10.10.20

നിഴൽവീണവഴികൾ ഭാഗം 95

 

ഫസൽ വീട്ടിലെത്തിയപ്പോൾ നാദിറയുടെ വാപ്പ അവിടെത്തിയിരുന്നു. അവൻ അദ്ദേഹത്തെ നോക്കിയൊന്നു ചിരിച്ചു.. നേരേ അവന്റെ റൂമിലേയ്ക്ക്.. എല്ലാവരും നല്ല യോജിപ്പിലായെങ്കിലും ഫസലിന് ഇപ്പോഴും തന്റെ മനസ്സിന്റെ നൊമ്പരം മാറിയിട്ടില്ല.. അതിനാൽ ഒരു അകലം അദ്ദേഹവുമായി അവൻ സ്വീകരിച്ചിരുന്നു.

മാമ രക്ഷപ്പെട്ടുവെന്ന തോന്നലിലാവാം എത്തിയതെന്നു തോന്നുന്നു. ങ്ഹാ എന്തോ ആയിക്കോട്ടെ.. അവരുടെ കാര്യത്തിൽ ഇടപെടാതിരിക്കാൻ നോക്കണം. പഴയതുപോലെയല്ല.. തനിക്കിപ്പോൾ എല്ലാവരേയും മനസ്സിലാവും. അറിവില്ലാത്ത കാലത്ത് തന്നെ പല രീതിയിൽ ദ്രോഹിച്ചിട്ടുണ്ട്.

നാളെ രാവിലെ ടൗണിലേയ്ക്ക് പോകണം. കഴിഞ്ഞ ആഴ്ചയിൽ ചെല്ലാമെന്നു പറഞ്ഞതാണ്. കഴിഞ്ഞില്ല. ലൈബ്രറിയിൽ നിന്നുമെടുത്ത കുമാരനാശാന്റെ കവിത കൈയ്യിലെടുത്തു. താളുകൾ മറിച്ചുനോക്കി. സാവധാനം വായിച്ചു തടങ്ങി...

വീണപൂവ്.....

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍..

ഓരോ പേജിലൂടെയും സാവധാനം വായനയുടെ യാത്ര തുടർന്നു.. അർത്ഥം മനസ്സിലാക്കി അവന്റെ സാഹചര്യങ്ങളുമായി അതിനെ ബന്ധപ്പെടുത്താനും ശ്രമിച്ചു.. എന്ത് അർത്ഥവത്തായാണ് കവിതയെഴുതിയിരിക്കുന്നത്.

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

കുമാരനാശാന്റെ കവിതകൾ എത്ര പ്രാവശ്യം വായിച്ചാലും മടുപ്പുണ്ടാവാറില്ല. ഛണ്ഡാലഭിക്ഷുകിയും, കരുണയുടെമൊക്കെ വായിച്ചിട്ടുണ്ട്. എന്നാലും ഈ കവിതയോട് അവനൊരു പ്രത്യേക ആകർഷണമുണ്ട്. തന്റെ പ്രഭാഷണങ്ങളിൽ ചില കവിതകളും അവയുടെ അർത്ഥങ്ങളും കൊണ്ടുവരാനും അവൻ തീരുമാനിച്ചു. ഒരു മതത്തിൽ മാത്രം ഒതുങ്ങി നിന്നു വിഷയം അവതരിപ്പിക്കുന്നതിനെക്കാൾ മറ്റുള്ള മതങ്ങളുടെ നന്മകളും ആ മതങ്ങളോടുള്ള ബഹുമാനവും തന്റെ പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തണം. മറ്റു മതക്കാർ കേൾക്കുമ്പോൾ അവർക്കും താൽപര്യം ജനിക്കണം. കൂടാതെ തന്റെ പ്രഭാഷണം കേൾക്കുന്നവർക്ക് എല്ലാ മതങ്ങളോടും ബഹുമാനവും ഉണ്ടാകണം അതാണ് അവൻ ആഗ്രഹിക്കുന്നത്. ഈ അടുത്തകാലത്ത് തന്റെകൈയ്യിൽ കരുതാറുള്ള ഡയറിയിൽ അവൻ കവിതയുടെ ചില വരികൾ കുറിച്ചിട്ടു.

ഫസൽ തന്റെ ഭാവനാലോകത്ത് വിരാചിക്കുമ്പോഴാണ് താഴെനിന്നും വിളുയുയർന്നത്. ഭക്ഷണം കഴിക്കാനായിരിക്കും... അവൻ താഴേയ്ക്കു വന്നു. അപ്രതീക്ഷിതമായി ഉപ്പാന്റെകൂടെ രണ്ടുപേരുണ്ടായിരുന്നു.

”ഫസലേ.. ഇവരെ നിനക്കറിയാമോ?”

”അത്...”

”ഇവർ കുളങ്ങരയിൽ നിന്നും വരുന്നു. നിന്നെത്തേടിയാണെത്തിയത്..”

”എന്താ ഉപ്പാ”

”അതേ... നിന്റെ ഒരു പ്രഭാഷണം നടത്തിക്കണെന്നാഗ്രഹം.. ഇവരുടെ പള്ളിമുറ്റത്താണ്... കുറച്ചു കുടുംബങ്ങൾ മാത്രമേയുള്ളൂ. അവരിൽ ഒരാൾ നിന്റെ പ്രഭാഷണം കേട്ടിരുന്നു അതിനാലാണ് നിന്നെത്തിരക്കി ഇവിടെയെത്തിയത്..” അതു പറയുമ്പോൾ ആ വൃദ്ധമനുഷ്യന്റെ മുഖത്തെ സന്തോഷത്തിന് അതിരില്ലാത്തതുപോലെ തോന്നി.. അദ്ദേഹത്തിന്റെ കണ്ണുകളിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കണ്ണുനീർ തളംകെട്ടി നിൽക്കുന്നതായി അവനു തോന്നി.”

