15.6.19

നിഴൽവീണവഴികൾ - ഭാഗം 26

പെട്ടെന്നാണ് അകത്തുനിന്ന് സഫിയയുടെ നിലവിളി കേട്ടത്... അവൾ ഓടിക്കിതച്ച് ഉപ്പാന്റെ അടുത്തേയ്ക്ക് വന്നു.

”ഉപ്പാ... ഉപ്പാ വേഗം ഒരു വണ്ടി വിളിക്കാൻ ഫസലിനോട് പറയൂ ... നമ്മ്ടെ..... അഫ്സയ്ക്ക് ഒരു തളർച്ച... പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം. ഫസൽ ഉടൻതന്നെ‍ കവലയിലേയ്ക്കോടി, അല്പസമയത്തിനകം ഒരു കാറുമായി തിരികെയെത്തി.. എല്ലാരുംകൂടി അഫ്സയെ കാറിൽ കയറ്റി.. കാർ വേഗംതന്നെ നഗരത്തിലെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു...

അവൾക്ക് മാസം തികഞ്ഞിരിക്കുകയായിരുന്നു. ഡോക്ടർ പറഞ്ഞ ഡേറ്റിന് ഇനിയും രണ്ടാഴ്ചകൂടിയുണ്ടായിരുന്നു. പക്ഷേ ഇതു തികച്ചും അപ്രതീക്ഷിതമായിരിക്കുന്നു. അവർ ഹോസ്പിറ്റലിൽ കാഷ്വാലിറ്റിയിലെത്തി ഡോക്ടർ നോക്കിയിട്ട് എത്രയും വേഗം തീയേറ്ററിലേയ്ക്ക് കൊണ്ടുപോകാൻ നഴ്സുമാർക്ക് നിർദ്ദേശം നൽകി. അവർ മൂവരും തിയേറ്ററിനു വെളിയിൽ കാത്തിരുന്നു. ഉദ്വോഗജനകമായ നിമിഷങ്ങൾ റഷീദിനെ അറിയിക്കണോ എന്ന് ഉപ്പയോട് ചോദിച്ചപ്പോൾ വേണ്ടെന്നുള്ള മറുപടി. അവൻ വിഷമിക്കും എന്തായാലും ഡോക്ടർ കാര്യം വിശദമായി പറയുമല്ലോ. അതിനുശേഷം തീരുമാനിക്കാം. സഫിയയും ഉമ്മയും ഭിത്തിയോട് ചേർത്തിട്ടിരുന്ന കസേരയിൽ ഇരുന്നു. ഹമീദ് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. ഫസൽ ചുറ്റുപാടുകൾ വീക്ഷിച്ചുകൊണ്ടുനിൽക്കുന്നു. അല്പം ദൂരെ മാറി നിൽക്കുകയായിരുന്ന ഫസലിന്റെ അടുത്തേയ്ക്ക് സുമുഖനായ ഒരു മനുഷ്യൻ നടന്നടുത്തു. ഫസലിനോടു ചോദിച്ചു.

“മോനേ ആരാ അമ്മയെയാണോ പ്രസവത്തിനു കൊണ്ടുവന്നത്.“

“അല്ല മാമിയാ, മാമൻ ഗൾഫിലാ“

“മോന്റെ വീടെവിടാ.. നല്ല മുഖപരിചയം“

അവൻ എല്ലാം വിശദമായി പറഞ്ഞു.

അദ്ദേഹം സ്വയം പരിചയപ്പെടുത്തി.

“ഞാൻ നാസർ, ഇവിടെ സിറ്റിയിൽ സ്വർണ്ണക്കട നടത്തുന്നു. എന്റെ ഭാര്യയെ പ്രസവത്തിന് കൊണ്ടുവന്നതാ... ചില സീരിയലുകളിലൊക്കെ മുഖംകാണിച്ചിട്ടുണ്ട്.“

ഫസൽ വളരെവേഗം അയാളുമായി അടുത്തു. അവന്റെ സിനിമാമോഹം അയാളോടു പറഞ്ഞു. ഒരു സിനിമയിൽ അവസരം കിട്ടിയകാര്യവും നിലവിൽ ഒരു സിനിമയുടെ ഡിസ്കഷൻ നടക്കുന്ന കാര്യവും അവസാനം ആദ്യ സിനിമയുടെ നിർമ്മാതാവിന്റെ മരണത്തോടെ മുടങ്ങിയതുമെല്ലാം...

