25.7.21

നിഴൽവീണവഴികൾ ഭാഗം 136


 ഫസലിനും മനസ്സിൽ വലിയ സന്തോഷമായിരുന്നു. തന്റെ പ്രതീക്ഷകൾ പൂവണിയാൻ പോകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പുതിയ കലാലയം.. പുതിയ സുഹൃത്തുക്കൾ എന്തുകൊണ്ടും വ്യത്യസ്തമായ ചുറ്റുപാട്... വിഷ്ണുവും അവനും ഒരു റൂമിലാണ് കിടന്നത്. അവരെല്ലാവരും താഴത്തെ നിലയിൽ. അവർ ഓരോ കാര്യങ്ങളും പറഞ്ഞ് ഉറങ്ങി.... ഒരു പുതിയപ്രഭാതത്തിനായി....

എല്ലാവരും രാവിലെ തന്നെ ഉണർന്നു. ആളും അനക്കവുമൊക്കെയുണ്ടായിരുന്നതിനാൽ അമ്മായിക്കും മനസ്സിനും ശരീരത്തിനും നല്ല സുഖം തോന്നി.. അവരും വളരെ ഉന്മേഷത്തിലായിരുന്നു. രാവിലെ കോളേജിലേയ്ക്കു പോകണം... ജെസ്സി അടുക്കളയിൽ തിടുക്കത്തിലുള്ള പണികളിലായിരുന്നു. അപ്പവും മട്ടൻ സ്റ്റൂവുമായിരുന്നു പ്രഭാത ഭക്ഷണം... ഭക്ഷണം കഴിഞ്ഞ് 9 മണിക്കുതന്നെ പുറപ്പെടാൻ അവർ തയ്യാറെടുത്തു. ഫസൽ ഇന്നുമുതൽ ഹോസ്റ്റലിൽ താമസം തുടങ്ങാനാണ് പ്ലാൻ... സഫിയയും മറ്റും ഒരാഴ്ച ഇവിടെ കാണും ന്നാലും ഗോപിയേട്ടൻ പറഞ്ഞത് ഫസൽ ഹോസ്റ്റലിൽ തന്നെ നിൽക്കട്ടെയെന്നാണ്. എല്ലാവരേയും ഒന്നു പരിചയപ്പെടണം വീട്ടിൽ നിന്നും മാറിയ ഒരു വിഷമം ഉണ്ടാവുമല്ലോ അതീകാലയളവിൽ മാറ്റിയെടുക്കുകയും ചെയ്യാമല്ലോ...

അമ്മായിയുടെ അനുഗ്രഹം വാങ്ങി അവർ കോളേജിലേയ്ക്കു തിരിച്ചു. രാവിലെ തന്നെ വീട്ടിലേയ്ക്കു വിളിച്ച് ഹമീദിന്റെയും കുടുംബത്തിന്റെയും അനുഗ്രഹം വാങ്ങിയിരുന്നു. അതു കൂടാതെ റഷീദും, അൻവറും വിളിച്ചിരുന്നു. എല്ലാവരും നല്ലതുപോലെ പഠിക്കാനും ജീവിതത്തിൽ ഉയർച്ചയുണ്ടാവാൻ അല്ലാഹു സഹായിക്കട്ടെയെന്നും അവർ പറഞ്ഞു.

അവർ 9 മണിക്കുതന്നെ പുറപ്പെട്ടു. റോഡിൽ വലിയ തിരക്കില്ലായിരുന്നു. എല്ലാവർക്കും മനസ്സിൽ വലിയ സന്തോഷം.. ഫസലിനാണെങ്കിൽ പറഞ്ഞറിയിക്കാനും വയ്യാത്ത ഉത്സാഹം... കോളേജിന്റെ ഗേറ്റിലെത്തി... വിശാലമായ പ്രവേശന കവാടം... പുതിയ ബാച്ചായതുകൊണ്ടായിരിക്കണം നല്ല തിരക്കുണ്ട്. സ്വന്തം കാറുള്ളവർ അതിൽ കവാടം കടന്നു പോകുന്നു. ഇടയ്ക്കിടയ്ക്ക് പാഞ്ഞുവരുന്ന ആമ്പുലൻസുകൾ. ഹോസ്പിറ്റലിലേയ്ക്ക് വരുന്ന രോഗികളും അവരുടെ ബന്ധുക്കളും.. ബഹുനില മന്ദിരം..തന്റെ മുൻകാമികളായ എത്രയോ ഡോക്ടർമ്മാർ കോഴ്സ് പൂർത്തിയാക്കി ഈ വഴികളിലൂടെ തിരിച്ചിറങ്ങിയിട്ടുണ്ടാവ്വാം ചരിത്രം ഉൾകൊള്ളുന്ന ആ കലാലയത്തിലേക്കാണ് തന്റെ കടന്നു വരവ്

