18.7.21

നിഴൽവീണവഴികൾ ഭാഗം 135


ഫസൽ മുൻ സീറ്റിൽ പുറം കാഴ്ചകൾ നോക്കിയിരുന്നു. വേർപിരിഞ്ഞ് പോകുന്നത് വിഷമം തന്നെയാണ്. പക്ഷേ തന്റെ ലക്ഷ്യം അതു നേടണം... എല്ലാവരുടെയും ആഗ്രഹം അതാണ്... അതിനാണ് ഈ ത്യാഗമൊക്കെ... വാഹനം ഹൈവേയിലേയ്ക്ക് കടന്നു... കാറിൽ മൊത്തത്തിൽ നിശബ്ദത.. ആരുമൊന്നും മിണ്ടുന്നില്ല... നാദിറ കുഞ്ഞിനെ ഓരോന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ ശബ്ദം മാത്രം വാഹനത്തിനുള്ളിൽ.. സഫിയയും ഫസലും ചിന്തകളിലൂടെ യാത്ര ചെയ്യുകയായിരുന്നു....

നീണ്ട യാത്രയ്ക്കു ശേഷം അവർ അമ്മായിയുടെ വീട്ടിലെത്തി. എല്ലാവരും നല്ല ക്ഷീണത്തിലായിരുന്നു. അമ്മായിയെ നേരത്തേ അറിയിച്ചിരുന്നു. ഗേറ്റ് അവർക്കായി തുറക്കപ്പെട്ടു.. സാധാരണ വാതിലിൽ അമ്മായിയെ കാണാറുള്ളതാണ്. എന്തുപറ്റി ഇന്നു കാണുന്നില്ലല്ലോ...

അവർ സഫിയയും നാദിറയും കുഞ്ഞുമായി അകത്തേയ്ക്ക് കയറി. ജോലിക്കാരി വാതിൽ തുറന്നുകൊടുത്തു.

“ജെസ്സി. അമ്മായിയില്ലേ...“

“ഉണ്ട്... നല്ല സുഖമില്ല...“

“എവിടെ...“

“ദാ.. അവിടെ...“

“... ദേ എനിക്ക് കുഴപ്പമൊന്നുമില്ല മോളേ.. ഇങ്ങു പോരേ..“

“അവർ റൂമിനകത്തേയ്ക്ക് കയറി... അവിടെ കട്ടിലിൽ ചാരി ഇരിക്കുന്നു.“

“എന്തു പറ്റി അമ്മായി..“

“രണ്ടുദിവസമായി നല്ല സുഖമില്ല... ചെറിയൊരു തലചുറ്റൽ... ഡോക്ടറെ കാണിച്ചു. കുറച്ച് പ്രഷറുണ്ടെന്നു പറഞ്ഞു.. രണ്ടു ദിവസം റസ്റ്റെടുക്കണമെന്നും പറഞ്ഞ് മരുന്നും തന്നു വിട്ടു.“

“ഇപ്പോഴെങ്ങനെയുണ്ട്.“

“തലചുറ്റ് പൂർണ്ണമായും മാറുന്നില്ല..“

“മറ്റാരുമില്ലേ അമ്മായി...“

“മജീദിന്റെ മോളുണ്ട്... അവൾക്ക് ജോലിക്കും പോകണമല്ലോ... ഇന്നലെ അവൾ ലീവെടുത്തു നിന്നു. ഇന്നവൾക്ക് പോയേ പറ്റൂ.. പിന്നെ ഇവിടെ മറ്റാരും വേണ്ടല്ലോ...ജെസ്സിയുമുണ്ടല്ലോ..“

“ന്നാലും അമ്മായി ഒന്നു പറയാമായിരുന്നു. ഞാൻ വരില്ലായിരുന്നോ..“?

