24.10.20

നിഴൽവീണവഴികൾ ഭാഗം 97

 


അവരുടെ നിർബന്ധത്തിനു വഴങ്ങി സ്വീകരണത്തിനു ചെല്ലാമെന്ന് ഏറ്റു... എല്ലാവരും അവനെ വളരെ അഭിനന്ദിച്ചു.. പഠനം പൂർത്തിയാക്കി ഈ നാട്ടിൽ തന്നെ ഡോക്ടർ ആയി വരണമെന്നുള്ളതും അവരുടെ ഒരാഗ്രഹമായിരുന്നു.

പല ഭാഗങ്ങളിൽ നിന്നും ഫസലിന് അഭിനന്ദനപ്രവാഹമായിരുന്നു. നാദിറയുടെ വീട്ടിൽനിന്നും അവളുടെ വാപ്പയും ഉമ്മയുമൊക്കെ എത്തിയിരുന്നു. തങ്ങളുടെ കുടുംബത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.. അമ്മായിയെ രാത്രി തന്നെ വിളിച്ച് വിവരമറിയിച്ചിരുന്നു. അമ്മായിക്കും വലിയ സന്തോഷം... ഫസലിന് എൻട്രൻസ് കിട്ടിയാൽ അവിടെനിന്ന് പഠിക്കണമെന്നാണ് അമ്മായി പറഞ്ഞിരിക്കുന്നത്.. അതിന് ഒരു തീരുമാനമായില്ലെങ്കിലും അവർ ഇതറിഞ്ഞ് ഇക്കാര്യങ്ങളൊക്കെ സൂചിപ്പിക്കുകയും ചെയ്തു.

ഡോ. ഫസൽ... അവന്റെ മനസ്സിൽ സന്തോഷമുണ്ട്. പക്ഷേ പ്രതീക്ഷിച്ച ആൾ അടുത്തുണ്ടാവില്ലെന്നുള്ള ദുഃഖവും.. അവിടെവരെ ഒന്നു പോയാൽ കൊള്ളാമെന്നുണ്ട്.. പക്ഷേ അതിന് വീട്ടിൽനിന്നും അനുവാദം ലഭിക്കുകയെന്നത് വലിയ ബുദ്ധിമുട്ടുമാണ്. ഹമീദ്ക്ക പരിചയക്കാരോടൊക്കെ വിളിച്ച് വിവരം പറയുന്നുണ്ടായിരുന്നു.

ഉച്ചയായപ്പോഴേയ്ക്കും ഡോ. ഗോപി വിളിച്ചിരുന്നു. ഫസലുമായി വിശദമായി സംസാരിച്ചു... വേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയായിരിക്കണമെന്നും എന്തെല്ലാം കരുതലുകളായിരിക്കണം വേണ്ടതെന്നും അവനോട് വിശദമായി സംസാരിച്ചു. നിസ്സാരമായ ഒരു വിജയമല്ലെന്നും ഫസലിന്റെ അധ്വാനത്തിന് ലഭിച്ച തിളക്കമാർന്ന വിജയം തന്നെയാണിതെന്നും അദ്ദേഹം അവനോട് പറഞ്ഞു..

വൈകുന്നേരമായപ്പോഴേയ്ക്കും ലൈബ്രറിയുടെ പ്രവർത്തകർ വീട്ടിലെത്തി.. ഉസ്മാനിക്കയാണ് ഇപ്പോൾ അതിന്റെ പ്രസിഡന്റ്.. ഇവിടെ താമസമായതിനു ശേഷം പലപ്പോഴും ഹമീദ് ഉസ്മാനിക്കയെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അസുഖം കാരണം പുറത്തിറങ്ങി നടക്കാനാവാതെ വന്നപ്പോൾ അതും നിന്നു. എന്നാലും ലൈബ്രറിയുടെ പരിപാടികളിൽ പലതിലും നേരിട്ടു വന്നു ക്ഷണിക്കാറുമുണ്ടായിരുന്നു. അവരൊക്കെ തന്നെയാണ് പള്ളിക്കമ്മറ്റിയിലുമുള്ളത്.. ലൈബ്രറിയിൽ വച്ചു നടത്തുന്ന പരിപാടിയിൽ പള്ളിക്കമ്മറ്റിയുടെ സഹകരണവും ഉണ്ടാവുമെന്ന് പറഞ്ഞു.