പണ്ട് ഹോസ്പിറ്റൽ എന്ന് കേൾക്കുമ്പോൾ ഭയം ഉണ്ടായിരുന്ന താൻ ഇന്ന് എത്തിനിൽക്കുന്നത് വിദ്യാര്തഥിയായിട്ടാണ് വെള്ള കൊട്ടണിഞ്ഞു കഴുത്തിൽ സ്റ്റെതസ്ക്കോപ്പും തൂക്കി ഒറ്റയ്ക്കും കൂട്ടമായും നടന്നു നീങ്ങുന്ന വിദ്യാർതഥികൾ ചിലർ മരതണലിൽ കൂട്ടം ചേർന്നിരിക്കുന്നു പ്രകൃതി രമണീയമായ ചുറ്റുപാടുകൾ അങ്ങകലെ  നോക്കിയാൽ കണ്ണെത്താദൂരത്ത് വ്യാപിച്ചു കിടക്കുന്ന പ്രകൃതിയുടെ വർണ്ണാഭമായ കാഴ്ച്ചകൾ വളരെ ദൂരെ നിന്നും നോക്കുന്നവർക്ക് പോലും സമയം അറിയറിയാവുന്ന തരത്തിൽ തല ഉയർത്തി നിൽക്കുന്ന ക്ളോക്ക് ടവർ കാണാം അതിനു മുകളിൽ നിന്നും നോക്കിയാൽ മനോഹരമായ കോഴിക്കോടിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാം ആ പച്ചപ്പ് അവസാനിക്കുന്നത് അങ്ങ് അറബിക്കടലിന്റെ തീരത്താണ് നല്ല പുൽത്തകിടിയിൽ വിവിധ വർണ്ണങ്ങൾ കൊണ്ടുള്ള പുഷ്പ ചെടികൾ കൊണ്ടുള്ള മനോഹരമായ ഉദ്യാനം ഒറ്റ നോട്ടത്തിൽ ഹോസ്പിറ്റൽ ആണെന്ന് തോന്നുകയില്ല

മലബാർ മേഖലയിലെ ഒരേയൊരു സർക്കാർ മെഡിക്കൽ കോളേജാണ് കോഴിക്കോട്‌ സർക്കാർ മെഡിക്കൽ കോളേജ്. നഗരമധ്യത്തിൽ നിന്ന് പത്തു കിലോമീറ്ററുകൾ കിഴക്ക് മാറി ചേവായൂർ എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. 270 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ കോളേജിനെ കേരളത്തിലെ അഞ്ചിൽ രണ്ടു ഭാഗം ജനങ്ങൾ ചികിത്സയ്ക്കായി ആശ്രയിക്കുന്നു..

അവർ കഴിഞ്ഞ പ്രാവശ്യം വന്ന ഓഫീസിനടുത്തേയ്ക്ക് പോയി.. അവിടെ വലിയ തിരക്കായിരുന്നു.. അവരെ ഇറക്കിയതിനു ശേഷം വിഷ്ണു വാഹനം പാർക്കിംഗ് ഏരിയയിലേയ്ക്ക് കൊണ്ടുപോയി... ഫസലും സഫിയയും നാദിറയും അൽപനേരം പകച്ചുനോക്കിനിന്നു... അതാ ഗോപിയേട്ടൻ... അദ്ദേഹം അവരുടെ അടുത്തേയ്ക്കു വന്നു.

“ഞാൻ നിങ്ങളെ കാത്തുനിൽക്കുകയായിരുന്നു....“ എല്ലാവരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു..