”ഉപ്പാ അത്.. ഞാൻ... മൗലവിയുടെകൂടെയാണല്ലോ പോണത്..”

”അത് കുഴപ്പമില്ല മോനേ... ഒരു മുസ്ലീമിന് പടച്ചോന്റെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനായി ആരുടേയും അനുവാദം ആവശ്യമില്ല.. അഥവാ ചോദിക്കണമെങ്കിൽ ചോദിക്കാം... നീയെന്തായാലും ചെന്നേ പറ്റൂന്നാ അവരു പറയുന്നേ...”

”ഫസലേ... ഞാൻ പ്രഭാഷണം കേട്ടതാ... അതാ ഞാൻ തേടിയെത്തിയത്.. വീടു കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി. ആളെ തിരഞ്ഞപ്പോൾ മോളാ പറഞ്ഞത് അവരുടെ സ്കൂളിലാ പഠിച്ചതെന്ന്... പിന്നെ സ്കൂളിലെത്തി അഡ്രസ്സ് തപ്പിയാ എത്തിയത്..”

”അത് ഞാൻ..”

”ഒന്നും എതിര് പറയേണ്ട.. ഇതെല്ലാം അല്ലാഹുവിന്റെ ആഗ്രഹമാണ്.. അല്ലെങ്കിൽ ഞങ്ങൾ നിന്നെ തിരഞ്ഞ് ഇവിടെത്തില്ലല്ലോ?.”

അവന് മറുത്തൊന്നും പറയാനായില്ല... അവൻ ഉപ്പാന്റെയും അവരുടെയും മാറി മാറി നോക്കി...

”അവൻ വരും.. നിങ്ങൾ നോട്ടീസിൽ പേരുവച്ചുകൊള്ളൂ... ഞാനെത്തിക്കാം അവനെ..”

അവർക്ക് സന്തോഷമായി... നന്ദിയോടെ അവർ യാത്ര പറഞ്ഞു പിരിഞ്ഞു.

”സന്തോഷം കൊണ്ട് ഹമീദിന് കുറച്ചു നേരത്തേയ്ക്ക് ഒന്നും പറയാനായില്ല... തന്റെ കുഞ്ഞ് കുറച്ചുപേര് അറിയുന്നവനായി മാറിയിരിക്കുന്നു... അവന്റെ അകക്കണ്ണ്കൊണ്ട് അവന് പലതും മനസ്സിലാക്കുന്നു. അവന്റെ വാക്കുകൾ കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.. തനിക്കിതുവരെ അവനെ കേൾക്കാൻ സാധിച്ചിട്ടില്ലല്ലോ..”

”ഉപ്പാ... ഉപ്പയും വരുമോ?”

അപ്പോഴേയ്ക്കും എല്ലാവരും അവിടെത്തിയിരുന്നു. ഫസൽ തെല്ലൊരു അഭിമാനത്തോടെ തലയുയർത്തിനിന്നു.

”ഉപ്പയും കൂടെ പോകണം... അവന് ഒരു കൂട്ടാകട്ടെ.”

”ഞാൻ വയ്യാതെ എങ്ങനെ...?”

”ഉപ്പാന്റെ കൊച്ചുമോന് ഇവിടെവരെ എത്താമെങ്കിൽ ഉപ്പയ്ക്ക് അവിടെ എന്റെകൂടെ വരുകയും ചെയ്യാം.”

”ശരി...”

സഫിയയും അത്ഭുതത്തോടെ അവനെ നോക്കി നിൽക്കുകയായിരുന്നു. അവൻ അത്രത്തോളം വളർന്നോ...

നാദിറയും മറ്റു കുടുംബങ്ങളും അവനെ പ്രോത്സാഹിപ്പിച്ചു...

”ഫസലേ... നീ ആ മൗലവിയുടെ നമ്പറിങ്ങെടുത്തേ... ഞാൻ വിളിച്ചു പറയാം. നിനക്കൊരു വഴി തുറന്നുതന്ന മനുഷ്യനാ.. നമ്മൾപറയാതിരുന്നുകൂടാ..”

ഫസൽ നമ്പർ ഡയൽചെയ്ത് ഉപ്പാന്റെ കൈയ്യിൽ കൊടുത്തു.

”മൗലവി.. ഇത് ഞാനാ.. ഫസലിന്റെ വലിയുപ്പ..”

”മനസ്സിലായി... ഹമീദ് ഇക്ക പറഞ്ഞോളൂ..”

”ഇന്ന് ഒരു കൂട്ടര് ഇവിടടുത്തുനിന്നും വന്നിരുന്നു.. ഫസലിനോട് ഒരു പ്രഭാഷണം നടത്തണമെന്ന് പറഞ്ഞു... അങ്ങയുടെ അനുവാദവുമില്ലാതെ...?”

”അവസരങ്ങൾ പടച്ചോൻ കൊണ്ടുവരുന്നതാ... ഞാനായാലും അവനായാലും പറയുന്നത് പകർന്നുകൊടുക്കുന്നത് പടച്ചോന്റെ വചനങ്ങളാണ്.. അതിന് അവന് ആരുടേയും അനുവാദം വേണ്ട... അങ്ങനെ ഒരവസരം കിട്ടിയാൽ എനിക്കും അതിൽ അഭിമാനമല്ലേ ഒള്ളൂ .... ഞാൻ തിരഞ്ഞെടുത്തത് തെറ്റിയിട്ടില്ല..”

ഹമീദിന്റെ മനസ്സ് നിറഞ്ഞു.. അദ്ദേഹം ഫോൺ ഫസലിന്റെ കൈയ്യിൽ കൊടുത്തു.

