31.10.20

നിഴൽവീണവഴികൾ ഭാഗം 98

 

 

“ജീവിതത്തിന്റെ നാൾവഴികളിൽ തങ്ക ലിപിയിൽ ആലേഖനം ചെയ്ത ദിവസമായിരിക്കും ഇന്ന്. കാരണം എന്നെ എനിക്ക് വീണ്ടും ഓർത്തെടുക്കാൻ സാധിച്ചു. അതു കൂടാതെ ഞാൻ ആരായിരുന്നു എന്നുള്ള വിവരവും നിങ്ങളെ അറിയിക്കാൻ സാധിച്ചു... അവൻ പ്രസംഗം അവസാനിപ്പിച്ചപ്പോഴേയ്ക്കും നിറഞ്ഞ കരഘോഷമുയർന്നു... അവസാന നടപടിക്രമമെന്ന നിലയിൽ ഫസലിന് മുൻ എം.എലെ. ഷീൽഡ് സമ്മാനിച്ചു. മനോഹരമായ സുവർണ്ണ ലിപികളിൽ തന്റെ പേരെഴുതിയ ഷീൽഡ്... എല്ലാവരും അവനെ അനുമോദിച്ചു. വലിയൊരു ആൾക്കൂട്ടമുണ്ടായിരുന്നവിടെ...

യോഗ നടപടികൾ കഴിഞ്ഞു.. വിഷ്ണുവിനും ഇന്നാണ് ഫസലിന്റെ ജീവിതത്തിൽ ഫ്ലാഷ് ബാക്ക് മനസ്സിലായത്...

ഫസൽ കമ്മറ്റിക്കാരോടൊപ്പം നടന്ന് വിഷ്ണുവിനടുത്തെത്തി... എല്ലാവരും സ്നേഹപൂർവ്വം യാത്രയാക്കി.. അവരുടെ സ്നേഹം അവനു തൊട്ടറിയാൻ സാധിച്ചു. കാർ സ്റ്റാർട്ട് ചെയ്തു. കുറച്ചു നേരത്തേയ്ക്ക് നിശ്ശബ്ദതയായിരുന്നവിടെ... ഫസൽ... ഞാൻ പ്രസംഗം മൊത്തം കേട്ടു.. ചോദിക്കുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്... ഇത്രയു ത്യാഗം സഹിച്ചാണോ നിങ്ങളിവിടെയൊക്കെ എത്തിയത്.

“വിഷ്ണുവേട്ടാ... എല്ലാവരുടേയും ജീവിതത്തിൽ ഒരോരോ കടമ്പകൾ ഉണ്ടാകും.. അതിൽ ഏറ്റക്കുറച്ചിലുകളുമുണ്ടാകും.. ഞങ്ങളുടെ പ്രത്യേകിച്ച് എന്റെ ജീവിതത്തിൽ ഉണ്ടായ തിക്താനുഭവങ്ങളൊക്കെ എന്റെ പ്രായത്തിൽ ആരും അനുഭവിക്കാത്തതാണ്... യാതനകളും വേദനകളും അനുഭവിച്ചതിന് ഒരു കണക്കുമില്ല.. എന്തെല്ലാം പ്രശ്നങ്ങളായിരുന്നെന്നറിയുമോ.. ഒരുപക്ഷേ അതൊക്കെ
തന്നെയായിരിക്കാം ഇതുവരെ എല്ലാം നേടണമെന്നുള്ള ആഗ്രഹത്തിൽ ജീവിക്കാനായത് എന്നു കരുതുന്നു...“

“അപ്പോൾ... നിങ്ങൾ നേരത്തേ താമസിച്ച സ്ഥലം...“

“വിഷ്ണുവേട്ടാ... എല്ലാം ഒരുദിവസം ഞാൻ പറയാം... ഇതെല്ലാം പറഞ്ഞുതുടങ്ങിയാൽ ദിവസങ്ങൾ വേണ്ടിവരും...“

“നിർബന്ധിക്കുന്നില്ല.. എന്നാലും എനിക്കു ബഹുമാനം തോന്നുന്നു... ഫസലിനോട്.“

“അതുവേണ്ട.. എന്നെ കൊച്ചനുജനെപ്പോലെ കണ്ടാൽ മതി... വിഷ്ണുവേട്ടനടുത്തെത്തുമ്പോൽ ഞാനനുഭവിക്കുന്നത് ഒരു ജ്യേഷ്ഠന്റെ സ്നേഹവും സുരക്ഷയുമാണ്...“

വിഷ്ണുവിന് ഉത്തരമുണ്ടായില്ല.. പകരം രണ്ടുതുള്ളി  കണ്ണുനീർ അടർന്നു വീണു... അവൻ ഫസൽ കാണാതെ ആ കണ്ണുനീരുകൾ തുടച്ചു...

