3.7.21

നിഴൽവീണവഴികൾ ഭാഗം 133

 

നേരേ റൂമിലേയ്ക്ക്... ഫോണിലൂടാണെങ്കിലും നേരിൽ ബന്ധപ്പെട്ട സുഖം അനുഭവപ്പെട്ടതുപോലെ... ഫോണിന് ഇത്രയും വലിയ ഉപയോഗമുണ്ടായിരുന്നോ.... അങ്ങനെയെങ്കിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണ്...

റൂമിലെത്തി നിക്കർ വെള്ളത്തിൽ കുതിർത്തുവച്ചു. കൈലിയെടുത്തുടുത്തു.. കിടക്കയിൽ വന്നു കിടന്നു. നല്ല ക്ഷീണം അറിയാതെ ഉറങ്ങിപ്പോയി....

സ്മിത വെറും 24 വയസ്സ്. നല്ല വിദ്യാഭ്യാസം. ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല പ്രാവീണ്യം. അഭിനയമോഹമായിരുന്നു കൂട്ടിന്. നല്ല കുടുംബമായിരുന്നു 17 വയസ്സുവരെ... അതിനുശേഷമാണ് കരിനിഴൽ വീണ പല പ്രശ്നങ്ങളും അവിടെ ഉണ്ടായത്. അന്ന് അനുജത്തിക്ക് വെറും പത്തു വയസ്സ് പ്രായം. അച്ഛൻ വിദേശത്ത്. താൻ കാണാൻ വളരെ സുന്ദരിയായിരുന്നു. അമ്മയേയും തന്നേയും കണ്ടാൽ അനുജത്തിയും ജേഷ്ടത്തിയുമാണെന്നേ പറയാനാവൂ. ഓരോ ബർത്ത്ഡേയ്ക്കും അനുജത്തിയുടേയും തന്റെയും ബർത്ത്ഡേ ഒരേ ദിസമായിരുന്നു. ജൂൺ 14... അനുജത്തി ജനിച്ചതിന് ശേഷം ബർത്ത്ഡേ ആഘോഷിക്കുന്നതിനായി അപ്പൻ ലീവിനു വരാറുമുണ്ടായിരുന്നു.

വീട്ടിൽ അപ്പന്റെ അമ്മയുമുണ്ടായിരുന്നു. ശാസിക്കാനും ഉപദേശിക്കാനും ഒരു അമ്മൂമ്മ... നല്ലൊരു സ്ത്രീയായിരുന്നവർ. അന്ന് അടുത്ത് അയൽപക്കക്കാരൊന്നുമുണ്ടായിരുന്നില്ല.. ഒറ്റപ്പെട്ട ഒരു വലിയ വീട്. രാത്രിയിൽ ചുറ്റും ഒരു ഭീകരതയുമുണ്ടായിരുന്നു.

പഠിത്തത്തിൽ വളരെ മിടുക്കിയായിരുന്ന തന്നെ വീട്ടുകാരും സ്കൂളിലെ ടീച്ചേഴ്സും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. പത്താംക്ലാസ്സിലും ഫുൾ മാർക്ക് വാങ്ങിയിരുന്നു.

സ്മിത തന്റെ പഴയകാലത്തെ ഓർമ്മകളിൽ ഊളിയിടുകയായിരുന്നു. എത്ര പെട്ടെന്നാണ് കാലങ്ങൾ കടന്നുപോയത്. അച്ഛൻ വിട്ടുപിരിഞ്ഞതിനു ശേഷം സന്തോഷമെന്തെന്നറിഞ്ഞിട്ടില്ല. പലപ്പോഴും അമ്മയോട് വാശിയായിരുന്നു. ആ വാശിയായിരുന്നു തന്നെ പലയിടത്തും എത്തിച്ചത്. ലക്ഷ്യബോധമുണ്ടായിരുന്നു. അതെല്ലാം വളരെ പെട്ടെന്നാണ് ഇല്ലാതായതും.. പിന്നെ ഒഴുക്കിനനുസരിച്ചുള്ള പോക്കായിരുന്നു.