“ഫസലേ നീ പേടിക്കേണ്ട... നീ സിനിമയിൽ മാത്രമേ അഭിനയിക്കുള്ളോ... സീരിയലായാലും കുഴപ്പമില്ലല്ലോ.. സിനിമയിലേയ്ക്കുള്ള ചവിട്ടുപടിയാണ് സീരിയൽ..“

“അതറിയാം... എങ്ങനെയെങ്കിലും എനിക്ക് അഭിനയിക്കണം.“

ഹമീദ് നോക്കുമ്പോൾ തന്റെ കൊച്ചുമകൻ പലരുമായി സംസാരിക്കുന്നത് കാണുന്നുണ്ടായിരുന്നു. ആ മനുഷ്യന് അഭിമാനം തോന്നി. അവൻ വളർന്നിരിക്കുന്നു പത്താംക്ലാസ്സ് കഴിഞ്ഞെങ്കിലും അവന് പ്രായത്തെക്കാളും വളർച്ചയെത്തിയിരിക്കുന്നു. കണ്ടാൽ ഒത്തൊരു യുവാവായി മാറിയിരിക്കുന്നു.

നാസർ തന്റെ പോക്കറ്റിൽനിന്ന് ബിസിനസ് കാർഡെടുത്ത് ഫസലിന് നൽകി..

“നീ എന്നെ ഈ നമ്പറിൽ വിളിക്കണം. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാം. എന്റെ വീടും ഇവിടടുത്തുതന്നെ. ഇവിടുത്തെ ഡോക്ടർ  എന്റെ പരിചയക്കാരനാ ഞാൻ ഡോക്ടറോഡ് വിവരങ്ങൾ പറഞ്ഞേക്കാം.

അവൻ നന്ദിപൂർവ്വം തലയാട്ടി. നാസർ അവൻെറ കവിളിൽ തലോടി നടന്നുപോയി... അവൻ ഒന്നും മിണ്ടിയില്ല.

സഫിയയ്ക്ക് തന്റെ മകനിൽ അഭിമാനം തോന്നി. അവൻ സ്മാർട്ടായിരിക്കുന്നു. എന്ത് കാര്യവും നിശ്ചയ ധാർഢ്യത്തോടെ ചെയ്യാനുള്ള കരുത്തും കഴിവും ഉള്ളവനെപ്പോലെ തോന്നുന്നു. അവന്റെ സ്മാർട്ട്നസ് കണ്ടിട്ടാകും എല്ലാരും അവനോട് ഇഷ്ടം കൂടുന്നത്.

ആ മാതാവിന് സംഭവങ്ങളുടെ യാഥാർത്ഥ്യം അറിയില്ലല്ലോ... മകൻ അറിയാതെ അകപ്പെട്ടുകൊണ്ടിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച്. സഫിയയ്ക്ക് അവനിന്നും ഒരു കൊച്ചുകുട്ടിതന്നെ. പക്ഷേ ഈ ജീവിതത്തിനിടയിൽ ഒരു കുട്ടി അറിയാൻ പാടില്ലാത്തതെന്താണോ അതവൻ അറിഞ്ഞു കഴിഞ്ഞിരുന്നു. പലരിൽ നിന്നും, അവിടെ അവരാരും അവനെ ഒരു കുട്ടിയായി കണ്ടിരുന്നില്ല. മാതാവിന്റെയും അടുത്ത ബന്ധുക്കളുടേയും മുന്നിൽ മാത്രമായിരുന്നു അവൻ ഒരു ആൺകുട്ടിയായിരുന്നത്, പക്ഷേ മറ്റുപലർക്കും അവൻ വെറുമൊരു ലൈംഗിക ഉപകരണമായിരുന്നു. തങ്ങളുടെ വികാരം ശമിപ്പിക്കാനുള്ള ഉപകരണം. തൊലിവെളുപ്പും സൗന്ദര്യവും, കുറച്ചൊരു സ്ത്രൈണഭാവവും അവനെ എത്താൻ പാടില്ലാത്തിടത്തെല്ലാം എത്തിച്ചിരുന്നു.