ഫസൽ ഓർക്കുകയായിരുന്നു.. കുടുംബംനോക്കാൻ ഉമ്മ വീടുകളിൽ ജോലി ചെയ്ത കാലം... ഉമ്മ വന്നു കുറച്ചു ദവിസം താമസിച്ചു തിരികെപ്പോകുമ്പോഴുള്ള വിഷമം... എത്രയോ കാലം അങ്ങനെ കഴിഞ്ഞു... ഒന്നും തന്നെ അറിയിക്കാതെ ആ ഉമ്മ എന്തെല്ലാം അനുഭവിച്ചുകാണും...

കാർ വീടിനുമുന്നിലെത്തി... ഗേറ്റ്തുറന്ന് അകത്തു പാർക്ക് ചെയ്തു...

“ഫസലേ ‍ഞാൻ പോട്ടെ...“

“വിഷ്ണുവേട്ടാ.. വീട്ടിൽ കയറിയിട്ടു പോകാം..“

“വേണ്ട... നാളെവരാം.. ഇന്ന് കുറച്ചു താമസിച്ചു പോയി ....“

“ഫസലേ വിഷ്ണു പോയോ...“

“പോയി ഉപ്പാ...“

വിഷ്ണുവിന്റെ മനം മുഴുവൻ ദുഃഖമായിരുന്നു. സ്നേഹപൂർവ്വം പെരുമാറുന്ന ആ കുടുംബത്തിലെ ഒരു കാലത്തെ ദുരവസ്ഥ എത്ര വേദനാജനകമായിരുന്നെന്നു അവൻ ഓർക്കുകയായിരുന്നു...

ഫസൽ തന്റെ കൈയ്യിലിരുന്ന ഷീൽഡ് ഉപ്പാനെ ഏൽപ്പിച്ചു...

“ടാ... നിന്റെ ഉമ്മാന്റെകൈയ്യിൽ കൊടുക്കടാ..“

“ഉപ്പാ... ഇതിനർഹൻ ഉപ്പയാണ്... ഉപ്പാന്റെ ആഗ്രഹം അതാണ് സാധിച്ചിരിക്കുന്നത്... ഉമ്മ ഒരു ത്യാഗിയാണ്.. ജീവിതം മൊത്തം എനിക്കും കുടുംബത്തിനും വേണ്ടി സഹനം ചെയ്തവൾ..“

“ഉപ്പാ ഇവനെന്തൊക്കെയാ ഈ പറയുന്നത്.. വളർന്നു വരുന്തോറും അവൻ പറയുന്നതൊന്നും മനസ്സിലാകുന്നില്ല..“

“സഫിയാ.. പഠിത്തമുള്ളോർ പറയുന്നതും ചിന്തിക്കുന്നതും നമുക്ക് മനസ്സിലാവില്ല.. അവൻ നല്ലൊരു വാഗ്മിയല്ലേ... അവനിലെ ആശയങ്ങൾ മനസ്സിലാക്കിയെടുക്കാൻ സമയമെടുക്കും...“

വിറയ്ക്കുന്ന കൈകളോടെ ആ വൃദ്ധ മനുഷ്യൻ ഷീൽഡ് കൈയ്യിൽ വാങ്ങി.. അതിന്റെ പുറം തടവി... നിറകണ്ണുകളോടെ ഫസലിനെ നോക്കി...

“എന്താ ഉപ്പാ.. സന്തോഷായോ“

“ഈ ജന്മത്തിലെ  സന്തോഷം ഞാൻ അനുഭവിക്കുന്നു ഫസലേ...“

അവിടെ എല്ലാവരുടേയും കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ നിറഞ്ഞു...

അപ്പോഴേയ്ക്കും ഫോൺ റിങ്ങ് ചെയ്തു... അപ്പുറത്ത് ഐഷുവായിരുന്നു. ഫസലാണ് ഫോണെടുത്തത്...

“ഫസലേ... ഐഷു..“

“മനസ്സിലായി ഐഷു...“

“ഞാൻ നേരത്തേ വിളിച്ചിരുന്നു. നാട്ടിലെ സ്വീകരണം ഏറ്റുവാങ്ങുന്ന തിരക്കിലാണെന്നറിഞ്ഞു... സന്തോഷമായി ഫസലേ... ഞാൻ എനിക്ക് സെലക്ഷ്‍ കിട്ടണമെന്നതിനേക്കാൾ നിനക്ക് വിജയമുണ്ടാകണമെന്നാണ് ആഗ്രഹിച്ചത്.. എന്റെ വിജയത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും സന്തോഷം തന്നെയാണ്. എല്ലാവരോടും വിളിച്ച് വീമ്പിളക്കുന്നുണ്ട്.. പക്ഷേ എനിക്ക് അതൊരു സന്തോഷമായി തോന്നുന്നില്ല..“