അമ്മൂമ്മയുടെ മരണശേഷം വീട്ടിൽ ഒരു കൂട്ടിനായെത്തിയതായിരുന്നു അച്ഛ്ന്റെ അനുജന്റെ മകൻ.. ഒരു ഇരുപത് വയസ്സ് പ്രായം... പ്രായത്തെക്കാൾ വളർച്ചയുണ്ട്. സിറ്റിയിൽ പഠിക്കുന്നതിനാൽ നമ്മുടെ വീട്ടിൽ നിന്നും പോയിവരുന്നത് വളരെ എളുപ്പമായിരുന്നു. ജോസ് അതായിരുന്നു അവന്റെ പേര്... ആദ്യമൊക്കെ സന്തോഷകരമായ ദിവസങ്ങളായിരുന്നു. സ്കൂളിൽ നിന്നും വന്നുകഴിഞ്ഞാൽ പുറത്തുകൊണ്ടുപോകാറുണ്ട്. വേണ്ടതെല്ലാം വാങ്ങിത്തരാറുണ്ട്. മൊത്തത്തിൽ വീട്ടിലൊരു ഒച്ചയും അനക്കവുമൊക്കെയുണ്ട്.

പത്താംക്ലാസ്സ് പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കിനാൽ തനിക്ക് ഗവ. കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. പ്രീഡിഗ്രിക്ക് സെക്കന്റെ ഗ്രൂപ്പെടുത്തു പഠിക്കാൻ തീരുമാനിച്ചു. സ്കൂളിൽ നിന്നും വളരെ വ്യത്യസ്തമായ അന്തരീക്ഷത്തിൽ അവളും ലയിച്ചുചേർന്നു. നല്ല ഒരുപിടി സുഹ‍ൃത്തുക്കൾ.. പലരും പ്രേമാഭ്യർത്ഥനയുമായെത്തി.. സ്നേഹപൂർവ്വം അതെല്ലാം നിരസ്സിച്ചു. അവരെല്ലാം നല്ല സുഹൃത്തുക്കളായി ഒപ്പം കൂടുകയും ചെയ്തു. ഏറ്റവു അടുത്ത അഞ്ചു സുഹൃത്തുക്കൾ അതിൽ നാലുപേരും പെൺകുട്ടികൾ ഒരാൾ ആൺകുട്ടി... കോളേജ് കഴിഞ്ഞാൽ പിന്നെ വീട്ടിലെത്തുന്നതുവരെ ഒരുമിച്ചാണ് ഞങ്ങൾ ... എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കും.. പഠനവും പലപ്പോഴും ഒരുമിച്ചായിരിക്കും. അവധി ദിവസങ്ങളിൽ അവർ ചിലപ്പോൾ ഞങ്ങളുടെ വീട്ടിലേയ്ക്ക് വരാറുമുണ്ട്. മമ്മിയ്ക്കതൊക്കെ വലിയ ഇഷ്ടവുമാണ്. നല്ല ഭക്ഷണം. ഉണ്ടാക്കി നൽകാറുമുണ്ട്.