“എന്താ ഫസലേ ടെൻഷനുണ്ടോ...“

“ഇല്ല അങ്കിൾ...“

“ഇവിടെ ഞാൻ അങ്കിളല്ല.. ഡോക്ടർ അല്ലെങ്കിൽ സർ...“

അവർ അദ്ദേഹത്തോടൊപ്പം ഓഫീസിലേയ്ക്ക്... അവിടെ ഒന്നാമത്തെ നിലയിലായിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്... അവിടെ വരാന്തയിലായി ധാരാളം ആൾക്കാർ കൂടി നിൽപ്പുണ്ടായിരുന്നു. എല്ലാവരും പുതുതായി അഡ്മിഷന് വന്നവർ.. ഫസൽ ഓരോരുത്തരെയായി നോക്കി. തനിക്ക് പരിചയമുള്ള ആരേലുമുണ്ടോയെന്നറിയാൻ... ഇല്ല ആരേയും കാണുന്നില്ല.. സ്മിതയുടെ അനുജത്തി ഇവിടെയാണെന്നറിയാ.. അതു കൂടാതെ കൂടെ പഠിച്ച പലരും ഇവിടുണ്ട്.. അവരെയൊക്കെ കണ്ടുപിടിക്കുകയെന്നത് ഇപ്പോൾ എളുപ്പമല്ല.. ഗോപി അവരെ ഒരു ഓഫീസിനകത്തേയ്ക്ക് ആനയിച്ചു.. ഗോപിയെ കണ്ടതും അവിടിരുന്ന ആൾ ചാടിയെഴുന്നേറ്റു...

“ഇതാ ഞാൻ പറഞ്ഞ ഫസൽ...“

“ഞാൻ എല്ലാം റഡിയാക്കി വച്ചിരിക്കുന്നു സർ...“

അദ്ദേഹം സർട്ടിഫിക്കറ്റുകളൊക്കെ ഒത്തുനോക്കി. ഡോക്യുമെന്റുകൾ കറക്ടാണ്.. അവനെക്കൊണ്ട് ഒപ്പിടുവിച്ചു... സാർ തന്നെയാണല്ലോ എച്ച്.ഒ.ഡി.. സാറിന്റെ ഒപ്പിവിടെ വേണം...

ഗോപിയും ഒപ്പിട്ടു.. ഇപ്പോൾ കാര്യങ്ങളൊക്കെ കഴിഞ്ഞു... നേരേ ഹോസ്റ്റലിലേയ്ക്ക്  പോകാമെന്നറിയിച്ചു..

മെൻസ് ഹോസ്റ്റൽ കോളേജിന്റെ മറ്റൊരുഭാഗത്താണ് അവിടെ സെക്യൂരിറ്റി ഗോപിയെ കണ്ടയുടൻ അഭിവാദ്യം ചെയ്തു... നേരേ ഓഫീസ് റൂമിലേയ്ക്ക്... അവിടെ ഗോപി ഫസലിനെ പരിചയപ്പെടുത്തി... ഒപ്പം സഫിയയും നാദിറയും... അദ്ദേഹം വളരെ ആദരപൂർവ്വം അവരോട് പെരുമാറി... അവന്റെ റൂം നമ്പർ 147 ഒരു റൂമിൽ രണ്ടുപേർ... കോമൺ ബാത്ത്റൂം... കാഴ്ചയിൽ ഒരു പഴയ കെട്ടിടം...

“ഇന്ന് എല്ലാവർക്കും അങ്ങോട്ടുപോകാം... സാധാരണ സ്ത്രീകൾക്കും രക്ഷിതാക്കൾക്കും ഇവിടെ പ്രവേശനമില്ല... ഇത് ഫസ്റ്റ് ഇയർ സ്റ്റുഡൻസിനുവേണ്ടിയുള്ളതാണ്... ആരും എത്തിയിട്ടില്ല.. അവർ അവന്റെ റൂമിലേയ്ക്കു പോയി... വലിയ വലുപ്പമൊന്നുമില്ല.. രണ്ടു ചെറിയ കട്ടിൽ സൈഡിലായി രണ്ടു മേശയും കസേരയും.. അവൻ ജനലിനു സമീപമുള്ള മേശ തിരഞ്ഞെടുത്തു... തൊട്ടടുത്തായി ചെറിയൊരു അലമാര.. അവന്റെ ലഗേജുകൾ കട്ടിലിൽ വച്ചു... അപ്പോഴേയ്ക്കും ഹോസ്റ്റലിലേയ്ക്ക് ഓരോരുത്തരായി വന്നു തുടങ്ങിയിരുന്നു.

