3.10.20

നിഴൽവീണവഴികൾ ഭാഗം 94

 

 

“സ്റ്റീഫൻ അങ്കിൾ ജൂലി ചേച്ചി എന്നെത്തും.“
“അവൾ കല്യാണത്തിന് രണ്ടാഴ്ചമുന്നെ എത്തുമെന്നാ അറിയിച്ചിരിക്കുന്നത്..“
അവർ കുശലംപറഞ്ഞു ഉച്ചഭക്ഷണവും കഴിഞ്ഞാണ് യാത്ര തിരിച്ചത്...

ദുബയിൽ അൻവറിന് തുടക്കത്തിൽ നല്ല പിടിപ്പത് പണിയുണ്ടായിരുന്നു. പുതിയ മേഖലയായിരുന്നെങ്കിലും വളരെ കുറച്ചു ദിവസങ്ങൾകൊണ്ട് എല്ലാം പരിചയപ്പെട്ടു.. നല്ല തിരക്കുള്ള ദിവസങ്ങളായിരിക്കും മിക്കപ്പോഴും.. ഹോം ഡെലിവറി കൂടിയതിനാൽ രണ്ടുപേരെക്കൂടി അപ്പോയിന്റെ ചെയ്യേണ്ടിവന്നു. അൻവർ വന്നതിനുശേഷം ഒരാഴ്ചകൂടി നിൽക്കാമെന്നാണ് റഷീദ് കരുതിയത്. പക്ഷേ വിചാരിച്ചതിനേക്കാൾ ബിസിനസ്സും തിരക്കും ഉള്ളതിനാൽ ഒരാഴ്ചകൂടി അവർ യാത്ര നീട്ടിവച്ചു. സൗദിയിലെ കാര്യങ്ങൾ പ്രശ്നങ്ങളില്ലാതെ പോകുന്നുണ്ടായിരുന്നു. അവിടെ നോക്കിനടത്താൻ മുനീറുണ്ട്, സത്യസന്ധൻ, അവനെ ഒരു കാര്യം ഏൽപ്പിച്ചാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല. കൊണ്ടോട്ടിക്കാരനാണ്, ഇവിടെവന്നു പരിചയപ്പെട്ടു. വിസയില്ലാതെ ചാടി നിന്നതാണ്. അവന്റെ ദയനീയ സ്ഥിതി പറഞ്ഞപ്പോൾ പറഞ്ഞതെല്ലാം സത്യമാണെന്നു തോന്നി. വിളിച്ചുകൊണ്ടുപോയി ജോലി നൽകി.. വിചാരിച്ചതിനേക്കാൾ വിദ്യാഭ്യാസവും കഴിവുമുണ്ടെന്നു മനസ്സിലാക്കി ഉയർന്ന സ്ഥാനവും നൽകി.. ഇപ്പോൾ അവൻ വളരെ ഹാപ്പിയാണ്.

റഷീദിന്റെ കൂടെ എത്തിച്ചേർന്ന എല്ലാവർക്കും ഒരു ഫ്ലാഷ്ബാക്കുണ്ട്. യാതനകളും വേദനകളും  ചതികളും ആവോളം അനുഭവിച്ചു ജീവിതം തന്നെ മടുത്ത് കച്ചി തുമ്പ് പ്രതീക്ഷിച്ചു വന്നവർ.. ആയതിനാൽ അവർ വളരെ ആത്മാർത്ഥമായാണ് ജോലിചെയ്യുന്നത്. ദുബയിൽ പല മാളുകളിൽനിന്നും  ഓഫറുകൾ വരുന്നുണ്ട്. അവിടെ തുടങ്ങിയാൽ നല്ലരീതിയിൽ പോകുമെന്നറിയാം. പക്ഷേ ഇപ്പോൾ വേണ്ട.. എല്ലാം സാവധാനമാകട്ടെ... ഇവിടുത്തെ ടേസ്റ്റ് ആളുകൾക്ക് ഇഷ്ടപ്പെട്ടാൽ എവിടുന്നായാലും ഇവിടെ ആളെത്തിയിരിക്കും... റഷീദിന്റെ ചിന്താഗതികൾ ഒരിക്കലും തെറ്റാറില്ല...