ഇതിൽ ആരെയാണ് കുറ്റപ്പെടുത്തുക. പറക്കമുറ്റുംമുമ്പ് സഫിയയെയും ഫസലിനെയും അടിച്ചു പുറത്താക്കപ്പെട്ട അവന്റെ വാപ്പയേയോ... വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെനിൽക്കേണ്ട സമയത്ത് ജീവിക്കാനായി തൊഴിൽതേടിപ്പോയ അവന്റെ ഉമ്മയേയോ... അതോ അവനിലുണ്ടാകുന്ന മാറ്റങ്ങൾ ശരിക്ക് മനസ്സിലാക്കാൻ സാധിക്കാതെപോയ ഹമീദ് എന്ന വൃദ്ധനോ... ഇല്ല ഇവിടെ നമുക്ക് ഇവരാരെയും കുറ്റപ്പെടുത്താനാവില്ല. കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നാലും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചിരിക്കും. കാരണം ഇവിടെ കുറ്റക്കാർ നമ്മൾ ജീവിക്കുന്ന സമൂഹംതന്നെയാണ്. സുരക്ഷിതമായ ശാരീരിക സുഖത്തിനുവേണ്ടി ആൺവേശ്യകളെ സൃഷ്ടിക്കുന്ന നമ്മുടെ സമൂഹം. ഇവിടെ മിടുക്കനായ ആ കുട്ടിക്ക് കാലിടറിയെങ്കിൽ നമ്മളെല്ലാം കുറ്റക്കാർ തന്നെയാണ്. തുടച്ചുമാറ്റപ്പെടണം ഈ വൃത്തികേടുകൾ സമൂഹത്തിൽനിന്നും. ഇതൊരു മനോവൈകല്യമായി ഇവിടുത്തെ സമൂഹം കാണേണ്ടിയിരിക്കുന്നു. മറ്റെല്ലാ വൈകല്യവും പോലെ കാമപൂർത്തീകരണത്തിനായി
ആൺകുട്ടികളെ കരുവാക്കുന്നവരെ മാനസികരോഗികളായിക്കണ്ട് അതിനുള്ള ചികിത്സ നൽകണം. അവരുടെ ലിംഗം ഉദ്ധരിക്കാത്തവിധം ശാസ്ത്രീയമായ മുൻകരുതലുകളെടുക്കണം. വീട്ടിൽ ഭാര്യയുള്ളവൻപോലും കാമപൂർത്തീകരണത്തിനായി കൊച്ചു കുട്ടികളുടെ പിറകേപോകുന്ന സംസ്കാരം. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതിരകിക്കേണ്ടിയിരിക്കുന്നു.

തിയേറ്ററിന്റെ വാതിൽ തുറന്ന് നഴ്സ് പുറത്തേയ്ക്ക് വന്നു.

“അഫ്സയുടെ ആരെങ്കിലുമുണ്ടോ“ എന്ന ചോദ്യം ഉയർന്നു.

“ഉണ്ട് ....“ മറുപടി പറഞ്ഞത് ഫസലായിരുന്നു.

വെള്ള തുണിയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ നഴ്സ് പുറത്തേയ്ക്ക് കൊണ്ടുവന്നു. സഫിയ കു‍ഞ്ഞിനെ ഏറ്റുവാങ്ങി.

“പെൺകുഞ്ഞാ... സുഖപ്രസവം.“

അവൻ ജിജ്ഞാസയോടെ കുഞ്ഞിന്റെ  മുഖത്തേയ്ക്ക് നോക്കി. സഫിയ ഉപ്പയേയും ഉമ്മയേയും കുഞ്ഞിനെ കാണിച്ചു.

