17.10.20

നിഴൽവീണവഴികൾ ഭാഗം 96

 

”ഇല്ല അങ്കിൾ.. എനിക്ക് വീട്ടിലെത്തണം.. കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്..”
”ഓക്കെ.. ഞാൻ നിർബന്ധിക്കുന്നില്ല.. പിന്നെ എന്റെ കാർഡിരിക്കട്ടെ... ഇനി വിളിക്കാതിരിക്കരുത്... ഫസലിന്റെ നമ്പറും കുറിച്ചു വാങ്ങി...”
അദ്ദേഹം അവനെ ജംഗ്ഷനിൽ കൊണ്ടാക്കി.. ഫസൽ അവിടെനിന്നും ബസ്സിൽ കയറി...

മുറ്റത്ത് കസേരയിൽ ഇരുന്ന ഹമീദ് അവനോട് ചോദിച്ചു.

“എന്താ ഫസലേ ഇന്ന് നേരത്തേ...”

”ഇന്ന് പോയിട്ട് ആരേയും കാണാനായില്ല..”

”ശരി.. ഭക്ഷണം കഴിച്ചോ.”

”ഇല്ലുപ്പാ... ”

”അവൻ നേരേ അടുക്കളയിലേയ്ക്ക്. അവിടെ സഫിയയും നാദിറയും ഉണ്ടായിരുന്നു.

”ങ്ഹാ.. ഇതെന്താ നേരത്തേ എത്തിയോ..”

”ഉവ്വ് ഉമ്മാ. പോയിട്ട് ആരുമില്ലവിടെ...”

”എന്നാൽ പോയി റഡിയായി വാ... നല്ല മീനുണ്ട്. പൊരിച്ചതും...”

അവൻ നേരേ മുകളിലത്തെ നിലയിലേയ്ക്ക് പോയി.. ഫ്രഷായി തിരികെയെത്തി.

അപ്പോഴേയ്ക്കും ഭക്ഷണം റഡിയായിരുന്നു. ഹമീദും ഫസലും ഇരുന്നു.. മറ്റുള്ളവർ എല്ലാവർക്കുമുള്ള ഭക്ഷണം വിളമ്പിവച്ചു... ഒരുമിച്ചിരുന്നു കഴിച്ചു.

എല്ലാവരും സാധാരണ ഒരുമിച്ചിരുന്നു കഴിക്കാൻ കഴിയാറില്ല.. ചില ദിവസങ്ങളിൽ എല്ലാവരും ഒരുമിച്ചെത്തിയാൽ അതൊരു സന്തോഷവുമാണ്. അവർ ഓരോരോ കാര്യങ്ങളും പറഞ്ഞ് ഭക്ഷണം കഴിച്ചു. റഷീദിന്റെ ഭാര്യ അഫ്സ അവളുടെ മകൾക്ക് ഭക്ഷണം വാരിക്കൊടുക്കുന്നുണ്ടായിരുന്നു. ഓരോ നുള്ളു ചോറു വായിലാക്കി അവൾ ഡൈനിംഗ് ടേബിളിന് ചുറ്റുമൊരു കറക്കം കറങ്ങി തിരിച്ചു വരും.. അവൾ ആസ്വദിച്ച് കളിക്കുകയും കഴിക്കുകയുമായിരുന്നു.

നാദിറയുടെ കുഞ്ഞ് നല്ല ഉറക്കവുമായിരുന്നു.

ദിവസങ്ങൾ വീണ്ടും കഴിഞ്ഞുപോയി... ഫസലിന്റെ മതപ്രഭാഷണത്തിനുള്ള ദിവസമെത്തി.. തൊട്ടടുത്ത ദിവസം വെള്ളിയാഴ്ച അവിടെയെത്തണം. വിഷ്ണുവേട്ടൻ വരും.. കൂടെ ഹമീദുമുണ്ടാവും... അവർ മൂവരും കൂടെ പോകാനുള്ള തീരുമാനമായിരുന്നു. തലേദിവസം അവൻ ചില പുസ്തകങ്ങൾ വായിച്ചു ചില പോയിന്റുകൾ എഴുതിയെടുത്തു. പറയേണ്ട കാര്യങ്ങളെല്ലാം മനസ്സിൽ നന്നായി പ്ലാൻ ചെയ്തു വച്ചു. അവിടെ കൂടുതലുണ്ടാകുവാൻ സാധ്യതയുള്ളത് കുട്ടികളായിരിക്കാം.. അവർക്കും കൂടി ഇഷ്ടപ്പെടേണ്ടരീതിയിലായിരിക്കണം അവതരണവും... രാത്രി ഏറെനേരം അവൻ വായനയും എഴുത്തുമായിരുന്നു.