“അതെന്താ ഐഷു അങ്ങനെ..“

“... ഒന്നാമത്.. എനിക്ക് റാങ്ക് നിന്നേക്കാൾ വളരെ പിന്നിലാണ്... നമുക്ക് ഒരു കോളേജിൽ എന്തായാലും പഠിക്കാനാവില്ല... പിന്നെ വാപ്പ എന്നെ ഇവിടെ ചേർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്... ഇവിടെ ഒരു മെഡിക്കൽ കോളേജ് ഉണ്ട്.. .വാപ്പയ്ക്ക് പരിചയമുള്ളവരാണ്... അവിടെ അഡ്മിഷനുവേണ്ടിയുള്ള പേപ്പവർ വർക്കുകളൊക്കെ നടക്കുന്നു... അവരുടെ സന്തോഷത്തിൽ ഞാൻ ഒരു വിലങ്ങുതടിയാകേണ്ടെന്നു കരുതി കൂടുതൽ എതിൽക്കുന്നില്ല..“

“ഐഷു.. എവിടായാലും ലക്ഷ്യം നേടുകയെന്നുള്ളതാണ്. അകലെയാണെങ്കിലും എപ്പോൾ വേണമെങ്കിലും വിളിക്കാനും ഒരു ദിവസത്തെ യാത്രയിൽ കാണാനും കഴിയുമല്ലോ...“

“അതാ ഒരാശ്വാസം... എന്നാലും ഇത്രയും കാലം നമ്മൾ ഒരുമിച്ച് പോവുകവും വരികയും ചെയ്തതല്ലേ... പെട്ടെന്ന് ഇതെല്ലാം ഇല്ലാതാകുന്നെന്നറിഞ്ഞപ്പോളൊരു വിഷമം.. സാരല്യ.. നീ പറഞ്ഞതാ ശരി... ഒരു നാലുവർഷം... അതു കഴിഞ്ഞാൽ പിന്നെ നമുക്കൊരുമിക്കാം...“

“ഇവിടെല്ലാരുമുണ്ട്...“

“അവരെല്ലാം കേൾക്കുന്നുണ്ടോ...“

“ഇല്ല... മറ്റെന്തോ സംസാരിക്കുകയാണ്...“

“ന്നാലേ... ന്റ മോൻ ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി... ടാ... ഞാൻ നാട്ടിലായിലുന്നേ... നിന്നെ കെട്ടിപ്പിടിച്ച് ഞാനൊരു ഉമ്മ തന്നേനേ...“

“ഹോ... എന്തൊരു നഷ്ടാല്ലേ... എനിക്ക്.“

“ങ്ഹാ.. കുഴപ്പമില്ല... ഇനിയും അവസരം വരുമല്ലോ...“

“അപ്പോൾ ഞാൻ നിന്നെ കെട്ടിപ്പിടിച്ച് ഉമ്മതരാം....“

“വേണ്ടാ.. വേണ്ടാ... ആ പൂതി മനസ്സിലിരിക്കട്ടെ...“

“എന്തായി അഡ്മിഷന്റെ കാര്യങ്ങളൊക്കെ...“

“ഗോപിയങ്കിൾ എല്ലാം ചെയ്യാമെന്നു പറഞ്ഞിരിക്കുന്നു.. ഉമ്മയുമായി സംസാരിച്ചിരുന്നു.. വേണ്ട സമയത്ത് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

“നന്നായി.. ഒരാൾ സഹായിക്കാനുണ്ടല്ലോ. പിന്നെ... ഞാനും നീയും രണ്ടു സ്ഥലത്താണെങ്കിലും നിന്നെ ഉഴപ്പാൻ ഞാൻ അനുവദിക്കില്ല... ഇവിടുരുന്ന് കൺട്രോൾ ചെയ്യാനറിയാമെനിക്ക്.“

“ഉവ്വുവ്വേ....“

“ശരി.. ഡോ. ഫസൽ... ഞാൻ നാളെവിളിക്കാം...“

“ഡോ. ഐഷൂ... എന്നാൽ ഗുഡ്നൈറ്റ്..“

അവൻ ഫോൺവച്ച്... വീട്ടുകാരോടൊപ്പം സംഭാഷണങ്ങളിൽ പങ്കുചേർന്നു... വിഷയം അടുത്തമാസം അഭിമന്യുവിന്റെ വിവാഹമാണ്... സ്റ്റീഫൻ അങ്കിളിന്റെ മകളുടെ വിവാഹം അതു കഴിഞ്ഞ് ഒരാഴ്ചകഴിഞ്ഞും. രണ്ടിനും പോകേണ്ടതുണ്ട്... അതിന്റെ പ്ലാനിങ്ങാണവിടെ നടക്കുന്നത്.