ജോസേട്ടൻ കുറഞ്ഞ സമയംകൊണ്ട് ഞങ്ങൾക്കെല്ലാം പ്രിയപ്പെട്ടവനായി മാറിയിരുന്നു. താഴത്തെ നിലയിൽ പ്രത്യേകം റൂം നൽകിയിരുന്നു. ഞാനും അനുജത്തിയും മുകളിലത്തെ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. മമ്മിയ്ക്കും അവനോട് വളരെ സ്നേഹമായിരുന്നു. ഇതിനിടയിൽ പപ്പ ഒരുപ്രാവശ്യം ലീവിനു വന്നിരുന്നു. അപ്പോൾ ജോസേട്ടൻ കുറച്ചുദിവസം വീട്ടിൽ പോയി നിന്നു. പപ്പ വരുന്നതും പോകുന്നതും വളരെ പെട്ടെന്നായിരിക്കും. ഏറിയാൽ ഒരാഴ്ച.. അവസാനമായി പപ്പ നാട്ടിൽ വന്നുപോയി നാലഞ്ചു ദിവസം കഴിഞ്ഞു കാണും.. അന്നാണ് അപ്രതീക്ഷിതമായ ആ കാഴ്ച തനിക്ക് കാണേണ്ടിവന്നത്. മുകളിലത്തെ നിലയിൽ നിന്നും ദാഹം തോന്നിയപ്പോൾ താഴേയ്ക്ക് വന്നതാണ്. റൂമിനുള്ളിൽ അടക്കിപ്പിടിച്ച സംസാരം കേട്ടപ്പോൾ ചെവിയോർത്തു... എന്തോ പന്തികേടെന്നു മനസ്സിലാക്കി ചാരിയ വാതിലിനിടയിലൂടെ നോക്കിയ തനിക്ക് തന്റെ കണ്ണുകളെപ്പോലും വിശ്വസിക്കാനായില്ല... പൂർണ്ണ നഗ്നരായി അമ്മയും ജോസേട്ടനും... മകനു തുല്യം കാണേണ്ട മനുഷ്യനാണ്...  വീണ്ടും ഒരിക്കൽ കൂടി നോക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല.. നേരേ തിരിച്ചു റൂമിൽ പോയി... അനുജത്തി ഇതൊന്നും അറിഞ്ഞിരുന്നില്ല...

അടുത്തദിവസം മുതൽ തന്റെ സ്വഭാവത്തിലും മാറ്റം വന്നുതുടങ്ങി. ജോസേട്ടന്റെ സാമീപ്യം തീരെ ഇഷ്ടപ്പെടാതെ വന്നു. അമ്മയോട് പലതിനും വഴക്കുകൂടി. മകന്റെ പ്രായമുള്ള ജോസേട്ടനുമായി ശാരീരികബന്ധത്തിലേർപ്പെട്ടത് കാണേണ്ടിവന്ന തന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ. ഓരോ ദിവസം കഴിയുന്തോറും അകലം കൂടിക്കൂടി വന്നു.. പഠനത്തിലും ശ്രദ്ധ കുറയുന്നുണ്ടായിരുന്നു. പക്ഷേ പഠിക്കുകയെന്നുള്ളത് ഒരു വാശിയായിരുന്നു.

പലദിവസവും അവരുടെ ബന്ധം തുടർന്നുകൊണ്ടിരുന്നു. ആരോടും പറയാനാവില്ല... അതിനിടയിലും നല്ല മാർക്കോടുകൂടി പ്രീഡിഗ്രി പാസ്സായി. എൻട്രൻസിൽ ചാൻസ് കിട്ടിയില്ല... ബി.എസ്.സി. മാത്സ് എടുത്തു. വീട്ടിൽതനിക്ക് വേണ്ടത്ര കോൺസട്രേഷൻ കിട്ടില്ലെന്നു മനസ്സിലായി ഹോസ്റ്റലിലേയ്ക്ക് മാറി... എന്നിട്ടും താനിക്കാര്യം ആരോടും പറഞ്ഞില്ല.. പപ്പയോടും അകലം സൂക്ഷിച്ചു... ഒരിക്കൽ പപ്പയോടു പറഞ്ഞു... പറ്റുമെങ്കിൽ മമ്മിയേയും കൂടെക്കൂട്ടാൻ... അന്നവർ തന്നെ ദേഷ്യഭാവത്തിലായിരുന്നു നോക്കിയത്. ഹോസ്റ്റലിൽ താമസവും പഠിത്തവും തന്റെ കരിയറിൽ വളരെ മാറ്റം വരുത്തി. വീട്ടിലേയ്ക്കുള്ള പോക്ക് വളരെ കുറഞ്ഞു.. വല്ലപ്പോഴുമുള്ള ഫോൺവിളി... പപ്പ പലപ്പോഴും വരുമ്പോൾ ഹോസ്റ്റലിൽ വന്നു കാണുകയാണ് പതിവ്.. ആ മനുഷ്യന്റെ മുഖത്തു നോക്കാനുള്ള ധൈര്യവും കുറഞ്ഞുവരുന്നു... എല്ലാം തുറന്നു പറയണമെന്നു തോന്നി.. പറഞ്ഞില്ല..

