇടയ്ക്കൊക്കെ നീ ഇവിടെ വരേണ്ടിവരും. ഇന്ന് ഡ്രസ്സ് അളവെടുക്കുന്ന ആള് എത്തിയിട്ടില്ല. അടുത്ത തവണ എന്തായാലും ആള് വരും. ഞാനിവിടെ എത്തുന്നതിന് മുമ്പ് നിനക്ക് കത്തിടാം. നീ തനിച്ച് വന്നാമതി. എന്തായാലും ഞാൻ നിന്നെ ഒരു സിനിമാ നടനാക്കും നമ്മിളിവിടെ ചെയ്തതൊന്നും നിന്റെ മാഷോട് പറയരുത്. ഇത് വെറുമൊരു നേരമ്പോക്കായി കണ്ടാൽ മതി”.

”ഇല്ലചേട്ടാ.”

”എന്നാ നീ വേഗം റെഡിയായിക്കോ. വൈകുന്നേരത്തിന് മുമ്പ് നിനക്ക് വീട്ടിലെത്താം. നിന്റെ കയ്യിൽ വണ്ടിക്കൂലിക്ക് കാശുണ്ടൊ”

”ഉണ്ട്.”

”ഏതായാലും ഇതിരിക്കട്ടെ.” ഒരു നൂറിന്റെ മൂന്നു നോട്ടുകൾ സംവിധായകൻ ഫസലിന്റെ പോക്കറ്റിൽ വച്ചുകൊടുത്തു. അവൻ എതിർത്തില്ല. തന്നെ ഉപയോഗിച്ചതിന് തന്ന പ്രതിഫലം... അവൻ മനസ്സിൽ കരുതി.

ഒരുപാട് പ്രതീക്ഷകളോടെ ഫസൽ നാട്ടിലേക്ക് ബസ് കയറി. നാട്ടിലെത്തി പിറ്റേന്ന് തന്നെ ലത്തീഫ്മാഷെ കണ്ടപ്പൊ അവനൊരു നുണതട്ടിവിട്ടു. 

”മാഷെ ഡ്രസ്സിന്റെ അളവെടുത്തു. എത്രയും പെട്ടെന്ന് സിനിമ തുടങ്ങുമെന്നാ സംവിധായകൻ പറഞ്ഞത്.” 

ലത്തീഫ്മാഷിന് വളരെ സന്തോഷമായി. ഇങ്ങിനെയൊക്കെയാണെങ്കിലും ഫസൽ പഠിപ്പിൽ ഒരു കുറവും വരുത്തിയില്ല. ആയിടയ്ക്കാണ് സ്കൂളിൽ ആ വർഷത്തെ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചത്. എല്ലാത്തിനും ഫസൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. നാടകം മോണോആക്ട് ഒപ്പന കോൽക്കളി ഈ ഇനത്തിൽ നാടകവും കോൽക്കളിയും ഒപ്പനയും ജില്ലയിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. സ്കൂളിൽ നിരന്തരമായ പ്രാക്ടീസ്. ജില്ലാ മത്സരത്തിൽ ഫസലിന്റെ ഒപ്പനയ്ക്കും കോൽക്കളിക്കും ഫസ്റ്റ് കിട്ടി. നാടകം തേഡ് പ്രൈസ് ആയതിനാൽ സ്റ്റേറ്റ് മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. ഇപ്രാവശ്യത്തെ സ്റ്റേറ്റ് കലോത്സവം തിരുവനന്തപുരത്താണെന്ന് അറിഞ്ഞപ്പോൾ പങ്കെടുക്കുന്ന എല്ലാവർക്കും വളരെ സന്തോഷമായി. തിരുവനന്തപുരത്തെ പറ്റി കേട്ടതല്ലാതെ ഇതുവരെ കണ്ടിട്ടില്ല. സംസ്ഥാനഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം കാണാനുള്ള അവസരം. അവിടെ നിന്നും ഫസ്റ്റ് പ്രൈസോടെ വിജയിക്കണം. നിരന്തരം പ്രാക്ടീസ് നടന്ന് കൊണ്ടിരിക്കയാണ്. എല്ലാവരുടെയും ശ്രദ്ധ അതിലാണ്. എങ്ങിനെയെങ്കിലും ജയിക്കണം. 