സ്റ്റീഫന്റെ മകൾ ലീവിനെത്തിയിട്ടുണ്ട്... നാളെ അവർ ഇങ്ങോട്ടുവരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വിവാഹം വിളിക്കുക അതു കൂടാതെ നാട്ടീന്ന് പോയിട്ടിപ്പോൾ രണ്ടുവർഷത്തിലധികമായിരിക്കുന്നു. വിവാഹം പ്രമാണിച്ച് കുറച്ച് കൂടുതൽ ലീവു കിട്ടി അതാണ് നേരത്തേ പോന്നത്... അവളെ വിവാഹം കഴിക്കാൻ പോകുന്നവന് റഷീദിന്റെ ബേക്കറിയിൽ അക്കൗണ്ടന്റായി ജോലി നൽകാമെന്ന് റഷീദ് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് വിസയും മറ്റും റഡിയാക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്...

അവരുടേത് ലൗ മാര്യേജാണെങ്കിലും പരസ്പരം അറിയാവുന്ന കുടുംബക്കാരാണ്... ആറാംക്ലാസ്സു മുതലേ അവർക്ക് പരസ്പരം അറിയാം.. പക്ഷേ വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു.. കാരണം ചെക്കൻ കുഴപ്പമില്ല.. നല്ലൊരു ജോലിയില്ലെന്നുള്ള ഒരു പരിഭവം.. ഒരു ധനകാര്യ സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരാണ്... പ്രൈവറ്റ് കമ്പനിയായതു കാരണമാണ് വീട്ടുകാർക്ക് താൽപര്യക്കുറവ്.. പക്ഷേ അത് റഷീദ് ഇടപെട്ട് പുതിയ ജോലി ഗൾഫിൽ ഓഫർ ചെയ്തു.. അതോടെ പ്രശ്നങ്ങളെല്ലാം തീർന്നു...

അപ്പോഴേയ്ക്കും അടുത്ത ഫോൺ ബെല്ലടിച്ചു.. റഷീദായിരുന്നു അപ്പുറത്ത്..

“ഫസലേ... നാട്ടിൽ നീയിപ്പോൾ വലിയ താരമായെന്നാണല്ലോ പറയുന്നത്..“

“അങ്ങനൊന്നുമില്ല മാമാ...“

“നിനക്ക് വണ്ടി ഇഷ്ടപ്പെട്ടോ...“

“ഇഷ്ടപ്പെട്ടു...“

“പുറത്തേയ്ക്കൊക്കെ പോയോ...“

“ഇല്ല മാമാ... വിഷ്ണുവേട്ടനേയും കൂട്ടി പോകാമെന്നുവച്ചു...“

“അതു നന്നായി... പിന്നെ വലിയ സ്പീഡിലൊന്നും പോകരുത്... വളരെ സൂക്ഷിച്ചുവേണം യാത്ര..“

“അറിയാം മാമാ.. ഞാനൊരിക്കലും ഉപദേശങ്ങൾ ധിക്കരിക്കില്ല മാമാ..“

“അതറിയാം.. ഞങ്ങൾക്ക് നിന്നെ വിശ്വാസമാണ്..“

ഫസലിനോട് സംസാരിച്ചതിനുശേഷം ഫോൺ സഫിയയ്ക്ക് കൊടുക്കാൻ പറഞ്ഞു... അവൻ സഫിയയുമായി സംസാരിച്ചു...

“സഫിയാ... നീ ശ്രദ്ധിച്ചു കേൾക്കണം... വളരെ സുപ്രധാനമായ ഒരു കാര്യമാണ് ഞാനിപ്പോൾ പറയാൻ പോകുന്നത്...“

“എന്താ ഇക്കാ...“

“പിന്നെ.. നിന്റെ മോൻ ഒരു ഡോക്ടറാകുമെന്നുള്ളതിൽ സംശയമൊന്നുമില്ല.. അതിനു മുമ്പ് നിങ്ങൾക്ക് ഒരാസ്ഥാനം അത് എന്റെ സ്വപ്നമാണ്... ഇപ്പോൾ സ്ഥാപനം നല്ല ലാഭത്തിലാണ്... നമ്മുടെ വീടിനോടു ചേർന്നുകിടക്കുന്ന വാസുവേട്ടന്റെ  മതിൽക്കെട്ടുള്ള പുരയിടം നിനക്കറിയില്ലേ... 16 സെന്റാണത്.. അത് ഞാൻ നിന്റെ പേരിൽ വാങ്ങാൻ പോവുകയാണ്.“

