Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
15.8.20
നിഴൽവീണവഴികൾ ഭാഗം 87
8.8.20
നിഴൽവീണവഴികൾ ഭാഗം 86
റഷീദ് ബിസിനസ്സിൽ നല്ല രീതിയിലുള്ള വികസനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. അൻവർ കൂടി ബിസിനസ്സിൽ പങ്കാളിയാകുന്നതോടെ വളരെ നല്ലൊരു നിലയിലെത്താമെന്നു റഷീദിനും പ്രതീക്ഷയുണ്ട്. സൗദി അറേബ്യയിലെ നിയമങ്ങൾ വച്ചുനോക്കുമ്പോൾ ദുബൈയിൽ കുറച്ചുകൂടി ബിസിനസ്സ് പിടിച്ചുവരാൻ വളരെ എളുപ്പവുമാണ്.
അഭിമന്യുവിനോട് പറഞ്ഞതനുസരിച്ച് ദുബായിലെ ചില സുഹൃത്തുക്കളുമായി അവർ സംസാരിച്ചു. അവിടുത്തെ ഹൈപ്പർമാർക്കറ്റിലെ മാനേജർ എന്തു സഹയം വേണമെങ്കിലും ചെയ്യാമെന്നേറ്റു.. നല്ല തിരക്കുള്ള ഹൈപ്പർമാർക്കറ്റ് അവിടെ അത്യാവശ്യം നല്ല വലിപ്പമുള്ള ഒരു ഏരിയ ഒഴിവുവന്നിട്ടുണ്ട്. മൾട്ടീപ്ലക്സിനും സൂപ്പർമാർക്കറ്റിനും അടുത്താണത്.. കേട്ടപ്പോൾ രണ്ടാൾക്കും അത് നല്ലതാണെന്നു തോന്നി...
“അഭീ നമുക്ക് നാളെത്തന്നെ ദുബായ് വരെയൊന്നു പൊയ്ക്കളയാം..“
“പിന്നെന്താ റഷീദ്... അവിടേയ്ക്ക് പോകാൻ ഓൺ അറൈവൽ വിസ മതിയല്ലോ.. നമുക്ക് നാളെത്തന്നെപൊയ്ക്കളയാം.“
“അഭീ... നമുക്ക് ബിസ്സിനസ്സ് ദുബായ് പോലുള്ള വലിയ നഗരങ്ങളിൽ ഇൻഡിപ്പെൻഡായി തുടങ്ങുന്നതിനേക്കാൾ നല്ലത് ഹൈപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ച് ചെയ്യുന്നതായിരിക്കും. കാരണം അവിടങ്ങളിൽ ആളുകൾ തിക്കിത്തിരക്കിയെത്തും.. അവിടെ എങ്ങനെയായാലും ശരാശരി ഒരാൾ മൂന്നു മുതൽ നാലുമണിക്കൂർ വരെ മാളുകളിൽ കഴിച്ചുകൂട്ടും. തിരക്കുപിടിച്ച ജീവിതത്തിൽ ഒന്നു റിലാക്സ് ചെയ്യാൻ വരുന്നവരാണധികവും... പിന്നെ പാർക്കിംഗ് മാളുകളിൽ പ്രശ്നവുമല്ലല്ലോ... അതുകൊണ്ട് കുടുംബമായിട്ടുവരുന്നവർക്ക് അത് ഒരു ആശ്വാസവുമാണ്.
“ശരിയാണ്. റഷീദ്... പറഞ്ഞത്.. ഇവിടെ നമ്മൾ പ്രത്യേകം ബിൽഡിംഗിലാണല്ലോ സ്ഥാപനം തുടങ്ങിയത്.. നമുക്ക് ദാബായിലെ രീതിയൊന്നു പരീക്ഷിക്കാം... എന്തായാലും നാളെ അവിടെപോയി എല്ലാ വിശദമായി നോക്കാം...“
അവർ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.. രാവിലെ 6.30- നുള്ള ഫ്ലൈറ്റിൽ ദുബായിലേയ്ക്ക്. റഷീദ് സൗദിയിലെത്തിയിട്ട് ഇത്രയും കാലമായെങ്കിലും ദുബായിലേയ്ക്ക് ഇതുവരെ പോയിരുന്നില്ല. പക്ഷേ പല കാര്യങ്ങൾക്കുമായി ബഹറിനിലേയ്ക്കും ഖത്തറിലേയ്ക്കും പോയിരുന്നു. അതും ചെറിയ ചില മീറ്റിങ്ങുകൾക്കുവേണ്ടിമാത്രം..
അവർ രണ്ടാളും അതി രാവിലെ തന്നെ എയർപോർട്ടിലേയ്ക്ക് തിരിച്ചു. ചെക്കിൻ ചെയ്യാനുള്ള സമയത്ത് തന്നെ അവരവിടെയെത്തി. കാർ പാർക്കിംഗിൽ ഇട്ടു... രണ്ടാളും എയർപോർട്ടിലേയ്ക്ക്. അവിടെ നിന്നും കൃത്യസമയത്തു തന്നെ ഫ്ലൈറ്റ് യാത്ര തുടങ്ങി... ഏകദേശം ഒന്നരമണിക്കൂറുകൾക്കകം അവർ ദുബായിലെത്തി.... രണ്ടാൾക്കും വിസ്മയകരമായ കാഴ്ചയായിരന്നു. ഉയർന്നു നിൽക്കുന്ന സൗധങ്ങൾ.. ആകാശത്തിലെ മേഖങ്ങൾ തൊട്ടുരുമ്മി കടന്നുപോകുന്നു... രണ്ടാളും എയർപോർട്ടിലിറങ്ങി.. അവിടെനിന്നും ഒരു ടാക്സിയിൽ തൊട്ടടുത്ത് ഹോട്ടലിലേയ്ക്ക്. അവിടെനിന്നും ഫ്രഷായി കുറച്ചു വിശ്രമിച്ചു. അപ്പോഴേയ്ക്കും റഷീദിന്റെ സുഹൃത്തായ അൽത്താഫ് അവിടെത്തിയിരുന്നു.
ഏകദേശം പത്തു മണിയോടെ അവരെല്ലാം ഹോട്ടലിൽ നിന്നും യാത്രതിരിച്ചു. കുറച്ച് ട്രാഫിക് ഉണ്ടായിരുന്നു. മുക്കാൽ മണിക്കൂറത്തെ യാത്ര അവർ ആ ഹൈപ്പർമാർക്കറ്റിലെത്തി.. മൂന്നുപേരും അവിടൊന്നു ചുറ്റിനടന്നു കണ്ടു... നല്ല തിരക്ക്. എല്ലാ കടക്കാർക്കും നല്ല ബിസിനസ് ആണെന്നു തോന്നുന്നു. മൾട്ടിപ്ലക്സിൽ 16 തിയേറ്ററുകൾ അധികവും ഹിന്ദി മലയാളം സിനിമകൾ.. അവിടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും തിരക്കു കാണാമായിരുന്നു. അവർ ഫുഡ്കോർട്ടിനടുത്തെത്തി.. അവിടെ നിന്നും ഓരോ കോഫി കുടിക്കാമെന്നു കരുതി. മൂന്നാളും കാപിച്ചിനോ ഓർഡർ ചെയ്തു...
“റഷീദ്ക്കാ... ഇവിടെ ബിസിനസ് നന്നായി ലഭിക്കുമെന്നുള്ളകര്യത്തിൽ യാതൊരു സംശയവുമില്ല.. മുൻപ് ഇവിടെ ബിസിനസ് നടത്തിയിരുന്നത് സ്പോർട്ട്സ് ഐറ്റങ്ങളുടെ കടയായിരുന്നു. അയാൾ പെട്ടെന്ന് ബിസിനസ് നിർത്തി നാട്ടിലേയ്ക്ക് പോയി... പലരും വന്നു ചോദിച്ചെങ്കിലും കൊടുത്തില്ല.. എന്റെ അടുത്ത ബന്ധുവാണ് മാനേജർ, ഞാൻ കാര്യംപറഞ്ഞപ്പോൾ നോക്കാമെന്നു പറഞ്ഞിരുന്നു.“
അവർ കോഫി കുടിയും കഴിഞ്ഞ് അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന കടയുടെ അടുത്തെത്തി... അത്യാവശ്യം നല്ല വലിപ്പമുണ്ട്... ഫുഡ്കോർട്ടിനോട് ചേർന്നതായതുകൊണ്ട് കുഴപ്പമില്ല.. ഐസ്ക്രീം പാർലറുകൾ പലബ്രാണ്ടുമുണ്ടിവിടെ... കേക്കിനുവേണ്ടിമാത്രമായി ഒരു ചെറിയ ഷോപ്പുമുണ്ട്.. എല്ലാം ഒരിടത്തു ലഭിക്കുന്ന സ്ഥലമില്ല...