അൻവർ വളരെയധികം ആത്മാർത്ഥമായാണ് ജോലി ചെയ്തിരുന്നത്. ജേഷ്ഠനെ സഹായിക്കാൻ ലഭിച്ച അവസരം, അതിനേക്കാളുപരി തനിക്കൊരു പുതിയ ജീവിത സാഹചര്യം ഒരുങ്ങിയിരിക്കുന്നു. കൈയ്യും മെയ്യും മറന്ന് അധ്വാനിക്കുക അതാണ് അൻവറിന്റെ തത്വം. അഭിമന്യു ദിവസം ഒരു പ്രാവശ്യമെങ്കിലും തന്റെ ഭാവി വധുവിനെ വിളിക്കാറുണ്ട്. അവരുടെ വിവാഹം ഈ വർഷം അവസാനം നിശ്ചയിച്ചിരിക്കുകയാണ്. അതിനായുള്ള ചില പർച്ചേസിങ്ങുകളും ദുബയിൽ നിന്നും നടത്തി.

ദുബയിലെ കാര്യങ്ങൾ ഏകദേശം അൻവറിന്റെ കൈയ്യിൽ ഒതുങ്ങുമെന്നായപ്പോൾ റഷീദും അഭിമന്യു വും തിരികെ സൗദിയിലേയ്ക്ക് പോകാൻ തീരുമാനിച്ചു. എല്ലാ ഉത്തരവാദിത്വവും ജേഷ്ടനെ ഏൽപ്പിച്ച് റഷീദും അഭിമന്യുവും യാത്രതിരിച്ചു. അൻവറിന് അവരെ യാത്രയാക്കാൻപോലും പോകാനായില്ല.. കാരണം ഒരു നിമിഷംപോലും അവിടെനിന്നും മാറിനിൽക്കാനാവില്ല... റഷീദിനും അഭിമന്യുവിനും ഉറപ്പായിരുന്നു കാര്യങ്ങൾ വളരെ പക്വമായി അൻവർ കൈകാര്യം ചെയ്യുമെന്നുള്ളതിൽ. അവർ രണ്ടാളും വൈകുന്നേരത്തെ ഫ്ലൈറ്റിൽ യാത്ര തിരിച്ചു. രാത്രി സൗദിയിലെത്തി അവിടെ ഡ്രൈവർ കാറുമായെത്തിയിരുന്നു.. അവർ നേരേ താമസസ്ഥലത്തേയ്ക്ക്.. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ നേരത്തേ കിടന്നുറങ്ങിപ്പോയി. രാവിലെ തന്നെ രണ്ടാളും ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. റഷീദിനെ ഓഫീസിലാക്കിയിട്ട് അഭിമന്യു റിയാദിലെ ബ്രാഞ്ചിലേയ്ക്ക് പോയി. രണ്ടാഴ്ച ഇല്ലായിരുന്നെങ്കിലും കാര്യങ്ങളൊക്കെ നന്നായി നടന്നുപോയിരുന്നു. ഫ്ലൈറ്റിലേയ്ക്കുള്ള സ്നാക്സിന്റെ സപ്ലെയാണ് പ്രധാനമായും നോക്കേണ്ടത്.. അതിലൊന്നും യാതൊരു മുടക്കവുമില്ലായിരുന്നു. പല ഏജൻസികൾക്കും തങ്ങളുടെ സർവ്വീസ് ഇഷ്ടമാണെങ്കിലും മറ്റൊന്നും ഏറ്റെടുക്കാൻ പോയില്ല. കാരണം വളരെ ഹൈജീനിക്കായാണ് ഇതൊക്കെ പായ്ക് ചെയ്യേണ്ടത്. കൃത്യ സമയത്ത് അവിടെ എത്തിക്കണം. അതിലൊന്നും യാതൊരു വീഴ്ചയും പാടില്ല. കൂടാതെ അഥോറിറ്റിയുടെ മാനദണ്ഢത്തിനനുസരിച്ചുള്ള അളവിലും തൂക്കത്തിലുമായിരിക്കണം എല്ലാം തയ്യാറാക്കേണ്ടത്..  അവിടുന്നു ലഭിക്കുന്നത് നല്ലൊരു വരുമാനവുമാണ്. ഇപ്പോഴുള്ള സ്റ്റാഫിനു തന്നെ തിരക്കുപിടിച്ച ജോലിയുള്ള അതിന്റെ കൂട്ടത്തിൽ മറ്റ് എയർലൈനുകളും ഏറ്റെടുത്താൽ ബുദ്ധിമുട്ടാകും... മനസ്സിൽ ഐഡിയയുണ്ട് എയർലൈനുകൾക്ക് മാത്രമായി ഒരു ഫുഡ് ഫാക്ടറി.. അത് ഉടനൊന്നും നടക്കില്ല.. കാരണം അത്രയ്ക്ക് മുതൽ മുടക്ക് വേണ്ടിവരും.. ഇവിടെ അതിനായി വലിയ മത്സരമില്ല... വരട്ടെ പടച്ചോൻ കൂടുണ്ടെങ്കിൽ എല്ലാം നടക്കുമെന്നുതന്നെയാണ് വിശ്വാസം.