“ഇക്കാ.... അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.“

“മോളേ... നമ്മുടെ കുടുംബത്തിന് ഒരു മോശം സമയമുണ്ടായിരുന്നു... വാപ്പയ്ക്കും ഉമ്മയ്ക്കും പലതും ശ്രദ്ധിക്കാനും സാധിച്ചിട്ടില്ല... എന്റെ ജീവിതത്തിൽ ഒരു വലിയ ആഗ്രഹമാണ് നിനക്ക് ഒരു വീട് എന്നത്... അതിന് ഞാനും അൻവറും കൂടി തുടക്കം കുറിക്കുകയാണ്. ഞാൻ വാപ്പയുമായി സംസാരിച്ചിരുന്നു. വാപ്പയ്ക്ക് നൂറുവട്ടം സമ്മതം.. ഇക്കാര്യം ഞാൻതന്നെ നിന്നോടു പറയണമെന്ന് വാപ്പയ്ക്ക് നിർബന്ധം അതാണ് ഞാൻ നിന്നോട് ഇപ്പോൾ ഇക്കാര്യങ്ങൾ അവതരിപ്പിക്കുന്നത്...“

“സഫിയാ.. നീ കേൾക്കുന്നുണ്ടോ..“

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു... ജീവിതത്തിൽ ഒരുക്കലും പ്രതീക്ഷിക്കാത്ത നിമിഷമാണിത്... സഹോദരങ്ങൾക്ക് സ്നേഹവും ആത്മാർത്ഥതയുമുണ്ടെന്നറിയാം പക്ഷേ ഇത്രയുമൊക്കെ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല...

ഏങ്ങിക്കരഞ്ഞുകൊണ്ട്... “ഇക്കാ... ഇതിനൊക്കെ ഞാൻ എങ്ങനെയാണ് നന്ദിപറയുക...“

“ഇത് നന്ദിയുടെ കാര്യമല്ല.. ഇതെന്റെ കടമയാണ്.. വാപ്പയ്ക്ക് സമ്പാദ്യവും സ്വത്തുമുണ്ടായിരുന്നെങ്കിൽ അത് നിനക്കുകൂടി അവകാശപ്പെട്ടതാവുമായിരുന്നു.. പക്ഷേ വാപ്പയുടെ സമ്പത്ത് നമ്മൾ മക്കളാണ്... ആ മക്കൾക്ക് അവരുടെ സമ്പത്ത് പരസ്പരം പങ്കുവയ്ക്കുന്നതിൽ എന്താണ് തെറ്റ്.“

“ഇക്കാ.. അത് നാത്തൂനോട് ആലോചിച്ചോ..“

“അവളെ നിനക്ക് ഇത്രയും നാളായിട്ടും മനസ്സിലായില്ലേ... ഇത്രയും കുടുംബസ്നേഹമുള്ള ഒരുവളെ എനിക്ക് എൻറെ ഭാര്യയായി ലഭിച്ചതിൽ സന്തോഷമുണ്ട്... പിന്നെ നീ വിഷമിക്കുകയൊന്നും വേണ്ട.. അടുത്ത മാസം ‍ഞാനും നാട്ടിൽ വരുന്നുണ്ട്. അപ്പോൾ എഴുത്തുനടത്താം.. കല്യാണം പ്രമാണിച്ച് ഒരാഴ്ച നാട്ടിൽ കാണും.. അപ്പോൾ നമുക്ക് എല്ലാറ്റിനും തീരുമാനമാക്കാം... ശരി.. എന്നാൽ ഞാൻ വയ്ക്കട്ടേ..“

“ശരി.. ഇക്കാ...“

അപ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴികിക്കൊണ്ടിരുന്നു... കണ്ണു തുടച്ചുകൊണ്ട് ഹമീദിനടുത്തെത്തി...

“സഫിയാ... റഷീദ് എല്ലാം പറഞ്ഞില്ല...“

“ഉവ്വ്..“

“അവന്റെ തീരുമാനമാണ് ശരി... നീ ഇനി എതിർപ്പൊന്നും പറയേണ്ട...“

“മോളേ നിന്റെ കണ്ണുകൾ ഇനിയും നിറയരുത്... എന്തുകൊണ്ടും നല്ല ദിനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്...“

“നാത്തൂനേ... ഞങ്ങളെല്ലം നേരത്തേ അറിഞ്ഞു...“

“അപ്പോൾ എല്ലാവരും അറിഞ്ഞുകൊണ്ടുള്ള പരിപാടിയായിരുന്നല്ലേ..“

“അല്ലെന്ന്.. അതൊരു നല്ല കാര്യമല്ലേ... ഫസലേ നീ കാര്യങ്ങൾ വല്ലതും അറിഞ്ഞോ?“

അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ട് കണ്ണുമിഴിച്ചിരിക്കുകയായിരുന്നു ഫസൽ..