ഗോപി അവനുവേണ്ട നിർദ്ദേശങ്ങൾ നൽകി.. ടോയിലറ്റും മറ്റും എവിടെയെന്നും കാന്റീൻ എവിടെയന്നും അവനോട് പറഞ്ഞുകൊടുത്തു... ആദ്യമായാണ് ഈ ഹോസ്റ്റൽ ജീവിതമൊക്കെ... തെല്ലൊരു ജിജഞാസയുണ്ട്... അത് അവൻ പുറത്തു കാണിച്ചില്ല... സന്തോഷപൂർവ്വം എല്ലായിടവും നോക്കിക്കണ്ടു. ഗോപി... ഹോസ്റ്റൽ വാർഡനെ പരിചയപ്പെടുത്തി.. പ്രത്യേകം ശ്രദ്ധ ഇവന്റെ കാര്യത്തിൽ വേണമെന്ന് പറഞ്ഞു...

“ഇവന്റെ കാര്യം ഞാൻ ഏറ്റു സർ....“

അവർ ഇറങ്ങാൻ നേരം പുറകിൽന്നൊരു വിളി..

“ഫസൽ...“

എല്ലാവരും തിരിഞ്ഞു നോക്കി... തന്റെ കൂടെ പഠിച്ച അനിൽ...

“അനിൽ... നിനക്ക് ഇവിടെയായിരുന്നോ...“

“അതേ... ഇവിടെ കിട്ടുമെന്നു കരുതിയതല്ല...“

അനിലിനെ ഗോപിയിക്ക് പരിചയപ്പെടുത്തി.... പ്രൊഫസറാണെന്നറിഞ്ഞപ്പോൾ അവൻ കൂടുതൽ ബഹുമാനത്തോടെ പെരുമാറി...

“നമ്മുടെ കൂടെ പഠിച്ച ആരൊക്കെയുണ്ട്...“

“എനിക്കു തോന്നുന്നു നാലഞ്ചുപേരു കാണുമെന്ന്.“

അവർ ഹോസ്റ്റലിൽ നിന്ന് പുറത്തേയ്ക്കിറങ്ങി... ഗോപി അവന് കോളേജും ചുറ്റുപാടുകളും പരിചയപ്പെടുത്തിക്കൊടുത്തു... അങ്ങു ദൂരെ കാണുന്ന മോർച്ചറി... അവിടെ നിന്നു നോക്കിയാൽ ഓപി. യും കാണും.. ക്ലാസ്സുകൾ നടക്കുന്നത് വേറേ ബിൽഡിംഗിലാണ്. ഹോസ്പിറ്റൽ ഡ്യൂട്ടി വരുമ്പോൾ മാത്രം അവിടെ പോയാൽ മതി... ഇപ്പോൾ അതിന്റെ ആവശ്യമില്ല... അദ്ദേഹം ഓരോന്നും അവനെ പരിചയപ്പെടുത്തി... ഓഫീസിനുമുന്നിൽ നല്ല തിരക്കായിരുന്നു.

“ഫസൽ... അവർ പോകട്ടെ... ഇന്നുമുതൽ ഈ ഹോസ്റ്റൽ ജീവിതം തുടങ്ങാം.. എന്തെങ്കലും വിഷമം ഉണ്ടെങ്കിൽ എന്നെ അറിയിക്കണം... അതാ ആ കാണുന്ന കോർട്ടേഴ്സിലാണ് ഞാൻ താമസിക്കുന്നത്... കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ല... ഡോ. ഗോപിയെന്ന് എഴുതിയിട്ടുണ്ട്.... ഞാൻ ഓഫീസിൽ പോയിട്ടു വരട്ടെ... നമുക്കു വീട്ടിലേയ്ക്ക് പോകാം....“