രാവിലെതന്നെ ഉറക്കമുണർന്നു. ഫ്രഷായി താഴെയെത്തി കാപ്പികുടിയും കഴിഞ്ഞ് കുറച്ച് പുറത്തിറങ്ങി നടന്നു... വെയിലിന് ശക്തി കൂടിവന്നപ്പോൾ അകത്തു കടന്നു... ഹമീദ് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് ചെറുതായൊരു മയക്കം.. നാലുമണിക്ക് അവർ നേരത്തെ പ്ലാൻ ചെയ്തതുപോലെ പുറപ്പെട്ടു.. ഉമ്മയുടെയും വലിയുമ്മയുടെയും അനുഗ്രഹം വാങ്ങിച്ചു... എല്ലാവരും അവനു ആശംസകൾ നേർന്നു. വാഹനം നേരേ ലക്ഷ്യസ്ഥാനത്തേയ്ക്കു തിരിച്ചു... അരമണിക്കൂറത്തെ യാത്ര.. അവർ ലക്ഷ്യസ്ഥാനത്തെത്തി.. അഞ്ചുമണിക്കാണ് പരിപാടി പറ‍ഞ്ഞിരിക്കുന്നത്... റോഡിലെല്ലാം ലൈറ്റും മൈക്കുകളും കെട്ടിവച്ചിരിക്കുന്നു. വലിയ ആൾക്കൂട്ടമില്ലെങ്കിലും നൂറിലധികം ആൾക്കാർ അവിടുണ്ടായിരുന്നു. അവരുടെ വാഹനം കണ്ടപാടെ കമ്മറ്റിക്കാർ ഓടി അടുത്തുവന്നു. വാഹനം ഹമീദിന് സ്റ്റേജ് കാണത്തക്കവിധത്തിൽ ഒരു സൈഡിലേയ്ക്ക് മാറ്റിനിർത്തി... കമ്മറ്റിക്കാർ ഹമീദിനേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു.. സ്നേഹപൂർവ്വം ഹമീദ് ക്ഷണം നിരസിച്ചു... തനിക്ക് കൂടുതൽ നേരം നിൽക്കാനാവില്ലെന്നും.. ഇവിടിരുന്ന് എല്ലാം ശ്രവിക്കാമെന്നും പറഞ്ഞു...

അപ്പോഴേയ്ക്കും സ്റ്റേജിൽ അനൗൺസ്മെന്റ് തുടങ്ങിയിരുന്നു.

”നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെ മതപ്രബോധനം നൽകാനായി നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട അലി മൗലവിയുടെ അരുമ ശിഷ്യൻ ഫസൽ മൗലവി എത്തിയിരിക്കുന്നു. എല്ലാവരും സ്റ്റേജിനടുത്തായി എത്തണമെന്നും കുട്ടികൾ ഫ്രണ്ടിൽ ബഹളമുണ്ടാക്കാതെ ഇരിക്കണമെന്നും അനൗൺസ് ചെയ്തു.”

ഫസലിനെ എല്ലാവരും സ്വീകരിച്ച് സ്റ്റേജിലേയ്ക്ക് ആനയിച്ചു. സമയം അഞ്ചുമണികഴിഞ്ഞു.. സ്റ്റേജിൽ നിരത്തിയിരിക്കുന്ന കസേരയിൽ ഫസൽ ഇരുന്നു.. മുമ്പിൽ വ്യത്യസ്ത മുഖഭാവങ്ങൾ അവനു മുന്നിൽ തെളിഞ്ഞു.. എല്ലാവരും ആകാംക്ഷയോടെ അവനെ നോക്കുന്നു.. തൂവെള്ള മുണ്ടും ഷർട്ടുമാണ് അണിഞ്ഞിരിക്കുന്നത്.. തലയിൽ തൊപ്പിയുമുണ്ട്... ഉമ്മ നന്നായി തേയ്ച്ച് മടക്കിവച്ചിരുന്നതാണ്. തന്റെ തൊട്ടടുത്തായി കമ്മറ്റിയിലുള്ള പ്രസിഡന്റും സെക്രട്ടറിയും എത്തി.. പരിപാടി തുടങ്ങാനുള്ള സമയമായി..

ഹമീദ് ദൂരെനിന്നും സ്റ്റേജിലേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു. തന്റെ കൊച്ചുമകൻ അവനെക്കണ്ടാൽ നല്ല പക്വതയുള്ളവനായി തോന്നും... തങ്ങളുടെ കൈകളിൽ കിടന്നു വളർന്ന കുഞ്ഞാണ്.. ഇന്ന് അവൻ ഇവിടെവരെ എത്തിയെങ്കിൽ അത് അല്ലാഹുവിന്റെ കരുണയല്ലാതെ മറ്റൊന്നുമല്ല.