നാട്ടിൽ ഫസലിന് കുറേശ്ശേ ടെൻഷൻ തോന്നിത്തുടങ്ങിയരുന്നു. മെഡിക്കൽ റിസൾട്ടു വരാറായിരിക്കുന്നു. കൃത്യമായ ഡേറ്റ് വന്നിട്ടില്ലെങ്കിലും അടുത്താഴ്ച എന്തായാലും ഉണ്ടാകുമെന്നുറപ്പാണ്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. തുടക്കത്തിൽ തനിക്ക് ഇതിനോട് വലിയ താൽപര്യമില്ലായിരുന്നെങ്കിലും ഇപ്പോൾ അതിനോട് ഒരു വല്ലാത്ത ഭ്രമവുമുണ്ട്.. കാരണം വെള്ളക്കോട്ടുമിട്ട് കഴുത്തിൽ സ്റ്റതസ്കോപ്പും  തൂക്കി നടക്കുന്ന ആ രൂപം അവൻ സ്വയം കാണാറുണ്ട്. സമൂഹത്തിൽ എന്തേലും ചെയ്യണമെന്നുണ്ടെങ്കിൽ ഒരു ഡോക്ടറാകണം. എത്രയോ പാവപ്പെട്ടവൻ ഈ ലോകത്ത് വേണ്ട ചികിത്സകിട്ടാതെ നരകിക്കുന്നു അവർക്കായൊരു ഡോക്ടർ അതാണവന്റെ ഇപ്പോഴത്തെ സ്വപ്നം...

രണ്ടുദിവസം മുന്നെ ഹമീദിനെ മാസംതോറുമുള്ള മെഡിക്കൽ ചെക്കപ്പിനായി ഹോസ്പിറ്റലിലേയ്ക്ക്‌ കൊണ്ടുപോയിരുന്നു.  അവരോടൊപ്പം ഫസലും പോയി. അവിടെ കണ്ട ഡോക്ടർമാരുടെ കൂട്ടത്തിൽ അവൻ അവനേയും സങ്കൽപിച്ചു നോക്കിയിരുന്നു. എന്തു ചെയ്യുന്നുവെന്ന ഡോക്ടറുടെ ചോദ്യത്തിനുമുന്നിൽ നിശ്ചയധാർഢ്യത്തോടെ മെഡിക്കൽ എൻഡ്രൻസ് എഴുതി നിൽക്കുന്നുവെന്നു പറഞ്ഞു.. അദ്ദേഹത്തിന്റെ മുഖത്തെ ആ ബഹുമാനം അതും ഒരു പ്രചോദനമായിരുന്നു.