മമ്മി അവനുമായുള്ള ബന്ധം തുടർന്നുകൊണ്ടിരുന്നു. വർഷാവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് പോരേണ്ടിവന്നു. എം.എസ്.സി.ക്ക് ചേരാൻ തന്നെയായിരുന്നു പ്ലാൻ... അപ്പോഴും ജോസേട്ടനും മമ്മിയും തമ്മിലുള്ള ബന്ധത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല... ആരും കാണാതെ ഹാളിലിരുന്നു കിസ്സ് ചെയ്യുക... അടുക്കളിയിൽ കെട്ടിപ്പിടിക്കുക... പലതും കണ്ടില്ലെന്നു നടിച്ചു... ജോസേട്ടന്റെ ചില പെരുമാറ്റങ്ങൾ തനിക്കും അനുജത്തിക്കും നേരേ തിരിയുന്നതവൾ മനസ്സിലാക്കി... തന്റെ അനുവാദമില്ലാതെ റൂമിൽ വരിക... താൻ ഡ്രസ്സ് ചെയ്യുന്നത് ഒളിഞ്ഞു നോക്കുക... സോഫയിലിരിക്കുമ്പോൾ ചേർന്ന് ചാരിയിരിക്കുക.. ഇനി ഇതു നീട്ടിക്കൊണ്ടു പോകാനാവില്ലെന്നു അവൾക്ക് മനസ്സിലായി. എന്തായാലും പപ്പയോട് പറയുക... അതിനുശേഷം വരുന്നതെന്തുമാകട്ടെ അതു നേരിടുക... തന്റെ എം.എസ്.സി. അഡ്മിഷനൊക്കെ കഴിഞ്ഞ് ഹോസ്റ്റലിലേയ്ക്ക് പോകുന്നതിനു മുമ്പൊരു ദിവസം... വീട്ടിൽ താൻമാത്രമേയുള്ളൂ... പപ്പയുടെ ഫോൺ വന്നു...

“പപ്പാ... എനിക്കൊരു കാര്യം പറയാനുണ്ട്.“

“എന്താ കുട്ടു...“ എന്നെ കുട്ടുവെന്നായിരുന്നു പപ്പ വിളിച്ചിരുന്നത്.

“അത് പപ്പയോട് എങ്ങനെ പറയണമെന്നറിയില്ല.. പക്ഷേ പറയാതിരിക്കാനുമാവില്ല...“

“നീ എന്തായാലും പറ...“

“പപ്പാ അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതാണ്.“

“എന്ത് പ്രശാനമായാലും അതിനു പരിഹാരമുണ്ടല്ലോ...“

“പപ്പ.. അതിന് പരിഹാരം കാണണം.. പപ്പ ഉടൻ നാട്ടിലെത്തണം.“

“വരാം മോളേ..“

“പപ്പാ.. ജോസേട്ടനും അമ്മയും തമ്മിലുള്ളത് അത്ര നല്ല ബന്ധമല്ല... പ്രീഡിഗ്രി കാലം മുതൽ കാണുന്നതാ.. ഇപ്പോൾ ജോസേട്ടൻ ഞങ്ങളോടും ഇതേ മനോഭാവം പുലർത്തുകയാണ്. പപ്പയോട് പൂർണ്ണമായും പറയാനുമാവുന്നില്ല...“

അപ്പുറത്ത്. ദുഃഖഭാവത്തിലുള്ള സ്വരം...

