10.7.21

നിഴൽവീണവഴികൾ ഭാഗം 134

 

സ്ത്രീക്കുമാത്രമല്ലല്ലോ ചാരിത്ര്യം.. പുരുഷനും വേണ്ടേ?... കൺമുന്നിൽ കണ്ടതും കേട്ടതും മറക്കാനാവുമോ... സെക്സിന് ബന്ധംപോലും തടസ്സമാവില്ലെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കിയവളാണ് താൻ... ഇനിയും ഇഷ്ടമുള്ളവരോടൊപ്പം ശയിക്കും... ആര് ചോദിക്കാൻ... ഭൂതകാലം അന്വേഷിച്ച് വരുന്ന പുരുഷനെ തനിക്കുവേണ്ട... കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞുനോക്കാത്തവനെ കെട്ടിയാൽ പോരേ.. അവന്റെ കഴിഞ്ഞകാലവും താൻ അന്വേഷിക്കുന്നില്ല... മനസ്സിലെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് സ്മിത ഉറക്കത്തിലേയ്ക്ക് വഴുതിവീണു...

ഫസലിന് അടുത്ത ദിവസം കോളേജിൽ ജോയിൻ ചെയ്യണം. വളരെയധികം എക്സൈറ്റഡ് ആണവൻ... ഒരു പുതു യുഗത്തിന് തുടക്കം കുറിക്കുന്നു. തന്റെ സ്വപ്നം.. അല്ല... എല്ലാവരുടെയും സ്വപ്നം.. സാക്ഷാത്ക്കരിക്കുന്നതിനായുള്ള പ്രയത്നം ആരംഭിക്കുകയാണ്. രാവിലെ ഐഷു വിളിച്ചിരുന്നു. വേണ്ടരീതിയിലെല്ലാം അവൾ ഉപദേശിച്ചു. എല്ലാം കേട്ടുനിന്നു. അവൾ വളരെത്രില്ലിലായിരുന്നു. അവൾക്ക് വീട്ടിൽ നിന്നും അരകിലോമീറ്റർ ദൂരമേയുള്ളൂ കോളേജിലേയ്ക്ക്. തനിക്കങ്ങനെയല്ലല്ലോ. ഹോസ്റ്റൽ ജീവിതം തുടങ്ങാൻ പോകുന്നു. എങ്ങനെയാകുമെന്നറിയില്ല.. എല്ലാം കണ്ടറിയണം.

അടുത്ത ദിവസം പോകുന്നതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുന്നു. പോകുന്നത് നാളെയാണെങ്കിലും ക്ലാസസ് തുടങ്ങുന്നത് അതിനടുത്ത ദിവസമാണ്. ഒരു ദിവസം നേരത്തേ പോകാമെന്നുവച്ചിട്ടാണ്. അമ്മായിയുടെ വീട്ടിൽ അന്ന് സ്റ്റേ... അതു കഴിഞ്ഞ് തൊട്ടടുത്ത ദിവസം രാവിലെ കോളേജിലേയ്ക്ക്.. അതായിരുന്നു എല്ലാവരുടെയും അഭിപ്രായം. അതവസാനം അംഗീകരിക്കപ്പെട്ടു. സഫിയയും നാദിറയും ഒപ്പമുണ്ട്. വീട്ടിൽ ഉപ്പയ്ക്ക് വയ്യാതിരിക്കുന്നതിനാൽ എല്ലാവരേയും കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചു. പിന്നെ അവിടെ ഗോപി അങ്കിളുണ്ടല്ലോ... റഷീദ്മാമ വരണോയെന്നു ചോദിച്ചിരുന്നു. വേണ്ടെന്നു പറഞ്ഞു... ഇപ്പോൾ പോയിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ...

കോളേജ് ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു അവന്റെ മനസ്സു മുഴുവൻ. വീടു വിട്ടു നിന്നിട്ടില്ല.. ന്നാലും ഒരു വിഷമമുണ്ട്. പോകുന്നതിൽ.. പോകാതിരിക്കാനും പറ്റില്ല. ഇവിടുത്തെ കാര്യങ്ങളെല്ലാം സെറ്റായിരിക്കുന്നു. ഉപ്പാനെ നോക്കുന്ന ആൾ ഇന്നുമുതൽ ഫുൾടൈം ഇവിടെയുണ്ടാകും... താനും പോയി ക്കഴിഞ്ഞാൽ പിന്നെ ആരുമില്ലല്ലോ അവിടെ. വിഷ്ണു ചേട്ടൻ തൊട്ടടുത്തുള്ളതിനാൽ അതൊരു ധൈര്യമാണ്. പക്ഷേ ഉപ്പാനെ രാത്രിയിൽ പിടിച്ചെഴുന്നേൽപ്പിക്കാനും മറ്റും ഒരാൾ ആവശ്യമാണ്.