“അഭീ എന്തു പറയുന്നു.“
“റഷീദേ പറഞ്ഞ് കേട്ടിടത്തോളം വലിയ കുഴപ്പമില്ല.. നമ്മൾ ഉദ്ദേശിച്ച വലിപ്പമുണ്ട്... നമുക്ക് മാനേജരുമായി സംസാരിക്കാം..“
അവർ മൂവരും എസ്കലേറ്ററിലൂടെ താഴത്തെ നിലയിലേയ്ക്ക് പോയി. അവിടെയാണ് മാനേജരുടെ മുറി... അവരെ മൂവരേയും കണ്ടയുടനേ മാനേജർ അലി പുറത്തേയ്ക്ക് ഇറങ്ങിവന്നു... അവരെ ഓഫീസിലെ കോൺഫറൻസ് ഹാളിലേയ്ക്ക് കൊണ്ടുപോയി.
തങ്ങൾ തുടങ്ങാൻ പോകുന്ന പ്രോജക്ടിനെക്കുറിച്ച് വിശദമായി സംസാരിച്ചു. കൈയ്യിൽ മെനുവും കരുതിയിരുന്നു അതും അവർ അലിയുടെ മുന്നിൽ പ്രദർശിപ്പിച്ചു... അലിയ്ക്ക് സന്തോഷമായെന്നു മനസ്സിലായി...
“റേറ്റല്പം കൂടുതലാണ് നമ്മളെപ്പോലുള്ള തുടക്കക്കാരായ ബിസിനസ്സുകാർക്ക്.. പക്ഷേ സ്ഥലം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.“
“ബോസ് എന്നോടു പറഞ്ഞിരുന്നത് എന്തേലും വെറൈറ്റി ഫുഡ്ഐറ്റവുമായി വരുന്നവർക്ക് കൊടുത്താൽ മതിയെന്നാണ്... നിങ്ങൾക്ക് എന്തായാലം അതിനുള്ള കപ്പാസിറ്റിയുമുണ്ട്. അത് കൊണ്ട് ബോസ് എന്തായാലും സമ്മതിക്കും.“
“അവർ മൂവരും ബോസിന്റെ മുറിയിലേയ്ക്ക് പോയി... അവർ പരസ്പരം അഭിവാദനംചെയ്തു.
മൂവരും അവിടെ ഇരുന്നു. റഷീദ് തങ്ങളുടെ പ്ലാൻ വിശദമായി വിവരിച്ചു.
“ഞങ്ങൾ സൗദിയിൽ ചെയ്യുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്... ലൈവായി ഗുബ്ബൂസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ട്. അതുതന്നെ രണ്ടുതരം... കൂടാതെ മീറ്റ് റോളുകൾ കട്ലറ്റ്, വിവിധതരം സ്നാക്സ്, നട്സ്, ബ്രഡ്.. അങ്ങനെ പലവിധത്തിലുള്ള ഐറ്റംസാണ് ഉദ്ദേശിക്കുന്നത്.. കേക്ക് ലൈവായി ഉണ്ടാക്കി നൽകാനാണുദ്ദേശിക്കുന്നത്... ഫുഡ്കോർട്ടായതുകൊണ്ട് ഇരിപ്പിടം പ്രത്യേകം കരുതേണ്ടതില്ലല്ലോ.. മാക്സിമം സ്ഥലം ബോർമയ്ക്കും, കിച്ചനുമായി ഉപയോഗിക്കാം...“
റഷീദിന്റെ വിവരണം എന്തായാലും അറബിക്ക് നന്നായി ഇഷ്ടപ്പെട്ടു. അവർ തമ്മിൽ ഒരു എഗ്രിമെന്റ് ഡ്രാഫ്റ്റ് ചെയ്തു. റേറ്റിന്റെ കാര്യത്തിൽ 6 മാസത്തേയ്ക്ക് കുറച്ച് കുറവുവരുത്തി.. ബാക്കിയെല്ലാ ടേംസ് ആന്റ് കണ്ടീഷൻസ് റഷീദും അഭിമന്യുവും സമ്മതിച്ചു... അവർ സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി.
ഉച്ചഭക്ഷണം അവിടുത്തെ ഫുഡ്കോർട്ടിൽ നിന്നുംകഴിച്ചു.. അത്യാവശ്യം ജീവനക്കാർക്ക് താമസിക്കാനുള്ള താമസസ്ഥലം അതും വേണമല്ലോ.. അതുകൂടി നോക്കാമെന്നു കരുതി.. തിരക്കിൽനിന്നും ഒഴിഞ്ഞ് ഏകദേശം നാൽപ്പതു കിലോമീറ്റർ ദൂരത്തിൽ ഒരു സ്ഥലത്ത് ഒരു നല്ല അക്കമഡേഷൻ കണ്ടെത്തി. ഏകദേശം മുപ്പതുപേർക്ക് സുഖമായി താമസിക്കാം... അതിന്റെ നടത്തിപ്പുകാരനും ഒരു മലയാളി ആയിരുന്നു. ആ സ്ഥലവും എല്ലാവർക്കും ഇഷ്ടപ്പെട്ടു.. മൂന്നുനാല് വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. മൂന്നു നിലകളിലായി 8 ഫ്ലാറ്റുകൾ ഒരു ഫ്ലാറ്റിൽ രണ്ടും മൂന്നും വീതം റൂമുണ്ട്.. താഴത്തെ നിലയിൽ അൻവറിന് താമസിക്കാനുള്ള സ്ഥലമാക്കാം.. അതാകുമ്പോൾ മൂന്നു ബഡ്റൂം ഫ്ലാറ്റാണ്... ഇടയ്ക്ക് തങ്ങൾ ഇവിടെ വരുമ്പോൾ താമസിക്കുകയും ചെയ്യാമല്ലോ...
വന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കി അവർ എയർപോർട്ടിലേയ്ക്ക് യാത്രതിരിച്ചു. അൽത്താഫിനോട് നന്ദിപറഞ്ഞ് അവർ എയർപോർട്ടിലേക്ക് കയറി... രണ്ടാൾക്കും വളരെ സന്തോഷമുള്ള ദിവസമായിരുന്നു അന്ന്.
നാട്ടിൽ എല്ലാവരും നല്ല ടെൻഷനിലായിരുന്നു. കാരണം ഫസലിന്റെ പരീക്ഷ... എല്ലാവരുടേയും പ്രതീക്ഷ അവനിലാണ്... അതി രാവിലെ തന്നെ അവൻ ഉറക്കമുണർന്നു. ഫ്രഷായി അത്യാവശ്യം ഗൈഡുകളും മറ്റും മറിച്ചുനോക്കി.. എല്ലാം കവർചെയ്തതായി സ്വയം ബോധ്യമായി... അപ്പോഴേയ്ക്കും അൻവർ കട്ടൻചായയുമായി വന്നു... അതിനുശേഷം അൻവർ കാപ്പിയുണ്ടാക്കാൻ അടുക്കളയിലേയ്ക്ക് പോയി വിഷ്ണുവും അൻവറിനെ സഹായിക്കാനെത്തി... കൃത്യം എട്ടുമണിക്കുതന്നെ അവർ മൂവരും അവിടെനിന്നുമിറങ്ങി...
