31.7.21

നിഴൽവീണവഴികൾ ഭാഗം 137

ഐഷുവിനെ വിളിക്കാനായിട്ടില്ല... ആഴ്ചയിലൊരിക്കൽ വിളിക്കാം.. അല്ലെങ്കിൽ അവൾക്ക് ഇവിടെ ഹോസ്റ്റലിലേയ്ക്ക് വിളിക്കാം... പലതും ചിന്തിച്ച് അവൻ അറിയാതെ ഉറങ്ങിപ്പോയി... ഇതേ അവസ്ഥതന്നെയായിരുന്നു സഫിയയ്ക്കും... പിന്നെ മകൻ അവന്റെ നല്ലതിനുവേണ്ടിയല്ലേ പോയത്... അവനു വേണ്ടി പ്രാർത്ഥിക്കാം... വലിയ ബുദ്ധിമുട്ടുകളില്ലാതെ അവനൊരു ഡോക്ടറായിക്കാണണം.. അതാണ് തന്റെ ആഗ്രഹം... അതിനുള്ള കഴിവ് അവന് അല്ലാഹു നൽകട്ടെ...

സഫിയയ്ക്ക് ഉറക്കം വന്നില്ല.. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. നാദിറ അത് മനസ്സിലാക്കി. ഇടയ്ക്കിടയ്ക്ക് സഫിയയോട് സംസാരിച്ചു. അവരെ കുറ്റം പറ‍ഞ്ഞിട്ട് കാര്യമില്ല മകനെ വേറിട്ടു നിൽക്കുന്ന ആദ്യ ദിവസമല്ലേ... അതായിരിക്കാം. നാദിറയും ഇട്യ്ക്ക് ഉണർന്ന് സഫിയയെ നോക്കുന്നുണ്ടായിരുന്നു.

സഫിയ രാവിലെ തന്നെ എഴുന്നേറ്റ് താഴെ ജോലിക്കാരിയെ സഹായിക്കാനായി പോയി... നാദിറ കുഞ്ഞിനെ ഉണരാതിരിക്കാൻ ചേർത്തുപിടിച്ചു കിടക്കുകയായിരുന്നു. അമ്മായി എഴുന്നേറ്റിട്ടില്ല. വേദനസംഹാരി കഴിക്കുന്നതിനാൽ ആ മയക്കം ഉണ്ടവർക്ക് അതുകൊണ്ട് ആരും അവരെ നേരത്തെ വിളിക്കാറുമില്ല. എന്തായാലും ഒരാഴ്ച അമ്മായിയുടെ വീട്ടിൽ കഴിഞ്ഞിട്ട് പോകാമെന്നാണ് പ്ലാൻ. വരുന്ന ശനിയാഴ്ച ഫസലിനെ കൂട്ടിക്കൊണ്ടുവരണം, ഞായറാഴ്ച അവനെ ഹോസ്റ്റലിലാക്കി തിരിച്ച് നാട്ടിലേക്ക് പോകാമെന്നാണ് വിചാരം. എന്തായാലും വിഷ്ണുവും ഇവിടെത്തന്നെയുണ്ട്. രാവിലെ നാദിറയേയും കൂട്ടി മിഠായിത്തെരുവിലൊന്നു പോകണമെന്നുണ്ട്. കുറച്ച് പർചേസിംഗ് നടത്തണം. വാപ്പാനെ ഇടയ്ക്കിടയ്ക്ക് വിളിക്കുന്നു. സുഖമായിരിക്കുന്നു. തലേദിവസം രാത്രിയിൽ റഷീദും, അൻവറും വിളിച്ചിരുന്നു. അവരെല്ലാം വളരെ സന്തോഷത്തിലുമായിരുന്നു.