“ചെറുമകൻ ഡോക്ടറായാൽ പിന്നെ ഹമീദിക്ക ഇങ്ങോട്ടോന്നും വരില്ലായിരിക്കുമല്ലേ അല്ലേ.. “ ഡോക്ടർ ചിരിച്ചുകൊണ്ട് തമാശരൂപത്തിൽ ചോദിച്ചു.

“അതെന്താ ഡോക്ടറേ... ഡോക്ടറത്രയും വിശ്വാസം എനിക്ക് എന്റെ ചെറുമോനോടില്ല... അവൻ പഠിക്കട്ടെ... പഠിച്ച് ഡോക്ടറെപ്പോലൊരു ഡോക്ടറാവട്ടെയെന്നാണ് ആഗ്രഹം..“

ഹമീദിന് പ്രായം കൂടിവരികയല്ലേ.. അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. ഭാര്യ സൈനബയ്ക്കും അതുപോലുള്ള പ്രശ്നങ്ങൾതന്നെയാണ്. നടക്കാനും മറ്റുമുള്ള ബുദ്ധിമുട്ടുകളുമുണ്ട്. കുറേനേരം കാല് തൂക്കിയിട്ടിരുന്നാൽ നീരുവരുന്നു... പിന്നെ കാലു പൊക്കിവച്ച് കിടക്കുമ്പോൾ നീരു പോവുകയും ചെയ്യും. ഡോക്ടർപറയുന്നത് ഇതിന് ഇനി മരുന്നൊന്നുമില്ലെന്നാണ്. കാരണം വയസ്സായിക്കഴിയുമ്പോൾ ശരീരത്തിൽ പല മെഷീനുകളും പണിമുടക്കും... അതുപോലെ കുറേശ്ശേയായി അവയുടെ കാര്യക്ഷമത കുറഞ്ഞുവരികയല്ലേ... സഹിക്കുക.. എല്ലാറ്റിനും ഒരു കാലപരിധി പടച്ചോൻ നിശ്ചയിച്ചിട്ടുണ്ടല്ലോ... പ്രകൃതി, അതിന്റെ ചുമതല കൃത്യമായി ചെയ്യുന്നു. സൂര്യനുദിക്കുന്നു, അസ്ഥമിക്കുന്നു. ചെടികൾ കിളിർക്കുന്നു. പക്ഷികൾ ചിലയ്ക്കുന്നു. മൃഗങ്ങൾ, ഭൂമിയിലെ മറ്റു ജീവജാലങ്ങൾ എല്ലാം തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുന്നു. അവർക്കൊന്നും നാളെയെക്കുറിച്ചുള്ള ചിന്തയില്ല... ഒരു പക്ഷേ അവർക്ക് ഇന്നലെകളുമില്ലായിരിക്കും... പക്ഷേ മനുഷ്യൻ അങ്ങനല്ലല്ലോ... അവൻ ഇന്നു ജീവിക്കുന്നത് നാളേയ്ക്കുവേണ്ടിയാണ്... നാളേയും അത് ആവർത്തിക്കപ്പെടുന്നു. അതായിരിക്കും ജീവിതത്തിൽ മനുഷ്യന്റെ ഈ നെട്ടോട്ടത്തിനു കാരണം.. അത്യാഗ്രഹവും അസൂയയും, അത് ഭൂമിയിലെ മറ്റൊരു ജീവജാലങ്ങൾക്കുമില്ലെന്നു നിസ്സംശയം പറയാം...

ഒരു മാസത്തേയ്ക്കുള്ള മരുന്നുമായി അവർ വീട്ടിലേയ്ക്ക് തിരിച്ചു. വരുന്ന വഴിയ്ക്ക് മാർക്കറ്റിൽ വണ്ടിനിർത്തി കുറച്ചു പച്ചക്കറികളും മറ്റും വാങ്ങി...