അദ്ദേഹം ഓഫീസിൽ പോയിട്ട് പെട്ടെന്നുതന്നെയെത്തി.. അവരേയും കൂട്ടി ഗ്രൗണ്ടിന്റെ കവാടം കടന്ന് നേരേ ക്വാർട്ടേഴ്സിലേയ്ക്ക്.. അവിടെ ഡോർബല്ലമർത്തി.. അദ്ദേഹത്തിന്റെ ഭാര്യ ഡോർ തുറന്നു.. എല്ലാവരേയും അകത്തേയ്ക്ക് ആനയിച്ചു... അവർക്ക് പരസ്പരം നേരത്തേ അറിയാവുന്നവരാണല്ലോ... വളരെ വലിയ സ്വീകരണമാണ് അവർക്കവിടെ ലഭിച്ചത്...

“എങ്ങനെയുണ്ട് ഫസൽ...ക്യാംപസ്...ഇഷ്ടപ്പെട്ടോ..“

“ഇഷ്ടപ്പെട്ടു...“

“നന്നായി പഠിക്കണം... കൂട്ടുകൂടി കറങ്ങി നടക്കുകയൊന്നും ചെയ്യരുത്... ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റാണിത്.. നമ്മൾ മനസ്സുവച്ചാൽ നല്ല നിലയിൽ പാസ്സായിറങ്ങാം... പല തരത്തിലുള്ള കുട്ടികളായിരിക്കും ഉണ്ടാവുക.. അവരിൽ നിന്നും നല്ല കുട്ടികളെ തിരഞ്ഞെടുക്കണം... ആരാ റുംമേറ്റ്.“

“അത്...“

“അത് ഹരികൃഷ്ണൻ സാറിന്റെ ബന്ധുവാ... നല്ല പയ്യനാ... അവൻ എത്തിയിട്ടില്ല.. അവനെ പരിചയപ്പെടുത്താം. വിശ്വാസിക്കാവുന്ന കുട്ടിയാരിക്കും ഫസലിന്..“

“ശരിയാ.. ഗോപിയേട്ടൻ പറഞ്ഞായിരുന്നല്ലോ..“

“മോളില്ലേ..“

സഫിയയാണത് ചോദിച്ചത്..

“ഇല്ല.. അവൾക്കിന്ന് ക്ലാസ്സുണ്ട്... ഇന്ന് ഞങ്ങൾ രണ്ടാളും ഹാഫ്ഡേ ലീവാ... ഉച്ചയ്ക്കേ പോവുകയുള്ളൂ... പിന്നേ ഭക്ഷണം കഴിച്ചിട്ടേ ഇവിടുന്നു വിടുകയുള്ളൂ...“

“അയ്യോ... അവിടെ അമ്മായിയോട് ചെല്ലാമെന്നു പറ‍ഞ്ഞിട്ടുണ്ട്.“

“അത് സാരല്ല്യ... വിളിച്ചു പറയാം..“

അവർക്ക് മറുത്തൊന്നും പറയാനായില്ല... അവരെ ഗസ്റ്റ് റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.. അപ്പോഴേയ്ക്കും വിഷ്ണുവും അവിടെത്തിയിരുന്നു. ക്വാർട്ടേഴ്സിന്റെ പാർക്കിംഗിൽ വണ്ടി പാർക്ക്ചെയ്തു... മിക്ക ഡോക്ടേഴ്സും താമസ്സിക്കുന്നത് അടുത്തടുത്തുതന്നെയാണ്...

ഗോപി ഫസലിനേയും കൂട്ടി പുറത്തേയ്ക്കിറങ്ങി...

“ഞാൻ ഇവനെ എല്ലാവരേയും ഒന്നു പരിചയപ്പെടുത്തിയിട്ടു വരാം... ഹോസ്റ്റലിൽ എല്ലാവരും എത്തിക്കാണണം...“

അവർ നേരേ ഹോസ്റ്റലിലേയ്ക്ക് അവിടെ അവന്റെ റൂമിലെത്തിയപ്പോഴേയ്ക്കും അവന്റെ റൂംമേറ്റ് എത്തിയിരുന്നു. ഗോവർദ്ധൻ... മെലിഞ്ഞുണങ്ങിയ ശരീരം... മുഖം വിളിച്ചു പറയും വളരെ പാവമാണെന്ന്... അവർ പരസ്പരം പരചയപ്പെട്ടു... ഗോപിയേയും അവന് നന്നായറിയാം... കുടുംബസുഹൃത്താണ്... രണ്ടാൾക്കും വേണ്ട നിർദ്ദേശങ്ങൾ ഗോപി നൽകി...