ഫസൽ രാവിലെ ഉണർന്നു. നേരത്തേതന്നെ പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു... എല്ലാവരും ഉണർന്നുവരുന്നതേയുള്ളൂ. ചെറിയതോതിൽ റാഗിംഗ് ഉണ്ടെന്നറിയാം.. പക്ഷേ ഇന്നലെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.. സീനിയേഴ്സെല്ലം ഇന്നെത്തുമെന്ന് പറഞ്ഞുകേട്ടു. കൂടെയുള്ളയാളും നേരത്തെ തയ്യാറായി. അവർ രണ്ടാളും കാന്റീനിലേയ്ക്കു പോയി. അവിടെ ഭക്ഷണം തയ്യാറാകുന്നതേയുള്ളായിരുന്നുള്ളൂ. കുറച്ചു നേരത്തിനകം പ്രഭാതഭക്ഷണം റഡിയായി... ഭക്ഷണം കഴിച്ച് അവർ രണ്ടാളും കോളേജിലേയ്ക്ക് തിരിച്ചു. പോകുന്നവഴിയിൽ ഗോപിസാറിന്റെ വീട്ടിലേയ്ക്ക് നോക്കി... ഗേറ്റടഞ്ഞുകിടക്കുന്നു. അവർ നേരേ ക്ലാസ്സിലേയ്ക്ക്. ഒരു വലിയ ഹാൾ ആരും എത്തിയിട്ടില്ല... ഇരുന്നൂറിലധികം കുട്ടികൾക്കിരിക്കാവുന്ന സീറ്റുണ്ടവിടെ... കോളേജിൽ നിന്നും നേരേ എത്തിയതിനാൽ ഇതൊരു പുതിയ അന്തരീക്ഷമായി തോന്നുന്നു. മുപ്പതോ നാല്പതോ കുട്ടികൾ ഒരുമിച്ചിരുന്നുള്ള ക്ലസ്സുകളായിരുന്നിതുവരെ ഇതു ഇരുന്നൂറിലധികം വിദ്യാർത്ഥികൾ ഒരുമിച്ചൊരു ഹാളിൽ... അവർ പുറത്തിറങ്ങി എല്ലായിടത്തുമൊന്നു കറങ്ങി.

സമയം പെട്ടെന്ന് കടന്നുപോയി. അപ്പോഴേയ്ക്കും ഗോപിസാർ എത്തിയിരുന്നു. അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു... ആദ്യ പീരിയിഡിൽ എന്തൊക്കെയായിരിക്കുമെന്നൊക്കെ പറ‍ഞ്ഞു... വളരെ പെട്ടെന്നുതന്നെ ക്ലാസ്സ് നിറഞ്ഞു.. എല്ലാവരും പരസ്പരം പരിചയപ്പെടുന്നു. തന്റെകൂടെ പഠിച്ചവരും ആ കൂട്ടത്തിലുണ്ടായിരുന്നു. പെട്ടെന്നാണ് പ്രൊഫസർ എത്തിയത്. എല്ലാവരും നിശ്ശബ്ദരായി. എല്ലാവരോടും സ്വയം പരിചയപ്പെടുത്താൻ പറഞ്ഞു... കുറച്ചുനേരം അവർ പരിചയപ്പെടുത്തുകയായിരുന്നു. അതിനുശേഷം അവരുടെ സബ്ജക്ടിനെപ്പറ്റിയും ഒരു ഡോക്ടർ സമൂഹത്തിൽ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും പറഞ്ഞു... എല്ലാവരും നിശ്ശബ്ദരായി കേട്ടിരുന്നു. ഇരുന്നൂറു പേരോളമുള്ള ക്ലാസ്സാണെങ്കിലും എല്ലാവരും വളരെ നിശ്ശബ്ദരായി അതു കേട്ടിരിക്കുയായിരുന്നു. തികച്ചും വ്യത്യസ്തമായ അന്തരീക്ഷം. അനാട്ടമിയും ഫിസിയോളജിയും ബയോകെമിസ്ട്രിയും അതാണ് ഫസ്റ്റിയറിലുള്ളത്... ഡിസ്സക്ഷൻ ഹാളിൽ അനാട്ടമി ചെയ്യുന്ന കാര്യവും, അതിൽ 10 കുട്ടികൾ വീതമുള്ള ബാച്ചുകളായി തിരിച്ച് അവരെല്ലാം ഓരോ ഡെഡ് ബോഡിയുടെ പാർട്ടുകൾ മനസ്സിലാക്കുക അങ്ങനെ ഓരോ കാര്യങ്ങളും പഠിക്കാനും മനസ്സിലാക്കാനുമുണ്ട്... റാഗിംഗ് ഉണ്ടായാൽ ഓഫീസിൽ കംപ്ലയിന്റെ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്.