ഫസലിന് മുമ്പെങ്ങുമില്ലാത്ത ടെൻഷൻ കൈകൾക്കും കാലുകൾക്കുമൊക്കെ ഒരു വിറയൽപോലെ... ശരീരം വിയർക്കുന്നതുപോലെ.. അവൻ ധൈര്യം സംഭരിച്ച് കണ്ണടച്ചിരുന്നു.. മനസ്സിൽ പ്രാർത്ഥനയും... 8.45 ആയപ്പോഴേയ്ക്കും സ്കൂളിലെത്തി. അവിടെ സെക്യൂരിറ്റി ചെക്കിംഗും മറ്റുമെല്ലാമുണ്ടായിരുന്നു. രണ്ടാളോടും യാത്ര പറഞ്ഞ് അകത്തേയ്ക്ക് പോയി... അവിടെ എല്ലാ പരിശോധനകളും കഴിഞ്ഞ് പറഞ്ഞിരുന്ന ക്ലാസ്സിലേയ്ക്ക്. ഐഷുവിന് ഇവിടെനിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് പരീക്ഷ നടക്കുന്നത്. തമ്മിൽ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.. പരീക്ഷകഴിഞ്ഞ് അവർ നേരേ ബാംഗ്ലൂരിലേയ്ക്ക് പോകുന്നെന്നാണ് പറഞ്ഞിരിക്കുന്നത്.. അതുകൊണ്ട് കാണുന്നകാര്യം നടക്കില്ലെന്നു പറഞ്ഞിരുന്നു.
ഫസൽ സ്കൂളിനകത്തു കയറിയപ്പോഴേയ്ക്കും അവന് വല്ലാത്ത ധൈര്യം വന്നതുപോലെ തോന്നി.. ക്ലാസ്സിലെത്തി.. അവന്റെ സീറ്റിൽ ഇരുന്നു. ക്ലാസ്സിലേയ്ക്ക് ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. എല്ലാവരുടേയും ഡീറ്റൈൽസ് ടീച്ചർ പരിശോധിക്കുന്നുണ്ടായിരുന്നു. വേണ്ട എല്ലാ നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകിക്കൊണ്ടിരുന്നു. പരീക്ഷയ്ക്കുള്ള ബല്ലടിച്ചു... കൈയ്യിൽ കിട്ടിയ ക്വസ്റ്റൻ നെഞ്ചോടു ചേർത്തുപിടിച്ച് പ്രാർത്ഥിച്ചു. അവൻ ചോദ്യങ്ങളിലേയ്ക്ക് കണ്ണോടിച്ചു.. അറിയാം... ഓരോന്നായി ഉത്തരങ്ങളെഴുതാൻ ആരംഭിച്ചു.. വിചാരിച്ചതുപോലെ അത്ര കടുപ്പമുള്ളതല്ലെന്ന് അവന് തോന്നി... പൂർണ്ണമായും പരീക്ഷയിൽ അവൻ മുഴുകി... വലുതായി തെറ്റുകൾ വരുത്താതിരിക്കാൻ ശ്രമിച്ചിരുന്നു... കൃത്യ സമയത്തിനു മുന്നേ തന്നെ അവൻ അൻസർചെയ്തിരുന്നു. അകദേശം 90 ശതമാനവും ശരിയായിരിക്കുമെന്ന് അവന്റെ മനസ്സു പറഞ്ഞു.. ഒരു ചെറിയ പ്രതീക്ഷ അവനിലുടലെടുത്തു..
പരീക്ഷ കഴിഞ്ഞു മറ്റുള്ള കുട്ടികളോടൊപ്പംതിക്കിത്തിരക്കി പുറത്തെത്തി.. അവനോടൊപ്പം എൻഡ്രൻസ് ക്ലാസ്സിൽ പഠിച്ചിരുന്ന പലരേയും അവിടെ കണ്ടു. ജസ്റ്റ് ഹായ് പറഞ്ഞ് ഗേറ്റ് കടന്ന് പുറത്തിറങ്ങി.. അവരുടെ വാഹനം പാർക്ക്ചെയ്തിടത്തേയ്ക്കെത്തി. വണ്ടി ലോക്ക് ചെയ്തിരിക്കുന്നു അടുത്തെങ്ങും മാമയെ കാണാനില്ല.. ചായകുടിക്കാനെങ്ങാനും പോയിക്കാണും. അവൻ റോഡിന്റെ ഓരം ചേർന്നു നിന്നു. അല്പം സമയം കഴിഞ്ഞപ്പോൾ പരിചിതമായ വണ്ടി അവന്റെ മുന്നിൽ വന്നുനിന്നു. അതിന്റെ പിൻഭാഗത്തെ ഗ്ലാസ് താഴ്ത്തി ഐശു കൈയ്യാട്ടി അവനെ വിളിച്ചു.. കണാൻ കഴിയില്ലെന്നു കരുതിയതാ..
“ടാ എങ്ങനുണ്ടായിരുന്നു...“
“കുഴപ്പമില്ല..“
“എന്നാലും എത്രശതമാനം എഴുതി...“
ഞാൻ എല്ലാം ആൻസർചെയ്തു. അതിൽ എത്ര ശരിയുണ്ടാകുമെന്നറിയില്ല..“
“ടാ... ഞാൻ പെട്ടുപോയി.. എനിക്ക് കുറച്ച് ടഫായിട്ടു തോന്നി...“
“അത് നീ നന്നായിട്ട് പഠിക്കുന്നതുകൊണ്ടാ.. എന്നെസംബന്ധിച്ച് ഞാൻ ഒരു ബുജിയല്ലല്ലോ..“
അവന്റെ സംസാരംകേട്ട് അവളുടെ ഉമ്മയും ഡ്രൈവറും ചിരിച്ചുപോയി...
“അവൾ കുറുമ്പുകാട്ടി അവനെ നോക്കി...“
“ശരി.. ഞങ്ങൾ നേരേ ബാംഗ്ലൂർക്കാ... നീ വരുന്നോ...“
“ഏയ് ഞാനെങ്ങും വരുന്നില്ല...“
“ശരി.. ഞങ്ങൾ പോട്ടെ... മാമ വന്നില്ലേ..“
“ചായകുടിക്കാൻ പോയതായിരിക്കും. ഇപ്പോ വരും..“
“അവളുടെ മുഖത്ത് ഒരു വിരഹത്തിന്റെ വേദനയുണ്ടായിരുന്നോ എന്നൊരു തോന്നൽ അവനുണ്ടായി... ഒരുപക്ഷേ അവനിലെ വിരഹമായിരിക്കാം അവളുടെ മുഖത്ത് കണ്ടത്...“
വാഹനം കണ്ണിൽ നിന്നും മറയുന്നതുവരെ അവൻ നോക്കി നിന്നു.
പെട്ടെന്നാണ് തോളത്ത് ഒരു ചെറിയ തലോടൽ ഉണ്ടായത്... അവൻ തിരിഞ്ഞുനോക്കി.. മാമ
“മാമ എവിടെ പോയിരുന്നു.“
“ഞങ്ങളൊരു ചായകുടിക്കാൻ പോയതാ... അടുത്തെങ്ങും കടയില്ലായിരുന്നു കുറച്ചുദൂരെപോയി.. നീ ഇറങ്ങിയാൽ ഇവിടെ നിൽക്കുമെന്നറിയാം. അതാ വണ്ടി എടുക്കാതിരുന്നത്...“.
“ടാ... ആരാടാ ആ വണ്ടിയിൽ പോയത്..“
“അത് മാമാ ഐഷുവാ.. എന്റെ കൂടെ പഠിച്ചകുട്ടി .. അവരിന്ന് ബാംഗ്ലൂരിലേയ്ക്ക് പോവാ .“
“അതിരിക്കട്ടെ... നിന്റെ പരീക്ഷ എങ്ങനെയുണ്ടായിരുന്നു..“
“കുഴപ്പമില്ല മാമാ... നന്നായി എഴുതി എന്നു തോന്നുന്നു.“
“ടാ... ചതിക്കല്ലേ.. നിന്നിലെ വിജയം പ്രതീക്ഷിച്ചിരിക്കയാ.. കുടുംബത്തിലെ എല്ലാവരും...“
“അറിയാം മാമാ... പടച്ചോൻ കനിയും..“
അവർ വണ്ടിയിൽ കയറി.. അവൻ എഴുതിയ ഉത്തരങ്ങളെക്കുറിച്ചും അതിനു ലഭിക്കാൻ സാധ്യതയുള്ള മാർക്കിനെക്കുറിച്ചും ചിന്തിച്ചിരുന്നു. പരീക്ഷയ്ക്ക് കയറുന്നതുവരെയും ഒരു പ്രതീക്ഷയില്ലായിരുന്നു. പക്ഷേ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായതുപോലെ. പതുക്കെ അവന്റെ മനസ്സിൽ മെഡിക്കൽ മോഹങ്ങൾ ഉണ്ടായിത്തുടങ്ങിയിരുന്നു. ശരീരത്തിൽ പറ്റിചേർന്നുനിൽക്കുന്ന ഡോക്ടർമാരുടെ വെളുത്ത കോട്ടും ആ സ്റ്റെതസ്ക്കോപ്പും തനിക്കും ലഭിക്കാനുള്ള ഭാഗ്യം അള്ളാഹു ഉണ്ടാക്കിത്തരട്ടെയെന്നു പ്രാർത്ഥിച്ചു.