ലൈബ്രറിയിലെ പരിപാടിയ്ക്ക് കുടുംബസമേതമാണ് ക്ഷണിച്ചിരിക്കുന്നത്. ഹമീദിന് സ്വന്തം ബുദ്ധിമുട്ടുകൾ അവരെ ബോധ്യപ്പെടുത്തേണ്ടിവന്നു. കഴിഞ്ഞ ദിവസം പള്ളിയിലെ പ്രഭാഷണത്തിന് പോയതിന് ശേഷം കാലിലെ നീര് വളരെയങ്ങു കൂടിയിരിക്കുന്നു. പോകാൻ ആഗ്രഹമില്ലാഞ്ഞല്ല ആരോഗ്യം അനുവദിക്കുന്നില്ല.. സഫിയയ്ക്കും മറ്റുള്ളവർക്കും ഒറ്റയ്ക്ക പോകാൻ മടിയുമുണ്ട്.

പക്ഷേ ഫസൽ വളരെ സന്തോഷവാനായിരുന്നു. അവിടെ എല്ലാരേയും പരിചയപ്പെടാമല്ലോ... നാളത്തെ പരിപാടിയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. മുൻ എം.എൽ.എ. സത്യനേശനാണ് അധ്യക്ഷൻ.. കൂടാതെ പ്രമുഖരായ മറ്റുവ്യക്തികളുമുണ്ടവിടെ.

അന്നത്തെ ദിവസം വളരെ സന്തോഷപൂർവ്വം കടന്നുപോയി... പിറ്റേദിവസം രാവിലെ സഫിയയുടെ വിളികേട്ടാണ് അവൻ ഉണർന്നത്.. താഴെയെത്തിയപ്പോൾ എല്ലാവരും ഹാളിലുണ്ട്..

“എന്താ ഉമ്മാ...“

“ഫസലിങ്ങ് അടുത്തുവരൂ...“

പരിചയമില്ലാത്ത ഒരാൾ..

“എന്താ.. എന്തുപറ്റി...“

“താങ്കൾ ഈ താക്കോൽ സന്തോഷപൂർവ്വം വാങ്ങണം...“ അവനൊന്നും മനസ്സിലായില്ല.

“ഇത് ഫസലിന്റെ മാമ ഡെലിവറി ചെയ്യാൻ പറ‍ഞ്ഞ ബൈക്കിന്റെ താക്കോലാണ്.. ഇവിടെ എത്തിയപ്പോഴാണ് ഈ ഗിഫ്റ്റിന്റെ കാരണം അറിയാൻ സാധിച്ചത്. കൺഗ്രാജുലേഷൻസ്...

അവൻ താങ്ക്സ് പറ‍ഞ്ഞു. വളരെ സർപ്രൈസ് ആയിരിക്കുന്നു. താക്കോൽ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ എല്ലാവരും കൈയ്യടിച്ചു അനുമോദിച്ചു. അവൻ താക്കോലുമായി പുറത്തിറങ്ങി.. ചുവന്ന കളറിലുള്ള പുതിയ ഹീറോഹോണ്ട ബൈക്ക്... തന്റെ ജീവിതത്തിൽ ഒരു സ്വപ്നമായിരുന്നു. പലരും ബൈക്കിൽ പാഞ്ഞുപോകുന്നത് കണ്ടിട്ടുണ്ടെങ്കിലും ആഗ്രഹിക്കാവുന്നതിനുമപ്പുറമായതിനാൽ ആരോടും പറഞ്ഞില്ല.. പക്ഷേ റഷീദ് മാമയ്ക്ക് അറിയാമായിരുന്നു തന്റെ ഇഷ്ടങ്ങൾ. അക്കാരണത്താലായിരിക്കും എനിക്ക് ഈ ബൈക്ക് വാങ്ങിതന്നത്. പക്ഷേ തികച്ചും അപ്രതീക്ഷിതമായി..ലൈസൻസ് എടുത്തെങ്കിലും ഓടിച്ച എക്സ്പീരിയൻസ് ആയിട്ടില്ല. ഉമ്മയ്ക്ക് അരമനസ്സാണെങ്കിലും ഉപ്പയ്ക്ക് വലിയ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ ആരും എതിർക്കുന്നില്ല..