പള്ളിക്കമ്മറ്റി പ്രസി‍ഡന്റ് നാസർ ഫസലിനെ കാണികൾക്ക് പരിചയപ്പെടുത്തി... അപ്പോഴേയ്ക്കും ആ ചെറിയ മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. പ്രസിഡന്റ് ഫസലിനെ പ്രസംഗിക്കാൻ ക്ഷണിച്ചു. തഴക്കം വന്ന പ്രാസംഗികനെപ്പോലെ അവൻ മൈക്കിനടുത്തെത്തി. ചുറ്റുപാടുമൊന്നു നോക്കി.. ദൂരെ കാറിലിരിക്കുന്ന ഉപ്പാനെ അവന് കാണാം.. അദ്ദേഹത്തെ അവനൊന്നു നോക്കി.. ഹമീദും അതു ശ്രദ്ധിച്ചിരുന്നു. അദ്ദേഹം മനസ്സുകൊണ്ട് അവനെ അനുഗ്രഹിച്ചു...  ഈ കാലഘട്ടത്തിൽ ഇസ്ലാമിന്റെ പ്രസക്തിയെക്കുറിച്ചും... ഖുർആൻ പ്രസക്തിയെക്കുറിച്ചും അവൻ ആമുഖമായി പറഞ്ഞു... ഖുർആനിലെ ചില വാചകങ്ങളും ചൊല്ലിയാണ് അവനത് പറഞ്ഞത്... അക്ഷരസ്പുടമായി നല്ല ഒഴുക്കോടുകൂടി അവൻ പ്രസംഗിച്ചു തുടങ്ങി. മക്കയും മദീനയും കടന്ന് അവൻ ഇസ്ലാമിന്റെ മഹത്വത്തിലേയ്ക്ക് കടന്നു...

”പ്രിയ സഹോദരങ്ങളേ... നിങ്ങളോരോരുത്തരും ഓരോ കുടുംബങ്ങളിൽ നിന്നുമാണ് വരുന്നത്... എത്ര കുടുംബങ്ങളിൽ ഇസ്ലാം പറയുന്നതുപോലെ ജീവിക്കുന്നു. നിങ്ങൾ സ്വയം ഒരു വിശകലനം നടത്തണം. ഭാവിയുടെ വാഗ്ദാനങ്ങളായി എന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങൾ നിങ്ങൾ ജീവിതചര്യകൾ പൂർണ്ണമായും പാലിക്കാൻ ശ്രമിക്കണം... നാളെ നിങ്ങൾ ഈ സമൂഹത്തിൽ ഇറങ്ങിയെത്തുമ്പോൾ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തി ലഭിക്കുന്നത് ഖുർആൻനിൽ നിന്നുമായിരിക്കും.. അതിനുള്ള ശക്തി നിങ്ങൾക്കുണ്ടാകട്ടെ..”

കുടുംബത്തിന്റെ കെട്ടുറപ്പിനെപ്പറ്റിയും, ഭാര്യാഭർത്ത്ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ചും, മൗലവിമാരുടെ ചുമതലകളെക്കുറിച്ചുമെല്ലാം വിശദമായി സംസാരിച്ചു. എല്ലാവരും നിശ്ശബ്ദരായി കേട്ടു നിൽക്കുയായിരുന്നു. ഫസലിന്റെ പ്രഭാഷണം അവിടെ കൂടിയിരുന്ന എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടിരുന്നു. വളരെ പ്രായം കുറഞ്ഞ അവന്റെ വാക്കുകൾ വളരെ പക്വതയുള്ളവരെപ്പോലെയായിരുന്നു. ഹമീദിന് അവനിൽ അഭിമാനംതോന്നി.. വീട്ടിൽ ഒച്ചയുയർത്തി സംസാരിക്കാത്ത ഫസൽ എന്തു നന്നായി ആധികാരികമായി സംസാരിക്കുന്നു. ഹമീദിന് അവന്റെ ഓരോ വാക്കുകളും അത്ഭുതമായിരുന്നു. ചെറുകഥകളും കവിതകളും ഖുർആനിലെ വചനങ്ങളും ഈണത്തിൽ ചൊല്ലി അവൻ എല്ലാവരേയും കൈയ്യിലെടുത്തു...