ഫസലിന് നല്ല ക്ഷീണമുണ്ടായിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ അവൻ അറിയാതെ ഉറങ്ങിപ്പോയി. വണ്ടി വീട്ടിനടുത്തു നിർത്തിയപ്പോഴാണ് ഫസൽ ഉണർന്നത്.. അവന് ക്ഷീണമുണ്ടാകുമെന്നു കരുതി ആരും അവനെ വിളിച്ചുണർത്തിയതുമില്ല.. അവൻ വണ്ടിയിൽനിന്നിറങ്ങി ബാഗുമെടുത്തു വീട്ടിലേയ്ക്ക്.. വീട്ടിനുമുന്നിൽ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. സഫിയയുടെ കണ്ണിലെ തിളക്കം കണ്ടാലറിയാം... തന്റെ മകൻ ഒരു ഡോക്ടറുടെ രൂപത്തിൽ വീട്ടിലേയ്ക്ക് കയറിവരുന്നത് സങ്കല്പിക്കുന്ന ആ ഉമ്മ.... എല്ലാവരുടെയും മുഖത്ത് ജിഞ്ജാസയായിരുന്നു...
“ഫസലേ.. എങ്ങനുണ്ടായിരുന്നു. ഹമീദാണ് ചോദിച്ചത്..“
“എളുപ്പമുണ്ടായിരുന്നു ഉപ്പാ.“
“വീട്ടിൽ ബോഡ് വക്കാറായോ..“
“ഉപ്പാ പരീക്ഷയെഴുതിയതേയുള്ളൂ.. അതിനി കിട്ടിയാൽ തന്നെ 5 വർഷമെടുക്കും ഒരു ഡോക്ടറാകാൻ... പിന്നെ പി.ജി. ചെയ്യാൻ വീണ്ടും വർഷങ്ങൾ... ഇതത്ര എളുപ്പമുള്ള പഠിത്തമല്ല ഉപ്പാ..“
“എനിക്കറിയാടോ... അല്പം അമിത പ്രതീക്ഷ അതാ..“
അവനറിയാം.. എല്ലാവർക്കും തന്നെക്കുറിച്ചുള്ള പ്രതീക്ഷയുടെ അളവുകോൽ.. എല്ലാം നേരേയാകട്ടെ എന്നുള്ള പ്രാർത്ഥന.. സഫിയയുടെ കണ്ണുകൾ നിറഞ്ഞുവരുന്നത് അവൻ കണ്ടു.. ബാഗ് നേരേ ഉമ്മാന്റെ കൈയ്യിൽ...
“ഉമ്മാ വാ ഉമ്മാ... എനിക്കു വിശക്കുന്നു.“
എല്ലാവരും വീട്ടിനകത്തേയ്ക്ക് കയറി.. അവൻ റൂമിൽപോയി ഫ്രഷായിവന്നു. അപ്പോഴേയ്ക്കും അവനായി ലഘുഭക്ഷണം റഡിയായിരുന്നു.. എല്ലാവരും വിശേഷങ്ങൾ അവനോട് ചോദിച്ചു മനസ്സിലാക്കി. ആകെ പ്രതീക്ഷനൽകുന്ന കാര്യങ്ങളായിരുന്നു ഫസൽ പറഞ്ഞത്.. എന്നാലും കുറച്ചു ഭാഗ്യംകൂടി വേണമല്ലോ.. എന്റെ കുട്ടിക്ക് ഭാഗ്യമെന്നത് ഇന്നുവരെ ഉണ്ടായതായി തോന്നുന്നില്ല. സ്വന്തക്കാരുടെ കാരുണ്യംകൊണ്ട് ജീവിതം തള്ളിനീക്കുന്നു.. സ്വന്തം പിതാവിന്റെ സ്നേഹം പോലും പിടിച്ചുവാങ്ങാനായിട്ടില്ല... ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ തന്നോടൊപ്പം അവനും അനുഭവിച്ചു... ഉപ്പയും സഹോദരങ്ങളുമില്ലായിരുന്നില്ലെങ്കിൽ ഇന്ന് താനും ഫസലും ഈ ഭൂമിയിൽ കാണില്ലായിരുന്നു. പഴയ ഓർമ്മകൾ സഫിയയുടെ മുന്നിലൂടെ മിന്നിമറഞ്ഞുപോയി... കെട്ടിയ ഭർത്താവ് തന്നെയും മകനേയും അടിച്ചിറക്കിയപ്പോൾ എങ്ങോട്ടു പോകണമെന്നറിയില്ലായിരുന്നു. അലക്ഷ്യമായ യാത്ര ദൈവദൂതരെപ്പോലെ പലരും ജീവതത്തിൽ രക്ഷയ്ക്കായെത്തി..അവസാനം ഇവിടെവരെ... കഠിനമായ യാതനകളോട് പടവെട്ടി... .ജയിക്കാനായി മാത്രം. അല്ലാഹുവിന് നന്ദി...
സ്വന്തം നാടെന്ന പ്രതീക്ഷയിൽ പറന്നിറങ്ങി കാൽ നിലത്തു തൊടുന്നനതിനു മുന്നേ വിധി തെന്നിത്തെറിപ്പിച്ച ജീവിതങ്ങൾ നമ്മുടെ മുന്നിൽ ഒരു വേദനയായി കടന്നുപോയി... മഹാമാരിയ്ക്കിടയിലും, പ്രകൃതിക്ഷോഭത്തിനിടയിലും സ്വന്തം സുരക്ഷിതത്വംപോലും മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയ മലപ്പുറത്തെ സഹോദരങ്ങൾക്ക് നന്ദി... മലയാളത്തിന്റെ ഒത്തൊരുമയാണിവിടെ കണ്ടത്... വിധിയുടെ കൊടും ക്രൂരതയിൽ ഉറക്കെയൊന്നു നിലവിളിക്കാൻപോലും കഴിയാതെ പ്രകൃതി സ്വന്തം ചിറകിനുള്ളിലാക്കി ജീവിതം കവർന്നെടുത്ത മനുഷ്യർക്കു മുന്നിലും കണ്ണുനീർപൂക്കൾ.... ഓരോ പുലരിയും തുടങ്ങുന്നത് പ്രതീക്ഷയോടെയാണ് പക്ഷേ അവസാനിക്കുന്നത് മനസ്സിലേല്ക്കുന്ന മുറിവുമായാണ്. കാത്തിരിക്കാം പ്രതീക്ഷയോടെ നല്ലൊരു സുപ്രഭാതത്തിനായി...
മനുഷ്യന് നേരേ ആക്രമണം നടത്തുന്നത് വൈറസും പ്രകൃതിയും ഒരുമിച്ചാണിപ്പോൾ. ജാഗ്രത കൈവിടരുത്...
സസ്നേഹം
ഷംസുദ്ധീൻ തോപ്പിൽ 09 08 2020
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 08 2020
1.8.20
നിഴൽവീണവഴികൾ ഭാഗം 85
ഫസൽ ചായകുടിയും കഴിഞ്ഞ് മുറിയിലേയ്ക്ക് പോയി... കുറച്ചു നേരം പഠനം.. അതിനായി അവൻ പുസ്തകമെടുത്ത് ടെറസിലേയ്ക്കിറങ്ങി.. അവിടെ ഒരു കസേര സ്ഥിരമായി ഇട്ടിട്ടുണ്ട്... നല്ല നീലാകാശം... തണുത്ത കാറ്റ്.. അവൻ പ്രകൃതിഭംഗിയും നോക്കി പഠനത്തിലേയ്ക്ക് വഴുതിവീണു.....