അവൻ അടുത്തുചെന്നു ബൈക്കിലൊന്നു കൈവച്ചു... സ്റ്റാന്റ് തട്ടി  പതുക്കെ ക്വിക്കറിൽ കാലമർത്തി സ്റ്റാർട്ട് ചെയ്തു... മുറ്റത്ത് ബൈക്കിൽ ഒരു കറക്കം... എല്ലാവർക്കും വലിയസന്തോഷമായിരുന്നു. കൊള്ളാം തനിക്ക് വളരെ ഇഷ്ടപ്പെട്ട നിറവും ബൈക്കുമാണ്... പലരും ഓടിച്ചുകൊണ്ടുനടക്കുന്നത് കണ്ടിട്ടും ഉള്ളിൽ ഒരാഗ്രഹം മുളപൊട്ടിക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.. സ്വന്തമായൊരു ബൈക്ക്... മാമൻ അവന് നൽകിയത് വലിയൊരു സർപ്രൈസായിരുന്നു. എടുത്തുചാട്ടക്കാരനല്ലെന്ന് എല്ലാവർക്കും നന്നായറിയാം.. ബൈക്കുണ്ടെങ്കിലും അവൻ ഓവർസ്പീഡിൽ പോകില്ലെന്നും അവർക്ക് വിശ്വാസമുണ്ട്. പഠനം തുടങ്ങിക്കഴിഞ്ഞാൽ അവന് ബൈക്ക് ഒരത്യാവശ്യ ഘടകം തന്നെയായിരിക്കും.

വൈകുന്നേരം 5 മണിക്കാണ് ലൈബ്രറി ഹാളിൽ അനുമോദന യോഗം.. വീട്ടിൽ നിന്നും നടന്നുപോകറത്ര ദൂരമേയുള്ളൂ... വീട്ടിൽ നിന്നും ആരും വരേണ്ടെന്ന് ഫസൽ പറഞ്ഞു... ആയതിനാൽ വിഷ്ണുവിനേയും  കൂട്ടിയാണ് അവൻ പോയത്. അവിടെ ഫസലിന് വലിയ സ്വീകരണമായിരുന്നു. കുറച്ചു നാളുകൾമാത്രമേ ആയുള്ളൂ ഇവിടെ മെമ്പർഷിപ്പ് എടുത്തിട്ട്. പക്ഷേ വർഷങ്ങളായുള്ള പരിചയക്കാരെപ്പോലെയാണ് എല്ലാവരും പെരുമാറിയത്.

യോഗനടപടികൾ ആരംഭിച്ചു. അധ്യക്ഷൻ വിശദമായ ഒരു പ്രസംഗം നടത്തി... അദ്ദേഹം മുൻ എം.എൽ.എ. കൂടിയാണല്ലോ... ഫസലിനെയും കുടുംബത്തേയും കുറിച്ച് വാതോരാതെ സംസാരിച്ചു. തങ്ങൾ ഈ പ്രദേശത്തെത്തിയിട്ട് അഞ്ചുവർഷങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ..