“എന്തിയേ ഫസൽ..“

“അവൻ സാധനങ്ങളൊക്കെ ഇറക്കുന്നു..“

“എന്റെ കാര്യമോർത്തു വിഷമിക്കേണ്ട... ഇത് രണ്ടുദിവസംകൊണ്ടു മാറും... പിന്നെ.. എന്തായാലും വന്നു. രണ്ടീസം കഴിഞ്ഞ് പോയാമതി..“

“പിന്നല്ലാതെ.. അമ്മായി ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് പോകാനാകുമോ...“

സഫിയ കട്ടിലിൽ അടുത്തുരിന്നു. അവരുടെ മുതുകിൽ തടവി.. അവരുടെ കണ്ണുകളിൽ സന്തോഷത്തിന്റെകണ്ണുനീർ നിറഞ്ഞു...

ഫസലും വിഷ്ണുവും കൂടി സാധനങ്ങളൊക്കെ അകത്തെത്തിച്ചു. ഫസലിന് നാളെ ഹോസ്റ്റലിലേയ്ക്ക്  കൊണ്ടുപോകാനുള്ളതൊന്നും വണ്ടിയിൽ നിന്ന് ഇറക്കിയില്ല. അത് പ്രത്യേകം പാക്ക്ചെയ്തു വച്ചിരുന്നു. അമ്മായിക്ക് ഫസലിനെ കണ്ടപ്പോൾ വലിയ സന്തോഷമായി. കുടുംബത്തിൽ ഒരു ഡോക്ടറുണ്ടാവാൻ പോകുന്നു.

“ഫസലേ.. നീയങ്ങു വലുതായല്ലോടാ..“

അവൻ ചിരിച്ചു.

“പിന്നേ... അവിടെ നിന്റെ സൗന്ദര്യം കണ്ട് പലരും പ്രേമിക്കാൻ വരും വലയിലൊന്നും വീണേക്കല്ലേ...“

“ഒന്നു പോ അമ്മായി..“

“നിനക്കെന്താടാ അതു പറഞ്ഞപ്പോൾ വലിയ നാണം.“

അവിടെ കൂട്ടച്ചിരിയുയർന്നു...

“മക്കളേ.. നിങ്ങളെല്ലാം വന്നപ്പോൾ എന്റെ അസുഖം പാതി മാറി... ഇനി.. ഒരാഴ്ച നിന്നിട്ടുപോകാം..“

“അതിനെന്താ അമ്മായി.. അമ്മായീടെ അസുഖം മാറീട്ടേ പോകുന്നുള്ളൂ... വീട്ടിൽ വിളിച്ചു പറയാം...“

നാദിറയ്ക്കും അതു സമ്മതമായിരുന്നു. വിഷ്ണുവിന് പിന്നെ വീണിടം വിഷ്ണുലോകം തന്നെയാണ്... വീട്ടിലറിയിച്ചാൽ മതി. അടുത്ത വീട്ടിലെ കുട്ടിയെ വിളിച്ച് അമ്മ അഡ്ജസ്റ്റ് ചെയ്യും...

അവർക്കായി ലഘുഭക്ഷണം തയ്യാറാക്കിയിരുന്നു. സമയം നാലുമണിയായിരിക്കുന്നു. എല്ലാവരും ഫ്രഷായി വന്നു. ജോലിക്കാരി എല്ലാം ടേബിളിലെത്തിച്ചു. അമ്മായിയെ നാദിറയും സഫിയയും താങ്ങി ഹാളിലെ സോഫയിലെത്തിച്ചു... കുഴപ്പമില്ലെങ്കിലും ചെറിയൊരു സപ്പോർട്ട് വേണമല്ലോ...

കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ നീ കണ്ടില്ലായിരുന്നോ മജീദിന്റെ മോളെ... ഞങ്ങൾ കുട്ടിക്കാലംമുതലേ അവളെ കുക്കൂ കുക്കൂ.. എന്നാണ് വിളിക്കുന്നത്. അവളിവിടെ കളക്ടറേറ്റിലാണ് ജോലിചെയ്യുന്നത്... കളക്ടറുടെ കൂടെയാണ് ജോലിയെന്നാ പറഞ്ഞത്. എപ്പോഴും തിരക്കാണ്. സർക്കാർ ജോലി കിട്ടിയപ്പോൾ നമ്മുടെ കമ്പനിയിലെ ജോലിയിൽ നിന്നും ഞാൻ തന്നെ അവളോട് രാജിവച്ചു ജോയിൻ ചെയ്യാൻപറഞ്ഞു.. അൻവറാണ് ഇവളെ എല്ലാം പഠിപ്പിച്ച് കമ്പനിയിൽ കയറ്റിയത്... നല്ല കുടുംബത്താ കല്യാണം കഴിഞ്ഞയച്ചത്... ആ ബന്ധം നീണ്ടുനിന്നില്ല... എത്രകാലമെന്നുവച്ചാ ആ കുഞ്ഞ് സഹിക്ക.. കാണാൻ നല്ല സുന്ദരിയും. ഭർത്താവിന്റെ വീട്ടുകാർ നല്ല പണക്കാരാ... പക്ഷേ എന്തു ചെയ്യാൻ...

സമീറ എന്നാണവളുടെ പേര്... അമ്മായിയുടെ ഇളയ മകന്റെ മകൾ... കാണാൻ സുന്ദരി... അക്കാരണത്താൽ വളരെ ചെറുപ്പത്തിലേ വിവാഹാലോചനകൾ വരുന്നുണ്ടായിരന്നു. പഠിക്കണമെന്ന ഒറ്റക്കാരണത്താൽ അവൾ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. അവസാനം പഠനം പൂർത്തിയാക്കി. പി.എസ്.സി. കോച്ചിംഗിന് ചേർന്നു. അവിടെവച്ചു ഒരുവനുമായി കമ്പനിയായി. അതാണ് വിവാഹത്തിൽ കലാശിച്ചത്...

“ഹമീദിനെങ്ങനുണ്ട്.“

“കുഴപ്പമില്ലമ്മായി... വാപ്പാന്റെ കാര്യം നോക്കാനായി ഒരാളെക്കിട്ടി... നാദിറാന്റെ ബന്ധുവാ.. നഴ്സാണ്... അവനെ കിട്ടിയതിന് ശേഷം ഇപ്പോൾ നമ്മളെ വേണ്ടെന്നായിട്ടുണ്ട്.“

“ഹമീദ് കുറേ കഷ്ടപ്പെട്ടതല്ലേ... ഇനി അവനൊരു സന്തോഷം നിങ്ങളെല്ലാം കൂടി കൊടുക്കണം... ടാ.. ഫസലേ... നീ പഠിച്ച് നല്ലൊരു ഡോക്ടറായിട്ടു വേണം ഞങ്ങളുടെ അസുഖങ്ങളൊക്കെ മാറ്റിത്തരാൻ...“

“ഉവ്വമ്മായി..“

അമ്മായിയെ തിരികെ റൂമിലാക്കി... നാദിറ കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ പുറത്തേക്കിറങ്ങി...

“സഫിയാ... വയസ്സായില്ലേടീ... ഇപ്പോൾ പഴയതുപോലെ ധൈര്യമൊന്നുമില്ല.. കമ്പനി കുഴപ്പമില്ലാതെ പോകുന്നു... ഇതെല്ലാം നോക്കിനടത്താനും വലിയ പാട്... ഉള്ളവരെല്ലാം വിശ്വസ്ഥരാണ് അതുകൊണ്ടു ഒന്നും പേടിക്കാനില്ല... എനിക്കു ശേഷം ആര് എന്ന ഒരു ചോദ്യമുണ്ട്...“