രണ്ടുമണിക്കൂറുകളോളം ഫസലിന്റെ പ്രസംഗം നീണ്ടു നിന്നു.ജീവിച്ചിരിക്കുമ്പോൾ ഒരുവൻ ചെയ്യുന്ന നന്മകളാണ് പരലോക വാസത്തിന് അവന് അർഹത നേടികൊടുക്കുന്നത്...പടച്ച റബ്ബ് നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെ... ഈ കാലഘട്ടത്തിൽ ഈ ഭൂഖണ്ഡത്തിൽ ഈ രാജ്യത്ത് ഈ കൊച്ചു കേരളത്തിലെ ഈ പ്രദേശത്ത് ഒത്തു കൂടാൻ അവസരം തന്ന സർവേശ്വരന് നന്ദി എന്റെ എളിയ അറിവുകൾ നിങ്ങൾക്ക് പകർന്നു തരാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എന്റെ വാക്കുകൾ നിങ്ങളുടെ ഹൃദയത്തിൻ  ഉള്ളറകളിൽ ചലനം സൃഷിടിച്ചു എങ്കിൽ... ഞാനും നിങ്ങളും വിശ്വസിക്കുന്ന ദൈവം അനുഗ്രഹിക്കുമാറാകട്ടെ സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു വഅലൈഹിവസല്ലം... പ്രസംഗം അവസാനിപ്പിച്ചു... കണികൾക്കിടയിൽ അപ്പോഴാണ് ശ്വാസംപോലും വിട്ടാൽ കേൾക്കാവുന്നരീതിയിലുള്ള നിശബ്ദതയിൽ എല്ലാവരുടേയും കൈയ്യടിയും അല്ലാഹു അക്ബർ അല്ലാഹു അക്ബർ തക്ബീർ ധ്വാനികളും മുഴങ്ങിയത്. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. കമ്മറ്റിക്കാരും സന്തോഷത്തിൽ ഫസലിന്റെ പ്രസംഗം കേട്ടുകഴിഞ്ഞപ്പോൾ അവർക്കെല്ലാം കൂടുതൽ ബഹുമാനം തോന്നി. ഫസലിനെ അവർ കാറിനടുത്തുവരെ കൊണ്ടാക്കി... അപ്പോഴും പിരിഞ്ഞുപോകാതെ അവിടെ പലരും നിൽപ്പുണ്ടായിരുന്നു. പലരും വന്ന് കുശലം ചോദിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ മുഖപരിചയമുള്ള ഒരാൾ അവനടുത്തെത്തി...

”ഫസലേ അറിയുമോ...”

”ങ്ഹാ... മ്മടെ മൊയ്തു..”

”ആ.. നീ ഓർത്തല്ലോ..”

മൊയ്തു... സ്കൂളിൽ വളരെ സീനിയറായി പഠിച്ചതാ.. ഓരോ ക്ലാസ്സിലും രണ്ടും മൂന്നും വർഷമിരിക്കും... ഉച്ചക്ക‍ഞ്ഞിയുണ്ടാക്കാൻ സഹായിക്കുകയെന്നതാണ് പ്രധാന ജോലി... അതു കഴിഞ്ഞാൽ വീട്ടിൽ പോകും. അവനെ ആരും പഠിക്കാൻ നിർബന്ധിക്കാറുമില്ല.. ആറാംക്ലാസിലാണ് അവൻ തങ്ങളുടെക്ലാസിലെത്തിയത്... കുറച്ചുനാൾ കാണാനില്ലായിരുന്നു.. പിന്നീട് ഇപ്പോഴാണ് കാണുന്നത്... സ്ഥിരമായി സ്കൂളിലുള്ള വ്യക്തിയായതിനാൽ എല്ലാവർക്കും അയാളുടെ മുഖം നല്ല ഓർമ്മയുമുണ്ടായിരുന്നു.

അവർ രണ്ടാളും കുശലം പറഞ്ഞ് കുറച്ചുനേരം അവിടെ നിന്നു. ഫസലിന്റെ സംഭവബഹുലമായ സ്കൂൾ ജീവിതം അവനും അറിയാവുന്നതാണ്... അന്ന് ധൈര്യം തന്ന് കൂടെനിന്നത് അവനുമായിരുന്നു... നന്ദിയോടെ മൊയ്തുവിനോട് യാത്രപറഞ്ഞ്.. കാറിനടുത്തെത്തി... ഹമീദിന് അവനെക്കണ്ടപ്പോൾ അഭിമാനം തോന്നി.... കാറിൽ കയറി... ഹമീദ് അവന്റെ തലമുടിയിൽ തഴുകി... ആ വൃദ്ധമനുഷ്യന്റെ എല്ലാ സ്നേഹവും ആത്മാർത്ഥതയും ആ തലോടലിലുണ്ടായിരുന്നു. എല്ലാവരോടും യാത്രപറഞ്ഞ് അവർ പിരിഞ്ഞു.. ഫസൽ തന്റെ കൈയ്യിൽ കമ്മറ്റിക്കാർ ഏൽപിച്ച കവർ ഉപ്പാനെ ഏൽപ്പിച്ചു... തനിക്ക് ഒരു ചെറിയ ഉപഹാരം എന്ന നിലയിലാണ് അവർ നൽകിയത്... അതിന്റെ മൂല്യം വളരെ വലുതാണെന്നറിയാം... അതുകൊണ്ടാണ്... ആദ്യമായി ലഭിച്ച ആ പ്രതിഫലം ഉപ്പാന്റെ കൈയ്യിൽ കൊടുത്തത്... അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത് ഇരുട്ടിൽ ആരും കണ്ടില്ല... അദ്ദേഹം അവന്റെ കൈകളിൽ പിടിച്ചു...