“എന്താ എന്ത് കാര്യം..“

“പിന്നെ... നിന്റെ ഉമ്മയ്ക്ക് സ്വന്തമായി ഒരു പുരയിടം കൈവരാൻ പോകുന്നു.“

“ശരിയാണോ ഉമ്മാ..“

“അതേടാ... തൊട്ടപ്പുറത്തുള്ള വാസുവേട്ടന്റെ പുരയിടമില്ലേ... അതു കൊടുക്കാന്നറിഞ്ഞതുമുതൽ റഷീദ്ക്കായ്ക്ക് അതുവാങ്ങി സഫിയയ്ക്ക് നൽകണമെന്ന് ആഗ്രഹം... പിന്നെ പുരയിടം മാത്രമല്ല.. അവിടൊരു വീടും ഒരുങ്ങുന്നുണ്ട്.. നീ ഡോക്ടറായി വരുമ്പോൾ സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ വീടുവേണ്ടെ... അതിപ്പോഴേ തയ്യാറാണ്..“

“എന്നാലും ‍ഞാനിവിടെനിന്നും പോവില്ല...“

“ഇവിടുന്നു പോകാൻ ഞങ്ങൾ സമ്മതിക്കില്ലല്ലോ..“

“നമ്മളാരും ഇവിടെനിന്നും പോകില്ല... തൊട്ടടുത്തു ഒരു വീടുകൂടി വരുന്നെന്നേയുള്ളൂ...“

എല്ലാവരുടേയും പരസ്പര സ്നേഹം ആ വൃദ്ധമനുഷ്യനെ സന്തോഷവാനാക്കി.... ഒരിക്കലും നടക്കില്ലെന്നു കരുതിയതെല്ലാമാണ് അല്ലാഹുവിന്റെ കാരുണ്യത്താൽ നടക്കുന്നത്. എല്ലാം ആ കാരുണ്യവാന്റെ അനുഗ്രഹമെന്നല്ലാതെ എന്തുപറയാനാണ്...

അന്ന് അത്താഴം കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ ഉറങ്ങാനായി പോയി... ഇതിനിടയിൽ ഫസൽ ഒരു കാര്യം മറന്നുപോയിരുന്നു. എല്ലാവരോടും താൻ വിജയിച്ച കാര്യം പറഞ്ഞുവെങ്കിലും മൗലവിയോട് പറയാൻ വിട്ടുപോയി... രാത്രിയായി ഇനി നാളെ വിളിച്ചുപറയാമെന്നു കരുതി...

രാവിലെ സഫിയയുടെ വിളികേട്ടാണ് ഉണർന്നത്.. താഴേയ്ക്ക എത്തുമ്പോൾ അപ്രതീക്ഷിതമായി മൗലവി  ഹാളിലിരിക്കുന്നു...

“ന്നാലും ഫസലേ... ഞാൻ അറിഞ്ഞില്ലല്ലോ...“

“ഞാൻ തിരക്കിടയിൽ മറന്നുപോയതാ.. ക്ഷമിക്കണം.

“അതിന് ഞാൻ പരാതിയൊന്നും പറഞ്ഞില്ലല്ലോ.... ഞാനറിഞ്ഞത് ഇന്നലെ രാത്രിയാണ്... ഉടൻ തന്നെ പുറപ്പെട്ടു... വെളുപ്പാൻകാലത്ത് വീട്ടിലെത്തി... ചെറുതായി വിശ്രമിച്ചു.. നേരേ ഇങ്ങോട്ട്... നിന്റെ സന്തോഷത്തിൽ നമുക്കും പങ്കെടുക്കണമല്ലോ...“

അദ്ദേഹം കൈയ്യിൽ കരുതിയ ഒരു കവർ അവനെ ഏൽപ്പിച്ചു... അവൻ സന്തോഷത്തോടെ അതേറ്റുവാങ്ങി...