ഫസലുമായി വീണ്ടും ഗോപി പുറത്തേയ്ക്കിറങ്ങി... നേരേ ഓഫീസിലേയ്ക്ക് അവിടെ ഗോപി പലരേയും പരിചയപ്പെടുത്തി... തനിക്ക് വളരെ വേണ്ടപ്പെട്ടവനാണെന്നും പറഞ്ഞു... ഫസൽ വളരെ വിനയപൂർവ്വം അവരോടു പെരുമാറി... ഹോസ്പിറ്റലിൽ ഓപിയിലേയ്ക്കും കൊണ്ടുപോയി... ഏകദേശം പന്ത്രണ്ടു മണിയോടെ അവർ തിരിച്ച് ക്വാർട്ടേഴ്സിലേയ്ക്ക്... അവിടെ നല്ല വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു. എല്ലാവരും നല്ലപതുപോലെ ഭക്ഷണം കഴിച്ചു... സഫിയയ്ക്ക് ഫസലിനെ വിട്ടുപിരിയുന്നതിൽ വിഷമമുണ്ട്.. ഫസലിനും അതുപോലെതന്നെ... രണ്ടുമണിയോടെ അവർ യാത്രപറഞ്ഞു പിരിഞ്ഞു. സഫിയയുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ ഫസൽ കാണാതിരിക്കാൻ ശ്രദ്ധിച്ചു... ഫസലിനും വലിയ വിഷമം തോന്നി... എന്തായാലും തനിക്ക് ലക്ഷ്യമാണ് വലുത് ഇവിടെ പതറാൻ പാടില്ല...

അവർ അവനോട് ടാറ്റ പറഞ്ഞ് യാത്രയായി...

“ഫസൽ വരൂ.. ഞങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക ഡ്യൂട്ടിയുണ്ട്... നിന്നെ ഹോസ്റ്റലിലാക്കാം..“

ഫസൽ അവരോടൊപ്പം ഹോസ്റ്റലിലേയ്ക്ക്.. കവാടം കടത്തിവിട്ടു... ഗോപിയും ഭാര്യയും നേരേ ഹോസ്പിറ്റലിലേയ്ക്ക്...

താൻ പെട്ടെന്ന് ഒറ്റപ്പെട്ടതുപോലെ .... അതുവരെയുണ്ടായിരുന്ന ഉത്സാഹം നഷ്ടപ്പെട്ടതുപോലെ... കാടും വള്ളിപ്പടർപ്പുകളും പിടിച്ചുനിൽക്കുന്ന ചുറ്റുപാടുകളിലേയ്ക്ക് നോക്കി.... സാവധാനം ഹോസ്റ്റലിലേയ്ക്ക്... അവിടെ വാർഡന്റെ മുന്നിലൂടെ മുകളിലത്തെ നിലയിലേയ്ക്ക് 147-ാം നമ്പർ റൂം... അവിടേയ്ക്ക് പോകുന്ന വഴിയിൽ പുതുതായി എത്തിയ വിദ്യാർത്ഥികൾ... എല്ലാവരുടെയും മുഖത്ത് ചെറിയ പരിഭ്രമം കാണാനാകും... അവൻ ധൈര്യം സംഭരിച്ച് മുഖത്ത് ഭാവവ്യത്യാസം വരുത്താതെ മുന്നോട്ട്. റൂമിന്റെ വാതിൽ തുറന്ന് അകത്തേയ്ക്ക്...ഗോവർദ്ധൻ തന്റെ ഡ്രസ്സുകൾ അടുക്കിവയ്ക്കുകയായിരുന്നു.