എല്ലാവരും വളരെശ്രദ്ധയോടെ കേട്ടിരുന്നു. തിയറിക്കൊപ്പം പ്രാക്ടിക്കലും. എല്ലാം മുടങ്ങാതെ പഠിക്കേണ്ടത്. ആ പ്രൊഫസറുടെ ക്ലാസ്സ് കഴിഞ്ഞുടനെ ഗോപിസാറിന്റെ ക്ലാസ്സായിരുന്നു. നീണ്ട പ്രഭാഷണമാണ് നടത്തിയത്. അതിനുശേഷം സബ്ജക്ടിലേയ്ക്കു വന്നു. ശരീരത്തിന്റെ ഭാഗങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചുരുക്കിപ്പറഞ്ഞു. നമ്മളറിയാതെ നടക്കുന്ന നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിട്ടില്ല.. ഒരു ഡോക്ടർ പക്ഷേ അങ്ങനെയല്ല.. അവൻ എല്ലാറ്റിനെക്കുറിച്ചും പഠിക്കണം. പഠിച്ചത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ചെയ്യണം. ഒരു ഡോക്ടറുടെ കടമകൾ കുറച്ചൊന്നുമല്ല... സാമൂഹിക പ്രതിബന്ധതയുള്ളവരാണ് ഡോക്ടേഴ്സ്. ഇവിടെ നിന്നും പഠിച്ചിറങ്ങുമ്പോൾ ഒരു ഡോക്ടറായിട്ടാകും. എല്ലാ വിഭാഗങ്ങളെക്കുറിച്ചും പഠിക്കണം. ചിലപ്പോൾ വാർഡിൽ ഡ്യൂട്ടിയിടും... ചിലപ്പോൾ നൈറ്റ്ഡ്യൂട്ടി ചെയ്യേണ്ടിവരും. അങ്ങനെ ഒരു യഥാർത്ഥ ഡോക്ടറെ വാർത്തെടുക്കണം...

ഗോപിസാറിന്റെ ക്ലാസ് അവനിഷ്ടപ്പെട്ടു... ഇടയ്ക്കിടയ്ക്ക് അദ്ദേഹം അവനെ ശ്രദധിക്കുന്നുണ്ടായിരുന്നു. കുട്ടികൾ പല തട്ടുകളായി ഇരിക്കുന്നതിനാൽ ഓരോരുത്തരുടേയും മുഖം വ്യക്തായി കാണാം. ഉച്ചയ്ക്ക് ലഞ്ച് ടൈം... അവൻ പലരേയും പരിചയപ്പെട്ടിരുന്നു. വളരെപെട്ടെന്ന് അവരുമായൊക്കെ അടുത്തു... പ്രീഡിഗ്രി കഴിഞ്ഞുവന്നവരായതിനാൽ ഒരു മെച്യൂരിറ്റി ഭൂരിഭാഗം പേർക്കും ആയിട്ടില്ല. അവർ ബ്രേക്ക് ടൈമിൽ കളിയും ചിരിയുമായി കഴിച്ചുകൂട്ടി...

ലഞ്ചുകഴിഞ്ഞ് ഒരു ക്ലാസ്സുണ്ടായിരുന്നു. ആദ്യ ദിവസമല്ലേ... നേരത്തേ ക്ലാസ്സു കഴിഞ്ഞു.. എല്ലാവരും വീടുകളിലേയ്ക്കും ഹോസ്റ്റലുകളിലേയ്ക്കും പോയി.. ഫസൽ തന്റെ റൂംമേറ്റുമായി നേരേ ഹോസ്റ്റലിലേയ്ക്ക്... ഉമ്മ എന്തുചെയ്യുകയായിരിക്കും. ഇന്നലെ ഉറങ്ങിക്കാണുമോ... വിഷമം കാണും. .പക്ഷേ ലക്ഷ്യം നേടിയെടുക്കാൻ കുറച്ച് ത്യാഗങ്ങളൊക്കെ സഹിച്ചല്ലേപറ്റൂ...