”ഫസലേ നീയിതൊക്കെ എങ്ങനെയാ പഠിച്ചത്... വീട്ടിൽ പോലും നീ ഒരുകാര്യങ്ങളും സംസാരിക്കാറില്ല... കുറച്ചു പുസ്തകങ്ങളുടെ കൂടെ ഇരിക്കുന്നത് കാണാറുണ്ട്.. അപ്പോൾ എല്ലാം മനസ്സിലാക്കുകയായിരുന്നല്ലേ..”

ഫസൽ ഉപ്പാനെ നോക്കി ചിരിച്ചു...

”ഫസലേ നന്നായിരുന്നു... എനിക്ക്  ഖുർആനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇപ്പോൾ ഫസലിന്റെ പ്രസംഗം കേട്ടപ്പോൾ എനിക്കും മനസ്സിലായി കുറേയൊക്കെ... വളരെ നന്നായിരുന്നു ഫസൽ മൗലവി..”

”കളിയാക്കല്ലെ... വിഷ്ണുവേട്ടാ...”

അവരുടെ വാഹനം ഇരുളിനെ കീറിമുറിച്ച് വീട്ടിലേയ്ക്ക് പാഞ്ഞു.. അപ്പോഴും ഫസലിന്റെ വാക്കുൾ ആ വൃദ്ധ മനുഷ്യന്റെ തലച്ചോറിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. ഇത്രയും ജീവിതപരിചയമുള്ള തന്റെ ചിന്തകൾക്കുമപ്പുറമാണ് അവന്റെ ലോകമെന്ന് ആ മനുഷ്യൻ മനസ്സിലാക്കുകായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന വഴികളായിരുന്നു അവന്റെത്... പഠിക്കാൻ പോലും ആരും പറയാറില്ലായിരുന്നു. വായനയുടെ ലോകത്തേയ്ക്ക് കടന്നപ്പോഴും അവനിൽ എല്ലാവർക്കും വിശ്വാസമായിരുന്നു. വാപ്പയില്ലാത്ത കുഞ്ഞ് എന്ന് ഒരു ദുഃഖം അവനറിയാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

അവരുടെ വണ്ടി വീടിനുമുന്നിലെത്തി.. അപ്പോഴേയ്ക്കും എല്ലാവരും ഗേറ്റ് തുറന്ന് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.

”എന്താ ഫസലേ എല്ലാവരും ഇങ്ങെത്തിയല്ലോ..”

”അതൊരുപക്ഷേ നമ്മൾ വരാൻ താമസിച്ചതുകൊണ്ടായിരിക്കും...”

”അല്ലല്ല.. അങ്ങനെ അവർ വരണമെങ്കിൽ എന്തേലും കാരണം കാണും...”

അവരുടെ വാഹനം ഗേറ്റിനടുത്തു നിർത്തി.. ഫസൽ വണ്ടിയിൽ നിന്നുമിറങ്ങി..

”എന്താ ഉമ്മാ... എന്തുപറ്റി...”

അവൾ അവനെ കെട്ടിപ്പിടിച്ച് തുരു തുരാ ഉമ്മവച്ചു... അവനൊന്നും മനസ്സിലായില്ല... കാറിന്റെ ഗ്ലാസ് താഴ്ത്തി ഹമീദ് അവരോട് ചോദിച്ചു... എന്താ പ്രശ്നം...

വാപ്പാ.. വാപ്പാന്റെ കൊച്ചുമോൻ ഒരു ഡോക്ടറാകാൻ പോകുന്നു... ഇന്നു റിസൾട്ടുവന്നു.. ഗോപിയേട്ടൻ  വിളിച്ചു പറഞ്ഞു.. അവിടെ എല്ലാവരും അവനെ അഭിനന്ദനം കൊണ്ടു വീർപ്പുമുട്ടിക്കുകയായിരുന്നു.

”അൽഹംദുലില്ലാ.. ആ വൃദ്ധ മനുഷ്യന്റെ ഉള്ളിൽ നിന്നു വന്ന ശബ്ദം .... പ്രതീക്ഷ വാനോളമായിരുന്നു.. ആ പ്രതീക്ഷ സഫലീകരിക്കപ്പെട്ടിരിക്കുന്നു. തന്റെ കൊച്ചുമോൻ ഒരു ഡോക്ടറാവുകയെന്ന സ്വപ്നം അവൻ നിറവേറ്റിയിരിക്കുന്നു... അദ്ദേഹവും കാറിൽ നിന്നുമിറങ്ങി... അവനെ അടുത്തെത്തി കെട്ടിപിച്ചു ആശ്ലേശിച്ചു...  ആ വീട്ടിലെ സന്തോഷം അത്രയ്ക്ക് വലുതായിരുന്നു. ഹമീദിന് പോലും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.. അവരെല്ലാവരും നടന്ന് വീട്ടിലേയ്ക്ക്... അവിടെത്തിയപ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു...