“...... ഫസലെന്ന വിദ്യാർത്ഥിയെ നിങ്ങൾ മനസ്സിലാക്കണം. അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലാണ് ജനനമെങ്കിലും വളരെ സാധാരണക്കാരനെപ്പോലാണ് പെരുമാറ്റം.. ഹമീദ്ക്ക ഈ നാട്ടിലെ ഒരു പ്രമാണിയാണെന്നറിയാമല്ലോ.. അദ്ദേഹത്തിന്റെ കൊച്ചുമോന് മെഡിസിന് പ്രവേശനം ലഭിച്ചതിൽ അഭിമാനിക്കുന്നു...“

അധ്യക്ഷന്റെ പ്രസംഗം അവസാനിച്ചു.. അടുത്തത് ഫസലിന്റെ ഊഴം...

“ഫസൽ സീറ്റിൽ നിന്നും എഴുന്നേറ്റു.. മൈക്ക് തന്റെ മുഖത്തിന് അഭിമുഖമായി അഡ്ജസ്റ്റ്ചെയ്തുവച്ചു.

“ബഹുമാനപ്പെട്ട അധ്യക്ഷൻ.. മറ്റ് വിശിഷ്ഠാതിഥികളെ.. എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് ഇതൊരു തിളക്കമാർന്ന വിജയംന്നെയാണ്... പക്ഷേ നിങ്ങൾക്ക് അറിയാത്ത ഒരു ഫ്ലാഷ്ബാക്കുണ്ട് എനിക്ക്... എന്റെ കുടുംബത്തിന്... ജന്മംനൽകിയ പിതാവിനാൽ ആട്ടിയിറക്കപ്പെട്ട ഒരു ഏഴു വയസ്സുകാരൻ... ഉറക്കത്തിൽ ഞെട്ടി ഉണർന്ന് ഉമ്മയെ അരികിൽ പരതിയപ്പോൾ അരികിൽ ഇല്ലന്ന് മനസ്സിലായി..ഹോളിൽ നോക്കിയപ്പോൾ അവിടെയും ഇല്ല തുറന്നു കിടക്കുന്ന വാതിൽ പാളിയിലൂടെ ഇരുട്ടിലേക്ക് കണ്ണുകൾ പായിച്ചപ്പോൾ തെങ്ങിൻ തടത്തിൽ ഞരക്കം കേട്ടു മോനെ എന്നുള്ള വിളി കേട്ടപ്പോൾ അത് ഉമ്മയാണെന്ന് മനസ്സിലായി ഓടി അടുത്തെത്തി ഉമ്മ അവനെ വാരി എടുത്ത് ഉമ്മവെച്ചു വാ ഉമ്മാ അകത്തേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ വേദന കൊണ്ട് പുളയുന്നതിനിടയിലും നമുക്ക് പോകാം മോനെ വീടിന് അകത്തേക്കല്ല പുറത്തേക്ക് ഈ നാട് വിട്ട് നമുക്ക് പോകാം..സർവ്വ ശക്തിയുമെടുത്ത് ഉമ്മയുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു വേച്ചു വേച്ച് മുൻപോട്ടു നടന്ന ഉമ്മ അന്ന് എന്റെ കയ്യിൽ മുറുകെ പിടിച്ച് മുൻപോട്ടു നടത്തിയ ആ ശക്തി തന്നെയാണ് എന്നെ നിങ്ങളുടെ മുൻപിൽ എത്തിച്ചത് ഉമ്മയുടെ കണ്ണുകളിൽ അന്ന് കണ്ട കണ്ണ് നീർ പിന്നിട് നാളിതുവരെ ഞാൻ കണ്ടിട്ടില്ല അന്ന് പുറപ്പെട്ട് ഇരുട്ടിന്റെ മറവിൽ പൊന്ത കട്ടിൽ എന്നെ മാറോടു ചേർത്ത് വെളുക്കുന്നത് വരെ ഉറക്കമിളച്ചിരുന്ന ഉമ്മ ലക്ഷ്യമില്ലാതെ മുന്നോട്ട് കൈ പിടിച്ചു നടത്തിയപ്പോഴും ഞാൻ ചോദിച്ചില്ല എങ്ങോട്ടാണ് പോകുന്നത് ഉമ്മാ എന്ന് ഞാൻ പറഞ്ഞിട്ടില്ല എനിക്ക് വിശക്കുന്നു എന്ന് എന്നോട് ഒരു ആഗ്രം മാത്രമേ പറഞ്ഞിട്ടുള്ളൂ നിന്നെ കൊണ്ട് കഴിയുമെങ്കിൽ നീ ഒരു ഡോക്ടർ ആവണം പാവപ്പെട്ടവരെ ചികിൽസിക്കുന്ന ഒരു ഡോക്ടർ ഈ വിജയം ഞാൻ എന്റെ ഉമ്മയ്ക്ക് സമർപ്പിക്കുന്നു കണ്ണുനീർ പുറത്ത് കാണിക്കാതെ മനസ്സിൽ കരയുന്ന ഉമ്മ ആ ഉമ്മയുടെ പ്രാർത്ഥതനായാണ് എന്റെ ഈ വിജയം ജീവിതത്തിൽ പകച്ചുനിന്ന ഉമ്മയുടെ കൈകളിൽ ഉണ്ടായ വിറയൽ ഇന്നും എന്റെ മനസ്സിലുണ്ട്... മറക്കാതിരിക്കാൻ ഞാൻ കൂടെക്കൂടെ ഓർക്കാറുണ്ട്... ആരുടെയൊക്കെയോ കാരുണ്യംകൊണ്ട്... ഉറ്റവരുടെ അരികിൽ എത്തി ... ഇന്നു കാണുന്നതല്ലായിരുന്നു യഥാർത്ഥ ജീവിതം... പെരുന്നാളിന് മാത്രം ലഭിക്കുന്ന ഒരു ജോഡി ഡ്രസ്സ് അതിലായിരുന്നു എന്റെ പഠിത്തം...“