“ഉടനേ കുഞ്ഞിനെ തിരികെത്തരണം.“ നഴ്സ് വാതിലടച്ച് അകത്തേയ്ക്ക് പോയി...

“ഉമ്മാ അവന്റെ ചെവിയിൽ ബാങ്ക് വിളിച്ചോളൂ ....“

സൈനബ അവനെ കൈയ്യിൽ വാങ്ങി... ആ വൃദ്ധമാതാവിന്റെ ചുണ്ടുകൾ പതിയെ ആ കുഞ്ഞിന്റെ ചെവിയിൽ മന്ത്രിച്ചു...

“ അല്ലാഹു അക്ബർ... അല്ലാഹു അക്ബർ... അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് .... അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്...  ഹയ്യ അലസ്സലാത്ത്  ...... ഹയ്യ അലൽ ഫലാഹ്...അല്ലാഹു അക്ബർ... അല്ലാഹു അക്ബർ....ലാ ഇലാഹ ഇല്ലല്ലാ “ [ അല്ലാഹുവാണ്ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ.അല്ലാഹുഅല്ലാതെ  ഒരു ദൈവമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.നമസ്ക്കാരത്തിലേക്കു വരൂ.വരൂ വിജയത്തിലേക്ക്
 അല്ലാഹുവാണ് ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ
 അല്ലാഹു അല്ലാതെ ഒരു ദൈവമില്ല ]

സൈനബ കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് വിളി കഴിഞ്ഞു കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചതും   അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്കുവിളിയുയർന്നു... എല്ലാർക്കു സന്തോഷമായി... [ ഇസ്ലാം മതത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ കുഞ്ഞിന്റെ കർണ്ണ പടങ്ങളിൽ ആദ്യം മുഴങ്ങേണ്ട ശബ്ദം സൃഷ്ടാവിന്റെ മന്ത്രധ്വനിയാണ്.ആ മന്ത്രം ഉരുവിടുന്ന സമയത്ത് തന്നെ അടുത്ത പള്ളിയിലെ നിസ്കാര സമയം  വിളിച്ചറിയിച്ചു കൊണ്ടുള്ള ബാങ്ക് വിളി പടച്ചോന്റെ അനുഗ്രം തന്നെയാവാം]

ഉപ്പ ഉടനെതന്നെ ഫസലിനോടു പറഞ്ഞു...

“മോനേ നീപോയി ഏതേലും ബൂത്തിൽനിന്നും റഷീദിനെ വിളിച്ചു കാര്യം പറയണം.“ റഷീദിന്റെ നമ്പർ ഫസലിന് കാണാപ്പാടമായിരുന്നു.

ഫസൽ ഹോസ്പിറ്റലിനടുത്തുള്ള ബൂത്തിലേയ്ക്കോടി... ആദ്യവിളിയിൽതന്നെ റഷീദ് ഫോണെടുത്തു. ഫസൽ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു....

“മോനേ ഫസലേ... നീ അവനു നല്ലൊരു പേരുകണ്ടുപിടിക്കണം. എല്ലാരോടും എന്റെ അന്വോഷണം പറയണം. വീട്ടിലെത്തിയിട്ട് വിശദമായി സംസാരിക്കാം“

അവൻതിരിച്ച് ഹോസ്പിറ്റലിലെത്തി. ഹമീദ് ഡോക്ടറെ കണ്ട് സംസാരിച്ചു. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. കുട്ടിക്ക് ആവശ്യത്തിനുള്ള ഭാരമൊക്കെയുണ്ട്. വേറേ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും മൂന്നു നാലു ദിവസങ്ങൾക്കകം വീട്ടിലേയ്ക്ക് പോകാമെന്ന് അറിയിച്ചു.

ഫസൽ പതുക്കെ പുറത്തിറങ്ങി സ്വന്തം കൈയ്യിലുണ്ടായിരുന്ന പണമുപയോഗിച്ച് കുട്ടിക്ക് കളിക്കാനുള്ള കളിപ്പാട്ടമൊക്കെ വാങ്ങി തിരികെവന്നു. കൈയ്യിലെ പൊതികണ്ട സഫിയയും ഉമ്മയും ഉറക്കെ ചിരിച്ചു.