”ഫസലേ... അവസരങ്ങൾ പടച്ചോൻ കൊണ്ടു തരുന്നതാ.. ഞാൻ വിചാരിച്ചതിനേക്കാൾ മിടുക്കനാണ് നീ... അവസരങ്ങൾ ഉപയോഗിക്കുക... നമുക്ക് അടുത്താഴ്ച ഒരു പ്രഭാഷണം ഉണ്ട്. മൂന്നു ദിവസത്തെ പ്രോഗ്രാമാണ്. തീയതി ഞാൻ അറിയിക്കാം..”

”പറഞ്ഞാൽ മതി... ഞാൻ റഡിയാണ്.”

മറു തലക്കൽ മൗലവി ഫോൺ വച്ചു.. ഫസലിന് വളരെ സന്തോഷമായി.. കുറച്ചു കൂടി കാര്യങ്ങൾ പ്രിപ്പയർ ചെയ്യണം... ഒരു മണിക്കൂർ സംസാരിക്കാൻ ദിവസങ്ങളുടെ പ്രയത്നം ആവശ്യമാണ്.. കേൾക്കുന്നവർക്ക് വളരെ നിസ്സാരമായി തോന്നുമെങ്കിലും പറയുന്ന ഓരോ വാക്കുകളും മനസ്സിന്റെ ഉള്ളറകളിൽ നിന്നും വെറുതേ വരുന്നതല്ല.. അത് കഠിനമായി പ്രയത്നിച്ച് ഉളളറകളിൽ സ്ഥാപിച്ചിരിക്കുന്ന ബിംബങ്ങളാണ്.. അവ അവസരത്തിനനുസരിച്ച് പുറത്തേയ്ക്ക് വരുന്നതാണ്. തന്റെ വാക്കുകൾക്ക് ജനങ്ങളുടെ മനസ്സിലേയ്ക്ക് ഇറങ്ങാൻ കഴിയുന്നുവെങ്കിൽ തന്റെ ശൈലി അവർക്ക് ഇഷ്ടമാണെന്ന് തീർച്ച..

”ഫസലേ.. നീ മെഡിസിനു പോകുന്നില്ലേ...”

”പോകണം.. രണ്ടും ഒരുപേലെ കൊണ്ടുപോകാമല്ലോ.. ഒരു ഡോക്ടർക്ക് മതപ്രഭാഷകനായിക്കൂടെന്നില്ലല്ലോ... തിരിച്ചും..”

അവന്റെ വാക്കുകളിലെ നിശ്ചയദാർഢ്യം അവരെ അത്ഭുതപ്പെടുത്തി.. അപ്പോഴാണ് ഫോൺ ശബ്ദിച്ചത്.. നാദിറയാണ് ഫോണെടുത്തത്... അങ്ങേത്തലയ്ക്കൽ അൻവറായിരുന്നു... ആദ്യമേ അവൾ പറഞ്ഞത് ഫസലിന്റെ വിശേഷമായിരുന്നു. അൻവറിനും അത്ഭുതമായിരുന്നു. വളരെ കുറച്ചു മാത്രം സംസാരിച്ചിരുന്ന അവനിൽ ഇത്രയ്ക്ക കഴിവുള്ള കാര്യം അറിഞ്ഞിരുന്നില്ല... അൻവർ വിശദമായി ഫസലിനോട് സംസാരിച്ചു.

ഫസലിന് അന്നുമുതൽ ആ വീട്ടിൽ ഒരു നായക പരിവേഷം ലഭിച്ചു. അടുത്ത വെള്ളിയാഴ്ചയാണ് പരിപാടി... ഹമീദും അവനൊപ്പം പോകണമെന്ന ആഗ്രഹം കലശലായുണ്ട്. ആരോഗ്യം അനുവദിച്ചാൽ പോകുമെന്നു തന്നെ തീർച്ചപ്പെടുത്തി. അവൻ ഭക്ഷണം കഴിച്ച് നേരേ റൂമിലേയ്ക്ക് പോയി... അൽപനേരത്തിനകം സഫിയ അവന്റെ റൂമിലേയ്ക്ക് കയറിച്ചെന്നു.. അങ്ങനെ ഉമ്മ അധികമായി റൂമിലേയ്ക്ക് വരാറില്ല..

”എന്താ ഉമ്മാ..”

”ഒന്നുമില്ലടാ... ഞാൻ ഈയടുത്തകാലത്തായി നിന്നോടൊപ്പം ഇരിക്കാനുള്ള സമയം കണ്ടെത്താറില്ലായിരുന്നു. നിന്റെ പഠിപ്പിൽ മുടക്കം വരരുതെന്നു കരുതിയാണ്... ഞാൻ പോലും മനസ്സിലാക്കിയില്ലല്ലോ നിന്നെ എന്നുള്ള വിഷമം എനിക്കുണ്ട്.. ജീവിതത്തിൽ പലപ്പോഴും പതറിപ്പോയിട്ടുണ്ട്.. പക്ഷേ അന്നൊക്കെ എന്നെ പിടിച്ചു നിർത്തിയിട്ടുള്ളത് നിന്റെ മുഖമാണ്.”

സഫിയയുടെ കണ്ണുകൾ നിറഞ്ഞു... വാതിലിൽ ചാരിനിന്ന സഫിയയുടെ അടുത്തേയ്ക്ക് അവനെത്തി... ഉമ്മയുടെ കൈകൾ ചേർത്തു പിടിച്ചു..

”അതിന് ഉമ്മയെന്തിനാ കരയുന്നേ... ഞാനൊന്നും മറന്നിട്ടില്ല.. എല്ലാം എനിക്ക് ഓർമ്മയുണ്ട് ഉമ്മാ... മുഖത്ത് സന്തോഷം വരുത്തി ദുഖം ഉള്ളിലൊതുക്കി കടന്നുപോയ കാലങ്ങൾ... ആ ഓർമ്മകളിലേക്ക് ഇനിയും ഉമ്മ തിരികെപ്പോകരുത്..”