“ഒരിക്കലും ജീവിതത്തിൽ പകച്ചു നിന്നിട്ടില്ല... പള്ളിക്കമ്മറ്റിക്കാരുടെയും മറ്റ് അഭ്യൂദകാംക്ഷികളുടെയും  സംരക്ഷണയിൽ കഴിഞ്ഞ ഞങ്ങളുടെ കുടുംബത്തെ തേടിയെത്തിയത് മാമയുടെ രൂപത്തിലായിരുന്നു. അദ്ദേഹം ഗൾഫിൽ പോയതിനു ശേഷം പതുക്കെ കുടുംബം കരകയറാൻ തുടങ്ങി... മാമയുടെ നിർബന്ധത്തിന് വഴങ്ങി പള്ളിനൽകിയ താമസസ്ഥലം മനസ്സില്ലാ മനസ്സോടെ ഉപേക്ഷിച്ച് ഇവിടെയെത്തി... വാപ്പയെത്തേടി സ്വന്തം ആസ്ഥിത്വം തേടി അലഞ്ഞിട്ടുണ്ട്. പക്ഷേ കണ്ടുകിട്ടിയപ്പോഴേയ്ക്കും താമസിച്ചുപോയിരുന്നു. ജീവിതത്തിൽ പരാജയങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ആ പരാജയങ്ങളിൽ തളർന്നിരിക്കാൻ എനിക്കാവുമായിരുന്നില്ല. പലരും ജീവിതത്തിൽ വഴിമുടക്കികളായി നിന്നിട്ടുണ്ട്. പക്ഷേ ഒരിക്കൽപ്പോലും കീഴടങ്ങിയിട്ടില്ല...“