“എല്ലാം ശരിയാവും അമ്മായി...“

“റഹ്മാൻ എന്നും വിളിക്കും... അവൻ കുടുംബമായി അങ്ങ് അമേരിക്കയിലാണല്ലോ... അവനോട് തിരികെവന്ന് ബിസിനസ്സ് നോക്കി നടത്തണമെന്നു പറഞ്ഞിരിക്കുകയാണ്. ആദ്യമൊക്കെ വലിയ എതിർപ്പായിരുന്നു. കാര്യങ്ങൾ പറ‍ഞ്ഞപ്പോൾ അവന് ബോധ്യമായി.. കുട്ടികളുടെ പഠിത്തം അടുത്തവർഷം തീരും അതുകഴിഞ്ഞിട്ട് നോക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അവൻ അവിടെ എഞ്ചിനീയറാണ്.... അവിടുത്തെ പൗരത്വവുമുണ്ട്. അവന്റെ ഭാര്യയ്ക്ക് നാട്ടിൽ സെറ്റിൽചെയ്താൽ കൊള്ളാമെന്നാണ്. കുട്ടികൾ വളർന്നുവരുന്നു.. അവരുടെ സുരക്ഷ നാടാണെന്നാണ് അവള് പറയുന്നത്. രണ്ടും പെൺകുട്ടികളാ...“

“റഹ്മാനിക്കയെ കണ്ടിട്ട് എത്രയോ വർഷങ്ങളായി..“

“ഇപ്പോൾ അവന് അമ്പതു വയസ്സായി... ഏറ്റവും മൂത്ത സന്താനമാ... വാപ്പയ്ക്ക് അവനോടായിരുന്നു ഏറ്റവും ഇഷ്ടം.. പഠനത്തിലും മുന്നിൽ... അതാണ് അവനെ പഠിപ്പിച്ച് എഞ്ചിനീയറാക്കി... കോളേജിൽ നിന്നുതന്നെ അവന് അമേരിക്കയിൽപോകാനുള്ള അവസരവും കിട്ടി... അവിടെയുള്ള ഒരു കൊച്ചിനെ സ്നേഹിച്ച് വിവാഹവും കഴിച്ച്.. വിവാഹം നാട്ടിൽവച്ചാണ് നടത്തിയത്.. അവള് ഹിന്ദുവാ... അവന്റെ ഇഷ്ടം പറഞ്ഞപ്പോൾ ഞങ്ങളാരും എതിർത്തില്ല.. നിനക്കറിയാല്ലോ ഹാജീക്കാന്റെ കാര്യം... അദ്ദേഹം എല്ലാവരേയും മനുഷ്യനായി കാണാനാണ് ആഗ്രഹിച്ചതും പ്രവർത്തിച്ചതും. നല്ല സ്നേഹമുള്ള പെണ്ണാ... എന്നും വിളിക്കും... എന്റെ വിഷമങ്ങൾ പറഞ്ഞപ്പോൾ അവളും പറയുന്നത് നാട്ടിൽ സെറ്റിൽ ചെയ്യാമെന്നാ... അവൻ നാട്ടിലെത്താനുള്ള പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞെന്നാ അറിയിച്ചത്... അടുത്തവർഷം വേറെ തടസ്സങ്ങളൊന്നുമില്ലെങ്കിൽ അവനിങ്ങെത്തും...“

“അമ്മായി ടെൻഷനിടിക്കാതിരി.. എല്ലാം നേരേയാകും...“

“ടീ... നിനക്കിവിടെ നിന്നൂടെ... എന്തായാലും നിന്റെ മകൻ തൊട്ടടുത്തല്ലേ.. അവനെ ഹോസ്റ്റലിൽ നിർത്തണോ..“

“അമ്മായി.. വാപ്പാക്ക് വയ്യാതിരിക്കുന്നു. ഉമ്മയുണ്ടെങ്കിലും എപ്പോഴും എല്ലാറ്റിനും വിളിക്കുന്നത് സഫിയാ സഫിയാന്നാ... എന്റെ മുഖത്ത് സന്തോഷം ഇല്ലെങ്കിൽ അപ്പോൾ ചോദിക്കും എന്തുപറ്റി മോളേയെന്ന്.. ആ സ്നേഹത്തിനുമുന്നിൽ ഞാൻ തോറ്റുപോകും അമ്മായി... വാപ്പാന്റെ കാര്യം ആലോചിക്കുമ്പോൾ ടെൻഷനാ..“