”മോനേ...”

”അതേ ഉമ്മാ... എല്ലാം പടച്ചോൻെറ വിധിയായിരുന്നു. നമ്മൾ അനുഭവിക്കേണ്ടത്.... ഈ ഭൂമിയിൽ അനുഭവിച്ചു തീർക്കണം.. ഉമ്മയും ഞാനുമൊക്കെ വെറും പാവകളാണ്... നമ്മളെ നിയന്ത്രിക്കുന്ന ശക്തിയാണ് പടച്ചോൻ...”

”എനിക്കിതൊന്നും മനസ്സിലാവില്ല.. നീയെങ്ങനെയാ ഇതൊക്കെ പഠിച്ചത്..”

”ഉമ്മാ... ഇതെല്ലാം ചുറ്റുപാടുകളിൽ നിന്നും പഠിക്കുന്നതാണ്.. മനുഷ്യന്റെ ഗുരുക്കളെന്നുപറയുന്നവരിൽ പ്രകൃതിയ്ക്കും സമൂഹത്തിനും സുപ്രധാനമായ സ്ഥാനമുണ്ട്... ഉമ്മ ഇനിയും എപ്പോഴും ഇങ്ങനെ വിഷമിക്കരുത്.. പരീക്ഷണ കാലം കഴിഞ്ഞിരിക്കുന്നു...”

”അപ്പോ നിന്റെ പഠിത്തം..”

”അതൊന്നുമോർത്ത് ഉമ്മവിഷമിക്കേണ്ട... എല്ലാം നേരേയാകും...”

അവൾ ആ റൂമിലൊന്ന് കണ്ണോടിച്ചു. ഭംഗിയായി എല്ലാം ഒതുക്കിവച്ചിരിക്കുന്നു.. മേശമേൽ പുസ്തകങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. ഷെൽഫിലും പുസ്തകങ്ങൾ ധാരാളമുണ്ട്... അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും താനൊപ്പമുണ്ടാിയിരുന്നു. പക്ഷേ ഏതോ ഒരു ഘട്ടത്തിൽ അവനൊപ്പം വളരാനാ‍ൻ തനിക്കാവാതെ പോയി... എല്ലാ രക്ഷകർത്താക്കളും അങ്ങനെയാണ്... മക്കളുടെ വളർച്ച പലപ്പോഴും രക്ഷകർത്താക്കൾക്ക് മനസ്സിലാക്കാൻ കഴിയില്ല.. അവരുടെ മനസ്സിൽ തങ്ങളുടെ കുട്ടികൾ വെറും കുഞ്ഞുങ്ങളായി മാത്രമായിരിക്കും കാണുക... അവർ ഓരോ പടവുകൾ കയറുമ്പോഴും അത്ഭുതമായിരിക്കും...

”ഉമ്മാ.. ഉമ്മയിന്ന് ഇവിടെക്കിടക്ക്.. എത്ര നാളായി ഉമ്മ എന്റെകൂടെ കിടന്നിട്ട്...”

”താഴെ നാദിറ ഒറ്റയ്ക്കല്ലേയുള്ളൂ...”

”നാദിറ മാമിക്ക് കുഞ്ഞുണ്ടല്ലോ... കുഞ്ഞിന് ഉമ്മയുമുണ്ടല്ലോ.... എനിക്കാരാണുള്ളത്..”

അവൾക്ക് ഉത്തരംമുട്ടി... ശരി ഞാൻ താഴേപോയിട്ടു പോരാം...

റഷീദ്മാമയുടെ കുഞ്ഞിന്റെ ജനനത്തോടെയാണ് ഉമ്മ താഴെ കിടന്നുതുടങ്ങിയത്.. കൂടാതെ സ്റ്റെപ്പ് കയറാനും ബുദ്ധിമുട്ടുണ്ട്... മകന്റെ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കിട്ടട്ടേയെന്നു വിചാരിച്ച് അവനെ ഒറ്റയ്ക്കു വിട്ടിരുന്നതുമാണ്...

അവനും പലപ്പോഴും തോന്നിയിട്ടുണ്ട്.... ഉമ്മയുടെ സ്നേഹം തനിക്ക് പലപ്പോഴും നഷ്ടപ്പെടുന്നോയെന്ന്... പക്ഷേ പഠനത്തിന്റെ തിരക്കിൽ അതൊന്നും ചിന്തിക്കുവാനുള്ള സമയം ലഭിച്ചിരുന്നില്ല.