ഒരു ഞായറാഴ്ച്ച ഫസലിനൊരു മടി കുറെ ദിവസമായില്ലെ നിരന്തരമായ പ്രാക്ടീസ്. ഇന്നേതായാലും പോവണ്ട. നാളെ എന്തെങ്കിലും പറയാം. തിങ്കളാഴ്ച്ച സ്കൂളിലെത്തിയപ്പോഴാണ് അവൻ  ഞെട്ടിക്കുന്ന വാർത്തയറിഞ്ഞത്. സ്റ്റേറ്റ് കലോത്സവത്തിൽ നിന്ന് ഫസലിനെ ഒഴിവാക്കിയിരിക്കുന്നു. പകരം ഒരു മാഷിന്റെ മകനെ എടുത്തിരിക്കുന്നു. കളി മോശമായതുകൊണ്ട് മാസ്റ്ററുടെ മകനെ ആദ്യം ഒഴിവാക്കിയതായിരുന്നു. പക്ഷെ ഇപ്പൊ അവനെ തന്നെ എടുത്തിരിക്കുന്നു. ഇത്രയും ദിവസം താൻ അധ്വാനിച്ചത് വെറുടെയായി. തന്റെ എല്ലാ പ്രതീക്ഷകളും തകർന്നിരിക്കുന്നു. എന്തെങ്കിലും ഒരു കാരണം കിട്ടാൻ വേണ്ടി കാത്തിരിക്കയായിരുന്നു അവരെന്ന് തോന്നുന്നു. താനിന്നലെ വീട്ടിൽ വെറുതെ ഇരിക്കയായിരുന്നു. പക്ഷെ താനതത്ര കാര്യമാക്കിയില്ല. 

ഫസൽ ഹെഡ്മാസ്റ്ററുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. പറയുകയല്ലായിരുന്നു കരയുകയായിരുന്നു. അത്രയ്ക്ക് അവന് വേദനയുണ്ടായിരുന്നു. 

”ഫസലെ നിനക്കറിയില്ലെ കലാപരമായ എല്ലാ കാര്യവും ബാബുമാഷും ചന്ദ്രൻ മാഷുമാണ് തീരുമാനിക്കുന്നത്. ബാബുമാഷ് ഇന്ന് കാലത്ത് എന്നോട് വന്ന് പറഞ്ഞു ഫസലിനെ മാറ്റിവേറെ ആളെ വെച്ചെന്ന്. നീ നേരാംവണ്ണം പ്രാക്ടീസിനൊന്നും വരുന്നില്ലെന്ന്.”

അവൻ കരഞ്ഞുകൊണ്ടു പറഞ്ഞു. ”ഞാനിന്നലെ മാത്രമേ വരാത്തുള്ളൂ സാർ. ഇത് വരെ ഞാൻ കഷ്ടപ്പെട്ടതൊക്കെ..”

”എന്ത് ചെയ്യാനാ ഫസലേ നമുക്ക് അടുത്ത തവണ നോക്കാം നീയിവിടെത്തന്നെയല്ലേ അടുത്തവർഷവും പഠിക്കുന്നത്. ഇതിൽ എനിക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല.....

അവൻ ഒഫീസിന്റെ പടിയിറങ്ങി പുറത്തുവന്നു. അപ്രതീക്ഷിതമായി അവിടെ ഐഷുവിനെ കണ്ടു.. അവൻ തന്റെ വിഷമം ഉള്ളിലൊതുക്കാൻ പാടുപെട്ടു. അവൻ അങ്ങോട്ടു പറഞ്ഞു തുടങ്ങുന്നതിനുമുമ്പ് ഐഷു അവനോട് പറഞ്ഞു.