“എനിക്കറിയാം... ഹമീദിന്റെ.. പണ്ടേ അവനിങ്ങനാ.. അവൻ പറയുമായിരുന്നു. തന്റെ സമ്പത്തെന്നുപറയുന്നത് മക്കളാണെന്ന്... ബിസിനസ്സ് തുടങ്ങാൻ പണം നൽകാമെന്നു പറഞ്ഞാൽ വേടിക്കൂല്ലാ.. താമസിക്കാൻ വീട് കൊടുക്കാമെന്നു പറ‍ഞ്ഞിട്ട് താമസിച്ചില്ല...  ന്നാൽ കൂടെ ബിസിനസ്സിൽ കൂടാൻ പറഞ്ഞിട്ട് അതിനും സമ്മതിച്ചില്ല.. അഭിമാനിയാ... അവസാന കാലത്തും മക്കളെല്ലാം അടുത്തു വേണം മോളേ... അതുമാത്രമാണ് നിങ്ങൾക്കിനി ചെയ്യാനുള്ളത്... അള്ളാഹു നല്ലതു വരുത്തട്ടേ...“

ഇതിനിടയിൽ റഷീദിന്റെ കാൾ വന്നിരുന്നു. സഫിയ അമ്മായിക്ക് വയ്യായെന്നുള്ള കാര്യം പറഞ്ഞു. അമ്മായിക്ക് സുഖമായിട്ട് വീട്ടിലേയ്ക്ക് പോയാൽ മതിയെന്നാണ് റഷീദും പറഞ്ഞതും.. അൻവറിനും മറിച്ചൊരഭിപ്രായമില്ലായിരുന്നു. എന്തായാലും വന്നതല്ലേ... ഒരാഴ്ച നിന്നിട്ടു പോകാം.. വിഷ്ണുവിനു പോകാൻ ധൃതിയുണ്ടെങ്കിൽ ട്രെയിനിൽ പറഞ്ഞയക്കാമെന്നു പറഞ്ഞു. പക്ഷേ വിഷ്ണുവും നിൽക്കാമെന്നു പറ‍ഞ്ഞു...

അന്നത്തെ അത്താഴം വിഭവസമൃദ്ധമായിരുന്നു... നല്ല പത്തിരിയും നാടൻകോഴിക്കറിയും പിടിയും... എല്ലാവരും നന്നായി ഭക്ഷണം കഴിച്ചു.. അടുത്ത ദിവസം രാവിലെ ഒൻപതു മണിക്ക് ഇവിടെനിന്നും പുറപ്പെടണം. പത്തുമിനിട്ടത്തെ യാത്രയേയുള്ളൂ... ഗോപിയേട്ടൻ അവിടെ കാണും. അതുകൊണ്ട് എല്ലാം പെട്ടെന്ന് നടത്തിത്തരുമെന്നു പ്രതീക്ഷയുണ്ട്.

ഫസലിനും മനസ്സിൽ വലിയ സന്തോഷമായിരുന്നു. തന്റെ പ്രതീക്ഷകൾ പൂവണിയാൻ പോകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പുതിയ കലാലയം.. പുതിയ സുഹൃത്തുക്കൾ എന്തുകൊണ്ടും വ്യത്യസ്തമായ ചുറ്റുപാട്... വിഷ്ണുവും അവനും ഒരു റൂമിലാണ് കിടന്നത്. അവരെല്ലാവരും താഴത്തെ നിലയിൽ. അവർ ഓരോ കാര്യങ്ങളും പറഞ്ഞ് ഉറങ്ങി.... ഒരു പുതിയപ്രഭാതത്തിനായി....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 25 07 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 18 07 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