നിങ്ങളുടെ ഹമീദ്ക്ക എന്റെ വലിയുപ്പ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാനും എന്റെ ഉമ്മയും ഉണ്ടാകുമായിരുന്നില്ല.. മനസ്സ് തുറന്ന് ഉമ്മയൊന്നു ചിരിക്കുന്നത് ഞാൻ കണ്ടു തുടങ്ങിയത്... രണ്ടു ദിവസങ്ങൾക്കു മുമ്പ് മാത്രമാണ്.. എനിക്ക് പ്രവേശനപ്പരീക്ഷയിൽ വിജയം ലഭിച്ചതുമുതൽ... അവർക്ക് പ്രതീക്ഷയായിരുന്നു. ജീവിതം എനിക്കുവേണ്ടി എരിഞ്ഞുതീർത്ത എന്റെ ഉമ്മ... പറക്കമുറ്റാത്ത മകനേയും കൂട്ടി ഭർതൃവീട്ടിൽനിന്നും തിരികെപ്പോകേണ്ടി വന്നപ്പോൾ കുടുംബത്തിൽ എല്ലാം മറന്ന് പൂർണ്ണമനസ്സോടെ സ്വീകരിച്ച വലിയുപ്പയും വലിയുമ്മയും മാമൻമ്മാരും...
അവരുടെയൊക്കെ പ്രാർത്ഥനയിടെ ഫലമാണ് ഇന്നീ കാണുന്ന ഞാൻ.. അധ്യക്ഷൻ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. ഞാൻ. ഡോക്ടർ ഫസലല്ല... കാരണം എനിക്ക് പ്രവേശന പരീക്ഷയിൽ അംഗീകാരം കിട്ടിയെന്നേയുള്ളൂ...ഞാനൊരു ഡോക്ടറായിട്ടില്ല. ഭാവിയിൽ ആകാം.. ഒരു പ്രതീക്ഷമാത്രം.. എന്നെ നിങ്ങൾ പേരുവിളിച്ചുകൊള്ളൂ..

അവന്റെ പ്രസംഗം കൂടിയിരുന്ന പലരുടേയും കണ്ണുകൾ നിറയിച്ചു.... ചിലർ കണ്ണുകൾ തുടയ്ക്കുന്നതു കണ്ടു... തങ്ങൾ കരുതിയിരുന്നത്. ഫസൽ വെള്ളിക്കരണ്ടിയുമായി ജനിച്ച കുട്ടിയെന്നായിരുന്നു.പക്ഷേ ഇപ്പോഴാണ് മനസ്സിലായത്. അവന്റെ ഉള്ളിൽ ഒരു കടലിരമ്പം ഉണ്ടെന്നുള്ളത്... മനസ്സിലാക്കിയത്...

“ജീവിതത്തിന്റെ നാൾവഴികളിൽ തങ്ക ലിപിയിൽ ആലേഖനം ചെയ്ത ദിവസമായിരിക്കും ഇന്ന്. കാരണം എന്നെ എനിക്ക് വീണ്ടും ഓർത്തെടുക്കാൻ സാധിച്ചു. അതു കൂടാതെ ഞാൻ ആരായിരുന്നു എന്നുള്ള വിവരവും നിങ്ങളെ അറിയിക്കാൻ സാധിച്ചു... അവൻ പ്രസംഗം അവസാനിപ്പിച്ചപ്പോഴേയ്ക്കും നിറഞ്ഞ കരഘോഷമുയർന്നു... അവസാന നടപടിക്രമമെന്ന നിലയിൽ ഫസലിന് മുൻ എം.എലെ. ഷീൽഡ് സമ്മാനിച്ചു. മനോഹരമായ സുവർണ്ണ ലിപികളിൽ തന്റെ പേരെഴുതിയ ഷീൽഡ്... എല്ലാവരും അവനെ അനുമോദിച്ചു. വലിയൊരു ആൾക്കൂട്ടമുണ്ടായിരുന്നവിടെ...

യോഗ നടപടികൾ കഴിഞ്ഞു..

വിഷ്ണുവിനും ഇന്നാണ് ഫസലിന്റെ ജീവിതത്തിൽ ഫ്ലാഷ് ബാക്ക് മനസ്സിലായത്...


കൂട്ടം കൂടാതെ, സാമൂഹിക അകലം പാലിച്ചുകൊണ്ട്. ജീവിക്കാം...



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 25 10 2020


തുടർന്ന് വായിക്കുക അടുത്ത ഞായറാഴ്ച്ച 01 10 2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