അവർ പെട്ടെന്നുതന്നെ നല്ല ചങ്ങാതിമാരായി മാറിയിരുന്നു. ആ ഹോസ്റ്റലിൽ അവനോടൊപ്പംപഠിച്ച രണ്ടുപേരുണ്ടായിരുന്നു. അവരേയും പരിചയപ്പെട്ടു... പതുക്കെ അവന് വീട്ടിൽ നിന്നും വിട്ടുനിന്ന വിഷമങ്ങൾ മാറാൻ തുടങ്ങി... വൈകുന്നേരം കാന്റീനിൽ എല്ലാവരും ഒത്തുകൂടി... അവിടെ ഹോസ്റ്റൽ വാർഡൻ അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി... രാവിലെ ഭക്ഷണ സമയം.. ഉച്ചയ്ക്ക് രാത്രി... ഓരോ ദിവസവും വ്യത്യസ്ഥമായ മെനു... ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്... രാത്രി എത്തിച്ചേരേണ്ട സമയം... എന്നുവേണ്ട എല്ലാ നിർദ്ദേശങ്ങളും അവർക്കു നൽകി. ഓരോ നിലകളേയും പ്രത്യേകം ബ്ലോക്കുകളായാണ് പരിചയപ്പെടുത്തിയത്...

ഭക്ഷണം കഴിഞ്ഞ് അവർ എല്ലാവരും പരിചയപ്പെട്ടു. കൂടെ പഠിച്ചവരിൽ അനിലും, വിൻസന്റും അവിടുണ്ടായിരുന്നു.

അവിടെനിന്നും അവർ റൂമിലേയ്ക്ക് സമയം 8മണിയായിരിക്കുന്നു. കൊണ്ടുവന്ന ഡ്രസ്സുകളും മറ്റും അലമാരയിൽ അടുക്കിവച്ചു.. ഏറ്റവും താഴത്തെ തട്ടിൽ പുസ്തകങ്ങൾ ടേബിളിലും പുസതകങ്ങൾ അടുക്കിവച്ചു. ബക്കറ്റും സോപ്പുമായി നേരേ ബാത്ത്റൂമിലേയ്ക്ക്... ചെറിയൊരു കുളി പാസ്സാക്കി... തിരികെ റൂമിലേയ്ക്ക്.... പ്രത്യേകിച്ച് ഇന്ന് ഒന്നും ചെയ്യാനില്ല... താൻ കൈയ്യിൽ കരുതിയ ചില പുസ്തകങ്ങൾ വായിച്ചാലോ എന്നു ആലോചിച്ചു.. വേണ്ട ഇന്നുവേണ്ട... മനസ്സ് അത്ര ശരിയായിട്ടില്ല... ഗോവർദ്ധനുമായി കുറച്ചുനേരം സംസാരിച്ചിരുന്നു... 9 മണിയോടെ ലൈറ്റണച്ചു.. അവർ കിടന്നു. ഫസലിന് ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു.. നല്ല മെത്തയിൽ കിടന്നു ശീലിച്ചതാ... ഇവിടെ കുറച്ചു കട്ടിയുള്ള കിടക്കയാണ്.. കൂടാതെ കൊതുകിന്റെ മൂളിപ്പാട്ടും... പല ചിന്തകളും മനസ്സിലൂടെ പാഞ്ഞുപോയി... ഐഷു... അവളിപ്പോൾ എന്തു ചെയ്യുകയായിരിക്കും... അവളെ വിളിക്കാനായിട്ടില്ല... ആഴ്ചയിലൊരിക്കൽ വിളിക്കാം.. അല്ലെങ്കിൽ അവൾക്ക് ഇവിടെ ഹോസ്റ്റലിലേയ്ക്ക് വിളിക്കാം... പലതും ചിന്തിച്ച് അവൻ അറിയാതെ ഉറങ്ങിപ്പോയി... ഇതേ അവസ്ഥതന്നെയായിരുന്നു സഫിയയ്ക്കും... പിന്നെ മകൻ അവന്റെ നല്ലതിനുവേണ്ടിയല്ലേ പോയത്... അവനു വേണ്ടി പ്രാർത്ഥിക്കാം... വലിയ ബുദ്ധിമുട്ടുകളില്ലാതെ അവനൊരു ഡോക്ടറായിക്കാണണം.. അതാണ് തന്റെ ആഗ്രഹം... അതിനുള്ള കഴിവ് അവന് അല്ലാഹു നൽകട്ടെ...


തുടർന്നു വായിക്കുക അടുത്തഞായറാഴ്ച്ച 01 08 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 25 07 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