അന്നു രാത്രി അവൻ ഉമ്മയോടൊപ്പം ചേർന്നു കിടന്നു.. അവനപ്പോൾ പഴയ കുഞ്ഞായി ഉമ്മയോടൊട്ടിക്കിടന്നു.. സഫിയയ്ക്കും അതൊരാശ്വാസമായിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയപ്പോൾ കുഞ്ഞായിരുന്ന അവനിലായിരുന്നു പ്രതീക്ഷ ആ പ്രതീക്ഷ തെറ്റിയിട്ടില്ലെന്നവനു തോന്നി.. ഇന്നും സ്വന്തം കാലിൽ നിൽക്കാനായിട്ടില്ലെങ്കിലും ഒരു പ്രതീക്ഷ അത് അകലെയല്ലെന്ന തോന്നൽ... അവൻ തന്റെ ഉമ്മയോട് അവന്റെ കുട്ടിക്കാലത്തെക്കുറിച്ചു ചോദിച്ചു.. എന്നാൽ തന്റെ വാപ്പയെക്കുറിച്ചോ ആ കാലഘട്ടത്തെക്കുറിച്ചോ അവൻ മനപ്പൂർവ്വം ചോദിക്കാതിരുന്നു. സഫിയയും അത് മറച്ചുവച്ചാണ് സംസാരിച്ചത്.. പലപ്പോഴും സഫിയയുടെ തൊണ്ട ഇടറിയിരുന്നു... രാത്രി വൈകുവോളം അവർ സംസാരിച്ചു കിടന്നു... സംസാരത്തിനിടയിൽ സഫിയ അറിയാതെ ഉറങ്ങിപ്പോയി.. അവൻ ബ്ലാങ്കറ്റ് എടുത്ത് ഉമ്മയെ പുതപ്പിച്ചു.. ലൈറ്റണച്ച് അവനും ഉറങ്ങാൻ കിടന്നു.. അവന് ഉറക്കം വന്നില്ല.. ചിന്തകൾ കാടുകയറുകയായിരുന്നു. ജീവിതം കൈവിട്ടുപോയപ്പോഴൊക്കെ ഉമ്മാന്റെ തലോടലായിരുന്നു തനിക്ക് ശക്തി പകർന്നിരുന്നത്... ഉമ്മാന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കണം... സ്വന്തം വീടല്ലെങ്കിലും ഇവിടെ എത്ര കാലം വേണമെങ്കിലും കഴിയാം.. പക്ഷേ അതല്ലല്ലോ... ഉമ്മയ്ക്കും ആഗ്രഹം കാണില്ലേ... സ്വന്തമായൊരു വീട്... ചെറുതെങ്കിലും സ്വന്തമാണെങ്കിൽ അതൊരു സന്തോഷംതന്നെയല്ലേ... എല്ലാം നടക്കണം...

അവന്റെ മനസ്സിലൂടെ പല പല ചിന്തകളും കടന്നുപോയി.. ഇടയ്ക്കിടയ്ക്ക് ഉമ്മയുടെ ശാന്തമായ മുഖത്തേയ്ക്ക് അവൻ നോക്കുന്നുണ്ടായിരുന്നു... മുടികൾ നരച്ചു തുടങ്ങിയിരുന്നു. ഉമ്മയ്ക്ക് വലിയ പ്രായമില്ലെങ്കിലും മുഖത്ത് വാർദ്ധ്യക്യം കടന്നുകൂടിയിരിക്കുന്നു. കവിളുകൾ ഒട്ടി കണ്ണുകൾ കുഴിഞ്ഞു തുടങ്ങി... ഉമ്മ പഴയതിനേക്കാൾ ക്ഷീണിച്ചിരിക്കുന്നു...

ചിന്തകൾക്ക് ക്ഷീണം അനുഭവപ്പെട്ടപ്പോൾ അവന്റെ ശരീരത്തിൽ അതു പ്രതിഭലിച്ചു.. മനസ്സ് അവന്റെ കണ്ണുകൾക്ക് ഉറങ്ങാനുള്ള ആജ്ഞനൽകി... ഗാഢമായ നിദ്രയിലേയ്ക്കവൻ ആഴ്ന്നുപോയി...

രാവിലെ താഴെനിന്നും ഉമ്മാന്റെ വിളികേട്ടാണ് അവൻ ഉണർന്നത്... സമയം 9 മണി കഴിഞ്ഞിരിക്കുന്നു ഇന്ന് ‍ടൗണിലേയ്ക്ക് പോകണമെന്നു കരുതിയതാണ്. ഇന്നലെ ഉറങ്ങിയപ്പോൾ വളരെ താമസിച്ചുപോയിരുന്നു. ങ്ഹാ. ഇനി യാത്ര നാളെയാവാം.. തലേദിവസത്തെ കാര്യങ്ങൾ ഓർത്തുകൊണ്ട് അവൻ താഴേയ്ക്ക് പോന്നു. എന്നത്തേക്കാളും ഉമ്മാന്റെ മുഖത്ത് നല്ല സന്തോഷമുണ്ടായിരുന്നു. വിഷമങ്ങളെല്ലാം ഇന്നലെ തന്നോടു പറഞ്ഞു തീർത്തല്ലോ.. ആ ഒരു ഫ്രഷ്നസ് മുഖത്തുണ്ട്.. രാവിലെ പുട്ടും പയറും പപ്പടവുമായിരുന്നു. അവന് വിളമ്പിക്കൊടുത്ത് സഫിയയും കഴിക്കാനിരുന്നു... അവരോരോ കാര്യങ്ങളും പറ‍ഞ്ഞ് കഴിക്കുകയായിരുന്നു.

”എന്താ ഉമ്മയും മോനും തമ്മിൽ ഒരു ഗൂഢാലോചന..” നാദിറയാണത് ചോദിച്ചത്.

”നാത്തൂനെ... ചെറുക്കനങ്ങ് വലുതായി ഇവനെ കെട്ടിച്ചുവിട്ടാൽ എന്റെ ജോലി കഴിഞ്ഞു അല്ലേ.”

”ചെക്കനെ കെട്ടിച്ചുവിടാൻ നാത്തൂനെന്താ ഇത്ര തിടുക്കം..”

”ഉമ്മാ വെറുതേ ഓരോന്നു പറഞ്ഞ് മോഹിപ്പിക്കല്ലേ..”

”ടാ... ങനെ മോഹിക്കണ്ട.. ഞാനൊരു തമാശ പറഞ്ഞതാ.. ചെക്കനെ പൂതി കണ്ടില്ലേ..”

”അതാ നാത്തൂനെ ഞാൻ പറഞ്ഞേ.. വെറുതേ അവന് ആശകൊടുക്കല്ലേ... അവൻ പഠിക്കട്ടേ.. ഒരു ജോലിയൊക്കെയാകട്ടെ...”

”ഞങ്ങൾ തമാശപറഞ്ഞതല്ലേ..”