”അത് ഗോപി ഡോക്ടർ ആയിരുന്നു ... അവൻ ഓടിച്ചെന്ന് ഫോണെടുത്തു..

ശരിയായിരുന്നു. അങ്ങേത്തലയ്ക്കൽ ഗോപി ഡോക്ടർ.

”ഫസലേ.. കൺഗ്രാജുലേഷൻസ്...”

”താങ്ക് യു... അങ്കിൾ”

” അറിഞ്ഞു കാണുമല്ലോ.. നീ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയിച്ചിരിക്കുന്നു. ആദ്യത്തെ അഞ്ഞൂറ് റാങ്കിൽ എത്തിയിട്ടുണ്ട് എന്തായാലും നിനക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സീറ്റു കിട്ടുമെന്നുറപ്പാണ്.... ഇത്തവണ പ്രതീക്ഷയുള്ളവർക്ക് പോലും നന്നായി പെർഫോം ചെയ്യാനായിട്ടില്ല. എന്തായാലും നിന്റെ വിജയത്തിന് ഇരട്ടി മധുരമാണ്... അഡ്മിഷനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം.. പ്രിൻസിപ്പാൾ എനിക്കറിയാവുന്ന ആളാണ്...  ഞാൻ വിശദവിവരങ്ങൾ തിരക്കി അറിയിക്കാം...”

അവരുടെ സംഭാഷണം കുറച്ചുനേരം നീണ്ടുനിന്നു... അപ്പോഴേയ്ക്കും അവർ കരുതിയ കേക്ക് മുറിക്കാനായി റഡിയാക്കിയിരുന്നു. അദ്ദേഹത്തിന് നന്ദിപറഞ്ഞ് അവരുടെ സംഭാഷണം അവസാനിപ്പിച്ചു  അവൻ അവർക്കൊപ്പമെത്തി... അവൻ കേക്ക് മുറിച്ചു. എല്ലാവരുടെയും മുഖത്ത് സന്തോഷം... അവൻ ഒരു മുറിയെടുത്ത് ഉമ്മാന്റെ വായിൽവച്ചുകൊടുത്തു... അവൾ അതു കഴിച്ചു.. കണ്ണുകൾ നിറഞ്ഞൊഴുകി... അവനെ ആശ്ലേഷിച്ചു... സഫിയയ്ക്ക് സന്തോഷത്തിന്റെ കണ്ണുനീരിനെ തടുക്കാനായില്ല... ആഗ്രഹിച്ചതുപോലെ സംഭവിച്ചിരിക്കുന്നു. അല്ലാഹുവിന് നന്ദി... അപ്പോഴേയ്ക്കും ഗൾഫിൽ നിന്നും മാമ മാരുടെ ഫോണെത്തി... അവരും അവനെ വളരെയധികം അഭിനന്ദിച്ചു... അവനു പഠിക്കാനുള്ള എല്ലാ ചിലവുകളും രണ്ടു മാമൻമാരും സ്പോൺസർചെയ്തുകഴിഞ്ഞു...

താൻ പ്രതീക്ഷിച്ച വിളിയെത്തിയില്ലെന്നുള്ളകാര്യം അപ്പോഴാണവന് തോന്നിയത്.. അവൻ ഐഷുവിനെ വിളിച്ചു.. രണ്ടുമൂന്നു പ്രാവശ്യം വിളിച്ചിട്ടും ഫോൺ ആരുമെടുത്തില്ല... അവസാനമായി ഒന്നുകൂടി ട്രൈ ചെയ്തു.. അപ്പുറത്ത് അവളുടെ ഉമ്മയാണ് ഫോണെടുത്തത്...

”ഉമ്മാ ഐഷുവില്ലെ..”

”ഉണ്ട് മോനേ... നീ നല്ല റാങ്കു പൊസിഷനിലെത്തിയെന്നറിഞ്ഞു... അവൾക്ക് അത്രത്തോളം എത്താനായില്ല... ക്വാളിഫൈ ചെയ്തു.. പക്ഷേ അഡ്മിഷൻ വലിയ പാടായിരിക്കും...”

അതവന് വലിയ ഷോക്കായിരുന്നു. തന്നെ നിർബന്ധിച്ച് എഡ്രൻസ് എഴുതിച്ചത് അവളായിരുന്നു. അവൾ മാത്രമാണ് നന്നായി പഠിച്ചത്.. അവൾക്കു കിട്ടുമെന്നും തനിക്കൊരിക്കലും കിട്ടില്ലെന്നു കരുതിയിരുന്നു. പിന്നെ എന്താണ് സംഭവിച്ചത്...

”ഐഷുവിനോട് ഒന്നു സംസാരിക്കാൻ..”