“പപ്പ. എന്തുമാത്രം സ്നേഹം മമ്മിയ്ക്ക് കൊടുക്കുന്നു. എന്നിട്ടും.അവർ..“

“നീയെന്താമോളേ നേരത്തെ പറയാതിരുന്നത്..“

“ഞാനെങ്ങനെയാ പപ്പാ ഇതൊക്കെ പറയുക...“

“ന്നാലും...“ അപ്പുറത്തുനിന്നും വലിയൊരു ചുമകേട്ടു... ഫോൺ കട്ടായതുപോലെ...

മണിക്കൂറുകൾക്കകം ആ വാർത്ത താൻതന്നെ കേൾക്കേണ്ടിവന്നു. അദ്ദേഹം കുഴഞ്ഞുവീണു മരിച്ചിരിക്കുന്നു. അപ്പോഴേയ്ക്കും അമ്മയും ജോസേട്ടനും തിരിച്ചെത്തിയിരുന്നു. അനുജത്തി സ്കൂളിൽ നിന്നും വന്നിട്ടില്ല... അവരും ആ വാർത്തയറിഞ്ഞു... എല്ലാവരും പൊട്ടി കരയുകയായിരുന്നു. തനിക്ക് കരയാനാവാത്ത അവസ്ഥ.... ആരൊക്കെയോ പറയുന്നതുകേട്ടു ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണു മരിച്ചതാണെന്ന്. വേണ്ടായിരുന്നെന്ന് അപ്പോൾ അവൾക്ക് തോന്നി. കുറ്റബോധം തന്റെ തല കുനിപ്പിച്ചിരുന്നു. ആരോടും താനും ഒന്നും പറയാൻ പോയില്ല. ഇനി പപ്പയില്ലാത്ത ജീവിതം... ഇതു പറഞ്ഞ് കുടുംബത്തിൽ ഭിന്നിപ്പുണ്ടാക്കേണ്ടെന്നു കരുതി.. രണ്ടുദിവസം കഴിഞ്ഞാണ് ബോഡി കൊണ്ടുവന്നത്. പള്ളിയിലേയ്ക്കു കൊണ്ടുപോകുന്നതുവരെ തന്റെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീരുപോലും വന്നിരുന്നില്ല.. പക്ഷേ അതിനു ശേഷമാണ് താൻ കരഞ്ഞത്.. അവസാനം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. അതിൽ നിന്നും വിമുക്തയാകാൻ മാസങ്ങൾ വേണ്ടിവന്നു. പപ്പയുടെ മരണത്തിന് താനും ഉത്തരവാദിയാണെന്നുള്ള തോന്നൽ... ജോസേട്ടൻ ചടങ്ങുകൾക്കുശേഷം വീട്ടിൽ വന്നിട്ടില്ല... ഒരു പക്ഷേ സംശയം അദ്ദേഹത്തിനുമുണ്ടായിരുന്നുകാണും. പതുക്കെ മമ്മിയെ ഇഷ്ടപ്പെടാൻ ശ്രമിച്ചു.. ക്രമേണ കുടുംബം നല്ലനിലയിലേയ്ക്കു തിരിച്ചുവന്നു. താൻ ഹോസ്റ്റലിൽ പോകേണ്ടെന്നു തീരുമാനിച്ചു. പോയി വരാൻ തുടങ്ങി.. മമ്മിയുടെ പഴയ പ്രസരിപ്പൊക്കെ പോയിരുന്നു. എപ്പോഴും വെള്ള വസ്ത്രം ധരിച്ചായി യാത്ര.. മിക്കവാറും ദിവസം പള്ളിയിൽ പോകാറുണ്ട്. അവരും നീറി നീറി ജീവിക്കുകയായിരിക്കും...