“വിഷ്ണു നല്ല മീനെന്തെങ്കിലുമുണ്ടോന്നൊന്നു നോക്കാമോ... ഫസലിന് നോക്കി വാങ്ങാനറിയില്ല..“

വിഷ്ണു വണ്ടിയിൽ നിന്നിറങ്ങി മാർക്കറ്റിലേയ്ക്ക്... നല്ല ചൂരയുണ്ടായിരുന്നു... അൽപം വിലപേശി അതുമായി കാറിനരികിലേയ്ക്ക്. വിഷ്ണുവിന്റെ വിലപേശൽ ഫസലിനും ഒരു പുതുമയായിരുന്നു...

“ഹമീദിക്കാ... നല്ല പച്ചമീനാ...“

“ഇതുകൊള്ളാല്ലടോ വിഷ്ണൂ..“

“ഒരൽപം വിലപേശി.... ന്നാലും ലാഭമാ...“

അവർ വാഹനത്തിൽ കയറി മുന്നോട്ടു പോയി... പന്ത്രണ്ടു മണിയോടുകൂടി അവർവീട്ടിലെത്തി.. അപ്രതീക്ഷിതമായാണ് ഫസൽ മീനും തൂക്കിവരുന്ന കാഴ്ച അവർ കാണുന്നത്... നല്ല വലിപ്പമുണ്ട്

“എവിടുന്നാ ഫസലേ ഇത്.“ സഫിയയാണ് ചോദിച്ചത്.

“ഇതുമ്മാ മാർക്കറ്റീന്നാ.. തിരികെ വരുംവഴി അവിടിറങ്ങി.“

“മോളേ... നല്ല എരിവും പുളിയുമിട്ട് വറ്റിച്ചുവച്ചാൽ നല്ല ടേസ്റ്റാവും...“

“ഉപ്പാ... എരിവ് പാടില്ലെന്നാ ഡോക്ടറ് പറഞ്ഞിരിക്കുന്നേ...“

“ടീ.. അവർ പറഞ്ഞത് ശരിതന്നെ... പക്ഷേ വല്ലപ്പോഴുമാവാം..“

അവരാരും ഒന്നും മിണ്ടിയില്ല... സ്ത്രീകളെല്ലാവരും മീനിന്റെ പിറകേ പോയി.. ഹമീദ് റൂമിൽ കയറി ഡ്രസ് മാറി.. ഫസൽ മുകളിലത്തെ റൂമിലേയ്ക്കും...

അടുത്ത ദിവസം രാവിലെതന്നെ ഉമ്മയുടെ വിളികേട്ടാണ് ഉണർന്നത്...

“ഫസലേ.. ഫസലേ.. നീ ഉണർന്നില്ലേ.. പെട്ടെന്നിങ്ങട്ട് വന്നേ..“

അവൻ ഓടിയിറങ്ങി താഴേയ്ക്ക്... അപ്രതീക്ഷിതമായാണ് അവിടാകെ ബലുണുകളും വർണ്ണക്കടലാസുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണുന്നത്... എല്ലാവരും ഹാപ്പി ബർത്ത്ഡേ പാടുന്നുണ്ടായിരുന്നു.

“ഹാപ്പി ബർത്ത്ഡേ ടൂ.. യൂ...“ റഷീദന്റെ മകളും അവളാൽ കഴിയുന്ന രീതിയിൽ കൈകൊട്ടി പാടുന്നുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ അങ്ങനെ ബർത്ത് ഡേ ആഘോഷിച്ചതായി ഓർമ്മയില്ല.. ആദ്യമായാണ് ഇങ്ങനെ.. പക്ഷേ താൻ ഓർത്തതേയില്ല. ഇന്നാണ് തന്റെ ബർത്ത്ഡേയെന്ന്...