”ഫസലേ കാര്യങ്ങളൊക്കെ ഞാനറിഞ്ഞു. നീ  വിഷമിക്കേണ്ട... എല്ലാത്തിനും ഒരു കാലം വരും... ഇത് നിനക്ക് വിധിച്ചിട്ടില്ലാന്ന് കൂട്ടിക്കോ.... ഇതിലും വലിയ അവസരമായിരിക്കും നിനക്കായി പടച്ചോൻ കരുതീട്ടുണ്ടാവുക”. അവൾ അതും പറഞ്ഞ് മുന്നോട്ടു നടന്നു.

അവന് പെട്ടെന്ന് ഒരു ഊർജ്ജം കിട്ടിയതായി തോന്നി . എന്തൊരാശ്വാസം... അവളുടെ രണ്ടു വാചകത്തിൽ തന്റെ വിഷമമെല്ലാം എങ്ങോ പോയ്മറഞ്ഞു... ശരിയാണ് പടച്ചോൻ തനിക്ക് ഇതിലും വലിയ സർപ്രൈസ് കരുതിയിട്ടുണ്ടാവും.

അവൻ മനസ്സിലോർത്തു ഇതിന് പിന്നിൽ ബാബുസാറാണ് അയാൾക്ക് തന്നോടെന്തോ ദേഷ്യമുണ്ട്. അതിന്റെ പക തീർത്തതാണയാൾ..... 

അക്കൊല്ലം സംസ്ഥാനതല മത്സരത്തിൽ ഒപ്പനയും കോൽക്കളിയും പൊട്ടി. കളിക്കിടയിൽ സാറുടെ മകൻ തെറ്റിച്ചതാണെന്ന് കൂടെ കളിച്ചവർ ഫസലിനോട് വന്ന് പറഞ്ഞു. അവർക്ക് ഫസലിനെ മാറ്റിയത് തീരെ ഇഷ്ടപ്പെട്ടില്ലായിരുന്നു. സാറിന്റെ മകനാണെങ്കിൽ ശരിക്ക് കളിയും അറിയില്ല. ഏതായാലും അതിൽ ഏറെ സന്തോഷിച്ചത് ഫസലാണ്. ഇടയ്ക്ക് ബാബുസാറെ കാണുമ്പോൾ ഇപ്പൊ എന്തായി എന്നുള്ള ചിരിയും ചിരിച്ച് കടന്ന് പോകും. അക്കൊല്ലവും ഫസൽ നല്ല മാർക്കോടെ 10 ലേക്ക് പാസായി. വീട്ടിൽ എല്ലാവർക്കും സന്തോഷമായി. 

”മോനേ ഫസലേ നീ നന്നായി പഠിക്കുന്നുണ്ടല്ലോ. ഇനി പത്താം ക്ലാസാണ് കൂടുതൽ ശ്രദ്ധിക്കണം. ഇവിടെ നിന്റെ പഠിത്തകാര്യങ്ങൾ നോക്കാനുള്ള വിദ്യാഭ്യാസവും അറിവും മറ്റാർക്കുമില്ല.” ഹമീദ് ഫസലിനോട് പറഞ്ഞു. 

”മോൻ ഇതുവരെ പഠിച്ചപോലെ നന്നായി പഠിക്കണം. നല്ല മാർക്കോടെ ജയിക്കണം.”

”ഞാൻ പഠിച്ചോളാം ഉപ്പാ.”

സ്നേഹത്തോടെ ഹമീദ് ഫസലിനെ ചേർത്തുനിർത്തി.

പെട്ടെന്നാണ് അകത്തുനിന്ന് സഫിയയുടെ നിലവിളി കേട്ടത്... അവൾ ഓടിക്കിതച്ച് ഉപ്പാന്റെ അടുത്തേയ്ക്ക് വന്നു.

”ഉപ്പാ... ഉപ്പാ വേഗം ഒരു വണ്ടി വിളിക്കാൻ ഫസലിനോട് പറയൂ ... നമ്മ്ടെ.....”



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  16 06 2019


ഷംസുദ്ധീൻ തോപ്പിൽ 09 06  2019



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