സഫിയയ്ക്ക് സന്തോഷമാണെങ്കിലും മകനെ വിട്ടുപിരിയേണ്ടിവരുന്നതിലുള്ള ദുഃഖമുണ്ട്. അവനെ പിരിഞ്ഞിരുന്നത് കുറച്ചു കാലം മാത്രമാണ്. തനിക്ക് ജീവിക്കാൻ ഒരു ജോലിക്കാരിയുടെ വേഷം കെട്ടിയ നാൾ... ആഴ്ചകളോളം അവനെ വാപ്പാന്റെയും ഉമ്മാന്റെയും കൂടെ ആക്കിയിട്ടു പോകുമായിരുന്നു. അന്ന് അൻവർ ഗൾഫിലാണ്. പക്ഷേ ഭാര്യയുടെ വാക്കുകേട്ട് വീട്ടിലേയ്ക്ക് ഒന്നുമയക്കില്ലായിരുന്നു. റഷീദ്ക്ക.. നാട്ടിൽത്തന്നെ കഷ്ടപ്പെട്ട് ജോലിചെയ്യുന്നു. ആ ഒരൊറ്റ വരുമാനം കുടുംബത്തിന് പോരെന്നു തോന്നിയതുകൊണ്ടുകൂടിയാണ് താനും ആ ജോലിക്കിറങ്ങിയത്. നടുക്കുന്ന ആ കാലമൊക്കെ ഒരിക്കലും മറക്കാനാവില്ല.. ആ പഴയ കാലമാണ് ഇന്നും തനിക്ക് ശക്തി...

അവനോട് മിഠായുമായി വരാമെന്നു പറയുമ്പോൾ വിതുമ്പിക്കരയുമായിരുന്നു അന്നൊക്കെ. അവന്റെ കരച്ചിലിനെ അവഗണിച്ചുകൊണ്ട്... താൻ കരയുന്നത് ആരും കാണാതിരിക്കാൻ സാരി തലയിലൂടെ ഇട്ട് തിരിഞ്ഞുനോക്കാതെ നടന്നുപോകുമായിരുന്നു. ആഴ്ചകൾക്കു ശേഷം വീണ്ടും തിരികെയെത്തുമ്പോൾ അവന്റെ സ്നേഹം... ആ കുട്ടി ഇന്ന് വളർന്ന് വലുതായിരിക്കുന്നു. അവന് ഒരു ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ താൻ പതറാൻ പാടില്ല.. അവന് ശക്തി പകരുകയാണ് വേണ്ടത്... അതിനുള്ള പക്വതയും അറിവും അവനുണ്ട്.

രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. റഷീദും അൻവറും ഗൾഫിൽ നിന്നും വിളിച്ചിരുന്നു. മൗലവി പ്രത്യേകം ആശംസകൾ അറിയിച്ചു. അടുത്തറിയാവുന്നവരൊക്കെ വിളിച്ച് ഉപദേശിച്ചിരുന്നു. പലർക്കും പല കാര്യങ്ങളാണ് പറയാനുണ്ടായിരുന്നത്.

അതി രാവിലെ യാത്ര തുടങ്ങണം.. 5മണിക്ക് വിഷ്ണുവെത്തും... ഒരുദിവസം സ്റ്റേചെയ്യാനുള്ള തയ്യാറെടപ്പിലാണ് നാദിറയും കുഞ്ഞും സഫിയയും പോകുന്നത്. ഫസലിനെ അമ്മായിയുടെ വീട്ടിൽ നിർത്താൻ അമ്മായി കുറേയേറെ നിർബന്ധിച്ചു... പക്ഷേ ഗോപിയേട്ടന്റെ അഭിപ്രായത്തിൽ ഹോസ്റ്റലിൽ നിൽക്കുന്നതാണെന്ന് പറഞ്ഞിരുന്നു. ഫസലിനും അതായിരുന്നു ഇഷ്ടം...

ഫോൺ ശബ്ദിച്ചു. ഫസലാണ് ഫോണെടുത്തത്. അപ്പുറത്ത് ഗോപിയായിരുന്നു.

“ഫസലേ... ഇത് ഞാനാ.. തയ്യാറെടുപ്പുകൾ പൂർത്തിയായോ...“

“ആയി അങ്കിൾ... അല്ല സാർ....“

“നീയെന്തുവേണോ വിളിച്ചോ... കോളേജിൽ സാറെന്നു വിളിച്ചാൽ മതി കേട്ടോ...“

“അവൻ സമ്മതിച്ചു.“

നാളെ പുറപ്പെടുന്നതിനുമുമ്പ് എല്ലാം എടുത്തെന്നു ഉറപ്പുവരുത്തണമെന്നു പറഞ്ഞു... അവിടെ എത്തിയതിനു ശേഷം രാവിലെ 9.30ന് തന്നെ കോളേജിൽ എത്തുവാനും പറഞ്ഞിരുന്നു. അവനതെല്ലാം സമ്മതിച്ചു. അന്ന് അവിടെ ആർക്കും വലിയ ഉത്സാഹമുണ്ടായിരുന്നില്ല.. കാരണം എല്ലാവർക്കും ഉള്ളിലൊരു ദുഃഖമുണ്ട്. അവൻ നാളെ പോവുകയാണ്.  മാസത്തിലൊരിക്കൽ മാത്രമേ വരാനാകൂ.. ചിലപ്പോൾ രണ്ടു മാസത്തിലൊരിക്കലും...