“മോനേ ഇപ്പോൾ പ്രസവിച്ചതല്ലേയുള്ളൂ... കളിക്കാനുള്ള പ്രായമൊന്നുമായില്ല. ഈ ബോളൊക്കെ തട്ടിക്കളിക്കൻ ഇനിയും സമയമെടുക്കും.“

അവന് ഒരല്പം ജാള്യത തോന്നി...

“കുഴപ്പമില്ലുമ്മ.. ഞാൻ കളിച്ചു കാണിച്ചുകൊടുക്കാല്ലോ.“

“ശരി ശരി . നടക്കട്ടെ....“

ഏകദേശം ആറുമണിയോടെ അമ്മയേയും കുഞ്ഞിനേയും റൂമിലേയ്ക്ക്കൊണ്ടു വന്നു ... കുഞ്ഞിന്റെയും അമ്മയുടെയും അടുത്ത് ഒരാൾ എപ്പൊഴും ഉണ്ടായിരിക്കണം എന്ന് നഴ്‌സ് പറഞ്ഞു. എല്ലാവരും എവിടെ നിൽക്കണമെന്നില്ല ഇവിടെ നിയമമനുസരിച്ച് രാത്രി ആയാൽ  ഒന്നോ രണ്ടോ ആളുകളിൽ കൂടുതൽ നില്ക്കാൻ പാടില്ല എന്നാണ് നിയമം .എല്ലാരും വലിയ സന്തോഷത്തിലായിരുന്നു. ആ കുടുംബത്തിൽ കുറേനാളുകൾക്കുശേഷം ഒരു കുഞ്ഞു പിറന്നിരിക്കുന്നു. അൻവറും വാർത്തയറിഞ്ഞ് ഹോസ്പിറ്റലിലെത്തി. അവൻൊപ്പം നാദിറയും വരുമൊന്നു കരുതി. പക്ഷേ അവളെത്തിയില്ല. ഒരുപക്ഷേ അവർ വിവാഹം കഴിഞ്ഞിട്ട് ഇത്രനാളായിട്ടും ഒരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ. ആ ഒരു വിഷമവും ഉണ്ടായിരിക്കും.

നിങ്ങൾ എല്ലാവരും വീട്ടിലേക്കു പോയിക്കൊള്ളൂ ഞാനും ഫസലും ഇവിടെ ഉണ്ടല്ലോ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിപ്പാട് അകലെ അല്ലെ ഞാൻ വിളിക്കാ.ഫസലും ഏതൊക്കെ കണ്ടു പരിചയിക്കട്ടെ അവന് ഇഷ്ടമായിരുന്നു അഫ്സ മാമിയുടെയും കുഞ്ഞിന്റെയും കൂടെ ഹോസ്പിറ്റലിൽ നിൽക്കാൻ

ഹമീദും മറ്റുള്ളവരും  അൻവർ വന്ന ഓട്ടോയിൽ തന്നെ
വീട്ടിലേക്ക് പോയി . ഫസൽ അവരെ യാത്രയാക്കി തിരികെ റൂമിലെത്തി. അവൻ കുഞ്ഞുണരുന്നതും കാത്തിരുന്നു.

ഫസൽ ആലോചിക്കുകയായിരുന്നു. എന്ത് പേരായിരിക്കും അവൾക്ക് യോജിക്കുക. പല പേരുകളും അവന്റെ മനസ്സിലേയ്ക്ക് ഓടിവന്നു. രണ്ടു മൂന്നു പേരുകൾ അവൻ റഷീദ് മാമയോട് പറയാൻ തീരുമാനിച്ചു. എന്തായാലും നാളെ വിളിക്കുമല്ലോ അപ്പോൾ പറയാം...