മേശമേൽ അവന്റെ പേരെഴുതി ഭംഗിയായിഡക്കറേറ്റ് ചെയ്തിരുന്ന കേക്ക് മുറിച്ചു.. ഓർമ്മയായിട്ട് ആദ്യത്തെ അനുഭവം... എന്താ ഇവർക്ക് ഇങ്ങനെ തോന്നാനെന്നു ചിന്തിക്കുമ്പോൾ ഫോൺ ബല്ലടിച്ചു... ഫസലാണ് ഫോണെടുത്തത്.. അങ്ങേത്തലയ്ക്കൽ ഐഷുവായിരുന്നു..

“ടാ.. ഹാപ്പി ബർത്ത്ഡേ ടൂ. യൂ...“

“താങ്ക്സ്.“

“നീ കേക്ക് മുറിച്ചില്ലേ...“

“ഇപ്പോ മുറിച്ചതേയുള്ളൂ...“

“നിനക്കൊരു സർപ്രൈസ് കൊടുക്കണമെന്ന് ഞാനാ നിന്റെ ഉമ്മാനോട് വിളിച്ചു പറഞ്ഞത്.. എനിക്കറിയാമായിരുന്നല്ലോ ഇന്നാണ് നിന്റെ ബർത്ത്ഡേയെന്നുള്ളത്...“

“താങ്ക്സ് ഫോർയുവർ സർപ്രൈസ് ഗിഫ്റ്റ്..“

“ശരി ഞാൻ പിന്നെ വിളിക്കാം..“

“ഓക്കെ..“

ഇതിന്റെ പിന്നിലുള്ളആൾ ഐഷുവാണെന്ന് അവന് മനസ്സിലായി..

“ടാ.. അവളിന്നലെയെ വിളിച്ചിരുന്നു. അവളാ പറ‍ഞ്ഞത് നിനക്കൊരു സർപ്രൈസ് തരണമെന്ന്.. പിന്നൊന്നും ആലോചിച്ചില്ല.. കടയിൽ പോയി കേക്കിന് ഓർഡർ കൊടുത്തു. വിഷ്ണുവിനെക്കൊണ്ട് എല്ലാം വാങ്ങിപ്പിച്ചു.. പിന്നെ വെളുപ്പാൻകാലത്തുതന്നെ എല്ലാം ഡക്കറേറ്റു ചെയ്തു... ഇന്ന് നിന്റെ ദിവസാ..“

“വീണ്ടും ഫോൺ ശബ്ദിച്ചു.. റഷീദായിരുന്നത്.. അൽപം കഴിഞ്ഞ് അൻവറും അഭിമന്യുവും സ്റ്റീഫൻ അങ്കിളും ടീച്ചറും ജൂലീ ചേച്ചിയും അങ്ങനെ അവനെ അറിയാവുന്നവരെല്ലാം വിളിച്ച് വിഷ് ചെയ്തു.. അവന് വല്ലാത്തൊരു സന്തോഷം തോന്നി.. സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമാണ് തന്റെ ജീവിതത്തിൽ.. ഉമ്മയൊരിക്കലും ബർത്ത്ഡേ ആഘോഷിക്കുന്നതിൽ താൽപര്യമുള്ള ആളായിരുന്നില്ല.. ഒരുപക്ഷേ പഴയ ഓർമ്മകൾ മനസ്സിനെ കുത്തിനോവിച്ചാലൊ എന്നോർത്തായിരിക്കാം... എന്തായാലും തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ ആഘോഷത്തിന് അവൻ നന്ദിപറഞ്ഞു..

അന്നുച്ചയ്ക്ക് ബിരിയാണിയായിരുന്നു. വിഷ്ണുവിനേയും കുടുംബത്തേയും ക്ഷണിച്ചിരുന്നു. വളരെ സന്തോഷകരമായി അവർ ഫസലിന്റെ ജന്മദിനം ആഘോഷിച്ചു...