അവൻ കാപ്പി കുടിച്ച് മുറ്റത്തേയ്ക്കിറങ്ങി... മുറ്റത്ത് ഹമീദിക്ക ഇരിക്കുന്നുണ്ടായിരുന്നു. രാവിലെ ഒരൽപം നടക്കും.. കൂടെ സന്തതസഹചാരിയായ വടിയുമുണ്ടാവും... ഫസലേ... എന്തൊക്കെയാ നാളത്തെ നിന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നത്..

”അത് ഉപ്പാ.. ഒരു തീരുമാനമായില്ല. മതപ്രഭാഷണമല്ലേ.. ഖുർആനെ ബെയ്സ് ചെയ്തായിരിക്കും.. അതിൽ നമ്മുടെ ജീവിത സാഹചര്യങ്ങളുംകൂടി ചേർക്കും...”

”ഞാനും വരുന്നുണ്ട്... വിഷ്ണുവിനോട് രാവിലെ പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം പോകണമെന്ന്... എനിക്ക് വണ്ടിയിലിരിക്കാമല്ലോ..”

”ഉപ്പ വന്നാൽ സ്റ്റേജിൽ ഇരിക്കാം..”

”അതിനുള്ള ആരോഗ്യമില്ല കുഞ്ഞേ... ഞാനും വിഷ്ണുവും വണ്ടിയിലിരുന്ന കേട്ടുകൊള്ളാം...”

അവർ സംസാരിച്ചിരിക്കേ ഗേറ്റുകടന്ന് രണ്ടുപേര് വന്നു.. അതിൽ ഇന്നലെ വന്ന ഒരാളുമുണ്ടായിരുന്നു. വന്നയുടനെ ഹമീദിക്കാനേയും ഫസലിനേയും നോക്കി.

”അസലാമു അലൈക്കും...”

”... വ... അലൈക്കുമസ്സലാം...”

”ഹമീദിക്കാ. നോട്ടീസ് റഡിയായി അതിവിടെ തന്നിട്ടുപോകാമെന്നു കരുതി..”

”നോട്ടീസ് ഹമീദിക്കാന്റെ കൈയ്യിൽ കൊടുത്തു.. ഒരു നോട്ടീസ് ഫസലിൻരെ കൈയ്യിലും..”

ഹമീദിന്റെ കണ്ണുകളിലെ തിളക്കം... ആ വൃദ്ധ മനുഷ്യൻ സ്വന്തം കൊച്ചുമകന്റെ ഫോട്ടോ പതിച്ച നോട്ടീസ് കണ്ട് സന്തോഷിക്കുകയായിരുന്നു.. തലേദിവസം അവന്റെ ഫോട്ടോ വാങ്ങിയിരുന്നു. നോട്ടീസ് അടിക്കാനാണെന്നും പറഞ്ഞിരുന്നു. ഫസലിനും നോട്ടീസ് കണ്ടപ്പോൾ സന്തോഷമായി.. വന്നവർ വലിയ ബഹുമാനത്തോടെയാണ് ഫസലിനോട് സംസാരിച്ചത്... ആള് പ്ലസ് ടൂ. കഴിഞ്ഞതാണെങ്കിലും അവനെ കാണാൻ പക്വതയുള്ളവനായേ തോന്നൂ... നല്ല പൊക്കവും ആവശ്യത്തിന് തടിയുമുണ്ടല്ലോ... കൂടാതെ ആവന്റെ മീശയ്ക്കും താടിയ്ക്കും കട്ടി കൂടിയിരിക്കുന്നു...

വന്നവർ യാത്ര പറഞ്ഞു പിരിഞ്ഞു.. ഫസൽ നോട്ടീസുമായി അകത്തേയ്ക്ക് കയറി.. സഫിയയുടെ കൈയ്യിൽക്കൊടുത്തു. അവളുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ പുറത്തേയ്ക്ക് അടർന്നുവീണു.. തന്റെ മകൻ അഭിമാനിക്കാവുന്ന ഒരു സ്ഥാനത്തേയ്ക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. പടച്ചോനേ കാത്തുകൊള്ളേണമേ...

അന്നത്തെ ദിവസം വൈകുന്നേരം ലൈബ്രറിയിലേയ്ക്കു പോയി.. അവിടെനിന്നും ചില പുസ്തകങ്ങൾ തിരഞ്ഞു... അവസാനം എം. കൃഷ്ണൻ നായരുടെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ തിരഞ്ഞെടുത്തു.. സാഹിത്യവാരഫലത്തിലൂടെ പ്രശസ്തനായ ആളാണ് കൃഷ്ണൻനായർ... നേരേ വീട്ടിലേയ്ക്..

വീട്ടിൽ വായനയും എഴുത്തുമായി രാത്രി വൈകുവോളമിരുന്നു.. രാവിലെ ടൗണിലേയ്ക്ക് പോകണം. അതോർത്തുകൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.

7 മണിക്ക് ഉണർന്നു. കുളിച്ച് താഴെയെത്തി.. ഉമ്മായോട് തലേ ദിവസം പറഞ്ഞിരുന്നതിനാൽ കാപ്പി തയ്യാറാക്കിയിരുന്നു. കാപ്പികുടിയും കഴിഞ്ഞ് അവൻ പുറത്തേയ്ക്കിറങ്ങി... ഉപ്പാനോട് ടൗണിലേയ്ക്കാണെന്നും ഉച്ചകഴിഞ്ഞ് തിരച്ചെത്തുമെന്നും പറ‍ഞ്ഞു...

സ്റ്റാന്റിലെത്തി ആദ്യത്തെ ബസ്സിൽ കയറി ടൗണിലേയ്ക്ക്.. അവിടെ നിന്നും ഡയറക്ടറുടെ ഓഫീസ് ലക്ഷ്യമാക്കി യാത്ര.. അവിടെ റിസപ്ഷനിൽ അവൻ അവളെ തിര‍ഞ്ഞു കണ്ടില്ല.. പുതിയ ഒരു കുട്ടിയവിടെയിരിക്കുന്നു.