”അവൾ എഴുന്നേൽക്കുന്നില്ല... വലിയ വിഷമത്തിലാ... പക്ഷേ നീ റാങ്കിൽവന്നതിൽ അവൾക്ക് വളരെ സന്തോഷമുണ്ട്...”

അതു പറഞ്ഞപ്പോഴേയ്ക്കും ഐഷു ഓടിവന്ന് ഫോണെടുത്തു...

”ഫസലേ.. കൺഗ്രാഡുലേഷൻസ്..” അതിനുശേഷം അവളുടെ തേങ്ങലായിരുന്നു.

”എനിക്കു വിശ്വസിക്കാനാവുന്നില്ല ഐഷു.. നിനക്കെന്താ പറ്റിയത്..”

”അറിയില്ല.. എനിക്ക് നന്നായി പെർഫോം ചെയ്യാനായില്ലെന്നൊരു സംശയമുണ്ടായിരുന്നു. അത് ശരിയുമായി..”

”നീ കരയാതിരിക്ക്.. എല്ലാം ശരിയാവും.. എന്തായാലും അഡ്മിഷൻ കിട്ടുമല്ലോ..”

”... അതല്ല എനിക്ക് നീ പഠിക്കുന്നിടത്തു പഠിക്കാനാവില്ല... കാരണം നിന്നേകാൾ കുറവാണ് എന്റെ റാങ്ക്.. വാപ്പ പറയുന്നത് ഇവിടെ ബാംഗ്ലൂരിൽ ചേരാമെന്നാണ്... അതിലെനിക്ക് താൽപര്യവുമില്ല... നീ എന്റെ കാര്യമോർത്ത് വിഷമിക്കരുത്. നിനക്കൊരു ഭാവിയുള്ളതാണ്... എന്റെ കാര്യം വിട്ടേരേ...”

”അങ്ങനെ പറയല്ലേ ഐഷു.. എനിക്കറിയില്ല എങ്ങനെ നിന്നെ സമാധാനിപ്പക്കണമെന്ന്...”

”ടാ... വിഷമിക്കേണ്ട.. എനിക്കു വേണ്ടിയിരുന്നത് നിന്റെ വിജയായിരുന്നു. അതിൽ ഞാൻ വിജയിച്ചു... എന്റേത് ഒരു പരാജയമല്ല... എന്നെക്കാൾ മുന്നിൽ നീയുണ്ടെന്നുള്ള സന്തോഷം... ഇനി ഞാനങ്ങനെ സമാധാനിക്കാം... നീ വിഷമിക്കേണ്ട... എനിക്ക് സങ്കടമെല്ലാം പോയി.. എനിക്ക് നിന്നെയൊന്നു കാണണം... വരാമോ ഇങ്ങോട്ട്..”

”എങ്ങനെ...”

”ട്രെയിനിൽ കയറിവരണം..”

”അത്... ”

”നീ നോക്ക് പറ്റുമോന്ന്...”

”ശരി...”

”പിന്നെ എല്ലാവരോടും എന്റെ അന്വേഷണം പറയണേ...”

”പറയാം.. എന്തായാലും നിന്റെ വിഷമം മാറിയല്ലോ..”

അവൻ ഫോൺ കട്ട് ചെയ്തു.. തന്റെ വിജയത്തിൽ സന്തോഷമുണ്ടെങ്കിൽ ഐഷുവിന്റെ റാങ്ക് പൊസിഷനിൽ അവനു വിഷമം തോന്നി... അവനത് എല്ലാവരോടും പറഞ്ഞു.. അവർക്കും വലിയ വിഷമമായി... എന്തായാലും അവൾക്കും എം.ബി.ബിഎസിനു ചേരാമല്ലോ... അതുകൊണ്ട സമാധാനിക്കാം...

ആ വീട്ടിൽ അന്നൊരു ഉത്സവപ്രതീതിയായിരുന്നു. അതിനിടയിൽ സഫിയ പലരേയും ഫോൺചെയ്ത് വിജയവാർത്ത പറയുന്നുണ്ടായിരുന്നു. ഗൾഫിൽ നിന്നും അഭിമന്യുവും വിളിച്ചിരുന്നു. സ്റ്റീഫന്റെ ഭാര്യയും വിളിച്ചിരുന്നു. കൂടാതെ അഭിമന്യുവിന്റെ ഭാവി വധുവും സ്റ്റീഫനാങ്കിളിന്റെ മകൾ ജൂലിയും  വിളിച്ചിരുന്നു. എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. എല്ലാവരും വളരെ ലേറ്റായാണ് അന്ന് ഉറങ്ങാൻ കിടന്നത്.. തങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒരു ഡോക്ടർ... ഒരിക്കലും സാധ്യമാവുമെന്നു കരുതിയതല്ല... കുട്ടിക്കാലത്ത് ഫസൽ പറയുമായിരുന്നു... ഉപ്പാ... ഞാൻ പഠിച്ച് ഒരു ഡോക്ടറാവും... എന്നിട്ട് ഉപ്പാന്റെ അസുഖം മാറ്റിത്തരുമെന്നത്... എന്റെ കുഞ്ഞ് ഒരു ഡോക്ടറായി കാണാനുള്ള ആയുസ്സ് തരണേ പടച്ചോനേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന.