രാവിലെ തന്നെ വിഷ്ണു അവിടെത്തി. ഗേറ്റ് തുറന്നിട്ടു. കാറിൽ ലഗേജുകളെല്ലാം കയറ്റി... നിശബ്ദത തളംകെട്ടി നിന്നിരുന്നു. അവസാനം ഫസൽ യാത്രപറഞ്ഞു.. ഉപ്പാന്റെയും ഉമ്മാന്റെയും കാൽതൊട്ടു വന്ദിച്ചു. ഹമീദ് അവനെ ആലിംഗനം ചെയ്തു... തന്റെ മടിയിൽ നിന്നും ഒരു പൊതിയെടുത്തു... അതവന്റെ കൈയ്യിൽ കൊടുത്തു... “ഇത് കുറച്ച് പണമാണ്... സൂക്ഷിച്ച് ചിലവാക്കുക... നമ്മൾ പണത്തിന്റെ വിലയറിഞ്ഞവരാണ്... നിനക്ക് എപ്പോൾ പണം ആവശ്യമെന്നു തോന്നുന്നോ.. അപ്പോൾ അറിയിക്കുക.. അവിടെ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കും... എല്ലാം ശ്രദ്ധയോടെ പഠിക്കുക... ഈ ലക്ഷ്യം ഭംഗിയായി പൂർത്തിയാക്കാനാവുമെന്നു തന്നെയാണ് ഈ കുടുംബത്തിന്റെ കണക്കുകൂട്ടൽ... മേശം കൂട്ടുകെട്ടുകളിൽ ചെന്നുവീഴാതിരിക്കുക...“
അൽപനേരം ആ നെഞ്ചിൽ മുഖമമർത്തിനിന്നു... സഫിയ സമയത്ത് ഇടപെട്ടു.. “വാപ്പാ സമയമാകുന്നു... “ ഫസൽ പിടിവിട്ടു.. എല്ലാവരോടും യാത്ര പറഞ്ഞു... കാറിൽ കയറി... അവർ ഗേറ്റ് കടക്കുവോളം ടാറ്റ കാണിച്ചു... വാഹനം റോഡിലെത്തി.. വളവ് തിരിഞ്ഞ് നേരേ കോഴിക്കോടേക്ക്...

സഫിയയുടെ മനസ്സിൽ പല പല ചിന്തകൾ മിന്നി മറഞ്ഞു... തന്റെ മകനേയും കൂട്ടി ലക്ഷ്യമില്ലാതെ അലഞ്ഞ ആ രാത്രി... ജീവിതം അവസാനിപ്പിച്ചാലോ എന്നു ചിന്തിച്ച രാത്രി... അവിടെ നിന്നും ഇവിടംവരെയെത്തിയത് ഒരു കഥപോലെ തോന്നുന്നി... മറക്കാനാവാത്ത യാതനകൾ... വാപ്പാനെക്കുറിച്ച് ഒരിക്കൽപ്പോലും ഫസൽ ചോദിച്ചിട്ടില്ല. ഹോസ്പിറ്റലിൽ പനിപിടിച്ച് അബോധാവസ്ഥയിൽ കിടക്കുമ്പോൾ ഒരിക്കൽ മാത്രം വാപ്പാ.. വാപ്പാ... എന്നുരുവിട്ടു... ഒരു മിന്നൽപ്പിണൽ നെഞ്ചിലേയ്ക്ക് തറച്ചതുപോലെ തോന്നി.. അതിനു ശേഷം താനും അവനെ ഒന്നും ഓർമ്മിപ്പിച്ചിട്ടില്ല.. അവനൊന്നും പറ‍ഞ്ഞിട്ടുമില്ല.. എല്ലാം കഴിഞ്ഞ കഥകൾ.... അല്ല പച്ചയായ ജീവിത അനുഭവം...

ഫസൽ മുൻ സീറ്റിൽ പുറം കാഴ്ചകൾ നോക്കിയിരുന്നു. വേർപിരിഞ്ഞ് പോകുന്നത് വിഷമം തന്നെയാണ്. പക്ഷേ തന്റെ ലക്ഷ്യം അതു നേടണം... എല്ലാവരുടെയും ആഗ്രഹം അതാണ്... അതിനാണ് ഈ ത്യാഗമൊക്കെ... വാഹനം ഹൈവേയിലേയ്ക്ക് കടന്നു... കാറിൽ മൊത്തത്തിൽ നിശബ്ദത.. ആരുമൊന്നും മിണ്ടുന്നില്ല... നാദിറ കുഞ്ഞിനെ ഓരോന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ ശബ്ദം മാത്രം വാഹനത്തിനുള്ളിൽ.. സഫിയയും ഫസലും ചിന്തകളിലൂടെ യാത്ര ചെയ്യുകയായിരുന്നു....



തുടർന്നു വായിക്കുക അടുത്തഞായറാഴ്ച്ച 18 07 2021


സസ്നേഹം നിങ്ങളുടെസ്വന്തം ഷംസുദ്ധീൻതോപ്പിൽ 11 07 2021


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