സഫിയയും നാദിറയും വിഷ്ണുവിനേയും കൂട്ടി മിഠായിത്തെരുവിലൊക്കെ പോയിരുന്നു. അവിടെനിന്നും ഹലുവയും ചിപ്സും മറ്റു പലഹാരങ്ങളും വാങ്ങി... അത്യാവശ്യം കുറച്ച് ഡ്രസ്സുമൊക്കെ എടുത്തു. ഉച്ചയായപ്പോഴേയ്ക്കും അവർ തിരിച്ച് വീട്ടിലെത്തി. അമ്മായിക്ക് ഇന്നലത്തെക്കാളും നല്ല വ്യത്യാസം ഇന്നുണ്ട്. ആളും പേരുമൊക്കെ ഉള്ളതിനാൽ അവരും സന്തോഷിക്കുന്നു. ഇടയ്ക്കിടയ്ക്ക് അവർക്ക് ഓഫീസിൽ നിന്നും കാൾ വരുന്നുണ്ടായിരുന്നു. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അവർ നൽകുന്നുമുണ്ടായിരുന്നു. സഹോദരന്റെ മകൾ ഇന്നലെ വൈകിട്ട് വന്നിട്ടില്ലായിരുന്നു. അവളങ്ങ് വീട്ടിൽ പോകുമെന്നു പറഞ്ഞിരുന്നു. ഇവിടെ ആളുള്ളതുകൊണ്ട് രണ്ടുദിവസം വീട്ടിൽ പോകാൻ അമ്മായി തന്നെ നിർബന്ധിച്ച് അയക്കുകയായിരുന്നു.

ഹമീദിന് പ്രായം കൂടുന്നതിനുസരിച്ചുള്ള അവശതകളും കൂടിക്കൂടിവരുന്നുണ്ടായിരുന്നു. നോക്കാൻ പുതിയ ആളുള്ളതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞുപോകുന്നുണ്ടായിരുന്നു. സഫിയയുടെ വീടുപണി ദ്രുതഗതിയിൽ നടക്കുന്നുണ്ടായിരുന്നു. ഫസൽ പഠിക്കാൻ പോയ കാര്യങ്ങളൊക്കെ വീട്ടിൽ വരുന്നവരോടെക്കെ പറയുന്നുണ്ടായിരുന്നു. അവനൊര ഡോക്ടറായിട്ടായിരിക്കും വരുന്നതെന്നും പറയും... റഷീദും അൻവറും ദിവസവും രണ്ടുനേരം വിളിക്കാറുണ്ട്.

അൻവർ നാട്ടിലേയ്ക്കു ലീവിനു വന്നാൽകൊള്ളാമെന്നുള്ള തീരുമാനത്തിലാണ്. റഷീദ് കുറച്ചുനാൾ മുന്നേ പറയുന്നുണ്ടായിരുന്നു. പോയിട്ടുവരാൻ.. പക്ഷേ ബിസിനസ്സിന്റെ തിരക്കിൽ അതിനെക്കുറിച്ച് ചിന്തിക്കാൻപോലുമായില്ല.. ഇപ്പോൾ എല്ലാമൊന്നു സെറ്റായിരിക്കുന്നു. താൻ പോകുമ്പോൾ നോക്കി നടത്താൻ മിടുക്കനായ ഒരാളെത്തന്നെ കിട്ടിയിരുന്നു. വിശ്വസ്തൻ.. പോയാലും പതിനഞ്ചു ദിവസം അത്രനാൾ വിട്ടുനിൽക്കുന്നതുകൊണ്ട് കുഴപ്പമില്ല...

താഴത്തെ നിലയിൽ വലിയ കൈയ്യടിയും മറ്റും കേട്ട് ഫസൽ താഴേയക്കു നോക്കി.. സീനിയേഴ്സ് എത്തിയിരിക്കുന്നു. അവർ റാഗിംങ് തുടങ്ങിയന്നു തോന്നുന്നു. പലരും പാട്ടുപാടാൻ തയ്യാറായി നിൽക്കുന്നു. ചിലർ സങ്കൽപ്പകസേരയിൽ ഇരിക്കുന്നു. ഇടയിലൊരാൾ നിക്കറ് മാത്രം ഇട്ട് കൈയ്യുയർത്തി നിൽക്കുന്നു. അവനും ഒരു ഭയം തോന്നി... സാരമില്ല... ഇതെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് ഉതകുമെന്നാണ് വിശ്വാസം.. ചെറിയ തോതിലുള്ള റാഗിംങ്‌ നല്ലതാണ്. പക്ഷേ ഇവിടെ എങ്ങനെയെന്നറിയില്ല.. വരുന്നതുവരട്ടെ... അവൻ റൂമിൽ കയറി വാതിലടച്ചു... കുറച്ചുേരം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു... രണ്ടുപേരും മുഖത്തോടുമുഖം നോക്കി.. വീണ്ടും ഉച്ചത്തിൽ മുട്ടി... അവർ രണ്ടാളും ഒരുമിച്ചെഴുന്നേറ്റു...



തുടർന്നു വായിക്കുക അടുത്തഞായറാഴ്ച്ച 08 01 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 01 08 2021



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