അവൻ പതുക്കെ പുറത്തേയ്ക്കിറങ്ങി... ഹോസ്പിറ്റലൊന്നു ചുറ്റിയടിച്ചു കാണണം... പല റൂമുകളും പൊതു വാർഡുകളു കടന്നവൻ പോയി... അപ്രതീക്ഷിതമായി ഒരു മുഖം കണ്ട് ഒരു നിമിഷം അവൻ നിന്നു. അവശനായ ഒരു രോഗിയെ വീൽചെയറിൽ സിസ്റ്റർ തള്ളിക്കൊണ്ടുവരുന്നു. തലയിലൊരു കെട്ടുണ്ട്. കൂടാതെ കാലിൽ ബാന്റേജുമുണ്ട്. അവൻ പെട്ടെന്ന് സൈഡിലേയ്ക്ക് ഒഴിഞ്ഞു മാറി... അവനേയും കടന്ന് ആ വീൽചെയർ മൂന്നാമത്തെ നിലയിലേയ്ക്ക് പോകുന്നത് കണ്ടു. അവൻ ആർക്കും സംശയം തോന്നിക്കാതെ പിൻതുടർന്നു. മൂന്നാമത്തെ നിലയിൽ മുന്നൂറ്റി പന്ത്രണ്ടാമത്തെ റൂമിലെത്തി. വാതിൽ തുറന്ന് അകത്തേയ്ക്ക്. അവൻ റൂമിന്റെ വാതിലിൽ ഒട്ടിച്ചിരുന്ന പേരു വായിച്ചു.ഹംസ  അതേ അത് താൻ ഉദ്ദേശിച്ച വ്യക്തിതന്നെ തന്റെ വാപ്പ... തന്നെയും ഉമ്മയേയും നിർദാക്ഷിണ്യം വീട്ടിൽനിന്ന് ഇറക്കിവിട്ട ക്രൂരനായ തന്റെ വാപ്പ. ഇനി ഒരിക്കലും കാണില്ലെന്നു കരുതിയതാണ്. എന്നും താൻ മറക്കാൻ ശ്രമിച്ച മുഖം . തന്റെ മുന്നിലെത്തിയിരിക്കുന്നു.

ഇന്നും മനസ്സിൽനിന്നും മായാതെ നിൽക്കുന്ന ആ കാളരാത്രി. ഉമ്മയെ അടിച്ച് അവശനാക്കിയ മനുഷ്യൻ... തന്റെയും ഉമ്മയുടെയും ജീവിതം തകിടംമറിച്ച ആ മനുഷ്യന് ഇന്നീ ഗതിവന്നല്ലോ... കാലം കരുതിവച്ച കണ്ടുമുട്ടലായിരുന്നു അത്. തന്നെ ഒരിക്കലും അദ്ദേഹത്തിന് മനസ്സിലാവില്ല. കൂടെ നിൽക്കുന്നത് മകളാണെന്നു തോന്നുന്നു. കൂടെ രണ്ടു ചെറിയ ആൺകുട്ടികളും. അവൻ അല്പനേരം അവിടെ ചുറ്റിപ്പറ്റി നിന്നു. സാവധാനം ഡ്യൂട്ടി നഴ്സിനടുത്തെത്തി... അവരോട് വളരെ താഴ്മയായി ചോദിച്ചു.

“സിസ്റ്ററെ ആ 312 റൂമിലെ പേഷ്യന്റിന് എന്ത് അസുഖമാണ്.“

“മോനറിയാമോ അയാളെ...“

“ഇല്ല അറിയില്ല... തലയും കാലും കെട്ടിയിരിക്കുന്നതുകണ്ട് ചോദിച്ചതാ...“

“ആ രോഗി ഇവിടെ വന്നിട്ട് ഏകദേശം ഒരുമാസത്തോളമായി ബ്രയിൻ ട്യൂമറായിരുന്നു... സർജറി കഴിഞ്ഞിട്ടിപ്പോൾ രണ്ടാഴ്ചയായി. കൂടാതെ ക്രോണിക് ഡയബറ്റിക്കും ഉണ്ട്. കുറച്ച് സീരിയസ്സായിരുന്നു. ദൈവകൃപയാൽ ഒന്നും സംഭവിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന് ട്യൂമാറാണെന്നും ഇനി ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവ് ഇല്ലന്നും മനസ്സിലാക്കിയപ്പൊ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി   ഇപ്പോൾ മകളോടൊപ്പമാണ് താമസം...“