ഫസൽ പലതും ചിന്തിച്ചു കിടന്നു. തങ്ങൾ കണ്ട സ്വപ്നമായിരുന്നു ഒരുമിച്ച് ഒരിടത്തുപഠിക്കുകയെന്നത്.. പടച്ചോൻ അതിനുള്ള അവസരം തന്നില്ല.. എന്തായാലും അവളും ഒരു ഡോക്ടറാവുമല്ലോ... രണ്ടു സ്ഥലത്തായിരിക്കുമെന്നല്ലേയുള്ളൂ... തങ്ങളുടെ ആഴത്തിലുള്ള ഇഷ്ടത്തിന് അതൊരു തടസ്സമാവുകയുമില്ല... എന്തായാലും ബാംഗ്ലൂരുവരെ ഒന്നു പോകണം.. അതിനുള്ള എന്തു വഴിയാണ് എന്നുള്ളത് ചിന്തിച്ചുറപ്പിക്കണം... ഒറ്റയ്ക്ക് പോകാൻ ഉമ്മ സമ്മതിക്കില്ല.. പിന്നെന്താണൊരു വഴി...

അവൻ പലതും ഓർത്ത് അറിയാതെ ഉറങ്ങിപ്പോയി... രാവിലെ സഫിയയുടെ വിളികേട്ടാണ് അവൻ ഉണർന്നത്.. അവൻ താഴേയ്ക്കിറങ്ങിവന്നു. അവിടെ പരിചയമില്ലാത്ത കുറച്ച് ആൾക്കാരിരിക്കുന്നു... താഴെയെത്തിയപ്പോൾ ഹമീദ് പരിചയപ്പെടുത്തി... ഇവിടെ പള്ളിക്കമ്മറ്റിക്കാരാണ്.. നിന്റെ വിജയവാർത്ത അറിഞ്ഞു വന്നതാണ്. ആ ഇരിക്കുന്നത് ലൈബ്രറിയുടെ പ്രസിഡന്റാണ്... അവർ നിനക്കൊരു സ്വീകരണം തരണമെന്നു കരുതുന്നു...

”ഫസലേ... ഈ നാട്ടിൽ ആദ്യമായിട്ടാണ് മെഡിസിൻ എൻഡ്രൻസ് ഒരാൾക്ക് കിട്ടുന്നത്.. ഇത് നമ്മുടെ നാടിന്റെ അഭിമാനമാണ്.. നമ്മുടെ നാടിനും ലൈബ്രറിയ്ക്കും ഇതൊരാഘോഷമാണ്” ലൈബ്രറി പ്രസിഡന്റെ ജോൺസനാണത് പറ‍ഞ്ഞത്..”

അവരുടെ നിർബന്ധത്തിനു വഴങ്ങി സ്വീകരണത്തിനു ചെല്ലാമെന്ന് ഏറ്റു... എല്ലാവരും അവനെ വളരെ അഭിനന്ദിച്ചു.. പഠനം പൂർത്തിയാക്കി ഈ നാട്ടിൽ തന്നെ ഡോക്ടർ ആയി വരണമെന്നുള്ളതും അവരുടെ ഒരാഗ്രഹമായിരുന്നു.

ആ വീട്ടിൽ പലരും വന്നുപൊയ്ക്കൊണ്ടിരുന്നു. ഫസലിന്റെ വിജയവാർത്ത അത്രയ്ക്ക് വലിയ വാർത്തയായി മാറുമെന്ന് ആരും കരുതിയില്ല...

വാർത്തകൾക്കും  വർത്തമാനങ്ങൾക്കുമിടയിൽ പാലിക്കേണ്ട ജാഗ്രത കൈവിട്ടുപോകുന്നതുപോലെ തോന്നുന്നു. മരുന്നില്ലാത്ത മഹാമാരി അതി തീവ്രമായി മാറിയിരിക്കുന്നു. ഇൻഡ്യയിലെതന്നെ ഏറ്റവും പെട്ടെന്ന് രോഗബാധപടരുന്നൊരു സംസ്ഥാനമായി കേരളം മാറാതിരിക്കാൻ പരിശ്രമിക്കാം... ജീവനേക്കാൾ വിലയുള്ള ജാഗ്രത... അത് മനസ്സിൽ ഒരു മന്ത്രംപോലെ ഉരുവിടാം...

മാസ്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ട്... ഇനിയുമെത്രനാൾ....



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 18 10 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 25 10 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