അടുത്ത കാലത്തായി ഫസലിന് ഏറ്റവും ഇഷ്ടപ്പെട്ട ഹോബി വായനയായിരുന്നു. ഉപ്പാന്റെ പുസ്തകശേഖരത്തിലെ പല പുസ്തകങ്ങളും വായിച്ചു തീർത്തിരുന്നു. അടുത്തുള്ള ലൈബ്രറിയിൽ മെമ്പർഷിപ്പെടുക്കണം... ധാരാളം പുസ്തകങ്ങളുണ്ടവിടെ... രാത്രിയിൽ വളരെനേരം വായിച്ചിരിക്കാറുമുണ്ട്. മൗലവിയാണ് വായന ശീലമാക്കിത്തരാനുള്ള കാരണക്കാരനായത്... നമ്മൾ ഒരു മിനിട്ട് പ്രസംഗിക്കണമെങ്കിൽ 15 മിനിറ്റ് സംസാരിക്കാനുള്ള വിഷയം കൈയ്യിലുണ്ടായിരിക്കണം.. അതിന് ആവശ്യം വായനയാണ്.. ചുറ്റുപാടുമുള്ളതിനെ കണ്ടറിയുന്നതുപോലെ പലതും വായിച്ചറിയാനുമുണ്ട്.. അവ പുസ്തകങ്ങളിലൂടെ മാത്രമേ ലഭിക്കൂ... എഴുതിയിരിക്കുന്നത് അനുഭവങ്ങളാവാം.. ഭാവനകളാവാം... സുഖങ്ങളാവാം.. ദുഃഖങ്ങളാവാം.. അവയിലെല്ലാം മനുഷ്യനുണ്ട്... അവന്റെ മനസ്സുമുണ്ട്... അദ്ദേഹത്തിന്റെ ഈ വാക്കുകൾ അവന്റെ ഹൃദയത്തിലേയ്ക്കാണ് പതിഞ്ഞുകയറിയത്.. അന്നുമുതൽ കിട്ടുന്നതെല്ലാം വായിക്കുമായിരുന്നു.  അടുത്ത ദിവസം തന്നെ അവൻ ലൈബ്രറിയിൽ പോയി  മെമ്പർഷിപ്പെടുത്തു. കാറ്റലോഗിൽ നോക്കി രണ്ടു പുസതങ്ങൾ സെലക്ട് ചെയ്തു... കുമാരനാശാന്റെ ഒരു കവി... അടുത്തത് എസ്.കെ. പൊറ്റക്കാന്റെ ഒരു ദേശത്തിന്റെ കഥ.. പേജുകൾ കുറച്ചു കൂടുതലാണ് ന്നാലും സ്കൂളിൽവച്ചേ കേട്ടതാണ് ഈ രണ്ടു പുസതകങ്ങളും. അന്നേ വായിക്കണമെന്നു തോന്നിയിരുന്നു.  പക്ഷേ കഴിഞ്ഞില്ല..

ഫസൽ വീട്ടിലെത്തിയപ്പോൾ നാദിറയുടെ വാപ്പ അവിടെത്തിയിരുന്നു. അവൻ അദ്ദേഹത്തെ നോക്കിയൊന്നു ചിരിച്ചു.. നേരേ അവന്റെ റൂമിലേയ്ക്ക്.. എല്ലാവരും നല്ല യോജിപ്പിലായെങ്കിലും ഫസലിന് ഇപ്പോഴും തന്റെ മനസ്സിന്റെ നൊമ്പരം മാറിയിട്ടില്ല.. അതിനാൽ ഒരു അകലം അദ്ദേഹവുമായി അവൻ സ്വീകരിച്ചിരുന്നു.

അകലം... സാമൂഹിക അകലം...
അടുപ്പം മനസ്സുകൾ കൊണ്ടു മാത്രമാവട്ടെ...
വൈറസിന്റെ ആഹാരമാകാതെ കരുതലോടെ...
ജീവന്റെ വിലയുള്ള ജാഗ്രതയോടെ വീട്ടിലിരിക്കാം..





സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 04 10 2020


തുടർന്നു വായിക്കുക അടുത്ത ബുധനാഴ്ച്ച 11 10 2020




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