ഏതാനും ദിവസങ്ങൾ മാത്രം.. എൻഡ്രൻസ് കിട്ടിയില്ലെങ്കിൽ
ഇനിയെന്ത്. ഒരുപക്ഷേ അത് കിട്ടിയില്ലെങ്കിൽ കോളേജിൽ ഡിഗ്രിയ്ക്ക് ചേരുക.. അതാവും നല്ലത്.. ഇതുതന്നെ തന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലല്ലോ.. വീട്ടുകാരുടെ നിർബന്ധം... ഐഷുവിനോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന നിമിഷങ്ങൾ... അങ്ങനെ പലതും. മനസ്സിൽ പലവിധ ചിന്തകളും ഉയർന്നുവന്നു... ഉപ്പ ഉൾപ്പെടെയു ള്ളവരുടെ ആഗ്രഹം... ഉമ്മയ്ക്ക് ഇത് ജീവിതാഭിലാഷമാണ്.. എല്ലാം പടച്ചോൻ തീരുമാനിക്കട്ടെ.. പക്ഷേ.. ദിവസങ്ങൾ അടുക്കുന്തോറും എന്തോ മനസ്സിനൊരു ഉറപ്പില്ലായ്മ.. ഒരുപക്ഷേ തന്റെ തോന്നലായിരിക്കാം.
ഫസലിന്റെ ക്ലാസ്സുകൾ അവസാന ദിവസം വന്നെത്തി... ലാസ്റ്റ് ദിവസം... മോഡൽ എക്സാം കഴിഞ്ഞ് എല്ലാവരേയും ടീച്ചർ ഹാളിലേയ്ക്ക് വിളിപ്പിച്ചു.. അവരോടെപ്പം പറഞ്ഞു തുടങ്ങി..
“ പ്രിയ വിദ്യാർത്ഥികളെ... ഇന്നു നമ്മുടെ ഈ ബാച്ചിന്റെ അവസാന ദിവസമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി വളരെയധികം സമയം പഠനത്തിനുവേണ്ടി നിങ്ങൾ ചിലവഴിച്ചിരുന്നു. ഇതിൽ പലരും നല്ല ലക്ഷ്യത്തോടുകൂടി കഠിനാദ്വാനം ചെയ്തിരുന്നു.... നിങ്ങളിൽ വളരെ നല്ല ഭാവിയുള്ളവരുണ്ട്.. ഇതിൽ ഞങ്ങളുടെ ആഗ്രഹം പറയുകയാണെങ്കിൽ ഇവിടെ പഠിച്ച എല്ലാ കുട്ടികളും നല്ലനിലയിൽ പാസ്സായി എല്ലാവരും ഡോക്ടർമാർ ആകണമെന്നുള്ളതാണ്. വ്യത്യസ്തമായ ജീവിത ചുറ്റുപാടുകളിൽനിന്നും വന്നിട്ടുള്ളവരാണ് നിങ്ങളോരോരുത്തരും. നാളെയുടെ വാഗ്ദാനങ്ങളാണ്. വീട്ടുകാരുടെ സ്വപ്നങ്ങളാണ് നിങ്ങളോരോരുത്തരും.. ആരോഗ്യമേഖലയിലെ താരങ്ങളാകാൻ നിങ്ങൾക്കോരോരുത്തർക്കും സർവ്വേശ്വരൻ ശക്തിനൽകട്ടെ. ഇന്നത്തെ റിസൾട്ട് അടുത്ത ദിവസം അറിയാവുന്നതാണ്. അതിനായി ഇവിടെ വരണമെന്ന് നിർബന്ധമില്ല... വിളിച്ചു ചോദിച്ചാൽ മതി.. ഒരു ദിവസം അതിനുകൂടി പാഴാക്കേണ്ടതില്ല.. ഫോണില്ലാത്തവർ അടുത്ത എക്സേഞ്ജിലോ.. ഫോണുള്ള വീട്ടിലോ നിന്നു വിളിക്കാവുന്നതാണ്... അപ്പോൾ ഞാൻ നീട്ടുന്നില്ല... എല്ലാവർക്കും വിജയാശംസകൾ നേർന്നുകൊള്ളുന്നു. റിസൾട്ട് വന്നതിനു ശേഷം നമുക്ക് ഇവിടെ വീണ്ടും കാണാം. എന്റെ എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ വീണ്ടും നേർന്നുകൊണ്ട് നിർത്തുന്നു.“
എല്ലാവരും നിർത്താതെ കയ്യടിച്ചു... മീറ്റിംഗ് കഴിഞ്ഞു.. എല്ലാവരും പരസ്പരം യാത്ര പറയുന്ന തിരക്കിലായിരുന്നു.. അപ്രതീക്ഷിതമായി ഒരു പെൺകുട്ടി ഫസലിന്റെ അടുത്തു വന്നു.. അവളെ പലപ്പോഴും ഫസൽ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ തന്നോടിതുവരെ അവൾ സംസാരിച്ചിട്ടില്ല... ഫസലിന്റെ അടുത്തെത്തി ചോദിച്ചു.
“ഫസൽ... ഞാൻ ദീപ്തി... ഇവിടെ നമ്മുടെ വിദ്യാഭ്യാസയാത്രയുടെ ഒരദ്യായം അസാനിക്കുന്നു. എന്നെങ്കിലുമൊരിക്കൽ വീണ്ടും കാണുമെന്നു പ്രതീക്ഷിക്കുന്നു. എനിക്കു ഫസലിന്റെ ഒരു ഓട്ടോഗ്രാഫ് വേണം...“
ഫസലിന് അത്ഭുതമായിരുന്നു. ആ സെന്ററിൽ ആരുടേയും കൈകളിൽ ഓട്ടോഗ്രാഫില്ല.. ഈ കുട്ടിയെന്താ ഇങ്ങനെ... അവളുടെ ആ നോട്ടം.. അവൻ പിന്നൊന്നും ആലോചിച്ചില്ല.. “ജീവിതാവസാനംവരെ ഈ സുഹൃദ്ബന്ധം നിലനിൽക്കട്ടെ.... ഒപ്പ്“...
അവൾ അത് വായിച്ച്. അവന്റെ മുഖത്തേയ്ക്ക് നോക്കി. പുഞ്ചിരി തൂകിക്കൊണ്ട് യാത്രപറഞ്ഞു... അപ്പോഴാണ് ഐഷുവിന്റെ വരവ്..
“എന്താ.. ഒരു യാത്രപറച്ചിലൊക്കെ...“
“അവളൊരു ഓട്ടോഗ്രാഫ് ചോദിച്ചു.
“എന്നിട്ട്..“
“ഞാൻ നൽകി...“
“എന്തെഴുതി... ഒരു നല്ല സുഹൃത്തിന് വിജയം നേരുന്നു..“
“അത്രയേയുള്ളൂവോ..“
“ഉവ്വ്..“
“ഒക്കെ.. ഞാൻ ക്ഷമിച്ചിരിക്കുന്നു.
അവർ എല്ലാവരോടും യാത്രപറഞ്ഞിറങ്ങി..
“ഐഷു.. നിങ്ങൾ നല്ല സുഹൃത്തുക്കളാണ്.. എന്നും ഇങ്ങനെ തന്നെ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു.“
ഫസലിനേയും ഐഷുവിനെയും നോക്കി ടോം പറഞ്ഞു..
“നിങ്ങൾടെ ആഗ്രഹം സഫലമാകട്ടെ..“
“അപ്പോൾ ഞങ്ങൾ ഉദ്ദേശിച്ചത് ശരിരായിരികുമല്ലോ..“
“ആവശ്യമില്ലാത്തതൊന്നും ചിന്തിക്കരുതേ...“ ഫസലാണത് പറഞ്ഞത്...
എന്നത്തേയും പോലെ...അവരുടെ വാഹനം വന്നു നിന്നു.. അവരതിൽ കയറി വീട്ടിലേയ്ക്ക് പുറപ്പെട്ടു...
“ഫസലേ... നീ നന്നായി പ്രിപ്പയർ ചെയ്യുക.. വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്... ഇനി ഏതാനും ദിവസങ്ങൾ മാത്രം.. നീ റാങ്ക്ലിസ്റ്റിൽ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം...“
“ഞാൻ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കും. പിന്നെല്ലാം പടച്ചോൻ നോക്കിക്കോളും.“
“എല്ലാം പടച്ചോനുവിട്ടിട്ട് വെറുതേയിരിക്കരുത്.. നീ പരിശ്രമിക്കണം. അലസത ഒഴിവാക്കുക..“
“അവളുടെ ഉപദേശം നീണ്ടുപോയി.. പിന്നെ.. എക്സാമിന് എങ്ങനെവാരാനാ പ്ലാൻ...