എന്നെങ്കിലും എവിടെവെച്ചെങ്കിലും നേരിൽ കണ്ടാൽ മനസ്സിൽ കരുതിവച്ചിരുന്ന ചോദ്യം... വേണ്ട... ഇനിയൊന്നും ചോദിക്കേണ്ട... ചെയ്ത തെറ്റിന് പടച്ചോൻ ആവോളം കൊടുത്തിരിക്കുന്നു. ദൈവശിക്ഷയിൽനിന്നും ആർക്കും ഒഴിഞ്ഞുമാറാനാവില്ല. ചെയ്ത പാപങ്ങൾക്ക് പരിഹാരമില്ല. ശിക്ഷ സ്വയം അനുഭവിക്കണം. അനുഭവിക്കട്ടെ... എന്തായാലും ഉമ്മയോ മറ്റാരുമോ ഇതറിയേണ്ട... ഉമ്മയെ ഒറ്റയ്ക്ക് പുറത്തേയ്ക്ക് വിടാതിരിക്കാൻ നോക്കണം. അവൻ റൂമിലേയ്ക്ക് പോയി....

“എന്താ ഫസലേ മുഖം വാടിയിരിക്കുന്നു...“

“ഒന്നുമില്ലുമ്മ.. അതുപിന്നെ വാപ്പാനെ...“

“ഏതു വാപ്പ...“ 

“കുഞ്ഞിന്റെ വാപ്പ റഷീദ് മാമ... “അവൻ അറിയാതെ പറഞ്ഞത് സൂത്രത്തിൽ മാറ്റി പറഞ്ഞു.

“എന്നോട് പറഞ്ഞിരിക്കാ ഒരു നല്ല പേരു കണ്ടുപിടിക്കാൻ... നാളെ വിളിക്കുമ്പോൾ പറയണം.“

“എന്നിട്ട് നിന്റെ മനസ്സിൽ പേരെന്തെങ്കിലും ഉണ്ടോ...“

“ഉണ്ട്... നല്ലൊരു പേരുണ്ട്. അതിപ്പോൾ പറയില്ല... നാളെ റഷീദ് മാമാനോട് പറയാം... ഇഷ്ടപ്പെട്ടാൽ ഉമ്മാനോടും പറയാം...“

അവന്റെ ചിന്തകൾ പലതായിരുന്നു. സഫിയ എന്തൊക്കെയോ അവനോട് ചോദിക്കുന്നുണ്ടായിരുന്നു. അവൻ അനന്തതയിലേയ്ക്ക് നോക്കി എന്തെല്ലാമോ ഉത്തരവും പറയുന്നുണ്ടായിരുന്നു. നേരം ഇരുട്ടി പുറത്ത് വൈദ്യുത വിളക്കുകൾ തെളിഞ്ഞു. ചെറിയ തണുത്ത കാറ്റുണ്ട്... ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു.

 “ഇവിടെ ആരാണ് ഫസൽ.“ സിസ്റ്റർ അകത്തേയ്ക്ക് വന്ന് ചോദിച്ചു

“അത് ഞാനാണ്..“ ഫസൽ ഉത്തരം പറഞ്ഞു.

“ഫസലിനെ കാണാൻ ഒരാൾ കൗണ്ടറിൽ നിൽക്കുന്നുന്നു .“ അവന്റെ ഉള്ളൊന്നു പിടഞ്ഞു... ആരായിരിക്കുമത്. അവൻ സാവധാനം എഴുന്നേറ്റു. ആർക്കും ഒരു സംശയവുമില്ലാതെ അവൻ പുറത്തേയ്ക്കിറങ്ങി....


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  23 06 2019

ഷംസുദ്ധീൻ തോപ്പിൽ 16 06 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