അനുജത്തിയോട് ഒന്നും പറഞ്ഞിരുന്നില്ല.. പപ്പയുടെ സമ്പാദ്യം തങ്ങളുടെ വിദ്യാഭ്യാസത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്.. ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റുണ്ടായിരുന്നു. അതിന്റെ ഇന്ററസ്റ്റ് മാത്രം മതി... താൻ പലതും മറക്കാൻ ശ്രമിച്ചു. എം.എസ്.സി. നല്ല മാർക്കോടു കൂടി പാസ്സായി.. പഠനത്തിനിടയിൽ തന്നെയാണ് അഭിനയമോഹം കലശലായി വന്നത്.. കോളേജിലെ പ്രോഗ്രാമിലൊക്കെ പങ്കെടുത്തു.. അതൊക്കെ തന്റെ മനസ്സിന്റെ ദുഃഖങ്ങൾ മറക്കുന്നതിനുവേണ്ടിയിരുന്നു. അവസാനം ചെന്നെത്തിയത്. ഡയറക്ടറുടെയടുത്താണ്... അഭിനയം അല്ലെങ്കിൽ വിദേശത്തു ജോലി... അതായിരുന്നു ലക്ഷ്യം.. പക്ഷേ അഭിനയത്തിൽ തനിക്ക് എത്താൻ സാധിച്ചില്ല... പകരം സിനിമാ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സാധിച്ചു. സൗന്ദര്യം ഉണ്ടെന്നു പറ‍ഞ്ഞിട്ടു കാര്യമില്ല ഭാഗ്യവും വേണ്ടേ... സ്വന്തമായൊരു ജോലി.. അതുമാത്രമായിരുന്നു അവിടെ താൻ കഴിഞ്ഞുകൂടാൻ കാരണം. തന്റെ ശരീരം പലരും ഉപയോഗിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്നവർ... അവർക്കൊപ്പം വിയർത്തു കിടക്കുമ്പോൾ മമ്മിയോടുള്ള വാശിയായിരിക്കും മനസ്സിൽ... അതിനിടയിലാണ് ഫസലിനെ പരിചയപ്പെടുന്നത്.. അത് മറ്റൊരുതരം ബന്ധമായി മാറി.... അവനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായും തന്റെ മനസ്സ്.... തനിക്കവനോട് പ്രേമമില്ല.. പക്ഷേ അതിനെന്താണ്പേര് പറയുക.. കാമമായിരിക്കുമോ...

താൻ ഇന്ന് ആരും കൊതിക്കുന്ന ഒരിടത്തെത്തി... സ്വന്തമായി അധ്വാനിച്ചു പണമുണ്ടാക്കുന്നു. പല വിവാഹാലോചകനളും വരുന്നു. ഒന്നിനും പിടി കൊടുത്തിട്ടില്ല... ജീവിതം ഒന്നാസ്വദിക്കട്ടെ... അതിനുശേഷമാവാം.. കെട്ടുന്നവന്റെ കൊച്ചിനേയും നോക്കി അവന്റെ കാമം ശമിപ്പിക്കാൻ കൂടെക്കിടന്നും, വച്ചുവിളമ്പിയും ജീവിതം തള്ളിനീക്കേണ്ടതല്ലേ... ഇപ്പോൾ കിട്ടുന്ന സുഖം അന്നു കിട്ടില്ല... അതുകൊണ്ട് സുഖിക്കുക.. സന്തോഷിക്കുക... മനസ്സിൽ കുറ്റബോധങ്ങളില്ല.. സ്ത്രീക്കുമാത്രമല്ലല്ലോ ചാരിത്ര്യം.. പുരുഷനും വേണ്ടേ?... കൺമുന്നിൽ കണ്ടതും കേട്ടതും മറക്കാനാവുമോ... സെക്സിന് ബന്ധംപോലും തടസ്സമാവില്ലെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കിയവളാണ് താൻ... ഇനിയും ഇഷ്ടമുള്ളവരോടൊപ്പം ശയിക്കും... ആര് ചോദിക്കാൻ... ഭൂതകാലം അന്വേഷിച്ച് വരുന്ന പുരുഷനെ തനിക്കുവേണ്ട... കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞുനോക്കാത്തവനെ കെട്ടിയാൽ പോരേ.. അവന്റെ കഴിഞ്ഞകാലവും താൻ അന്വേഷിക്കുന്നില്ല... മനസ്സിലെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 11 07 2021



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 04 07 2021


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