“മാമയുടെ ഓഫീസിലെ താമസസ്ഥലത്ത് താമസിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.. തലേദിവസം വണ്ടിയിൽ പോകാമെന്ന്... അതാവും നല്ലതെന്ന് തോന്നുന്നു.“
“മതി.. ഞാനും ഉമ്മയും നാളെ രാവിലെ ഇവിടുന്നു തിരിക്കും.. കോഴിക്കോട് സെന്ററിനടുത്താണ് ഉമ്മാന്റെ കുടുംബവീട്.. അവിടെ നിന്നും പോകാനാണ് പ്ലാൻ.. മാത്രമല്ല വാപ്പ സ്ഥലത്തില്ലല്ലോ.. ക്ലാസ്സ് കഴിഞ്ഞ് അങ്ങു പൊയ്ക്കൊള്ളാനാണ് വാപ്പയും പറഞ്ഞി രിക്കുന്നത്.“
“ശരി...“
അവരുടെ സംഭാഷണം നീണ്ടുനിന്നില്ല.. അപ്പോഴേയ്ക്കും അവനിറങ്ങാനുള്ള സ്റ്റോപ്പായി... ഇറങ്ങാൻ നേരം അവൾ അവനൊരു ഷേക്ക്ഹാന്റ് കൊടുത്തു...
“ബസ്റ്റ് ഓഫ് ലക്ക്...“
“താങ്ക്യു ഐഷു..“
രണ്ടുപേരുടേയും കണ്ണുകൾ നിറഞ്ഞതുപോലെ തോന്നി..
അവൻ സ്റ്റോപ്പിലേയ്ക്ക് നടന്നു. അവരുടെ വാഹനം വളവ് തിരിഞ്ഞുപോയി..
ഫസലിന് എന്തെല്ലാമോ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ... തങ്ങളുടെ സ്കൂൾ ജീവിതത്തിൽ നിന്നും ആരംഭിച്ച ഈ ബന്ധം ഇത്രയും നാൾ നിലനിന്നു. ഇനി ഈ പരീക്ഷയൊക്കെ കഴിഞ്ഞാൽ പിന്നെ എന്നാവും കാണുക.. ഇനി അവളുടെ വാപ്പ പറഞ്ഞതുപോലെ അവളെ ബാംഗ്ലൂരിൽ ചേർക്കുമോ... തനിക്ക് കുറച്ച് അടുപ്പമുള്ള ഒരു പെൺകുട്ടി അവളാണ്.. തന്നോട് അടുപ്പംകാണിച്ച മറ്റുള്ളവരുടെയൊക്കെ ഉദ്ദേശം മറ്റു പലതുമായിരുന്നു. യഥാർത്ഥ സ്നേഹം എന്തെന്ന് പഠിപ്പിച്ചവൾ അവളാണ്... അതായിരിക്കാം അവളോട് തനിക്ക് ഇത്ര ഇഷ്ടം... ഇതിനെ പ്രേമമെന്നു വിളിക്കാമോ... അതോ ഇഷ്ടമെന്നോ...
അവന്റ ആലോചനകൾ നീണ്ടുപോയി.. ഇറങ്ങാനുള്ള ബസ്റ്റോപ്പിൽ ബസ്സിറങ്ങി.. നേരേ വീട്ടിലേയ്ക്ക്.. അവിടെ ഉപ്പയും ഉമ്മായുമെല്ലാരുമുണ്ടായിരുന്നു. അവനോട് വിശേഷങ്ങൾ തിരക്കി.. അവൻ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു.. അന്നും പതിവുപോലെ ചായകുടിയൊക്കെ കഴിച്ച് പഠനത്തിനായി റൂമിലേയ്ക്ക് പോയി..
റഷീദ് പടിപടിയായി ഉയർച്ചയുടെ പടവുകളോരോന്നും കയറുകയായിരുന്നു. തന്റെ സ്ഥാപനം സൗദി അറേബ്യയിൽ മാത്രം ഒതുങ്ങിക്കൂടുന്നതിനേക്കാളും മറ്റു ജി.സി.സി. സ്റ്റേറ്റുകളിലേയ്ക്കും വ്യാപിപ്പിക്കാമെന്നുള്ള ചിന്താഗതിയിലെത്തി... അതിനായി വിശ്വസ്ഥരായ ആൾക്കാരെത്തന്നെ വേണം.. ആദ്യം മനസ്സിലെത്തിയത് ദുബൈയെക്കുറിച്ചായിരുന്നു. നല്ല ബിസിനസ് കേന്ദ്രം.. എന്തുകൊണ്ടും ബിസിനസ് വളർത്താനാവുന്ന സ്ഥലം..
റഷീദ് വിവരം അഭിമന്യുവുമായി സംസാരിച്ചു... അവനും ഇഷ്ടക്കേടൊന്നുമുണ്ടായിരുന്നില്ല.. അങ്ങനെയെങ്കിൽ ആരാകും അത് നടത്താൻ യോഗ്യതയുള്ള ആൾ എന്ന കാര്യത്തിൽ അവർക്ക് സംശയമൊന്നുമുണ്ടായില്ല.. അൻവർ.. തന്റെ സ്വന്തം ചോര..
റഷീദ് ദുബായിലുള്ള തന്റെ സുഹൃത്തുക്കളുമായി വിശദമായി സംസാരിച്ചു.. അവിടുത്തെ സാധ്യതകളെക്കുറിച്ചും ബിസിനസ് തുടങ്ങാനുള്ള നിയമവശങ്ങളെക്കുറിച്ചും സംസാരിച്ചു... സ്വദേശികളും വിദേശികളുമായ ധാരാളം ആൾക്കാരുള്ള സ്ഥലങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.. തങ്ങളുടെ ബ്രാന്റ് ഇന്ന് സൗദിയിലെ വളരെ അറിയപ്പെടുന്ന ബ്രാന്റായി മാറിയിരിക്കുന്നു. അൽ ഹംറ ബേക്കേഴ്സ് എന്ന ബ്രാന്റിൽ തന്നെ ദുബായിലും തുടങ്ങാമെന്നാണ് തീരുമാനം... സൗദിയിൽ നിന്നും ഫ്ലൈറ്റിലോ കാർ മാർഗ്ഗമോ പോകാനുമാകുമല്ലോ...
പടച്ചോൻ ഒരു അവസരം റഷീദിന് നൽകിയിരിക്കുകയാണ്. അത് ഭംഗിയായി ഉപയോഗിക്കേണ്ടത് അവന്റെ കടമയാണ്. അതായിരിക്കണം അവന് വച്ചടിവച്ചടി ഉയർച്ചയുണ്ടായിക്കൊണ്ടിരിക്കുന്നത്.. എന്തായാലും പരാജയം എന്ന ഒന്ന് സൗദിയിൽ എത്തിയശേഷം കൂടുതലായി അനുഭവിക്കേണ്ടിവന്നിട്ടില്ല. അഭിമന്യു വിനെ കണ്ടെത്തിയത് തികച്ചും യാദൃശ്ചികമായിരുന്നു. അവന്റെ വരവോടെ തന്റെ ബിസ്സിനസ്സിലും ഉയർച്ചയുണ്ടായി... ഒരുപക്ഷേ തന്നെപ്പോലെതന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും അവനുള്ളതുകൊണ്ടാകാം തനിക്കിത്രയും ധൈര്യമുണ്ടാവുന്നത്.
രാത്രിയിൽ റഷീദ് അൻവറിനെ വിളിച്ചു. കാര്യങ്ങൾ വിശദമായി സംസാരിച്ചു. സൗദിയിൽ അൻവറിന് പോകാനാവില്ല. കാരണം പാസ്പോർട്ട് ബ്ലാക്ക്ലിസ്റ്റിൽ പെടുത്തിയിരിക്കുകയാണ്. മറ്റ് ജി.സി.സി. രാജ്യങ്ങളിൽ പോകുന്നതിന് തടസ്സമില്ല... അൻവറിനും അത് സന്തോഷം പകരുന്ന കാര്യമായിരുന്നു. ഇവിടെ തിരക്കുപിടിച്ച ജീവിതമാണ്. പക്ഷേ ഗൾഫിൽ നിന്നും ലഭിക്കുന്നതുപോലുള്ള വരുമാനമില്ലല്ലോ... ഇവിടുത്തെ ജോലിക്കാര്യം അവരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്ഥാപനം നല്ല നിലയിൽ നടക്കുന്നു. എല്ലാ ബിസ്സിനസ്സുകളും ലാഭകരമായി പോകുന്നു. അവരുടെ അടുത്ത ബന്ധു അടുത്തകാലത്തായി ജോയിൻ ചെയ്തിട്ടുണ്ട് കുറച്ച് ആത്മാർത്ഥയുള്ളവനാണ്. അവന് വേണ്ട പരിശീലനം കൊടുത്താൽ എല്ലാ കാര്യങ്ങളും നന്നായി നടക്കുമെന്നുള്ള തിൽ സംശയമില്ല. അമ്മായിയോട് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകും...