“പിന്നെ... നീ ഡോക്ടറാകുമെന്നുറപ്പായി... പക്ഷേ ഒരു കാര്യം മാത്രം മറന്നുപോകരുത്... നിന്നെ ഈ സമൂഹത്തിന് ആവശ്യമാണ്.. അത് ആതുരശുശ്രൂഷയിലായാലും പ്രഭാഷകനായാലും ഇതു രണ്ടു നിന്റെ ജീവിതത്തിന് തുല്യ പ്രാധാന്യം നൽകണം...“

“നിന്റെ പ്രഭാഷണങ്ങളെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണ് നിന്നെ അറിയുന്നവർക്ക്.. അതൊരിക്കലും മറക്കരുത്.. അടുത്ത ആഴ്ച ബാംഗ്ലൂരിൽ ഒരു സമ്മേളനമുണ്ട്... കൂടെപ്പോരാൻ താൽപര്യമുണ്ടോ... പ്രശസ്ത മതപണ്ഡിതനായ ഇമാം മുഹമ്മദ് ഹക്ക് വരുന്നുണ്ട്. നല്ല അവസരമാണ്.. താൽപര്യമുണ്ടെങ്കിൽ പറഞ്ഞാൽ നിന്നേയും കൊണ്ടുപോകാം...“

ബാംഗ്ലൂരെന്നു കേട്ടപ്പോൾ പിന്നീടൊന്നും ചിന്തിച്ചില്ല...

ഉപ്പാനെയൊന്നു നോക്കി... “ഉണ്ട് ഞാനുമുണ്ട്..“

“ഉപ്പാ ഞാനുംകൂടി പോകട്ടെ..“

“അതിനെന്താ മൗലവിയുടെ കൂടെയല്ലേ... നീ പൊയ്ക്കോ...“

എന്നാൽ അടുത്ത ശനിയാഴ്ച ഇവിടുന്നു തിരിക്കും... ഞായറാഴ്ച അവിടെയെത്തും. തിങ്കളാഴ്ച മീറ്റിംഗും കഴിഞ്ഞ് ചൊവ്വാഴ്ച തിരികെയെത്തും...

“യാത്ര വണ്ടിയിൽ തന്നെയാണോ..“ ഹമീദ് ചോദിച്ചു.

“അല്ല ഹമീദിക്കാ.. ഫ്ലൈറ്റിലാ... ടിക്കറ്റ് അവിടുന്നാ കിട്ടുന്നത്... അതുകൊണ്ട് ഫ്ലൈറ്റിൽ തന്നെയാത്രചെയ്യാമെന്നു വിചാരിച്ചു... കൂടെ ഒരാളെയും കൂട്ടാം.. അത് ഫസല് തന്നെയായിക്കോട്ടെയെന്നു തീരുമാനിച്ചാണ് വന്നത്...“

അവൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല ബാംഗ്ലൂരിൽപോകാൻ ഇത്ര പെട്ടന്ന് ഇങ്ങനെയൊരവസരം ലഭിക്കുമെന്ന്. ഇന്നുതന്നെ ഐഷുവനെ വിളിച്ച് കാര്യം പറയണം... അവളും സന്തോഷത്തിലായിരിക്കും.

പ്രഭാതഭക്ഷണവും കഴിച്ചാണ് മൗലവി അവിടെനിന്നും പോയത്... അദ്ദേഹമിപ്പോൽ ആ കുടുംബത്തിലെ ഒരു പ്രധാന വ്യക്തിയായി മാറിയിരുന്നു. ഫസലിന്റെ ലോക്കൽ ഗാർഡിയൻ എന്ന നിലയിലാണ് അവരെല്ലാം കാണുന്നത്.

അദ്ദേഹം യാത്രപറഞ്ഞു പിരി‍ഞ്ഞു... അവൻ വീട്ടിലെത്തി ഐഷുവിനെ വിളിച്ചു.. കാര്യങ്ങളെല്ലാം പറഞ്ഞു... വരുന്ന തീയതിയും സ്ഥലവും പറ‍ഞ്ഞപ്പോഴേ അവൾക്ക് സ്ഥലം മനസ്സിലായി. അവളുടെ വീട്ടിൽനിന്നും ഏകദേശം 8 കിലോമീറ്റർ ദൂരമേയുള്ളൂ... അതൊരു വലിയ കോൺഫറൻസ് ഹാളാണ്.. അവിടെ ധാരാളം മീറ്റിംഗുകൾ നടക്കാറുമുണ്ട്... അവർക്ക് പരസ്പരം കാണാനുള്ള ഒരുവസരം ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് രണ്ടാളും കരുതിയില്ല..

അവൻ ഫോൺ വച്ച് സഫിയയുടെ അടുത്തെത്തി..

“ടാ... നീ ബാംഗ്ലൂരിൽ പോകാമെന്ന് ഏറ്റത് ആരോട് ചോദിച്ചിട്ടാ..“

“ഉപ്പാനോട്...“

“എന്നോട് ചോദിച്ചോ..“

“ഉമ്മാ... ഉപ്പാന്റെ തീരുമാനം ഉമ്മ എതിർക്കില്ലല്ലോ..“

സഫിയയുടെ ഉത്തരം മുട്ടിപ്പോയി...