”ഗുഡ്മോർണിംഗ് സാർ.”

”ഗുഡ്മാർണിംഗ്..”

”ആരേയാണ് കാണേണ്ടത്..”

”സ്മിത....

”സ്മിതേച്ചി ഒരാഴ്ചയായി ലീവാണ്...”

”എന്തുപറ്റി.. സുഖമില്ലേ..”

”പേഴ്സണലായിട്ടെന്തോ കാര്യമാ...”

”പേരെന്താ..”

”ഫസൽ...”

”ഓ.. ഫസൽ സ്മിതേച്ചി പറഞ്ഞിട്ടുണ്ട്.. ഞാനിവിടെ പുതിയതാ... നേരത്തേ ഇവിടെ വർക്ക് ചെയ്തതാ... കുറച്ചുനാൾ കർണ്ണാടകത്തിലായിരുന്നു.. ഇപ്പോൾ വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ... ഫസലിന്റെ കാര്യം പറഞ്ഞിട്ടുണ്ട്... ഒരു പുതിയ പ്രോജക്ട് തുടങ്ങിയെന്നുപറഞ്ഞു. അതിന്റെ ഡിസ്കഷനായി ഇന്നു സാർ പോയിരിക്കുകയാണ്.”

”അപ്പോൾ സാറുമില്ലേ ഇന്ന്.”

”ഇല്ല... സ്മിതേച്ചിയെ വിളിച്ചുതരാം... ഒരുമിനിറ്റേ..”

”അവൾ ഫോൺ ഡയൽചെയ്ത് അവന് നൽകി..”

”എന്താ ഫസലേ ഇന്ന്... ഒരാഴ്ചയായി വിവരങ്ങളൊന്നുമില്ലല്ലോ... ഞാൻ ഒരാഴ്ച ലീവാ.. അടുത്താഴ്ച വരുമോ..”

”വരാം...”

”പിന്നെ.. പുതിക കുട്ടി എങ്ങനുണ്ട്..”

അവൻ അവളെയൊന്നു നോക്കി...

”കൊള്ളാം..”

”കണ്ണുവച്ചേക്കല്ലേ.. കൊന്നുകളയും..”

”ഉം... ”

അവരുടെ സംഭാഷണം അവസാനിച്ചു.. അവൻ അവളോട് യാത്രപറഞ്ഞ് പുറത്തേയ്ക്കിറങ്ങി... സ്ഥിരമായി ജ്യൂസ് കുടിക്കാറുള്ള കടയിലെത്തി ഒരു ജ്യൂസിന് പറ‍ഞ്ഞു. അതും കഴിച്ച് അവൻ അവിടെനിന്നുമിറങ്ങി...

അൽപദൂരം നടന്നു അപ്രതീക്ഷിതമായി പരിചയമുള്ള ഒരു മുഖം അവൻ കണ്ടു.. ടൈറ്റസ് ചേട്ടൻ .. ഒരുപാട് നാളായിരിക്കുന്നു കണ്ടിട്ട്. തന്നെ ഒരുപക്ഷേ കണ്ടാൽ തിരിച്ചറിയില്ലായിരിക്കും. നേരേ അടുത്തെത്തി. സ്വയം പരിചയപ്പെടുത്താനൊരുങ്ങി.

”ടാ.. നീ ഫൈസലല്ലേ..”

അപ്പോ എന്നെ തിരിച്ചറിഞ്ഞല്ലേ...

”നിന്നെ പിന്നെ കണ്ടതേയില്ലല്ലോ..”

അത് ഞാൻ പഠനത്തിന്റെ തിരക്കിലായിരുന്നു.

”ഇപ്പോൾ എന്തു ചെയ്യുന്നു..”

”ഞാനിപ്പോൾ എൻഡ്രൻസ് എഴുതി റിസൾട്ട് കാത്തിരിക്കുന്നു.

”ഗുഡ്.. ഞാൻ നിന്നിൽനിന്നും പ്രതീക്ഷിച്ചതും ഇതൊക്കെയാണ്.. അന്ന് നമ്മൾ കണ്ടു പിരിഞ്ഞതിനു ശേഷം തമ്മിൽ കണ്ടിട്ടേയില്ല... ഞാൻ കരുതി നീ വിളിക്കുമെന്ന്... എൻരെ കൈയ്യിൽ നിന്റെ നമ്പറുമില്ലായിരുന്നു.”

”പിന്നീട് ഒന്നിനും കഴിഞ്ഞില്ല.. കുറച്ചുനാൾ സുഖമില്ലാതെ കിടന്നു... അതുകഴിഞ്ഞ് പരീക്ഷാത്തിരക്കിലായി.. ഇപ്പോൾ ഒന്നു റിലാക്സായി നിൽക്കുന്നു...”

”നീയെന്തായാലും ഇവിടെവരെ വന്നതല്ലേ വീട്ടിൽ കയറിയിട്ട്പോകാം..”

”എവിടെയാ വീട്..”

”എന്റെ വീട് ഇവിടടുത്തുതന്നെ..”

അവൻ അയാളോടൊപ്പം നടന്നു.. അദ്ദേഹത്തിന് ചില കടകളിലും കയറേണ്ടതുണ്ടായിരുന്നു. പർച്ചേസിംഗും കഴിഞ്ഞ് നേരേ കാർ പാർക്കിലേയ്ക്ക്... അദ്ദേഹം കാറിൽ കയറി അവനും...

പത്തു മിനിട്ടത്തെ യാത്രയിൽ ടൈറ്റസിന്റെ വീട്ടിലെത്തി.. മൂന്നുനിലകളുള്ള സാമാന്യം നല്ലൊരു വീട്... മുറ്റത്ത് രണ്ടു കുട്ടികൽ കളിക്കുന്നു.