അന്ന് ആ വീട്ടിൽ വളരെ സന്തോഷത്തിന്റെ രാത്രിയായിരുന്നു. ഹമീദിനും കുടുംബത്തിനും മക്കളുടെ ഉയർച്ചയിൽ സന്തോഷമായിരുന്നു. അവർ ഉയരട്ടെ... ഉയർച്ചയിൽ അവർക്ക് മനുഷ്വത്വം നഷ്ടമാകാതിരിക്കാൻ പടച്ചോനോടു പ്രാർത്ഥിക്കാം... ഇല്ല ഒരിക്കലും അവരങ്ങനെയാകില്ലന്നുറപ്പാണ്.
“ഫസലേ.. നീയും നന്നായി പഠിച്ചുപാസാകാൻ നോക്കണം... ഇപ്പോൾ നമുക്ക് ആളുണ്ട്.. പണത്തിന് ബുദ്ധിമുട്ടുമില്ല.. എല്ലാവരുടേയും പ്രതീക്ഷ നിന്നിലാണ്.“
“അതറിയാം ഉപ്പാ.“
“നീയും അൻവറും മറ്റന്നാൾ രാവിലെ ഇവിടുന്നു തിരിക്കണം. രണ്ടുദിവസത്തേക്കുള്ള ഡ്രസ്സും മറ്റും എടുത്തുകൊള്ളണം. അവിടെ അൻവറിന്റെ ക്വോർട്ടേഴ്സിൽ താമസിക്കാം.. അവിടുന്നു രാവിലെതന്നെ എക്സാം സെന്ററിലെത്താമല്ലോ.. വിഷ്ണുവും കൂടെക്കാണും.. അവനും അവിടെ നിൽക്കട്ടെ... അല്ലെങ്കിൽ ഇത്രയും ദൂരം വീണ്ടും യാത്ര ചെയ്യണ്ടേ..?“
“ഫസലും അവൻവറും അത് സമ്മതമായിരുന്നു...“
അന്നത്തെ ദിവസം ഫസൽ കുറച്ചു കൂടുതൽ നേരമിരുന്നു പഠിച്ചു. രാവിലെ കുറച്ച് വൈകിയാണ് എഴുന്നേറ്റത്.. ഇപ്പോൾ സഫിയ ഫസലിനെ നേരത്തേ വിളിച്ച് ഉണർത്താറില്ല. കാരണം അവൾക്കറിയാം അവൻ രാത്രിയിൽ കൂടുതൽ നേരമിരുന്ന് പഠിക്കുന്നെന്ന് അതുകൊണ്ട് അവന് കുറച്ച് വിശ്രമം ലഭിക്കട്ടെയെന്നു കരുതി.
രാവിലെ തന്നെ ..... ഗോപി ഡോക്ടർ വിളിച്ചിരുന്നു. സഫിയയാണ് ഫോണെടുത്തത്... അപ്പുറത്തുനിന്നും പറഞ്ഞു.. ഇത് ഞാനാ... സഫിയയാണോ... അവൾ ഒരുനിമിഷം ഒന്നും മിണ്ടിയില്ല..
“ഹലോ.. ഹലോ...“
“അതേ ഞാനാ...“
“എന്താ സഫിയാ.. എന്തുണ്ട് വിശേഷം..“
“സുഖമായിരിക്കുന്നു. .... സുഖമാണോ.. മോളും ഭാര്യയും സുഖമായിരിക്കുന്നോ..“
“സുഖമായിരിക്കുന്നു.“
“ഫസലിന്റെ പഠിത്തമെങ്ങനെയുണ്ട്... പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളൊക്കെ പൂർത്തിയായോ...“
“അത്.. അങ്ങ്തന്നെ അവനോട് ചോദിക്കൂ...“
“താനെന്താ അന്യരെപ്പോലെ സംസാരിക്കുന്നേ..“
“ഇല്ല അങ്ങനെയല്ല..“
“ശരി.. ഫസലിനെയൊന്നു വിളിക്കൂ...“
അവൾ ഫോൺ മേശയിൽ വച്ചിട്ട് ഫസലിനെ വിളിച്ചു..
ഫസൽ ഓടിയെത്തി.. ആരാന്നു ചോദിച്ചു.. അവൾ പേരുപറഞ്ഞു..
എത്രയോ നാളുകൾക്കു ശേഷമാണ് അയാൾ തന്നോട് സംസാരിച്ചത്.. പലപ്പോഴും കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ് പതിവ്.. മനസ്സിൽ നിന്നും എത്ര പറിച്ചുമാറ്റാൻ ശ്രമിച്ചിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹം തനിക്കാരുമല്ലെന്നും... വിവാഹിതനാണെന്നും മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിന്നൊരു അവസ്ഥയായിരുന്നില്ല അവളുടേത്.. പക്ഷേ ആ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ അവൾ കഴിഞ്ഞിരുന്നു... ഓർമ്മകൾ ഇന്നുജീവിക്കുന്നു. തന്റെ മനസ്സിൽ അടക്കം ചെയ്ത ശവക്കല്ലറയ്ക്കുള്ളിൽ ഇന്നും ഒരു നോവായി...
ഫസൽ കുറേയധികം നേരം അദ്ദേഹവുമായി സംസാരിച്ചു... എത്താൻ കഴിയാഞ്ഞതുകൊണ്ടാണ് ഫോൺ ചെയ്തതെന്നും പറഞ്ഞു.. അയാൾക്കറി യാമല്ലോ.. തനിക്കു പിറക്കാതെപോയ മകനാണവൻ... അന്ന് തനിക്ക് സഫിയയെ ലഭിച്ചിരുന്നെങ്കിൽ ഇവൻ ഇന്ന് തന്റെ മകനായി ജീവിക്കുമായിരുന്നു. പക്ഷേ ദൈവം അതിനുള്ള വഴിയുണ്ടാക്കിയില്ല... പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ക്വസ്റ്റിയൻസിനെക്കുറിച്ചും മറ്റും വിശദമായി അവനു വിവരിച്ചുകൊടുത്തു. ശ്രദ്ധിക്കേണ്ടകാര്യങ്ങളും കൈയ്യിൽ കരുതേണ്ടതെന്തൊക്കെയെന്നും വിശദമായി സംസാരിച്ചു.. ഫസലിന് അദ്ദേഹത്തോടുള്ള സംഭാഷണത്തിൽ ആത്മധൈര്യം വർദ്ധിക്കുന്നതായും തോന്നി... കുറച്ചുനേരം കഴിഞ്ഞ് ഫസൽ സഫിയയെ വിളിച്ചു.
സഫിയ അടുത്തെത്തിയപ്പോൾ ഫോൺ അവളുടെ കൈയ്യിൽ കൊടുത്തു... അവൾ അല്പം മടിയോടെയാണെങ്കിലും ഫോൺ വാങ്ങി ചെവിയിൽ ചേർത്തുവച്ചു.
സഫിയ അവൻ നന്നായി പ്രിപ്പയർ ചെയ്തിട്ടുണ്ട്... നേരിട്ടെത്തണമെന്നുണ്ടായിരുന്നു പക്ഷേ ഞാനിപ്പോൾ രാജസ്ഥാനിലാണ്.. ഒരു മീറ്റിംഗിനായി എത്തിയതാ... എന്റെ പരിമിതമായ അറിവ് അവന് നൽകാൻ ശ്രമിച്ചതാണ്... അതിനുള്ള അവകാശമെങ്കിലും എനിക്കുണ്ടല്ലോ... സഫിയയ്ക്ക് സുഖമല്ലേ.
“അവളുടെ കണ്ണുകൾ നിറഞ്ഞു.