“ങ്ഹാ.. എനിക്കറിയാം.. നീ ബാംഗ്ലൂരിൽ പോകുന്നതെന്തിനാണെന്ന്. ഐഷുവിനെ കാണാനല്ലേ...“

“ഉമ്മാ.. അവിടെ ചെല്ലുമ്പോൾ സാധിച്ചാൽ കാണും..“

“പിന്നെ... എനിക്കറിയാത്തോന്നല്ലല്ലോ നീ...“

“ശരിയ്ക്കും ഉമ്മാ.. അങ്ങനെയാ... സാധിച്ചാൽ കാണാമെന്ന് ഞാനവളോട് പറഞ്ഞു...“

“ശരി... ഞാനൊന്നും പറയന്നില്ലേ...“

“ഉമ്മ എന്തോ അർത്ഥംവച്ചല്ലേ പറഞ്ഞത്..“

“ടാ.. ചെക്കാ അത് നിനക്ക്തോന്നിയയാ.. പോയി ഡ്രസ്സൊക്കെ കഴുകിയിടടാ... പോകാനുള്ളതൊക്കെ തേച്ചുവയ്ക്കണ്ടേ..“

“ശരി ഉമ്മ.“

അവൻ അവിടെ നിന്നും റൂമിലേയ്ക്ക്.. വേണ്ടതയ്യാറെടുപ്പുകൾ നടത്തണം.. അവൾക്ക് എന്തായാലും ഒരു ഗിഫ്റ്റ് വാങ്ങിക്കൊണ്ടുപോകണം...

വൈകുന്നേരം വിഷ്ണു ഓട്ടം കഴിഞ്ഞ് വീട്ടിലെത്തി.. ഫസലിനെ വിളിച്ചു...

“ഫസലേ.. നമുക്ക് ബൈക്കൊന്നോടിച്ചു നോക്കണ്ടേ..“

അവൻ ഉത്സാഹപൂർവ്വം വണ്ടിയുടെ കീയുമായെത്തി..

“നീ ലൈസൻസ് എടുത്ത് കൈയ്യിൽവച്ചോ..“

“ഉവ്വ്. പോക്കറ്റിലുണ്ട്.“

“ഹെൽമറ്റ്...“

“ദാ...“

“... ഓ അപ്പോൾ എല്ലാം തയ്യാറായിരിക്കുകയായിരുന്നല്ലേ..“

വിഷ്ണു അവനോട് ഓടിക്കേണ്ട നിർദ്ദേശങ്ങൾ നൽകി.. അവനെ മുന്നിലിരുത്തി വിഷ്ണു പിറകിലും.. വണ്ടി സ്റ്റാർട്ടു ചെയ്തു.. സാവധാനം മുന്നോട്ടെടുത്തു.. സഫിയയും ഹമീദും മറ്റുള്ളവരും ഫസൽ വണ്ടിയോടിക്കുന്നത് കാണാനായി പുറത്തേയ്ക്കു വന്നു.... ഫസൽ സാവധാനം വണ്ടിയുമായി റോഡിലേയ്ക്ക് കടന്നു... കുറേശ്ശേ സ്പീഡുകൂട്ടി യാത്ര തുടർന്നു.. വിഷ്ണു വേണ്ട നിർദ്ദേശങ്ങൾ പിറകിലിരുന്ന് നൽകുന്നുണ്ടായിരുന്നു. മറ്റു വാഹനങ്ങൾ വരുമ്പോൾ എന്തു ചെയ്യണമെന്നും എങ്ങനെ ഓവർടേക്ക് ചെയ്യണമെന്നും ജംഗ്ഷൻ എത്തുമ്പോൽ ചെയ്യേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ചും വിഷ്ണു അവനേോട് പറഞ്ഞുകൊണ്ടിരുന്നു.

ആവശ്യത്തിനു മാത്രം പുറത്തിറങ്ങുക... രോഗികളുടെ എണ്ണം കൂടിയും കുറഞ്ഞുമിരിക്കുന്നു... ഇന്ത്യയിലുള്ള മറ്റു സ്റ്റേറ്റുകളേക്കാൾ അസുഖബാധിതർ കൂടിവരുന്നു.. വളരെയധികം ജാഗ്രതപാലിക്കേണ്ട സമയമാണിത്... ആഘോഷങ്ങൾ മാറ്റിവയ്ക്കുക... ഈ വർഷം ജീവനോടിരിക്കുയെന്നതിനായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്.. വീട്ടിൽ പ്രായമായവരേയും കുട്ടികളേയും ഗർഭിണികളേയും പ്രത്യേകം ശ്രദ്ധിക്കുക.. ജീവന്റെ വിലയുള്ള ജാഗ്രത.


എല്ലാവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ

സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 01 11 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 08 11 2020


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