”ഇവര് എന്റെ മക്കളാ.. ഇതിൽ ഇളയ ആളിന്റെ പ്രസവം കഴിഞ്ഞ സമയത്താ നമ്മൾ തമ്മിൽ പരിചയപ്പെട്ടത്..”

അവർ വീട്ടിലേയ്ക്ക കയറി... അദ്ദേഹത്തിന്റെ ഭാര്യ ഹാളിലേയ്ക്ക് വന്നു...

”മീനാ.. ഇതാണ് ഞാൻ പറയാറില്ലേ ഫസൽ..”

”ഫസലേ... ഇതെന്റെ ഭാര്യ”..

”ഓ... അന്ന് ഹോസ്പിറ്റലിൽവച്ച് കണ്ടുമുട്ടിയത്... ഇച്ചായൻ പലപ്പോഴും ഫസലിന്റെ കാര്യം പറയാറുണ്ട്.. ഇപ്പോൾ എന്തുചെയ്യുന്നു.

”ഞാൻ മെഡിക്കൽ എൻഡ്രൻസ് എഴുതി നിൽക്കുന്നു.”

”...ഓ.. എങ്ങനുണ്ടായിരുന്നു.”

”കുഴപ്പമില്ല..”

”എവിടാ പഠിച്ചത്..”

ഇവിടെ.. എൻട്രൻസ് കോച്ചിങ് സെന്ററിൽ

”എന്റെ ചേട്ടന്റെ മോളും അവിടാ പഠിച്ചത്... പേര്.. ടീനാ..”

”ങ്ഹാ.. അറിയാം. ഞങ്ങൾ അടുത്തടുത്ത സീറ്റിലായിരുന്നു. എങ്ങനുണ്ടായിരുന്നു എക്സാം.”

”അവൾക്ക് പ്രതീക്ഷയില്ല.. അടുത്തപ്രാവശ്യം നോക്കാമെന്നാ..”

”കുറച്ച്കട്ടിയായിരുന്നു.. ഇനി റിസൾ‌ട്ടു വരട്ടെ.. എന്നാലേ എന്തേലും പറയാനാവൂ..”

അപ്പോഴേയ്ക്കും ജേലിക്കാരി ജ്യൂസുമായി വന്നു.. അവൻ അതു വാങ്ങികുടിച്ചു.

”ഫസലേ ഉച്ചയ്ക്ക് ചോറുംകഴിഞ്ഞെ നിന്നെ വിടൂ...”

”ഇല്ല അങ്കിൾ.. എനിക്ക് വീട്ടിലെത്തണം.. കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്..”

”ഓക്കെ.. ഞാൻ നിർബന്ധിക്കുന്നില്ല.. പിന്നെ എൻരെ കാർഡിരിക്കട്ടെ... ഇനി വിളിക്കാതിരിക്കരുത്... ഫസലിന്റെ നമ്പറും കുറിച്ചു വാങ്ങി...”

അദ്ദേഹം അവനെ ജംഗ്ഷനിൽ കൊണ്ടാക്കി.. ഫസൽ അവിടെനിന്നും ബസ്സിൽ കയറി...

ഇന്നത്തെ യാത്ര വെറുതെയായി... എന്തായാലും വീട്ടിൽ നേരത്തേയെത്താം... പോയ കാര്യം നടന്നില്ലെങ്കിലും ടൈറ്റസ് അങ്കിളിനെ കാണാൻ സാധിച്ചല്ലോ... തന്നെ ഒരു പ്രത്യേക ഘട്ടത്തിൽ സഹായിച്ച മനുഷ്യനാണ്. തന്റെ വാപ്പ മരണക്കിടക്കയിൽ കിടന്ന് പണമില്ലാതിരുന്ന സമയത്ത് ഒരു ബന്ധവുമില്ലെങ്കിലും ചോദിച്ച പണം തന്ന് സഹായിച്ച മനുഷ്യനാണദ്ദേഹം... പഴയ ഓർമ്മകളിലേയ്ക്ക് തിരികെപ്പോകാൻ മടിയായതിനാൽ പിന്നെ അദ്ദേഹത്തെ പോയി കണ്ടില്ലന്നുള്ളതാണ് സത്യം... ബസ്സ് അതിവേഗം പാഞ്ഞു.. അവന്റെ മനസ്സ് വളരെവേഗം പിറകിലേയ്ക്ക് യാത്രചെയ്തു... ഹോസ്പിറ്റലും അവന്റെ വാപ്പയുടെ മുഖവുമെല്ലാം അവനോർത്തു... എല്ലാം ഒരു സ്വപ്നംപോലെ... മനസ്സിൽ പലപ്പോഴായുണ്ടായ മുറിവുകൾ... അപ്പോഴേയ്ക്കും അവനിറങ്ങാനുള്ള സ്റ്റോപ്പിലെത്തിയിരുന്നു.

സ്റ്റോപ്പിലിറങ്ങി വീട്ടിലേയ്ക്ക്...

കഴിവതും അനാവശ്യ യാത്രകൾ ഒഴിവാക്കുക... രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നു.. നമ്മുടെ ഒക്കെ പടിവാതിലിൽ രോഗമെത്തിയോ എന്നുപോലുമറിയില്ല... കൊറോണ മനുഷ്യന് അതിർവരമ്പുകൾ തീർത്തിരിക്കന്നു.. തൽക്കാലം ആ അതിർവരമ്പുകൾ ഭേദിക്കാതിരിക്കുക... രണ്ടായിരത്തി ഇരുപതിൽ നിന്നും ഇരുപത്തിയൊന്നിലേയ്ക്ക് ഇനി അധികദൂരമില്ല.. കാത്തിരിക്കാം സന്തോഷത്തിന്റെ ഒരു വർഷത്തിനായി...
മറക്കണ്ട ജീവന്റെ വിലയുള്ള ജാഗ്രത ...



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 11 10 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 18 10 2020


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