“സുഖമാണ്.“
“എനിക്കറിയാം... ഇപ്പോൾ നിന്റെ മുഖഭാവം എന്തായിരിക്കുമെന്ന്.. വിഷമിക്കരുത്... ജീവിതത്തിൽ ധൈര്യമായിരിക്കുക.. എല്ലാം വിധിയാണെന്നു കരുതുക.. നിന്റെ ഭാഗ്യമാണ് നിന്റെ മകനും കുടുംബവും... എന്തു സഹായത്തിനും എന്നെ വിളിക്കാം.. നിന്റെ ആ പഴയ ഏട്ടൻ ഒരു വിളിപ്പാടകലെയുണ്ടാകും.. ഒരു കുടുംബസുഹൃത്തായി കാണാമല്ലോ.. എന്നെ..“
അവൾ മൂളി..
“ശരി... ഞാൻ അവനെ നാളെ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്... കുറച്ചു കാര്യങ്ങൾ കൂടി നോക്കി മനസ്സിലാക്കാൻ പറഞ്ഞിരിക്കുകയാണ്. അവന് അതും കൂടി കവർ ചെയ്യട്ടെ..“
“ശരി.. വളരെ നന്ദിയുണ്ട്...“
“ഇതിനെന്തിനാ നന്ദി പ്രകടിപ്പിക്കുന്നത്.. എന്റെ അവകാശമല്ലേ..“
അദ്ദേഹം ഫോൺ ഡിസ്കണക്ടു ചെയ്തു..
അവളുടെ ഉള്ളിൽ ഒരു പിടച്ചിൽ.. അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാം ഇപ്പോഴും ആ വിഷമം ഉള്ളിലുണ്ടെന്ന്.. വീട്ടിലുള്ള മറ്റാരും ശ്രദ്ധിക്കാതിരിക്കാൻ സഫിയ ശ്രദ്ധിച്ചു..
“ആരാ മോളേ..“
“ഗോപി ഏട്ടനാ..“
“അവന്റെ പഠിത്തകാര്യം ചോദിക്കാൻ വിളിച്ചതാ...“
“ഗോപിയുടെ അപ്പനും അമ്മയും സുഖമായിരിക്കുന്നോ..“
“വാപ്പാ.. ശരിയ്ക്കും ഞാൻ അത് ചോദിക്കാൻ മറന്നുപോയി..“
ഫസൽ വളരെ കഠിന പ്രയത്നത്തിലായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.. തനിക്ക് വിജയിക്കണം.. അതാകണം ഇനിയുള്ള ദിവസങ്ങളിലെ മന്ത്രം... ഉമ്മയും ഉപ്പയും മറ്റ് ബന്ധുക്കളുമെല്ലാം വളരെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുകയാണ്. അവൻ വീണ്ടും പഠനത്തിൽ മുഴുകി... ഇടയ്ക്ക് ഐഷു വിളിച്ചിരുന്നു. അവളോടും വിശദമായി സംസാരിച്ചു. ഗോപി ഡോക്ടർ പറഞ്ഞുകൊടുത്ത ചില ടിപ്സുകൾ അവൻ അവൾക്കും പറഞ്ഞുകൊടുത്തു... പരീക്ഷ ഫസലിനാണെങ്കിലും ടെൻഷൻ ആ കുടുംബത്തിലെ എല്ലാവർക്കുമുണ്ടായിരുന്നു. അവരെല്ലാം മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു. ഫസൽ ഒരു ഡോക്ടറായി കാണാൻ... റഷീദും വിളിച്ച് അവനു വേണ്ട ആത്മധൈര്യം നൽകുന്നുണ്ടായിരുന്നു.
അടുത്ത ദിവസം രാവിലെ തന്നെ ഫസലും അൻവറും എല്ലാവരോടും യാത്രപറഞ്ഞ് ഇറങ്ങാനൊരുങ്ങി ഫസൽ ആദ്യം ഉപ്പയുടെ അനുഗ്രഹം വാങ്ങി. എല്ലാവരോടും പ്രാത്ഥിക്കാൻ പറഞ്ഞു. സഫിയ അവനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്തു... എല്ലാവരുടെയും കണ്ണുകളിൽ ചെറിയ നനവ് കാണാമായിരുന്നു. അത് ഒരു പ്രതീക്ഷയുടെ കണ്ണുനീരുകളായിരിക്കാമെന്നവൻ കരുതി..
അവർ യാത്രപറഞ്ഞ് വാഹനത്തിൽ കയറി. നേരേ കോഴിക്കോട്ടേയ്ക്ക്... മൂന്നുമണിക്കൂറത്തെ നീണ്ട യാത്ര.. അവർ കോഴിക്കോട് ലക്ഷ്യസ്ഥാനത്തെത്തി.. സിറ്റിയുടെ തിരക്കിൽ നിന്നും ഒഴിഞ്ഞ കോണിലായിരുന്നു ക്വാർട്ടേഴ്സ്... വീട്ടിലെത്തി അൻവർ വീട്ടിൽ വിളിച്ച് എത്തിയകാര്യം പറഞ്ഞു..ഫസലിന് ഒരു റൂം പ്രത്യേകം നൽകി.. അവിടെ എല്ലാ സൗകര്യവുമുണ്ടായിരുന്നു.
പരീക്ഷയുടെ തലേദിവസം... കഴിവതും ഫസൽ റിലാക്സാവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഖുറാൻ കൈയ്യിലെടുത്തു..... അതിലെ വാചകം വായിച്ചു... ഈണത്തിൽ കുറച്ചുനേരം ചൊല്ലി അതിന്റെ അർത്ഥം സ്വയം പറഞ്ഞു... അപ്പോഴേയ്ക്കും നിസ്കാരസമയമായിരുന്നു... നിസ്കാരവും കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും ഒരു പുതിയ ശക്തി ലഭിച്ചതുപോലെ തോന്നി... വീട്ടിൽനിന്നും.. മറ്റും വിളിച്ചിരുന്നു. ഐഷുവിന്‌റെ വിളിയും വന്നിരുന്നു. നേരത്തെ ഉറങ്ങാൻ അൻവർമാമപറഞ്ഞതിനാൽ അവൻ നേരത്തേ കിടന്നു. പഠിച്ച പല കാര്യങ്ങളും ഓർമ്മയിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു. നാളത്തെ പ്രഭാതം അത് തന്റെ ഭാവി തീരുമാനിക്കുന്ന ദിവസമാണ്. നല്ലത് മാത്രം സംഭവിക്കട്ടെയെന്നു മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് അവൻ ഉറക്കിലേക്ക് വഴുതി വീണു.
വായനക്കാരെ ഓർമ്മിപ്പിക്കുന്നു.... ജീവന്റെ വിലയുള്ള ജാഗ്രത
സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 02 08 2020
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 09 08 2020
25.7.20
നിഴൽവീണവഴികൾ ഭാഗം 84
ഫസൽ പഠനത്തിൽ മുഴുകി.. കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങളൊന്നും അവനെ അലട്ടിയതേയുണ്ടായിരുന്നില്ല. രാത്രിയിൽ കുറച്ചു വൈകിയാണ് അവൻ ഉറങ്ങാൻ കിടന്നത്. അടുത്ത ദിവസം ടെസ്റ്റ്പേപ്പറുണ്ട്. ജയിക്കാനുള്ള മാർക്കില്ലെങ്കിൽ ഐഷു പിണങ്ങും അതുകൊണ്ടു മാത്രമാണ് കുറച്ചുനേരം ഇരുന്നു പഠിച്ചത്. ബെഡ്ഡിൽ കിടന്നതും പെട്ടെന്നുതന്നെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.
19.7.20
നിഴൽവീണവഴികൾ ഭാഗം 83
പെട്ടെന്നാണ് ഒരു ഉറുമ്പു കടിക്കുന്ന വേദന തന്റ ജനനേന്ത്രീയത്തിൽ അനുഭവപ്പെട്ടത്... പിന്നെ കുറേ ദീവസത്തേയ്ക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കാൻ വയ്യാത്ത രീതിയലുള്ള വേദനയായിരുന്നു. അർദ്ധനഗ്നനായി ഇരുട്ടുമുറിയിൽ...
11.7.20
നിഴൽവീണവഴികൾ ഭാഗം 82
രാവിലെ വിഷ്ണുവും ഫസലുമാണ് റഷീദിനൊപ്പം പോകുന്നത്.. അൻവറിന് ഓഫീസിൽ പോകണം അതിനാൽ റഷീദ് തന്നെയാണ് പറഞ്ഞത് ഇവര് രണ്ടുപേരും മതിയെന്ന്. മാത്രമല്ല ഫസൽ വലുതായല്ലോ...






